
ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഇ.കെ കുട്ടിയുടെ ആത്മകഥ 'ISROയിലെ കുട്ടിക്കാലം' പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സി രാധാകൃഷ്ണന്‍ നടത്തിയ പ്രഭാഷണം.
'ISROയിലെ കുട്ടിക്കാലം' എന്ന പുസ്തകം എന്നെ ആകര്‍ഷിക്കാന്‍ പല കാരണങ്ങളുണ്ട്. പ്രത്യക്ഷമായിട്ടല്ലെങ്കിലും സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യയിലെ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് എന്താണ് സംഭവിച്ചത് എന്നും എന്താണ് സംഭവിച്ചുകൂടാതിരുന്നത് എന്നും എന്താണ് സംഭവിക്കേണ്ടിയിരുന്നത് എന്നും ഈ പുസ്തകം വിസ്തരിച്ച് പറയുന്നുണ്ട്.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നമുക്കുണ്ടായിരുന്നത് ഏതാനും സര്‍വ്വകലാശാലകളും കാലാവസ്ഥാ വകുപ്പ് പോലെ ചില വകുപ്പുകളും മാത്രമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ശാസ്ത്രവികാസം കൊണ്ടാണ് നാടിന്റെ വികാസമുണ്ടാകേണ്ടത് എന്ന വീക്ഷണം ഭരിക്കുന്നവര്‍ക്ക് ഉണ്ടായി എന്നത് നേരാണ്. അതിന്റെ തുടര്‍ച്ചയായി നമുക്കൊരു ലബോറട്ടറി, ശാസ്ത്രസ്ഥാപനങ്ങള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുണ്ടായി. വിദേശത്തുനിന്ന് പ്രഗത്ഭരായ ശാസ്ത്രജ്ഞരെ വിളിച്ചുകൊണ്ടുവന്ന് ഇവിടെയൊക്കെ നേതൃത്വം നല്‍കാനായി നിയമിച്ചു. സംഭവിച്ചത്, ഒരു ശാസ്ത്ര ഗവേഷണ സംവിധാനവും അതിനുള്ള ആവേശപൂര്‍ണമായ ഒരു ശ്രമവും ഇന്ത്യയില്‍ വളര്‍ത്തിയെടുത്തില്ല എന്നതാണ്. സര്‍വ്വകലാശാലകളുടെ കാര്യവും അങ്ങനെ തന്നെ. കുറേ പുതിയ സര്‍വ്വകലാശാലകളും യു.ജി.സി. പോലെയുള്ള സംവിധാനങ്ങളുമുണ്ടായി എങ്കിലും ലോകത്ത് അറിയപ്പെടുന്ന ഒരു സര്‍വ്വകലാശാല ഇന്ത്യയില്‍ ഇല്ലാതെപോയി. നിര്‍ധന രാജ്യമായ ഇന്ത്യയുടെ ഒരുപാട് പണം ശാസ്ത്ര ഗവേഷണത്തിനുവേണ്ടി ചെലവാക്കി. ഒരുപാട് വിഷണറികള്‍ അതിനായി സ്വപ്നം കണ്ടു. അതൊന്നും നടക്കാത്തതിന് കാരണം അന്വേഷിക്കുമ്പോഴാണ് ഇ.കെ കുട്ടി എഴുതിയ ഈ പുസ്തകം പ്രസക്തമാവുന്നത്.
