നിങ്ങൾ ജീവിതത്തെ കാണുന്ന രീതിയും ശൈലിയുമാണ് നിങ്ങളുടെ എഴുത്തിന്റെ രൂപഭാവങ്ങളെ നിർണയിക്കുന്നത്. മിക്കവാറും എഴുത്തുകാർ സ്വന്തം എഴുത്തിന്റെ രഹസ്യങ്ങളാക്കി, സ്വകാര്യമായി വെച്ചിരിക്കുന്ന പല സംഗതികളുമുണ്ട്. അത് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാണ്. അതിനെ പൂർണമായി അനാവരണം ചെയ്യാൻ അവർ ഒരുക്കമല്ല. ഈ യാഥാസ്ഥിതികമനോഭാവത്തിൽനിന്നു വിഭിന്നമായ വ്യക്തിത്വമായി എം.കെ. സാനുമാഷ് എന്ന നിരൂപകനെ കാണാം. തന്റെ നിരൂപണഗ്രന്ഥങ്ങളിലും ജീവചരിത്ര പുസ്തകങ്ങളിലും യവന ദുരന്തനാടകത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിലും ഒക്കെ ആമുഖമായി തന്റെ എഴുത്തുരീതി വ്യക്തമാക്കാനാണ് മാഷ് ശ്രമിക്കാറുള്ളത്. അത് എഴുത്തുരീതി എന്നതിനെക്കാൾ ജീവിതരീതി തന്നെയാണ്. ഇത്തരത്തിൽ തന്റെ എഴുത്തും ജീവിതവും ഒരു തുറന്നപുസ്തകമാക്കുക വഴി പിൽക്കാലത്ത് വരുംതലമുറയ്ക്ക് അതിൽനിന്ന് ചിലത് സ്വീകരിക്കാൻ ഉണ്ടാകണമെന്ന നിർബന്ധം തന്റെ ജീവിതകാലത്ത് മാഷ് വെച്ചുപുലർത്തിയിരുന്നു. അതുണ്ടാകുകയും ചെയ്യും.
ഓരോ രചനയുടെ പിന്നിലുമുള്ള തന്റെ സാമൂഹികജീവിതം, തന്നെ നിർണായകമായി സ്വാധീനിച്ച വ്യക്തികൾ, തന്റെ പ്രിയപ്പെട്ട വിദ്യാർഥികൾ, എഴുത്തിന് പ്രചോദനമായ സംഗതികൾ, പ്രസംഗങ്ങൾ. ഇതെല്ലാം തന്റെ ഓരോ പുസ്തകത്തിലും ആമുഖം എന്ന രീതിയിൽ മാഷ് തന്നെ നൽകിയിരുന്നു. അത് കേവലമായ ഒരു നൽകൽ എന്നതിനപ്പുറം ജൈവികമായ പറച്ചിൽ ആയിരുന്നു. അതുതന്നെ ഓരോ കാലങ്ങളിലുമായി പലരീതിയിൽ പല പുസ്തകങ്ങളിൽ വൈവിധ്യത്തോടെ പരന്നുകിടക്കുന്നു. ജി. ശങ്കരക്കുറുപ്പ് എന്ന ജ്ഞാനപീഠപുരസ്‌കാര ജേതാവായ കവിയുടെ ഗദ്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ക്ലാസ് റൂം അനുഭവങ്ങളെക്കുറിച്ചും ഇന്നും നാടകീയമായി ഓർക്കുന്ന അനേകം വിദ്യാർഥികളുണ്ട്. ഇതേ അനുഭവം എറണാകുളം മഹാരാജാസിന്റെ പശ്ചാത്തലത്തിൽത്തന്നെ ഏറെ സാർഥകമാകുന്നത് പിൽക്കാലത്തെ സാനുമാഷുടെ അധ്യാപനജീവിതത്തിലാണ്. ചിറ്റൂർ കോളേജ് അധ്യാപകനായിരുന്ന, സാനുമാഷുടെ ശിഷ്യൻ ടി.വി. ശശി അദ്ദേഹത്തെ പലരീതിയിൽ ഓർക്കുന്നത് പിൽക്കാലത്ത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതു പോലെ പലരും.
എഴുത്തും ജീവിതവും
മലയാള സാഹിത്യവിമർശനത്തിൽ കാലങ്ങൾക്കപ്പുറവും അടിവരയിട്ട് എടുത്തുപറയാവുന്ന ഗദ്യം എം.കെ. സാനുമാഷുടേതായിരിക്കും. ഇത് ഗദ്യത്തെ സംബന്ധിച്ചുമാത്രമുള്ള യാന്ത്രികവിചാരണയല്ല. പകരം എത്രമാത്രം സ്വന്തം ജീവിതത്തിൽനിന്നുള്ള ഘടകങ്ങളെ എഴുത്തിലേക്ക് ശക്തിസൗന്ദര്യത്തോടെ അവലംബിക്കുന്നു എന്നുള്ളതാണ്. അതിന് ആസ്പദമായ എത്രയെത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താം.
ദുരന്തനാടകം അജയ്യതയുടെ അമരഗീതം എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ മാഷ് കുട്ടിക്കാലത്ത് ക്ഷേത്രങ്ങളിലെ ഉത്സവത്തിൽ പങ്കുകൊള്ളാനുള്ള കൊതിയെക്കുറിച്ച് പറയുന്നുണ്ട്. അതിൽത്തന്നെ കഥകളി, നൃത്തം, ശാസ്ത്രീയസംഗീതം എന്നിവയൊക്കെയുണ്ടായിരുന്നു. ഇതിൽത്തന്നെ ഏതേത് കലാപരിപാടികൾ എത്രകണ്ട് തന്നെ സ്വാധീനിച്ചു എന്ന് സാനു മാഷിന് അറിയില്ല. പക്ഷേ, മാഷുതന്നെ പറയുന്ന മറ്റൊരുകാര്യം ഏറെ ശ്രദ്ധേയമാണ്: ''അന്നത്തെ ക്ഷേത്രത്തിലെ ആ ശാസ്ത്രീയസംഗീത സദസ്സിൽ സാമാന്യപരിചയമുള്ളവരായിരുന്നു പലരും. അവർ താളംപിടിക്കുകയും തലയാട്ടുകയും ഒക്കെ ചെയ്യുന്നതു കാണാം. എനിക്കാണെങ്കിൽ ശാസ്ത്രീയ സംഗീതത്തെക്കുറിച്ചെന്നല്ല സാധാരണ സംഗീതത്തെക്കുറിച്ചുപോലും ഒന്നുംതന്നെ അറിഞ്ഞുകൂടാ. അറിയാനുള്ള സാഹചര്യവുമുണ്ടായിരുന്നില്ല. എങ്കിലും ഓരോ കച്ചേരിയും എന്നെ വല്ലാതെ വശീകരിച്ചു പോന്നു. വശീകരിച്ചുവെന്നു പറഞ്ഞാൽ പോരാ, സംഗീതം എന്നിൽ അനുഭവമായി മാറിയെന്നു പറയാം.
കുട്ടിക്കാലത്തു കേട്ട സംഗീതം പിൽക്കാല ജീവിതത്തെയും എഴുത്തിനെയും നിർണായകമായി സ്വാധീനിക്കുക. അതുപോലെ ഓരോ പുസ്തകരചനയും തന്റെ പ്രിയപ്പെട്ട വിദ്യാർഥികളുടെയും സമൂഹത്തിന്റെയും ആവശ്യമായി മാറുക. തന്റെ ചില പ്രഭാഷണപരമ്പരകൾ ഓർത്തെടുത്ത് അതിന് പുതിയ മാനം നൽകുക ഇത്തരത്തിൽ പലതും മാഷുടെ ജീവിതത്തിൽനിന്ന് വായിച്ചെടുക്കാനാകുമായിരുന്നു. അതുപോലെ കുട്ടിക്കാലത്തെ കൂട്ടുകാരുടെ കുസൃതികൾ, ഫലിതങ്ങൾ, ഒക്കെ പിൽക്കാല ജീവിതത്തെയും എഴുത്തിനെയും സ്വാധീനിച്ചതായി മാഷ് പറയുന്നുണ്ട്.
തന്റെ മരണംവരെ ജീവിതത്തിൽ ഒരൊറ്റ സന്ധ്യാകാലവും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ കവി കുമാരനാശാനെ ഓർത്തുകൊണ്ടാണ് സാനുമാഷ് തന്റെ വീടിന് സന്ധ്യ എന്ന് പേരിട്ടത്.
(നിരൂപകനും അധ്യാപകനുമാണ് ലേഖകൻ)
പ്രിയപ്പെട്ട സാനുമാഷ്...
പതിനെട്ടാം വയസ്സിൽ ആദ്യമായി പഠിപ്പിക്കാൻ ചെന്നപ്പോൾ ഒരു പെട്ടി ചോക്കും ആറു ചൂരലുമായിരുന്നു സാനുവിന് മുതിർന്ന അധ്യാപകൻ നൽകിയത്. ചൂരൽ വേണ്ടെന്ന് പറഞ്ഞപ്പോൾ കുട്ടികളെ അടക്കിയിരുത്താനായി മേശപ്പുറത്ത് അടിക്കാൻ അത് ഉപയോഗിക്കാമെന്ന് പറഞ്ഞതായി സാനുമാഷ് ഓർത്തെടുത്തിരുന്നു. ഒരിക്കൽപോലും ചൂരൽ ഉപയോഗിക്കാത്ത മാഷായിരുന്നു അദ്ദേഹം. തല്ലുന്നതുപോലെത്തന്നെ തല്ലുന്നത് കണ്ടുനിൽക്കാനും കഴിഞ്ഞിരുന്നില്ല.
കുട്ടികളെയായിരുന്നു സാനുമാഷ് പഠിപ്പിച്ചിരുന്നത്. ഇൻർമീഡിയറ്റ് കഴിഞ്ഞ് ഒരു യു.പി. സ്‌കൂളിൽ. 30 രൂപയായിരുന്നു അന്ന് ശമ്പളം. അടുത്തവർഷം ആലപ്പുഴ എസ്.ഡി. കോളേജിൽ സുവോളജി വിഷയമായി എടുത്ത് ബി.എസ്‌സി.ക്ക് ചേർന്നു. അതു പാസായശേഷം വീണ്ടും അധ്യാപനത്തിലേക്ക്. മൂന്നു വർഷം ഹൈസ്‌കൂളിൽ. തുടർന്ന് മലയാളം എം.എ. പഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ. എം.എ. കഴിഞ്ഞതും കൊല്ലം എസ്.എൻ. കോളേജിൽ അധ്യാപകനായി. രണ്ടുവർഷത്തിനകം സർക്കാർ സർവീസിൽ എറണാകുളം മഹാരാജാസ് കോളേജിൽ.
ക്ലാസ് മുറിയിലൊതുങ്ങുന്നതായിരുന്നില്ല സാനുമാഷിന്റെ ജീവിതം. കുട്ടികളുമായി നിരന്തര സമ്പർക്കം പുലർത്തി. അവരെ ആവശ്യമറിഞ്ഞ് സഹായിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദനത്തിൽ പരിക്കേറ്റ വിദ്യാർഥികളെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതിനും മാഷ് മുന്നിൽനിന്നു. അതേത്തുടർന്ന് അദ്ദേഹത്തെ മഹാരാജാസിൽനിന്ന് തലശ്ശേരി ബ്രണ്ണൻ കോളേജിലേക്കു മാറ്റി.
''ഇനിയൊരു ജന്മമുണ്ടെങ്കിൽ അധ്യാപകനായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുക'' എന്ന് സാനുമാഷ് പറഞ്ഞിട്ടുണ്ട്. അധ്യാപനവൃത്തിയെ വളരെ പാവനമായ ഒരു കർമമായി കാണുന്ന ആചാര്യവര്യനാണ് സാനുമാഷ്. മുപ്പത്തിയഞ്ചുവർഷം അധ്യാപനരംഗത്ത് പ്രവർത്തിച്ച അദ്ദേഹത്തിന് അധ്യാപനം ഒരു ലഹരിയായിരുന്നു. വിദ്യാർഥികളിൽനിന്ന് മാഷ് എപ്പോഴും ആഗ്രഹിച്ചത് കടുത്ത വിമർശനങ്ങളായിരുന്നു. തിരിച്ചു കൊടുത്തത് സ്‌നേഹവും.സ്‌കൂൾ അധ്യാപകനായിരുന്ന കാലത്തെ ഒരു അനുഭവം സാനു തന്റെ ആത്മകഥയായ കർമഗതിയിൽ വിവരിക്കുന്നതിങ്ങനെ:
''വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറന്നു. എന്റെ ക്ലാസിലെ കുട്ടികൾ എന്നെ പിരിഞ്ഞ് ഉയർന്ന ക്ലാസിലേക്കുപോയി. അതൊരു വേർപാടുപോലെ എന്നെ വേദനിപ്പിച്ചു. അവർക്ക് ലഭിക്കുന്ന പുതിയ ക്ലാസ് ടീച്ചറോട് എനിക്ക് അസൂയ തോന്നിയോ എന്നുപോലും സംശയം.''
തലമുറകളുടെ ഗുരുവായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാർ രവി, നടൻ മമ്മൂട്ടി തുടങ്ങി മഹാരാജാസിലെ മാഷിന്റെ ശിഷ്യഗണം അതിവിപുലമാണ്
Content Highlights: dr p r jayasheelan heartfleft note on m k sanu
Published: 03 Aug 2025, 08:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented