ടി.പി. രാജീവന്റെ കവിതകള്‍ ഡോ. രോഷ്‌നി സ്വപ്‌നയുടെ വായനയില്‍. 

To advertise here,

''To be moved confuses the soul
one cannot convey these
kinds of memories
anymore than of a dream''  Jean Cocteau

ജീന്‍ കോക്തോയെ വായിക്കുമ്പോള്‍ എപ്പോഴും ഓര്‍മ്മ വരുന്ന ഒരു കവിതയുണ്ട് രാജീവന്റെതായി. 'ഉണരല്‍' എന്നാണ് തലക്കെട്ട്.

ഉറക്കത്തില്‍
ഉറങ്ങുന്നത് കിനാവ് കണ്ടു.
കിനാവിലെ ഉറക്കത്തിലും
ഉറങ്ങുന്നത് കിനാവ് കണ്ടു.
ആ കിനാവിലെ
ഉറക്കത്തിലും
ഉറങ്ങുന്നത് കണ്ടു .
ഉറക്കത്തില്‍ നിന്ന്
ഉണര്‍ന്നിട്ടും ഉണര്‍ന്നിട്ടും ഉണര്‍ന്നിട്ടും
തീരാതെ
ഉറങ്ങിക്കൊണ്ടൊരു
ജന്മം
പലജന്മം
കഴിഞ്ഞുപോയി.

ദീര്‍ഘകാലത്തിലാണ് ഈ കവിത ഉള്ളത്. കവിതയുടെ ദീര്‍ഘകാലങ്ങളോ കവിയുടെ ദീര്‍ഘകാലങ്ങളോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ ആവാത്ത ഇഴയടുപ്പം ഈ കവിതയിലുണ്ട്. ഒരു കവിതയില്‍നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോഴോ തിരിച്ചുവരുമ്പോഴോ പുറപ്പെട്ടുപോയ ഒരു വാക്ക് ഒരുവേള യാത്ര പുറപ്പെട്ട ഇടത്തേക്ക് ഉറ്റു നോക്കുന്നുണ്ട്.

തന്റെ പുറപ്പെട്ടുപോകലിന്റെ ക്രമരാഹിത്യങ്ങളെ ഒന്നുകൂടി കുരുക്കഴിച്ചെടുക്കുന്നുണ്ട്. തന്റെയും തന്റെ പൊരുളിനെയും കടുംകെട്ടുകെട്ടി ചേര്‍ത്തുനിര്‍ത്തിയിരിക്കുന്ന കാലത്തിന്റെ വാതില്‍ തുറന്നു നോക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാവാം 'അകംപൊരുളിനും പുറംപൊരുളിനുമിടയില്‍ ഒരു ആകാശമാര്‍ഗമായി, അടഞ്ഞും തുറന്നും ഒരു വാതില്‍' എന്ന് 'വാതില്‍' എന്ന കവിതയില്‍ ടി പി രാജീവന്‍ എഴുതുന്നത്.

പരസ്പരം കാണാന്‍ കഴിയാത്ത തലയോട്ടികളായി മാറുന്ന മനുഷ്യരെക്കുറിച്ച് വാതിലില്‍ പറയുന്നുണ്ട്. 'മനുഷ്യനായിരിക്കുക' എന്ന സൂക്ഷ്മ ബോധം ഒരു കവിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ചിറകൊച്ചകളായി ടി പി രാജീവിന്റെ കവിതകള്‍ മാറുന്നത് ഈ അകം പൊരുള്‍ ഉള്ളില്‍ നിറയുന്നത് കൊണ്ടാവാം.

കേവലയുക്തിയില്‍ നിന്ന് അതിതീവ്രമായ ഭാവനാലോകങ്ങളുടെ അനുഭവങ്ങള്‍ അദ്ദേഹം കവിതയിലേക്ക് ആവാഹിച്ചു. ഒപ്പം ഭാഷയുടെ നഷ്ടത്തെക്കുറിച്ചും ഓര്‍മ്മയുടെ നഷ്ടത്തെക്കുറിച്ചും പറഞ്ഞു. എല്ലാവര്‍ക്കും ഒരേ മുഖവും ഒരേ നിറവും ഒരേ വേഗവും എന്ന് ആകുലപ്പെട്ടു ( ഉറുമ്പ്). ഒരിക്കലെങ്കിലും തന്നിലെ എല്ലായിടവും ചെന്നു കണ്ടുവരാനാണ് ഈ കവിതകള്‍ക്കാഗ്രഹം

കവിതയില്‍ മത്സ്യത്തെപ്പോലെ

കരുണയില്ലാത്ത ലോകത്ത് മനുഷ്യന്റെ വിശപ്പും ദാഹവും കവിതയില്‍ കുടഞ്ഞുരുക്കുന്ന എത്രയോ കവിതകള്‍ ടി.പി. രാജീവന്‍എഴുതി! സ്വന്തം കവിതയുടെ ക്രൂരകാലത്ത് അപരഭാഷകളിലെ കവികളെയും കവിതകളെയും ഈ കവി അറിഞ്ഞത് അവരെ തന്റേതാക്കിക്കൊണ്ടായിരുന്നു.

ചിലര്‍-
തൊട്ടാല്‍ പൊട്ടും
ചിലര്‍
എത്ര വീണാലും
ഉടയില്ല

അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.'' എന്ന് മനുഷ്യരെ തിരിച്ചറിയുന്ന കവിതകളാണിവ.

കഥാപാത്രങ്ങള്‍ നമ്മെ സൃഷ്ടിക്കുകയാണോ അതോ നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ എന്നീ കവിതകള്‍ ശങ്കിക്കുന്നു, പണ്ട് നാട്ടെഴുത്തച്ഛന്‍ വിരല്‍ പിടിച്ച് മണലില്‍ എഴുതിച്ച 'ഴ പോലെയായ ജീവിതവും കവിതയും കവിയെ ചില സമയങ്ങളില്‍ കുഴക്കുന്നു. ലോകമഹായുദ്ധങ്ങലിലെതിലേങ്കിലുമൊന്നില്‍ താന്‍ കൊല്ലപ്പെടുമായിരുന്നു എന്ന ഭീതി കവിയില്‍ എപ്പോഴും ഉണ്ട്.

തന്നെപ്പോലെയുള്ള ഒരു കുറ്റവാളിയെ തുറന്നുവിടാന്‍ എന്നെക്കാള്‍ ഏകാന്തവും തണുത്തുറഞ്ഞതും ചുട്ടുപൊള്ളുന്നതുമായ ഒരിടം വേറെയില്ല. എന്ന് 'ശിക്ഷ' എന്ന കവിതയില്‍ രാജീവന്‍ എഴുതുന്നുണ്ട്. മനുഷ്യര്‍ക്കൊപ്പം പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും കവിതയിലേക്ക് ടി.പി. രാജീവന്‍ വിളിച്ചുവരുത്തി. രാഷ്ട്രീയ വിമര്‍ശനത്തിന്റെ അനിവാര്യതയെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട് ടി.പി. രാജീവന്റെ കവിതകള്‍. കൊച്ചുകൊച്ചു വാക്കുകള്‍ കൊത്തിക്കൊത്തിയിട്ട് ചോര പൊന്തി വന്നപ്പോള്‍ ദാഹം തീരുവോളം വെള്ളം കുടിച്ച 'കാക്ക'യെ ഈ കവിത വെളിച്ചത്തുനിര്‍ത്തുന്നു.

രാഷ്ട്രതന്ത്രത്തിലും ദി കുറുക്കനിലും ഈ പരിഹാസത്തിന്റെ മൂര്‍ച്ചകള്‍ കാണാം. പിളരേണ്ടത് ഏത് കറിക്കൊപ്പമാണ് എന്ന് ആക്ഷേപഹാസ്യത്തിലൂടെ ചോദിക്കുന്ന തക്കാളിയില്‍ ഈ രാഷ്ട്രീയ വിമര്‍ശനമുണ്ട് ചെറുതുകളോടുള്ള അവഗണനകളും മാറ്റിനിര്‍ത്തലുകളും കവിതയുടെ മുഖ്യ വിഷയങ്ങളാകുന്നു.
'ഭാഷയുടെ അരാജകവും വിജനവും ആയ തെരുവുകളില്‍ പട്ടാളം ഫ്ലാഗ് മാര്‍ച്ച് നടത്തി'യെന്ന് രാഷ്ട്രതന്ത്രത്തില്‍ അദ്ദേഹം എഴുതി. പൂര്‍വ്വ കവികളെ സ്വന്തം കാലത്ത് കണ്ടെടുക്കുന്നതിന്റെ അടയാളമായി രാഷ്ട്രതന്തം വായിക്കപ്പെടുന്നു.

ടി.പി. രാജീവന്റെ കവിതകള്‍ മാധ്യമ സ്വാധീനത്തിന്റെ കെട്ടുകാഴ്ചകള്‍ സ്വന്തം ഉടലിനു ചുറ്റും കൊളുത്തിയിട്ടില്ല എന്നത് വാസ്തവമാണ്. വളരെ എളുപ്പത്തില്‍ അദ്ദേഹത്തിന്റെ ഐറണികളിലേക്ക് നമുക്ക് കടന്നുചെല്ലാനും ആവില്ല. ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും സാഹിത്യ പരമ്പരകളുടെയും സര്‍ഗാത്മകതയുടെയും വഴികളെ തന്റെ ആവിഷ്‌കാരപരതയുടെ ജീവനും ശ്വാസവും ആക്കുകയായിരുന്നു ടി പി രാജീവന്‍. അനിശ്ചിതത്വങ്ങളെയും അവ്യവസ്ഥിതങ്ങളെയും ടി.പി. രാജീവന്‍ കവിതകളിലേക്ക് കൊണ്ടുവന്നു.

'ഓര്‍മ്മയിലേക്കും വായനാമുറിയിലേക്കും ഒരുമിച്ചോടിപ്പോകാന്‍' കവിക്ക് കഴിഞ്ഞത് അങ്ങനെയാണ്.
'എഴുതപ്പെടാത്ത
കവിതകളുടെ ശാപത്തില്‍
അക്ഷരങ്ങളുടെ
ശവപ്പെട്ടിയായി
പുസ്തകം നിലവിളിക്കും
എന്ന് കവിതകള്‍ അരുത് എന്ന കവിതയില്‍ വായിക്കാം.

പ്രപഞ്ചത്തെയോ സമൂഹത്തെയോ മനുഷ്യരെയോ മാത്രം നോക്കി കവിതകള്‍ എഴുതിയിട്ടില്ല ഈ കവി. ജീവിതമെങ്ങനെ എന്ന പ്രശ്നത്തിന് പരിഹാരമായുള്ള ചില ദര്‍ശനങ്ങള്‍ കവിതയിലേക്ക് കേട്ടെഴുതുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്. ടി.പി. രാജീവന്‍ ജീവിതത്തില്‍ നോക്കിക്കണ്ടത് വ്യത്യസ്തമായ കാഴ്ചകളിലൂടെയാണ്. 'വെളിച്ചത്തില്‍ മാത്രം ആരെയും പിന്തുടരുന്ന നിഴലല്ല' കവിസ്വത്വം എന്ന് അദേഹം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. 'നിന്നെ പിന്തുടരുന്ന വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍, ഗര്‍ഭാവസ്ഥയിലുള്ള ഒരു അനുഭവം ഉണ്ടാകുമെന്നും അമ്മയുടെ വയറ്റില്‍ എന്നപോലെ ജന്മപൂര്‍വ്വമായ ഒരു അവസ്ഥയില്‍ ഓര്‍മ്മ വളരെ വ്യക്തമായിരിക്കുമെന്നും, കാഴ്ച വ്യക്തമാവുകയും കാഴ്ചയെ ഓര്‍മ്മ കീഴടക്കുകയും ചെയ്യു' മെന്നും രാജീവന്‍ എഴുതി.

മനുഷ്യചരിത്രവും മനുഷ്യാസ്ഥിത്വവും അത്രയേറെ ഇഴ കലര്‍ന്നാണ് ഈ കവിയില്‍ നിലനിന്നത്. 'പുറപ്പെട്ടു പോകുന്ന ആ തുറമുഖം ഇപ്പോള്‍ ഉണ്ടോ' എന്നത് മറ്റേതോ മനുഷ്യന്റെ ആധിയാണെന്നാലും, അത് കവിയുടെ ചിന്തയില്‍, ഉടലില്‍, ബോധത്തില്‍ പുനര്‍ജനിക്കുന്നുണ്ട്.

കൂടെ വന്ന അടയാളങ്ങള്‍ ഒക്കെ ഇല്ലാതായാലും യാത്രയുടെ തുടക്കം മുതല്‍ കൂടെ വന്ന നക്ഷത്രവും, ഒരു കൊടുങ്കാറ്റിലും അടയാത്ത ഒരു വിളക്കും, ഒരു മൗനവും ഇല്ലാതാകുന്നില്ല. അവിടെയാണ് ചരിത്രം കവിയിലേക്ക് കുതിച്ചുവന്നുചേരുന്നത്. അപ്പോഴാണ് അയാള്‍ തിരിച്ചറിയുന്നത്;

'നടക്കാതെ പോയ
കപ്പലപകടത്തില്‍ മരിച്ച
നാവികനാണ് ഞാന്‍
ഇനിയും
ജനിച്ചിട്ടില്ല
എന്ന് വിശ്വസിക്കാനാണ്
എനിക്കിഷ്ടം'(വാസ്‌കോഡഗാമ )

വാള്‍ട്ട് വിറ്റ്മാന്റെ 'ഓ ക്യാപ്റ്റന്‍ മൈ ക്യാപ്റ്റന്‍' എന്ന കവിത ഓര്‍ക്കുക
Te port is near,The bells I hear,the people all exulting while follow eyes the
steady keel, the vessel grain and daring.
തണുത്തുറഞ്ഞ വിമൂകമായ മൗനം... മരണതുല്യമായ മൗനം... ഒരു കാലം ഇല്ലെന്നറിഞ്ഞിട്ടും
''Rise up for you the flag is flung... for you'' എന്ന് വിശ്വസിക്കുന്ന കവിയെ കാലങ്ങള്‍ക്കിപ്പുറം നിന്ന് സ്പര്‍ശിക്കുന്നു ടി.പി. രാജീവന്റെ കവിത. 

ഇപ്പോഴില്ലാത്തവയില്‍നിന്നും സ്വപ്നങ്ങളുടെ മ്യൂസിയത്തില്‍നിന്നെന്ന പോല്‍, കവിതകളെ വിളിച്ചുവരുത്തുകയാണ് ടി.പി. രാജീവന്‍. കര്‍ക്കിടകത്തിലും തുലാത്തിലും കറുത്ത രാത്രിയിലും മരിച്ചവര്‍ അവിലും പഴവും ഉണ്ണിയപ്പവും തിന്നാനും ഇളനീരും വെള്ളവും കുടിക്കാനും വരുന്ന അകത്തിനടുത്ത് 'ഒരാള്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു' എന്ന് തോന്നിപ്പിച്ചിരുന്ന ഒരു മുറിയിലായിരുന്നു തന്റെ കവിതകളിലെ സ്വപ്നങ്ങളുടെ അപൂര്‍വ ശേഖരം എന്ന് രാജീവന്‍ ''സ്വപ്നങ്ങളുടെ മ്യൂസിയത്തില്‍' എഴുതുന്നുണ്ട്. രാജീവന്‍ ആത്യന്തം കവിയും ഉന്മാദിയും ആകുന്നത് അങ്ങനെയാണ്.

ദൂരങ്ങളെയും അകലങ്ങളെയും ഇനവും തരവും തിരിച്ച് കണ്ട ആള്‍, സ്ഥലം, വര്‍ഷം, മാസം, തീയതി, സമയം, എന്നിങ്ങനെയുള്ള പലമകളെ കവിതയില്‍ വരച്ചുചേര്‍ത്തു. സ്വന്തം ഉറക്കത്തില്‍നിന്ന്, സ്വന്തം മുറിയില്‍നിന്ന് ഒരാള്‍ പടരുന്ന ഭൂപടങ്ങള്‍ക്ക് മനുഷ്യര്‍ കല്‍പ്പിക്കുന്ന അതിര്‍ത്തികള്‍ ഇല്ല എന്ന് നമ്മെ ബോധിപ്പിച്ചു.

നമ്മുടെ ഭൂഖണ്ഡം, നമ്മുടെ രാജ്യം, നമ്മുടെ ഭാഷ ... അങ്ങനെ പോകുന്ന പട്ടികയില്‍ എല്ലാവരും ഇരുട്ടിലാണെന്ന് കണ്ടെത്തി. മനുഷ്യര്‍ക്കിടയില്‍ അനുനിമിഷം വളരുന്ന വിടകവി മാത്രം കണ്ടു.

എങ്കിലും
ഭൂമിയുടെ മറുപുറത്താണെങ്കിലും
നിന്നെ എനിക്കിപ്പോള്‍
തൊടാം എന്ന് ആശ്വാസമുണ്ട്  (സുതാര്യം )

എത്രയേറെ വിഭജനങ്ങള്‍ വന്നു മൂടിയാലും മനസ്സിന്റെയോ ശരീരത്തിന്റെയോ ഏത് പ്രവിശ്യയില്‍ നിന്ന് അറിയാതെ വരുന്ന വേദനയുടെ വേര് തിരയുകയാണ് കവി. 'എന്നാലും എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആവണമെന്നില്ല' എന്നൊരു കവിത തന്നെയുണ്ട് രാജീവന്റേതായി. സ്ഥിതമായ ജീവിതാവസ്ഥകളെ അങ്ങനെതന്നെ കാണണമെന്ന് നാം ആഗ്രഹിക്കുന്നത് എന്തിനാണ്?

നക്ഷത്രങ്ങള്‍ തിളങ്ങുന്നത് ആര്‍ക്കോ
അത്യാവശ്യമുള്ളതുകൊണ്ടാണ്
അതായത്അവരങ്ങനെ പ്രകാശിക്കണമെന്നത്
ചിലരുടെയെങ്കിലും ആഗ്രഹമാണ്
എന്ന് മയകോവ്‌സ്‌കി ഒരു കവിതയില്‍ എഴുതുന്നുണ്ട്. ഈ നക്ഷത്രം രാജീവന്റെ കവിതയില്‍ സകല ജീവികളുടെയും ജീവന്റെ അസ്ഥിത്വമായാണ് വെളിപ്പെടുന്നത്. കാണലും തൊടലും നിലനില്‍ക്കലും വാസനിക്കലും തന്നെയാണ് പ്രധാനം. അതിനര്‍ത്ഥം ജീവിതമെന്നുതന്നെ! കവിത പുറംപൂച്ചുകളെയും പടര്‍പ്പുകളെയും പാഴ്പ്പായലുകളെയും വെട്ടിക്കളഞ്ഞ് ഉരുക്കഴിച്ച് സ്വതന്ത്രമാകുന്നു. ചിലപ്പോള്‍ ഒന്നുനിന്ന് മൗനങ്ങളെ വലിയ ആഴങ്ങളായോ ഒച്ചകളായോ പരാവര്‍ത്തനം ചെയ്യുന്നു. അപ്പോള്‍ മുന്നില്‍ തന്നെപ്പോലെ മറ്റൊരാളെ കാണുന്നു. ഉടന്‍തന്നെ അയാളെ തന്നെ ആത്മാവിലേക്ക്, കവിതയിലേക്ക് ആവാഹിക്കുന്നു. ജനിച്ച ദിവസം മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്എന്ന തിരിച്ചറിവിലേക്ക് പെട്ടെന്ന് എത്തുന്നു. രാജീവന്റെ കവിതയിലേക്ക് മനുഷ്യരെത്തുന്നത് അങ്ങനെയൊക്കെയാണ്.

A poem has complex and viral relation to author എന്നാണ് ടി എസ് എലിയറ്റിന്റെ കണ്ടെത്തല്‍. രാജീവന്റെ കവിതകളിലെ വൈയക്തികാംശങ്ങളും സാമൂഹിക രാഷ്ട്രീയവും പരസ്പരം കലര്‍ന്നു കിടക്കുന്ന ഇടങ്ങള്‍ ഇഴ പിരിച്ചെടുക്കുക എളുപ്പമല്ല. അപരനെ ആത്മത്തിന്റെ സുതാര്യമായസ്പര്‍ശങ്ങളായാണ് കവി കണ്ടെടുക്കുന്നത്.

'അന്യോന്യം
എതിര്‍ ദിശയില്‍ കുതിച്ചുപായുന്ന
രണ്ട് വാഹനങ്ങളില്‍
പോയിക്കൊണ്ടിരിക്കുകയാണ്
നമ്മള്‍'' (നീലക്കുറിഞ്ഞി)

ദൈവത്തിന്റെയും ചെകുത്താനെയും
കുട്ടികള്‍
ഒരേസമയം നമ്മുടെ
മനസ്സാക്ഷിയുടെ റിമോട്ടില്‍
കളിക്കുന്നതിനാല്‍
ഒന്ന് കാണാനും കേള്‍ക്കാനും
കഴിയുന്നില്ല
എന്ന് മാത്രം''
  (മനഃസാക്ഷി സൂക്ഷിപ്പുകാരോട്)
വൈലോപ്പിള്ളിയുടെ ഒരു പ്രയോഗമുണ്ട്
'നേരം പോക്കിന്റെ വെള്ളി മീന്‍ ചാട്ടം'- വാക്കുകളുടെയും അനുഭവങ്ങളുടെയും സാധാരണമായ ചേര്‍ത്തുവയ്പ്പാണ് ഇത്. കലയുടെ രൂപപരമായ അനുഭവ ലോകത്തെ ഭാഷയിലൂടെ വെളിപ്പെടുത്തുക പലപ്പോഴും അസാധ്യമാണല്ലോ! വസ്തുക്കളുടെ ചേര്‍ച്ചകള്‍ അല്ലെങ്കില്‍ അനുഭവങ്ങളുടെ ഒരുസംഘാതം, ഐന്ദ്രിയാനുഭവങ്ങളുടെ ചങ്ങലക്കൊളുത്തുകള്‍ എന്നിവ വൈകാരികതലത്തെയോ വൈകാരികാംശത്തെയോ ദ്യോതിപ്പിക്കാനുള്ള ഒരു മാധ്യമമായി മാറുന്ന സവിശേഷാനുഭവങ്ങള്‍ രാജീവന്റെ കവിതയില്‍ സമൃദ്ധമായി ഉണ്ട്.

'ഓരോരുത്തരോടായി മറുപടി പറഞ്ഞുകൊണ്ടിരിക്കെ/
ഒരു തൈ മേഘത്തിന്റെ മറവില്‍ നിന്ന്/
നീലയില്‍ ചുവപ്പു വരകളുള്ള/വള്ളി ട്രൌസറിട്ട
ഒരു കുട്ടി/പാളി നോക്കി '' (തണുത്തുറഞ്ഞ വെയില്‍)

''അപ്പോള്‍ നാളെ തളിര്‍ക്കും
ഇലകളിലോ
ചുട്ടുപഴുത്ത പാത്രത്തിലോ
അടഞ്ഞണ്ണാക്കിലോ
എവിടെ തുള്ളി ഇടും എന്ന് ശങ്കിച്ച്
ഒരു മേഘം മുറ്റത്ത്''  
 (കോരിത്തരിച്ചനാള്‍)

പാല് കുടിച്ചും പത്രം വായിച്ചും
തടിച്ചു കൊഴുത്ത
രണ്ടു പുലികള്‍
കെട്ടുപിണഞ്ഞു കിടക്കുന്നു.
(ഒരു വാതില്‍പ്പുറക്കാഴ്ച)

ഇങ്ങനെ കാഴ്ചയുടെയും അനുഭവത്തിന്റെയും അതിശയകരമായ ചാട്ടങ്ങള്‍ ടി.പി. രാജീവന്റെകവിതയില്‍ എത്രയോ ഉണ്ട്! കവിതയിലേക്ക് ബിംബങ്ങളെ കൂട്ടിക്കൊണ്ടുവരുമ്പോള്‍ തീര്‍ത്തും വൈരുദ്ധ്യാത്മകമെന്ന്തോന്നുന്നവയെ തമ്മില്‍ ചേര്‍ത്തും ഇണക്കിയും ടി.പി. രാജീവന്‍ ഒരു പുതിയ ഭാവതലം രചിച്ചു. കാവ്യചരിത്രത്തിന്റെയോ മനുഷ്യന്റെ പരമ്പരയുടെയോ കാഞ്ഞിരത്തിന്‍ കായ വായിലിട്ടു രുചിക്കുകയാണ് കവി.

രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ സുന്ദരകാണ്ഡം എന്ന കവിതയില്‍ എഴുത്തച്ഛനെ ഓര്‍മ്മയുടെ വര്‍ത്തമാനത്തിലേക്ക് കലര്‍ത്തുന്നു. ജീവിച്ചിരിക്കുന്ന ലോകത്തിന്റെ തെളിവുകള്‍ കവിയുടെ ഓര്‍മ്മയിലും സ്വപ്നത്തിലും മറവിയിലും ഭാഷയിലും നിശബ്ദതയിലും ഇടപെടുകയും വീണ്ടും കവിയെ കാലത്തിന്റെ പിന്നിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഭൂമിയില്‍ ഒരു കല്ല് വീഴുന്നതും കല്ല് വളര്‍ന്ന തറയാകുന്നതും തറ പടര്‍ന്ന്ചുമരുകളാവുന്നതും ചുവരുകള്‍ പന്തലിച്ച് മേല്‍പ്പുരയാവുന്നതും മേല്‍പ്പുരയ്ക്കു മുകളില്‍ ചുവരുകള്‍ക്കു വെളിയില്‍ തറക്കു ചുറ്റും കല്ലിനടിയില്‍ ഒരു വീട് കവി തന്നെ പൊളിച്ചുമാറ്റുന്നതും നമുക്ക് കാണാം.
''സന്ദര്‍ശകര്‍ ഇല്ലാത്ത ഒരു വേള
പുരാവസ്തു മ്യൂസിയത്തിലെ
ഇനിയും തിരിച്ചറിയപ്പെടാത്ത
മനുഷ്യ പ്രതിമകളില്‍
ഒന്ന്
സ്വന്തം ഭൂതകാലത്തേക്ക്
തിരിച്ചുപോയി''
   (അങ്ങനെ പോയവന്‍)
എന്നെഴുതുന്നതും 

നിലച്ച നാഴിക മണികളുടെ ഇടനാഴിയില്‍ നിന്ന് 
ഗുപ്തകാലങ്ങളിലേക്ക് ഒരു വാതില്‍ തുറന്നു.
മണ്ണിന്റെ ഓര്‍മ്മയില്‍ നിന്ന് നഗരങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു
ജല വിസ്മൃതിയിലെങ്ങോ നങ്കൂരമിട്ടിരുന്ന കപ്പലുകള്‍
ചലിച്ചു തുടങ്ങി എന്നെഴുതുന്നതും ഈ കാലസ്മൃതി ഉള്ളിലുള്ളതുകൊണ്ടാണ്.

'Yes, I know, we are merely
empty forms of matter,
but we are indeed sublime in
having
invented God and our soul. എന്ന് മല്ലാര്‍മേ പറയുന്ന അനുഭവം ടി.പി. രാജീവിന്റെ കവിതകളില്‍ നേരിട്ട് സ്പര്‍ശിക്കാം. കാലത്തെയോ ഓര്‍മ്മയെയോ ദേശത്തെയോ ഇടത്തെയോ ബിംബം ആക്കുന്ന കവിതകള്‍ ഏറെയുണ്ട്.

'ഹൃദയമെന്നത് ഭൂപടത്തില്‍ നിന്നും മാഞ്ഞുപോയ ഒരു തുറമുഖമാണെന്നും ചരിത്രത്തെക്കാള്‍ പുരാതനമായ ഒരു തടവറയാണെന്നും നമുക്ക് കാണാം.

അസാന്നിധ്യങ്ങളുടെ ഇടനാഴികള്‍

അസാന്നിധ്യങ്ങള്‍ രാജീവന്റെ കവിതയിലേക്ക് കവിതയിലേക്ക് തിരക്കിട്ട് കയറിവരുന്നത് കാണാം. കണ്ടുമുട്ടല്‍, കുചേലസദ്ഗതി, വേലിയിറക്കം തുടങ്ങിയ കവിതകള്‍ ഉദാഹരണം. 'നീ വിളിക്കാത്ത എന്റെ പേരും ഞാന്‍ വിളിക്കാത്ത നിന്റെ പേരും മുഴങ്ങി' എന്നും  'ഉറക്കത്തില്‍ ഒരു കിനാവ് പോലും ശല്യം ചെയ്യുന്നില്ല 'എന്നും കവിതയുടെ അനുഭൂതിയായി കടന്നുവരുന്നു.

'കവിത യാഥാര്‍ത്ഥ്യവും ഭാവനയും എന്നത് പോലെ അനുഭൂതിയായി പകര്‍ന്നുവരുന്നതും ഒരു ജൈവപ്രക്രിയയാണല്ലോ! സ്വന്തം വംശാവലിയുടെ പിന്നിലേക്ക് നീളുന്ന ചില വേരുകള്‍ ഉണ്ട് , പ്രകൃതിയുടെ പിന്‍താങ്ങലുകളുണ്ട്, കാലത്തിന്റെ ചേര്‍ത്ത് പിടിക്കലുണ്ട്, സ്വന്തം ഓര്‍മ്മയെയും ദേശത്തെയും കലര്‍ത്തുന്ന കവിതയിലെ വാക്കിലേക്ക് അവ അറിയാതെ കയറി വരും മുസിരിസ്സില്‍നിന്നോ മെസോപ്പൊട്ടോമിയയില്‍നിന്നോ പുറപ്പെട്ട ഒരു കപ്പല്‍ പ്രത്യക്ഷപ്പെടുമ്പോലെ...

അതില്‍നിന്ന് കരിങ്കടലും ചെങ്കടലും ശാന്തവും അശാന്തവുമായ കടലുകളുംകടന്ന് തിമിംഗലങ്ങളുടെയും വായില്‍നിന്ന് രക്ഷപ്പെട്ട ഒരു നിലവിളി ഇറങ്ങി വരും പോലെ കാലത്തെയും പരമ്പരയെയും ചരിത്രത്തെയും വിന്യസിക്കുന്ന ഭാഷ വെളിപ്പെടും. അത് ബോധബോധങ്ങളില്‍നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ദേശബോധങ്ങളെ ചൂണ്ടിക്കാണിക്കും. അവനവനെകഴുകിയെടുക്കുന്ന ഒരു വാക്ക് കവിതയില്‍നിന്ന് പുറപ്പെടും.

It is in front of the paper that the artist creates himself എന്ന് മല്ലാര്‍മെവീണ്ടും പറയുന്നു.

എത്രയഗാധങ്ങളില്‍ നിന്നാണ് നമ്മുടെ പുഞ്ചിരിപോലും വരുന്നത് എന്ന് അയ്യപ്പപ്പണിക്കര്‍ എഴുതുന്നുണ്ട്.
'എന്തൊരാളായിപ്പോയി ഞാന്‍'' എന്നാണ് ടി.പി. രാജീവന്‍ എഴുതുന്നത്.

അവനവനിലേക്ക്/അവളവളിലേക്ക് നോക്കുമ്പോള്‍ മറ്റൊരാളെ കാണും പോലെ അന്യവല്‍ക്കരണത്തിന് വിധേയനാകുകയാണ് കവി. സ്വന്തം ശരീരമെല്ലാം അന്യമായി തോന്നുകയാണ് കവിക്ക് ഒരു കുപ്പായവും എനിക്ക് പാകമാകുന്നില്ല എന്നും ഒരു വീട്ടിലും എനിക്ക് പാര്‍ക്കാനാകുന്നില്ല എന്നും ഒന്നും രുചിക്കുന്നില്ല എന്നും ആരും പറയുന്നത് മനസ്സിലാകുന്നില്ല എന്നും കവി പറയുന്നു.

മറ്റൊരാളായിരുന്നെങ്കിലെന്ന ചിന്ത കവിയുടെ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവരുന്നു. വഴിയില്‍ കത്തിയുമായി പതുങ്ങിയിരുന്ന തന്നെത്തന്നെ കുത്തിമലര്‍ത്താമായിരുന്നു എന്നആന്തല്‍! സ്വന്തം ഭക്ഷണത്തില്‍ വിഷം കലര്‍ത്താനുള്ള ത്വര. വെളിപാടുകള്‍ക്ക് ഭാഷയില്ലെന്നും ഒരൊറ്റ രാത്രികൊണ്ട് ലോകമെത്ര കീഴ്‌മേല്‍ മറിയുമെന്നും തിരിച്ചറിയുന്ന കവി അവനവനില്‍നിന്ന് കുതറിച്ചാടാന്‍ ഏറെ കൊതിക്കുന്നുണ്ട്. അതുകൊണ്ടാവാം

ദൈവമേ
ആ കാട്ടിലോ കടലിലോ
ആകാശത്തിലോ
എന്നെ
കണ്ണും കാതും കെട്ടി
എന്നെന്നേക്കുമായി
ഉപേക്ഷിക്കണമേ
എന്ന് പറയുന്നത്. (പ്രാര്‍ത്ഥന)

ജീവിതവും കലയും ആകുലതകളും

ജീവിതവും കലയുമായി ബന്ധപ്പെട്ട നിരവധി നിരവധി ആശങ്കകള്‍ കവിക്കുണ്ട്. 'അങ്ങനെ പോയവന്‍' എന്ന കവിതയില്‍ 'മാര്‍ഗ്ഗങ്ങളില്‍ എത്രാമത്തെ മാര്‍ഗ്ഗമാണ്, നിര്‍മ്മാണത്തിന്റെ ഏത് അവസ്ഥയാണ് കല്ലായും മുള്ളായുമുളള ഈ ഇരിപ്പ്?' എന്ന് ചോദിക്കുന്ന കവിയെ കാണാം.

ഇരന്നു കിട്ടിയപതിരുപോലെ താന്‍ സ്വയം പാറിപ്പോകുമോ എന്ന് പേടിക്കുന്ന മനുഷ്യനാണ് കുചേല സദ്ഗതിയില്‍ നമ്മള്‍ ''കിടന്നുറങ്ങുമ്പോള്‍ വാതില്‍ അടച്ച് മുദ്രവച്ചു
അയല്‍ക്കാരന്‍ കടന്നു കളഞ്ഞിരിക്കുന്നു
വാതില്‍ക്കല്‍ തൂങ്ങുന്ന നമ്മുടെ തലയോട്ടികള്‍
ഇനിയെങ്ങനെ കാണും? എങ്ങനെ കാണാതിരിക്കും''എന്ന് ഗൗരവതരമായ ഒരു ഭീതി ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട് കവി വാതില്‍
എന്ന കവിതയില്‍.

ഈ കവിതകളില്‍ ഒക്കെത്തന്നെ അനിശ്ചിതത്വത്തിന്റെ രീതിശാസ്ത്രങ്ങള്‍ പരാമര്‍ശവിധേയമാക്കുന്നുണ്ട്. വ്യക്ത്യനുഭവങ്ങളില്‍നിന്ന് സാമൂഹികാനുഭവങ്ങളിലേക്ക് വരുന്ന ആലോചനകളായി കവിത മാറുന്നു. അപ്പോള്‍ സമസ്തഭാവനകളുടെയും ഒരു മറുകാഴ്ച സംജാതമാകും.

''കണ്ണട കണ്ണിലേക്ക് നോക്കും .
മരങ്ങളും മത്സ്യങ്ങളും നീന്തിത്തുടിക്കുന്ന
സ്വപ്ന നീലിമയില്‍
വേനലിന്റെ മരുമുദ്ര കാണും
എല്ലാം ത്യജിക്കപ്പെടുന്ന ജലത്തില്‍
ചിലപ്പോള്‍ മഹത്തായ കവിതകള്‍ എഴുതപ്പെടും.
ആ സമയത്ത്
ചിലര്‍ നീരാടും
പ്രതീക്ഷകള്‍ ആവിയായിപ്പോകും ''(കണ്ണട)

ഇപ്പോള്‍ ഉള്ളതും ഇല്ലാത്തതും
The matrix of poetry is in future എന്ന് മയക്കോവ്‌സ്‌കി വിശ്വസിച്ചിരുന്നു. ഭാവി എന്നത് ഇപ്പോള്‍ ഇല്ലാത്തതും എന്നാല്‍ ഉണ്ടാകാന്‍ പോകുന്നതുമായ ഒരു അവസ്ഥയാണ്. ഇപ്പോഴുള്ളത് ആ ഭാവിയില്‍ എത്തിയാല്‍ ഭൂതകാലമാകും. പെട്ടെന്നുള്ള സമയത്തിന്റെ ഈ ചാക്രികതയെ കുറിച്ച് കവികള്‍ പലതരത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ടി.പി. രാജീവനില്‍ ഈതിരിച്ചറിവ് കാല/ സമയ/ ദൂര സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ടതാണ് നിലനില്‍ക്കുന്നത്.

''രാവെന്നില്ല /പകലെന്നില്ല /പൊറുതി കിട്ടാത്ത ദിക്കെല്ലാം /ഭൂതമെന്നില്ല /ഭാവിയെന്നില്ല /അഭയമുള്ള ഇടമെല്ലാം ഭ്രാന്തും
വ്രണവുമായി വെളിച്ചത്തിന്റെ ശേഷക്കാര്‍ അലഞ്ഞുനടന്നു. 
''എന്ന് ടി പി രാജീവന്‍ എഴുതുന്നുണ്ട് (കണ്ണട)
മണിക്കൂറില്‍ ഇരുട്ടിന്റെ വേഗത തടാകങ്ങള്‍ക്കറിയില്ല എന്ന്'' പ്രകൃതി പാഠ''ങ്ങളില്‍ കവി വേവലാതിപ്പെടുന്നുണ്ട്.
ഒറ്റക്ക് നില്‍ക്കുന്നവരെയുംആകാശത്തിന്റെ അര്‍ത്ഥമറിയുന്നവരെയും ലോകാവസാനം വരെ ചങ്ങലക്കിടാം എന്ന് പറയുന്നുണ്ട്. വെള്ളച്ചാട്ടങ്ങള്‍ ഒരിക്കലും ചട്ടങ്ങള്‍ പാലിക്കാറില്ലാത്തതിനാല്‍ സാഹസികതയിലേക്ക് സ്വയം എടുത്തുചാടുന്നവരെയും വീഴ്ച ശക്തിയാക്കുന്നവരെയും എപ്പോഴും തള്ളിപ്പറയാം എന്നാണ് ഈ ആലോചനകള്‍ക്ക് കവി തന്നെ പറയുന്ന ന്യായീകരണം.

നാമൊക്കെ നിലനില്‍ക്കുന്ന ലോകത്തെക്കുറിച്ചും നമ്മുടെ കൊളോണിയല്‍ നിയോകൊളോണിയല്‍ അവസ്ഥകളെക്കുറിച്ചുമുള്ള ചിന്തകളും വ്യവഹാരങ്ങളും പരിണതികളുമെല്ലാം തന്നെ നമ്മുടെ ജീവിതത്തിലും കലയിലും നിരന്തരം ഇടപെടുന്നുണ്ട്. ഓരോ കാലത്തിലും ഇവയെല്ലാം മനുഷ്യന്റെ ഭാഷയിലും സംവേദനത്തിലും കലയിലും കടന്നുവന്ന് പുതിയ രാഷ്ട്രീയസൗന്ദര്യശാസ്ത്ര ചിന്തകള്‍ക്ക് പ്രേരണയാകുന്നുണ്ട്.

കുറുക്കനും രാഷ്ട്രതന്ത്രവും പോലുള്ള കവിതകള്‍ അത്തരത്തില്‍ എഴുതപ്പെട്ടവയാണ്. ചില കവിതകളിലാകട്ടെ, വൈകാരികതയുടെ വഴിയും രാഷ്ട്രീയ വ്യവഹാരങ്ങളുടെ വഴിയും പരസ്പരം ഏറ്റുമുട്ടുന്ന സന്ദര്‍ഭങ്ങളുമുണ്ട്. കടല്‍പ്പാലം എന്ന കവിത ഉദാഹരണം.ഗാന്ധിയും കസ്തൂര്‍ബായുമാണ് കഥാപാത്രങ്ങള്‍. അവര്‍ തമ്മില്‍ നടക്കുന്ന സംഭാഷണമാണ് കവിതയുടെ ശരീരം ആഗ്രഹിക്കുന്നത് ഉറക്കത്ത് കാണുമ്പോഴാണ് സ്വാതന്ത്ര്യം എന്ന് ഗാന്ധി പറയുന്നുണ്ട് കസ്തൂര്‍ബാ തിരിച്ചുചോദിക്കുന്നു 'അപ്പോള്‍ നാം നേടിയ സ്വാതന്ത്ര്യമോ?' ഇവിടെ കവിത സാര്‍വലൗകികമായ ഒരു രാഷ്ട്രീയ പ്രശ്‌നത്തിലേക്ക് കവിതയുടെ കണ്ണുകളെ ക്ഷണിക്കുന്നു.

''അതുവരെ നദിയെന്ന് തോന്നിയ
മഹാസമുദ്രപ്പരപ്പിന് മുകളില്‍
തൂണുകളില്ലാതെ നീണ്ടു പോയ
പാലത്തിലൂടെ
നിശബ്ദമായി കുതിച്ച തീവണ്ടിക്ക് മുന്‍പില്‍
അതിലും വേഗത്തില്‍ ഓടിയകന്ന
മറുകര നോക്കി, ഗാന്ധി കസ്തൂര്‍ബായുടെ
നെറുകയില്‍
ഉമ്മ വെച്ചു'' എന്നാണ് കവിത തീരുന്നത്.

ഈകവിതയില്‍ കാലത്തിന്റെയും ചരിത്രത്തിന്റെയും ഒരു വിച്ഛേദം വ്യക്തമായി കാണാം. മനുഷ്യന്‍ എന്നതിനുതന്നെ ബദലുകളെ
അന്വേഷിക്കുന്ന കാലത്ത് ഇത്തരം വിച്ഛേദങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചില സാധ്യതകള്‍ കൂടി മനസ്സിലാക്കാം. അത് കൊണ്ടാണ് മരിച്ചവരോട് മാത്രമേ നീ ഇനി ചോദ്യങ്ങള്‍ ചോദിക്കാവൂ എന്ന് കവി നമുക്ക് മുന്നറിയിപ്പ് തരുന്നത്. വാക്കിനെയും പൊരുളും പൊരുളിനെ വാക്കും തള്ളിപ്പറഞ്ഞ ഈ നാടിനെക്കുറിച്ചുള്ള ആശങ്കകല്‍ പല കവിതകളിലുമുണ്ട്.

നീ എന്തിനു വന്നു

കണക്കില്‍പ്പെടാത്ത, കൈവശമുള്ള സമയത്തെക്കുറിച്ചും വേദനകളെ വിളിച്ചുവരുത്തുന്ന നമ്മുടെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുംഉറക്കത്തില്‍ സ്വപ്നം കാണുന്നുണ്ടോയെന്നു ആശങ്കയുള്ള മരങ്ങളെയും കുന്നുകളെയും വയലുകളെയും കുറിച്ചും കവിക്ക് വേവലാതിയുണ്ട്.

ആധുനികതയുടെ വികേന്ദ്രീകരണമായും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു എന്ന് നാം കരുതിയ സംസ്‌കാരത്തിന്റെ പടര്‍ച്ചയായും കടന്നുവന്ന ചിതറല്‍ കവിതയെയും ബാധിച്ചു. ഈ പ്രത്യയശാസ്ത്ര ബഹുസ്വരതകളെ സ്വന്തം ആത്മപ്രതിരോധത്തിന്റെ വാക്കുകളായി കണ്ടെടുക്കുകയായിരുന്നു ടി.പി. രാജീവന്‍ ചെയ്തത്.

സൂര്യന്‍ അസ്തമിച്ചത് തീരത്ത്,
കരയിലേക്ക് കയറ്റിയിട്ട
കെട്ടു മരങ്ങള്‍ക്കിടയില്‍
ഇരുട്ടില്‍
മണല്‍ത്തട്ടില്‍
പിറന്നപടി മലര്‍ന്നു കിടന്നു വിശ്രമിക്കുന്ന യുവതിയോട് കവി ചോദിക്കുന്നു:

എന്തിനെതിരെയായിരുന്നു ഇന്നത്തെ പ്രതിഷേധം /
വരണ്ട ചുണ്ടുകള്‍ നാവുകള്‍ കൊണ്ട് നനച്ച് അത് പറഞ്ഞു
നിങ്ങള്‍ എന്തിനെതിരെയാണോ എന്നും ഈ തീരത്ത്
വന്നു നില്‍ക്കുന്നത്
അതിനെതിരെ തന്നെ! കുടഞ്ഞു കളഞ്ഞിട്ടും നമ്മുടെ മനസ്സില്‍ നിന്ന് പറിഞ്ഞുപോകാത്ത ചില അവസ്ഥകളിലേക്ക് കവിത നമ്മെ നയിക്കുന്നു.

ചരിത്രാനന്തര കാലത്തോട് കവി നിരന്തരം സംവദിക്കുന്നുണ്ട് തന്നെ തന്നിലേക്ക്തന്നെ നാടുകടത്താന്‍ പ്രാപ്തമായ ആത്മബലിയാണ് ഈ കവിയുടെ കാതല്‍ (ശിക്ഷ). എപ്പോഴും ഒരാള്‍ വിശന്നു നിലവിളിച്ചു കൊണ്ടിരിക്കുന്നു എന്ന കരുതലാണ് ഈ കവിതകളുടെ ജാഗ്രത.

സ്വന്തം ജന്മത്തെപ്പറ്റിയും തന്റെ ഇടത്തെപ്പറ്റിയും സദാജാഗരൂകനായിരുന്നു ടി.പി. രാജീവന്‍. അത് വയല്‍ക്കരെ ഇപ്പോള്‍ ഇല്ലാത്ത വീടായും ആ വീട്ടില്‍നിന്ന് അവിചാരിതമായി ഇറങ്ങിവരുന്ന ഒരാളുടെ സ്മരണയായും ജനിക്കുന്നതിന് തലേന്ന് രാത്രി കണ്ട സ്വപ്നമായും ജനിക്കേണ്ട ദിവസത്തിന് തലേന്ന് പൊലിഞ്ഞുപോയ നക്ഷത്രമായും നമുക്കു മുന്നിലെത്തും. മരിച്ചവരുടെയോ ജീവിച്ചിരിക്കുന്നവരുടെയോ പട്ടികയില്‍ ഇല്ലയെന്ന് ഉറക്കെ നിലവിളിക്കും.

മരിച്ചവര്‍ക്കെന്ന പോലെ ജനിക്കാത്തവര്‍ക്കും വേണം ഉദകക്രിയകള്‍ എന്ന ഓര്‍മിപ്പിക്കും. ആത്മവിമര്‍ശനത്തിന്റെ ഏറ്റവും സുതാര്യമായ കണ്ടെടുപ്പാണ് 'എന്തൊരാളായി പോയി ഞാന്‍' എന്ന കവിത. കണ്ണാടിയിലെ പ്രതിബിംബത്തെ എന്ന പോല്‍ കവി അവനവനിലേക്ക് തന്നെ നോക്കുന്നു ഈ കവിതയില്‍...
'ഈയിടെയായി
എന്റെ സ്വഭാവവും പെരുമാറ്റവും
എനിക്ക് തന്നെ ഇഷ്ടപ്പെടുന്നില്ല' എന്നാണ് കവി പറയുന്നത്. മറ്റൊരാള്‍ ആയിരുന്നു ഞാനെങ്കില്‍ കത്തിയുമായി വഴിയില്‍ എനിക്ക് തന്നെ പതുങ്ങിയിരിക്കാമായിരുന്നു എന്ന ഹിംസയുടെ നേര്‍ത്ത സാധ്യത കൂടി തെളിയുന്നു.

ഇന്നലെ രാത്രി', 'ജന്മദിന കവിത ഒന്ന്', 'ജന്മദിന കവിത 2', 'മറുപുറത്തില്‍ നിന്ന്', എന്നീ കവിതകളും കവിതകളിലും ഈ ''ഞാനു''ണ്ട്. നിരന്തരം നിരീക്ഷിക്കുന്നതോ ഭീതിയിലേക്ക് നയിക്കുന്നത് ആയ നിത്യസാന്നിധ്യമായാണ് (അതോ അസാന്നിധ്യമോ )ഈ 'ഞാന്‍' രാജീവന്റെ കവിതകളില്‍ കടന്നുവരുന്നത്.

ആറ്റൂരിലുംഉണ്ടല്ലോ ഈ ഞാന്‍!

''നെല്ലിന്റെ ചെവികളില്‍
ശിശുവിന്‍ നിര്‍മ്മല ചര്‍മ്മത്തില്‍
ചാരിത്ര്യത്തില്‍
പുഴുക്കുത്തുണ്ടാക്കുന്നോന്‍
എങ്ങുമുണ്ടെന്നഭീതി.

ആറ്റൂരിന്റെ 'പേടി'യിലാണ് ഈ വരികള്‍ ഉള്ളത്.

ഒന്നുകില്‍ സ്വത്വവുമായി നിരന്തരം നടത്തുന്ന കൂട്ടിമുട്ടലുകളില്‍ നിന്ന് വേര്‍തിരിക്കുന്ന ആത്മവിമര്‍ശനം അല്ലെങ്കില്‍ ഉള്ളിലുള്ള ആത്മത്തോടുള്ള അകല്‍ച്ച.

ടി.പി. രാജീവിന്റെ കവിതയില്‍ ഇവ രണ്ടുംമാറിമാറി വരുന്നു. അഭിമുഖം നില്‍ക്കുന്നു. അനുഭവത്തിന്റെ സവിശേഷമായ ഒരു തലം 'തണുത്തുറഞ്ഞ വെയില്‍' എന്ന കവിതയില്‍ ഉണ്ട്.

''ഒരു പ്രത്യേക പ്രായമെത്തിയാല്‍
ഞങ്ങളുടെ വീട്ടില്‍ നിന്ന്
എല്ലാവരെയും കാണാതാകും
എന്തിനെന്നോ
എങ്ങോട്ടെന്നോ പറയാതെ
എല്ലാവരും നോക്കി നില്‍ക്കെ
അവര്‍ ഓരോരുത്തരായി
ഇറങ്ങിപ്പോകും .
ഇറങ്ങിപ്പോക്ക് ഒരു ചരിത്ര സന്ധിയില്‍ നിന്നാകാം .
ഭാഷയില്ലാത്ത നിലവിളികളില്‍ നിന്ന് ഒരാള്‍ ഉറക്കെ സ്വന്തം പേര്
വിളിച്ചു പറയുന്നത് ചിലപ്പോള്‍ നമുക്ക് മനസിലാകില്ലായിരിക്കാം.
തെരുവും വീടും മുറിയും കത്തിക്കരിയുമെന്ന 
വിഭ്രാന്തിക്കൊടുവില്‍ കത്തുന്നത് താന്‍ മാത്രമാണെന്ന 
തിരിച്ചറിവിന്റെ വെളിച്ചം കണ്ടെത്താം.

അതുകൊണ്ടാണ് മുമ്പേ പോയവര്‍ക്ക് വേണ്ടിയും, സകല ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും വേണ്ടിയും മനുഷ്യനെന്ന നിലയിലുള്ള ആത്യന്തികമായ സങ്കീര്‍ണ്ണ ജീവിതത്തെ കവിതയിലേക്ക് കൊണ്ട് വന്ന് കനം കുറഞ്ഞവനായി മാറാന്‍ കവിക്കായത്. തന്നെത്തന്നെ നോക്കി ''എന്തോരാളായിപ്പോയ് ഞാന്‍'' എന്ന് സ്വയം പരിഹസിക്കാനാവുന്നത്.

കാലത്തിന്റെമിടിപ്പുകള്‍ക്കായി ജാഗ്രതയോടെ കാതോര്‍ത്ത കവി. മനുഷ്യവംശത്തിലേക്ക് ജന്മം തന്നതിന്പുറപ്പെട്ട എല്ലാ തുറമുഖങ്ങള്‍ക്കും നന്ദി പറഞ്ഞ കവി.

''തുടക്കം മുതല്‍
എനിക്കൊപ്പം വരുന്ന
ആ ഒറ്റ നക്ഷത്രം
ഒരു കൊടുങ്കാറ്റിലും
അണയാത്ത ഈ വിളക്ക്
ഒരേ നില്‍പ്പ് നില്‍ക്കുന്ന ഈ കൊടിമരം.
താഴാന്‍ സമ്മതിക്കാത്ത
ഈ പായ
അടിത്തട്ടില്‍ കടല്‍ അട്ടിക്കിട്ടു കൂട്ടുന്ന ഈ മൗനം ''
ഈ മൗനത്തിനുള്ളില്‍നിന്ന് പൊട്ടിത്തെറിച്ചതാണ് ടി.പി. രാജീവന്റെരാഷ്ട്രീയ ജാഗ്രത, മനുഷ്യന്‍ എന്ന സൂക്ഷ്മത.