ശാസ്ത്രത്തിന്റെ കാര്യത്തില്‍ ഇവിടുത്തെ മാനവവിഭവശേഷി എങ്ങനെ മാനേജ് ചെയ്യണം എന്ന അറിവില്ലായ്മയാണ് നമ്മുടെ പ്രശ്നം. എങ്ങനെയാണ് ഇത്തരം സ്ഥാപനങ്ങള്‍ ഭരിക്കേണ്ടത് എന്ന അറിവില്‍ നമുക്കുണ്ടായ പരാജയം തന്നെയാണ് അതിന് കാരണം. സൂക്ഷിച്ചുനോക്കിയാല്‍ കാണാം, ഈ അവസ്ഥയ്ക്ക് അല്‍പ്പം മാറ്റം സംഭവിക്കുന്നത് ആറ്റോമിക് എനര്‍ജി, സ്പേസ് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപങ്ങളില്‍ മാത്രമാണ്. കാരണം, വിഷനറി ആയ ഒരാള്‍ നേതൃത്വം നല്‍കാനുണ്ടായി എന്നതിലുപരി മാനവവിഭവശേഷി എങ്ങനെ മാനേജ് ചെയ്യണം എന്ന കാര്യത്തില്‍ അറിവുള്ളവരുണ്ടായി എന്നതു കൂടിയാണ്.
മനുഷ്യന് കഴിവ് എന്നത് നൈസര്‍ഗികമായി കിട്ടുന്ന ഒന്നാണ്. ഒരു കഴിവുമില്ലാതെ ആരും സൃഷ്ടിക്കപ്പടുന്നില്ല. എന്നാല്‍ ആ കഴിവ് ഉപയോഗിക്കാന്‍ രണ്ടു കൂട്ടരുടെ പ്രയത്നം വേണം, അയാളുടേയും അയാള്‍ക്ക് ആ കഴിവുണ്ട് എന്നറിഞ്ഞ് അതിനെ സമൂഹത്തിന് പ്രയോജനപ്പെടുത്താനുള്ള ഒരു സംവിധാനത്തിന്റെ തലപ്പത്തുള്ള വിവരമുള്ള മറ്റൊരാളുടേയും. ഇത്രയധികം ജനസംഖ്യയുള്ള ഇന്ത്യാരാജ്യത്ത് മറ്റെങ്ങുമുള്ള ശാസ്ത്രപ്രതിഭകളുടെ തോതനുസരിച്ച് ആളുണ്ടാവും എന്നതില്‍ സംശയമില്ല. എന്നാല്‍, അത് എങ്ങനെ കണ്ടുപിടിക്കണം, ഉപയോഗിക്കണം, വികസിപ്പിക്കണം എന്ന കാര്യത്തെക്കുറിച്ച് അറിവുള്ളവരാരും അത്തരം രംഗങ്ങളില്‍ എത്തിയില്ല, അല്ലെങ്കില്‍ എത്താന്‍ അവരെ ആരും അനുവദിച്ചില്ല. ഇന്ത്യയില്‍ രണ്ടും ഉണ്ടായിരുന്നു. ഇന്നും നമ്മുടെ നാടിന്റെ സ്ഥിതി അതുതന്നെയാണ്.
അതിന് വിപരീതമായിട്ടുള്ളത് ഇസ്രോ തന്നെയാണ്. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അണുശക്തി കമ്മിഷന്‍പോലും അതിന്റെ മുന്‍കാല വളര്‍ച്ചാനിരക്കില്‍നിന്ന് പുറകോട്ട് പോയി. ഇസ്രോയുടെ പുറകില്‍ എ.പി.ജെ. അബ്ദുല്‍കലാമിനെ പോലെയുള്ള മഹാപ്രതിഭാശാലികളായ വിഷനറികള്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരുപാട് ആളുകള്‍ ഒരുപാട് തലത്തില്‍ ഉണ്ടായിരുന്നു എന്ന് നമുക്കറിയാം. അവരൊന്നും കലാമിനെ പോലെ ഉയര്‍ന്നുവന്നില്ല. അവിടെയാണ് കുട്ടിസാറിനെ പോലെയുള്ള ഒരാളുടേയോ ആളുകളുടേയോ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സ്‌കില്‍ പ്രസക്തമാവുന്നത്. ഈ സ്‌കില്‍ അവിടെ പ്രയോഗിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരുടെ കഴിവുകള്‍ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് അദ്ദേഹം കണ്ടുപിടിക്കുകയും മാര്‍ഗമുണ്ടാക്കുകയും ചെയ്തുകൊണ്ട് ഉടനീളം അതിനൊപ്പം സഞ്ചരിച്ചു. ഇവിടെ എന്തെങ്കിലും സയന്‍സ് ഉണ്ട് എന്ന് ലോകത്തോട് പറയാനുള്ള ഒരേയൊരു സംഗതിയായ സ്പേസ് ഗവേഷണ മണ്ഡലത്തിന്റെ വിജയത്തിന് പിന്നില്‍ ഒരു 'കുട്ടിപദ്ധതി'യുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കണം. അവിടെയാണ് അദ്ദേഹത്തിന്റെ അനുഭവം പ്രസക്തമാവുന്നത്.
ഇപ്പോഴും അദ്ദേഹം നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് എന്ത് കഴിവുണ്ട് എന്നന്വേഷിച്ച് നടക്കുകയാണ്. കണ്ടെത്തിയ കഴിവുകള്‍ എങ്ങനെ വികസിപ്പിക്കണം, അവരെ എങ്ങനെ സഹായിക്കാം എന്നദ്ദേഹം വേവലാതിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള പ്രത്യേക സ്വഭാവമുള്ള, പ്രത്യേക ഇച്ഛയുള്ള ഒരു മനുഷ്യന്റെ ജീവിതകഥയാണ് ഇത് എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ വലിപ്പം. നാളെ നമ്മുടെ നാടിന് കൃത്യമായ പുരോഗതി ആവശ്യമാണെങ്കില്‍ ഒറ്റ കാര്യമേ ചെയ്യാനുള്ളൂ, ഇനിയുള്ള തലമുറയുടെ കഴിവ് കണ്ടുപിടിക്കാനും അത് കൃത്യമായി ഉപയോഗിക്കാനുമുള്ള പദ്ധതി ആസൂത്രണം ചെയ്യുക. അതിനെയാണ് നമ്മള്‍ പഞ്ചവല്‍സര പദ്ധതി എന്നൊക്കെ പറഞ്ഞ് പല രൂപത്തിലും പല രീതിയിലും ആവിഷ്‌കരിച്ച് പരാജയപ്പെട്ടത്.
സ്വിറ്റ്സര്‍ലൻഡിൽ പോയപ്പോഴുള്ള അനുഭവം ഓര്‍മ്മവരുന്നു. അവിടെ ഒരു കുട്ടി മൂന്നാം വയസ്സില്‍ സ്‌കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ ആ കുട്ടി അവരുടെ പദ്ധതിയുടെ ഭാഗമായി മാറുന്നു. പഠനം, വളര്‍ച്ച, ജോലി എന്നിവ ഉള്‍ക്കൊള്ളാനുള്ള പദ്ധതി അവര്‍ക്കുണ്ട്. ഏഴിലോ എട്ടിലോ എത്തുമ്പോഴേക്കും ആ കുട്ടിയുടെ അധ്യാപകര്‍ ഈ കുട്ടിക്ക് എന്തൊക്കെ കഴിവുണ്ട് എന്ന് കൃത്യമായി കണ്ടെത്തും. പ്രൈമറി ക്ലാസിലെ അധ്യാപകരാണ് ആ നാട്ടില്‍ ഏറ്റവുമധികം യോഗ്യതയുള്ളവര്‍. എല്ലാ അധ്യാപകരേക്കാളും ശമ്പളവും അലവന്‍സും കുടുതല്‍ അവര്‍ക്കാണ്. യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍ക്കല്ല. ഈ അധ്യാപകര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ക്കപ്പുറത്തേക്ക് രക്ഷിതാക്കള്‍ക്ക് അവകാശമില്ല. സാമ്പത്തികമായി കഷ്ടപ്പാടുള്ള കുടുംബത്തിലെ കുട്ടിയാണെങ്കില്‍ സര്‍ക്കാര്‍ ലോണ്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പാടാക്കും. കോഴ്സ് പൂര്‍ത്തിയാക്കി പുറത്തേക്ക് വരുമ്പോള്‍ തൊഴില്‍ അവിടെയുണ്ട്. ആ ജോലി ചെയ്തുകൊണ്ടുതന്നെ ലോണ്‍തുക തിരിച്ചടയ്ക്കാനാവും.
ജനിക്കുന്ന ഓരോ കുട്ടിക്കും സാമ്പത്തികമായി പിന്നിലോ മുന്നിലോ നോക്കാതെ എന്ത് കഴിവാണുള്ളത് എന്ന് കണ്ടുപിടിച്ച് അതിനെ നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുന്ന സംവിധാനം. അതിനെയാണ് ഹ്യുമന്‍ റിസോഴ്സ് മാനേജ്മെന്റ് എന്ന് പറയുന്നത്. കുട്ടിസാറിന്റെ പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ഇതാണ്.
ഏതു കാലത്താണ് നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു സംവിധാനമുണ്ടാവുക എന്നാലോചിച്ചപ്പോള്‍ 85-ാം വയസ്സിലും എനിക്ക് ദീര്‍ഘനിശ്വാസം മാത്രമാണ് മറുപടി കിട്ടിയത്. ആ ദീര്‍ഘനിശ്വാസത്തിന്റെ വലിയൊരു അന്തര്‍ധാര ഈ പുസ്തകത്തിലുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഭഗവത് ഗീതയിലെ ഒരു അവസരമാണ്.
ഗീത മുഴുവന്‍ പറയുന്നതായി, ശ്രീകൃഷ്ണന്‍ പറയുന്നതായി, അര്‍ജുനന്‍ കേട്ടതായി രേഖപ്പെടുത്തിയശേഷം സഞ്ജയന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ നിരീക്ഷണമുണ്ട്, ബാക്കി എല്ലാ പേജുകളിലുമുള്ള വാര്‍ത്തകളെല്ലാം ആറ്റിക്കുറുക്കിയെടുത്ത് അവസാനമാവുമ്പോള്‍ പത്രാധിപര്‍ ഒരു മുഖപ്രസംഗമെഴുതി അടിക്കുറിപ്പെഴുതി അടിവരയിടുന്നപോലെ സഞ്ജയന്‍ ധൃതരാഷ്ട്രരോട് പറയുകയാണ്;
എത്ര യോഗേശ്വരോ കൃഷ്ണോ
എവിടെയാണ് വിഷനറിയായ ഒരു കൃഷ്ണനുള്ളത്
യത്ര പാര്‍ത്ഥോ ധനുര്‍ധര:
എവിടെയാണോ ആ യോഗം നടപ്പാക്കാന്‍ ശേഷിയുള്ള കഴിവുള്ള ആസൂത്രണമുള്ള ഒരാള്‍ കൂടെയുണ്ടാവുന്നത്
തത്ര ശ്രീര്‍വിജയോ ഭൂതിര്‍
അവിടെയാണ് ശ്രീയും വിജയവും ഉണ്ടാവുന്നത്. ശ്രീ എന്നുപറഞ്ഞാല്‍ ഐശ്വര്യമാണ്, സമ്പത്താണ്, ജീവിക്കാനുള്ള അവസരമാണ്. വിജയവും സമ്പത്തും പ്രസിദ്ധിയുമൊക്ക ഉണ്ടാവുന്നത് അവിടേയാണ് എന്നാണ് സഞ്ജയന്‍ എന്ന പത്രപ്രവര്‍ത്തകന്റെ അഭിപ്രായം. ആ അഭിപ്രായം ഇവിടെ കുറിക്കാന്‍ മാത്രം ഞാന്‍ ആഗ്രഹിക്കുന്നു.
മഹത്തായ ഭാരതഭൂമിയിലുള്ള കോടാനുകോടി മാതാപിതാക്കളുടെ കോടാനുകോടി കുട്ടികളില്‍ എന്തൊക്കെ കഴിവുകളുണ്ട് എന്ന് ആരെങ്കിലും ആലോചിക്കുന്ന ഒരു പുണ്യദിവസം വരുമോ എന്ന മഹാമോഹം. അതാണ് ഇ.കെ കുട്ടിയെക്കുറിച്ചു ഈ പുസ്തകത്തെക്കുറിച്ചും പറയാൻ പ്രേരണയായത്.
ഒരേ തൂവല്‍പക്ഷികളാണ് ഞങ്ങള്‍. അദ്ദേഹം അറിയുന്ന മഹാശാസ്ത്രജ്ഞരില്‍ മിക്കവാറും പേരെ എനിക്കുകൂടി അറിയാന്‍ ഭാഗ്യമുണ്ടായി. ഡോ. പി.ആര്‍. പിഷാരടി തൊട്ട് സാരാഭായി വരെയുള്ള ആളുകളെ കാലാകാലങ്ങളില്‍ പരിചയപ്പെടാനും ഇടപഴകാനുമുള്ള സൗഭാഗ്യം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, അവര്‍ എങ്ങനെയാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത് എന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. Indian Institute of Tropical Mateorology എന്ന സ്ഥാപനം പുണെയില്‍ സ്വപ്രയത്നംകൊണ്ട് ഉണ്ടാക്കിയെടുത്ത ആളാണ് ഡോ. പിഷാരടി. നമ്മുടെ കുട്ടികള്‍ക്ക് അദ്ദേഹത്തെ അറിഞ്ഞുകൂട. വിക്രം സാരാഭായ് എന്ന മഹാമനുഷ്യന്‍ എങ്ങനെയാണ് ഈ സ്ഥാപനം വളര്‍ത്തിയെടുത്തത് എന്ന കാര്യത്തേക്കുറിച്ച്, മഹാനായ കലാമിനെ കണ്ടുപിടിച്ച് അദ്ദേഹത്തിന്റെ കൂടി സേവനം ഏറ്റുവാങ്ങി എന്തെല്ലാം നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ചും ഒരു വിവരവും നമുക്കില്ല.
നമുക്കുണ്ടായിരുന്ന വലിയ ആളുകളെ എങ്ങനെ അവര്‍ വലിയവരായി എന്നുപറഞ്ഞ് അവര്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമംപോലും നമ്മള്‍ നടത്താറില്ല. ഈ പുസ്തകം വായിച്ചുപോകുമ്പോള്‍ നമുക്ക് മനസ്സിലാവും, ഇതൊക്കെ ഇപ്പോള്‍ ഉള്ളതെങ്കിലും ഉണ്ടായത് ഇങ്ങനെയുള്ള മഹാപ്രതിഭകളും അവര്‍ക്ക് പിറകില്‍ ഇങ്ങനെയുള്ള മാനേജ്മെന്റ് വിദഗ്ധരും ഉണ്ടായതുകൊണ്ടാണ്.
ഈ പുസ്തകം വായിക്കുക മാത്രമല്ല, വേറെ ഒരു പുസ്തകം ഇതുപോലെ ഇല്ല എന്ന് ഓര്‍ക്കുകകൂടി വേണം. ഒരു കൃഷ്ണനും ഒരു അര്‍ജുനനും എവിടേയെങ്കിലും ചേര്‍ന്നാല്‍ മഹാത്ഭുതം സംഭവിക്കും എന്നതിന് തെളിവാണ് ഒരു ഇസ്രോ എന്നും ആ ഇസ്രോയില്‍ തെളിച്ചമുണ്ടാക്കിയ കാലത്ത് അതിന് പിന്നിലുണ്ടായിരുന്ന ആളാണ് ഇദ്ദേഹമെന്നും ആലോചിക്കുമ്പോഴാണ് നമുക്ക് നമ്മുടെ നാടിനെക്കുറിച്ച്, കേരളത്തെക്കുറിച്ച്, കോഴിക്കോടിനെക്കുറിച്ച് വളരെ ഗംഭീരമായ ഒരു അഭിപ്രായം മനസ്സില്‍ രൂപപ്പെടുന്നത് എന്ന അഹംഭാവത്തോടെ നിര്‍ത്തുന്നു.
Content Highlights: C.Radhakrishnan Speach about the book ISRO yile Kuttikkalam by EK Kutty
Published: 08 Aug 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented