അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു കുട്ടിയുടെ ഓര്‍മയാണ്.
സായാഹ്നത്തിലെ മേഘപാളികളുടെ ഒരേ വേഗത്തിലുള്ള ഒഴുക്കും അതിനു സംഭവിക്കുന്ന രൂപപരിണാമങ്ങളും വര്‍ണ്ണവ്യതിയാനങ്ങളും, തിരുവല്ല ദീപ തിയേറ്ററിലെ കോളാമ്പിയില്‍നിന്ന് ഒഴുകിവരുന്ന പാട്ടുകളുമായി ചേര്‍ന്ന് സൃഷ്ടിക്കുന്ന ഇമേജുകളും...വീടിന്റെ തൊട്ടടുത്തായിരുന്ന ദീപ തിയേറ്റര്‍. നാലഞ്ചു പടവുകള്‍ കയറി റോഡു മുറിച്ചുകടന്നാല്‍ തിയേറ്ററാണ്.
അന്ന്, അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു കുട്ടിയാണ് ഞാന്‍. ഇന്നും ആ ഇമേജുകള്‍ എന്റെ ഉള്ളില്‍ മങ്ങലേല്‍ക്കാതെ വര്‍ണ്ണാഭമായിത്തന്നെയുണ്ട്.
വൈകീട്ട് വന്നാല്‍ കുളിയൊക്കെ കഴിഞ്ഞ് വേഷംമാറി വീടിന്റെ പടവുകളിലൊന്നിലിരിക്കും, ദീപയിലെ പാട്ടും പ്രതീക്ഷിച്ച്. അല്‍പ്പം കഴിയുമ്പോഴേക്കും ഫസ്റ്റ് ഷോയുടെ പാട്ടുതുടങ്ങും. ആ പാട്ടുകളില്‍ പിടിച്ച് മനസ്സ് മേലേക്ക് മേലേക്കുയരുന്നത് അപ്പോഴാണ്. അതെത്തിച്ചേരുക സായാഹ്നമേഘങ്ങളില്‍. ഒരേവേഗത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന മേഘങ്ങളുടെ വര്‍ണ്ണവ്യതിയാനങ്ങളും രൂപമാറ്റങ്ങളുമൊക്കെ പൊടുന്നനെ എന്നെ മറ്റൊരു ലോകത്ത് എത്തിക്കും. കലര്‍പ്പില്ലാത്ത എന്റെ ബാല്യമനസ്സില്‍ അവ മറ്റു പലതുമായി പരിണമിക്കും. ഭൂപടങ്ങള്‍, പര്‍വ്വതങ്ങള്‍, കൊട്ടാരങ്ങള്‍, കുതിരകള്‍ എന്നിവയൊക്കെ മാറിമറിഞ്ഞുകൊണ്ടിരിക്കും. ചിലപ്പോള്‍ ക്രിസ്തുമസ് ഫാദര്‍ രൂപപ്പെടും. എന്നാല്‍ അടുത്ത നിമിഷം അത് മറ്റാരുടെയോ രൂപമായി മാറും.
കുതിരകള്‍ എന്നെ ഏറെ ആവേശംകൊള്ളിച്ചിട്ടുണ്ട്. അങ്ങനെയാണ് ഒരു കുതിരയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചത്. അന്ന് കാറുകളോ ബൈക്കുകളോപോലുള്ള മോട്ടോര്‍ വാഹനങ്ങള്‍ അപൂര്‍വ്വമാണ്. ഒരു കുതിരയെ കിട്ടിയിരുന്നെങ്കില്‍ അതിന്റെ പുറത്തുകയറി സ്‌കൂളില്‍ പോകാം. തിരുവല്ല പട്ടണത്തിലൂടെ അതില്‍ കറങ്ങാം. എന്നിങ്ങനെ ചിറകുവെച്ച സ്വപ്നയാത്ര മനസ്സില്‍ വളര്‍ന്നു. ഒരുപക്ഷേ, എന്റെ സര്‍ഗ്ഗാത്മക കാല്‍പ്പനികതയുടെ ആദ്യപടവുകളായിരുന്നിരിക്കും അതെന്ന് തോന്നുന്നു. പില്‍ക്കാലത്ത് തിരക്കഥ എഴുതാനിരിക്കുമ്പോള്‍ അറിയാതെ ഇത്തരം ദൃശ്യങ്ങളൊക്കെ മനസ്സിന്റെ അവ്യക്തമായ ആഴങ്ങളില്‍നിന്ന് പുറത്തേക്കു വന്നിട്ടുണ്ട്.
കുതിരപ്പുറത്ത് സ്‌കൂളില്‍ പോകണം എന്ന ബാല്യത്തിന്റെ സ്വപ്നത്തില്‍നിന്ന് ഒരു കഥ വികസിച്ചുവരാനുണ്ടെന്ന് പില്‍ക്കാലത്ത് തോന്നിയിട്ടുണ്ട്. ബാല്യത്തിന്റെ ഇത്തരം കലര്‍പ്പുകളില്ലാത്ത അനുഭവങ്ങളും അനുഭൂതികളുമാണ് എന്റെ ഉള്ളില്‍ ഒരു ദൃശ്യസംസ്‌കാരമുണ്ടാക്കിയത്. ഒരുപക്ഷേ, എല്ലാ കലാകാരന്മാരുടെയും ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരുടെയും പില്‍ക്കാലം രൂപപ്പെടുത്തുന്നത് ബാല്യത്തിന്റെ ഇത്തരം സൂക്ഷ്മമായ അനുഭവങ്ങളാവും. അത് ഭാവിയില്‍ നല്ലതായും ചീത്തയായും ഭവിക്കാം.
തിരുവല്ലയിലെ കുറ്റപ്പുഴയിലാണ് ഞാന്‍ ജനിച്ചത്. എനിക്ക് മൂന്നുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ അമ്മയുടെ തണലിലാണ് ഞങ്ങള്‍ കുട്ടികള്‍ വളര്‍ന്നത്. അച്ഛന്റെ രൂപംപോലും ഓര്‍മ്മയിലില്ല. അച്ഛന്റെ പരിലാളനകളില്ലാതെ വളര്‍ന്നതുകൊണ്ടാവും എന്റെ സിനിമകളില്‍ പലതിലും കുട്ടികള്‍ക്ക് അമ്മയോടുള്ളതിലധികം അടുപ്പം അച്ഛനോടാണെന്ന് തോന്നുന്നു. ഇതൊന്നും മുന്‍കൂട്ടിയുള്ള തിരിച്ചറിവിലുണ്ടായിട്ടുള്ളതല്ല. മറിച്ച്, എഴുതാനിരിക്കുമ്പോള്‍ സ്വാഭാവികമായി അതങ്ങനെ വന്നുപോവുകയാണ്.
നാലു വയസ്സുള്ളപ്പോള്‍, തിരുവല്ല ടൗണിലുള്ള ചെറിയ വീട്ടിലേക്ക് കുടുംബം താമസം മാറുകയുണ്ടായി. ടൗണ്‍ എന്ന് പറയാമെങ്കിലും ഇന്നത്തെ തിരുവല്ലയുടെ അത്രയും തിരക്ക് അന്നുണ്ടായിരുന്നില്ല. തിരുവല്ലയില്‍നിന്ന് മല്ലപ്പള്ളിയിലേക്ക് തിരിയുന്ന റോഡിന്റെ മൂലക്കായിരുന്നു ഞങ്ങളുടെ വീട്. അടുത്ത് മറ്റുവീടുകളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ കല്യാണ്‍ ജ്വല്ലറി സ്ഥിതിചെയ്യുന്നത് അവിടെയാണ്. അതിനടുത്തുള്ള രക്ഷാസൈന്യത്തിന്റെ (Salvation Army) ചെറിയൊരു സ്‌കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്.
മക്കളില്‍ ഇളയക്കുട്ടിയെന്ന പരിഗണന എനിക്ക് വാത്സല്യത്തിനൊപ്പം തന്നെ നിയന്ത്രണങ്ങളുടേതായിരുന്നു. തികച്ചും അന്തര്‍മുഖനായ ഒരു കുട്ടിയായിരുന്നു ഞാന്‍. ബാല്യത്തിന്റ ഏകാന്തതകള്‍ എന്നെയും എന്റെ സിനിമകളെയും രൂപപ്പെടുത്തിയതില്‍ നിശ്ചയമായും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതൊക്കെ എവിടെ എപ്പോള്‍ എങ്ങനെ എന്നുപറയാന്‍ കഴിയാത്ത വിധം അന്തര്‍ലീനമാണത്. ചിലപ്പോള്‍, നിങ്ങള്‍ കണ്ടിട്ടുള്ള എന്റെ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ നോട്ടത്തിലോ നടപ്പിലോ, ഇരുപ്പിലോ ഒക്കെ അതുണ്ടാവും...
സ്‌കൂളില്‍നിന്നു വന്ന് കുളി കഴിഞ്ഞ് മുടിചീകി വീടിന്റെ പടവുകളിലൊന്നില്‍ വന്നിരിക്കുന്ന ഒരു കുട്ടി ഇപ്പോഴും മിഴിവോടെ എന്റെ മനസ്സിലുണ്ട്. ദീപ തിയേറ്ററില്‍നിന്ന് കേള്‍ക്കുന്ന 'സയനോരാ സയനോരാ' എന്ന പാട്ട് വല്ലാത്ത ഇഷ്ടമായിരുന്നു. ലത മങ്കേഷ്‌കറുടെ ആ പാട്ടിലെ വരികളുടെ അര്‍ത്ഥമൊന്നുമറിയില്ലെങ്കിലും, ഗായികയുടെ ശബ്ദമോ, സംഗീതമോ, താളമോ ചിലപ്പോള്‍ അതിനുമപ്പുറത്ത് അത് നല്‍കുന്ന അജ്ഞാതമായ അനുഭൂതിയോ ആവും എന്നെ ആ പാട്ടിലേക്ക് ആകര്‍ഷിച്ചിട്ടുള്ളത്. ഫസ്റ്റ്‌ഷോയുടെ പാട്ടുകള്‍ മാത്രമേ സ്ഥിരമായി കേള്‍ക്കാനാവുമായിരുന്നുള്ളൂ. പിന്നെ അവധി ദിവസമായ ഞായറാഴ്ചയിലെ മാറ്റിനിപ്പാട്ടും. സെക്കന്‍ഡ് ഷോ പാട്ടുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഞാനപ്പോഴേക്കും ഉറങ്ങിയിരിക്കും. വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നില്ല. പാട്ടുകള്‍ കേള്‍ക്കാന്‍ മറ്റ് അവസരമുണ്ടായിട്ടുള്ളത് പള്ളിയിലെ പെരുന്നാളിനോ ഉത്സവങ്ങളിലോ മാത്രമാണ്.
ദീപാ തീയേറ്ററുമായി എനിക്കേറെ അടുപ്പമുണ്ടായിരുന്നു. അവിടുത്തെ ജോലിക്കാര്‍ പരിചിതരും അടുപ്പമുള്ളവരുമായിരുന്നു. തിയേറ്റര്‍ വീടിന്റെ തൊട്ടടുത്തായിരുന്നതുകൊണ്ട് ദൂരെനിന്ന് സിനിമ കാണാനെത്തുന്ന ബന്ധുക്കളും അടുപ്പക്കാരുമൊക്കെ വീട്ടിലുമെത്തും. അന്ന് ദീപയില്‍ സൗകര്യമില്ലാതിരുന്നതുകൊണ്ട് ഇടവേളകളില്‍ മൂത്രമൊഴിക്കാനുംമറ്റുമാണ് അവരൊക്കെ വന്നിരുന്നത്. വന്നാല്‍ത്തന്നെയും കാര്യം സാധിച്ചുകഴിഞ്ഞാല്‍ അധികസമയം വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനുമുള്ള നേരം അവര്‍ക്ക് കിട്ടിയിരുന്നില്ല. സിനിമയിലെ ജീവിതത്തിന്റെ അടുത്ത ഭാഗം എന്താണെന്നറിയാനുള്ള തിടുക്കവും ആകാംക്ഷയുമായിരുന്നു അവരുടെയൊക്കെ മുഖത്ത്.
ദീപയുടെ പ്രൊജക്ടര്‍ റൂമില്‍ കയറാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു. തീയേറ്ററിനു പുറത്തു കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്ന ജോസ് തിയേറ്ററിലെ ജീവനക്കാരും കുടുംബവുമായും നല്ല അടുപ്പത്തിലായിരുന്നു. കപ്പലണ്ടിയും കൊറിച്ച് പ്രൊജക്ടര്‍ റൂമില്‍ കയറി ഫിലിമിന്റെ തുണ്ടുകളൊക്കെ ശേഖരിക്കുന്നത് വലിയ കൗതുകമായിരുന്നു. ഇത്തരം പ്രേരണകളില്‍നിന്നാണ് ഹാര്‍ഡ് ബോഡ് ബോക്‌സില്‍ ചതുര തുളയുണ്ടാക്കി, ബോക്‌സിന്റെ നടുക്ക് ഫിലമെന്റ് കളഞ്ഞ ബള്‍ബില്‍ വെള്ളം നിറച്ച് പിന്നിലെ തുളയിലൂടെ വെളിച്ചം തെളിച്ച് ഭിത്തിയില്‍ കടല്‍ സൃഷ്ടിച്ചത്. കുട്ടിക്കാലത്തെ ദൃശ്യാവിഷ്‌കാരമായിരുന്നു അത്.
ബാല്യത്തിന്റെ കൗതുകം നിറഞ്ഞ ഈ ആവിഷ്‌കാരം പിന്നീട് ആദ്യസിനിമ 'കാഴ്ച'യില്‍ വന്നിട്ടുണ്ട്.
അക്കാലത്ത് എല്ലാ ആഴ്ചയിലും സിനിമകാണാനുള്ള അവസരം കിട്ടും. തിരുവല്ലയില്‍ അന്ന് ദീപ കൂടാതെ സി.വി.എം, ജവഹര്‍ എന്നീ തിയറ്ററുകളുമുണ്ട്. ജവഹര്‍ മുത്തുര്‍ ജംഗ്ഷന് മുകളിലായിട്ടായിരുന്നു. ഞങ്ങള്‍ കുടുംബമായിട്ടാണ് സിനിമയ്ക്ക് പോകാറുണ്ടായിരുന്നത്. അമ്മൂമ്മയും ചിലപ്പോഴുണ്ടാകും.
സ്‌കൂളില്‍നിന്ന് ഒരിക്കല്‍ 'ഗാന്ധി' സിനിമ കാണിക്കാന്‍ കൊണ്ടുപോയത് ജവഹറിലാണ്. ഞങ്ങള്‍ കുട്ടികളെയെല്ലാം റോഡിലൂടെ വരിവരിയായി നടത്തിയാണ് കൊണ്ടുപോയത്.
ശനിയാഴ്ച ദിവസങ്ങളില്‍ പെങ്ങള്‍ ഷേര്‍ളിക്കൊപ്പം പാലിയേക്കര പള്ളിയിലേക്ക് പോകുമായിരുന്നു. നടന്നാണ് പോകുന്നത്. കാട്ടൂക്കര പാടത്തുകൂടിയാണ് വഴി. നടന്നുപോകുന്നതിന്റെ ഒരേയൊരു ഉദ്ദേശ്യം സി.വി.എം. തിയേറ്റര്‍ കാണാമെന്നുള്ളതാണ്. അവിടെ തൂക്കിയിട്ടിരിക്കുന്ന സിനിമയുടെ ഫോട്ടോ കാര്‍ഡില്‍ നോക്കിനില്‍ക്കുന്നത് ഏറെ കൗതുകത്തോടെയാണ്. നല്ല പടമാണെന്ന് തോന്നിയാല്‍ ഞായറാഴ്ച അത് കാണാനുള്ള ശ്രമങ്ങള്‍ നടത്തും. ഞായറാഴ്ചത്തെ മാറ്റിനി. സ്വാഭാവികമായും ഈ കാര്യം വീട്ടിലവതരിപ്പിക്കുമ്പോള്‍ ചില ബഹളങ്ങളൊക്കെയുണ്ടാകും. എന്നാലും ഒടുക്കം അമ്മച്ചി അനുവദിക്കും.
ഇത്തരം കാഴ്ചകളും അനുഭവങ്ങളും എന്നെ രൂപപ്പെടുത്തിയതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്കു വളര്‍ന്നപ്പോഴും കാലാനുസൃതമായി ഇതെല്ലാം തുടര്‍ന്നു. ഭൂഗോളത്തിന്റെ മുകളില്‍നിന്ന് ഒരു പൂവന്‍കോഴി കൂവുന്നതില്‍ തുടങ്ങി, 'സംവിധാനം കുഞ്ചാക്കോ' എന്നുള്ളതില്‍ അവസാനിക്കുന്ന ദൃശ്യങ്ങള്‍ ആ പ്രായത്തില്‍തന്നെ മനസ്സില്‍ പതിഞ്ഞിരുന്നു. സിനിമ യഥാര്‍ത്ഥത്തില്‍ സംവിധായകന്റെ കലയാണെന്ന തിരിച്ചറിവ് അക്കാലത്തേ ഉള്ളിലുണ്ടായത് ഈ കാഴ്ചയില്‍നിന്നാണ്.
സാധാരണ യു.പി. ക്ലാസിലെ അദ്ധ്യാപകര്‍ കുട്ടികളോട് ചോദിക്കും, നിങ്ങള്‍ക്ക് ഭാവിയില്‍ ആരാകാനാണ് ആഗ്രഹമെന്ന്. മിക്കവാറും കുട്ടികള്‍ പറയുന്നത് ഡോക്ടറാകണം പോലീസാകണം എന്നൊക്കെയാവും. കാരണം ഡോക്ടറോട് എല്ലാവര്‍ക്കും വലിയ ബഹുമാനമാണല്ലോ. ഡോക്ടര്‍ നമ്മുടെ രക്ഷകനാണ്. ജീവിതം നീട്ടിത്തരാന്‍ ദൈവം കഴിഞ്ഞാല്‍ കഴിവുള്ളവന്‍. പോലീസിനെ എല്ലാവര്‍ക്കും ഭയമാണല്ലോ. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ബഹുമാനവും കിട്ടും.
എന്നാല്‍ ഞാന്‍ അമ്മയോട് പറഞ്ഞത് സംവിധായകനാകണമെന്നാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അങ്ങനെ പറഞ്ഞതിന്റെ വിസ്മയം എനിക്കിപ്പോഴുമുണ്ട്. ഒരു ചലച്ചിത്ര സംവിധായകന്‍ എന്ന നിലയ്ക്ക് എനിക്ക് എന്നിലുള്ള വിശ്വാസത്തെ ഉറപ്പിക്കാന്‍ ഈ ഓര്‍മ്മ പില്‍ക്കാലത്ത് ഏറെ സഹായിച്ചിട്ടുണ്ട്.
അമ്മച്ചി ആഗ്രഹം കേട്ടപ്പോള്‍ പറഞ്ഞു: 'അതൊക്കെ എന്തേലുമാട്ട്, നീ പഠിച്ച് ഒരു ഡിഗ്രിക്കാരനാകണം. അതുകഴിഞ്ഞ് ചിന്തിച്ചാ മതി സംവിധാനമൊക്കെ...'
വാസ്തവത്തില്‍, അമ്മയുടെ മറുപടി വലിയ അനുഗ്രഹമായിട്ടാണ് തോന്നിയത്. സിനിമയെക്കുറിച്ച് ധാരണയൊന്നുമില്ലാത്ത അമ്മ, ഒരു പച്ചക്കൊടി അദൃശ്യമായെങ്കിലും കാണിച്ചതായി എനിക്ക് തോന്നി. ഒരുപക്ഷേ, അമ്മയുടെ വാക്കുകള്‍ മറ്റൊന്നായിരുന്നെങ്കില്‍ ആ നിയന്ത്രണങ്ങളിലൂടെ രൂപപ്പെട്ടുപോകുന്ന ഞാന്‍, നിങ്ങളറിയാത്ത മറ്റൊരാളായിപ്പോകുമായിരുന്നു. ഇപ്പോഴും ക്യാമറക്ക് പിന്നില്‍ നില്‍ക്കുമ്പോള്‍ ആത്മബലത്തിന്റെ സ്രോതസ്സുകളിലൊന്ന് അമ്മയുടെ വാക്കുകളില്‍ ഒളിഞ്ഞിരുന്ന പിന്തുണയാണ്.
ആയിരത്തിതൊള്ളായിരത്തി എഴുപത്തിയഞ്ചിലാണ് കെ.ജി. ജോര്‍ജിന്റെ 'സ്വപ്നാടനം' റിലീസ് ചെയ്യുന്നത്. ഞങ്ങളുടെ നാട്ടുകാരനായ ജോര്‍ജ് സാറിന്റെ ആദ്യ സിനിമയാണ് 'സ്വപ്നാടനം'. അന്നു ഞാന്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. ജ്യേഷ്ഠന്റെ സുഹൃത്തായ സണ്ണി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍, നമ്മുടെ നാട്ടുകാരനായ ഒരാളുടെ സിനിമയാണ് പോയി കാണണം എന്നു പറഞ്ഞു. അക്കാലത്ത് 'സിനിമ പിടിത്തം' മദിരാശിയിലാണ്. ജോര്‍ജ് സാറിനെപ്പറ്റി കൂടുതലറിഞ്ഞപ്പോഴാണ് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെപ്പറ്റി കേള്‍ക്കുന്നത്. ജോര്‍ജ് സാര്‍ അവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നല്ലോ. ഇതെല്ലാം വലിയ ആവേശമാണുണ്ടാക്കിയത്. 'സ്വപ്നാടനം' കണ്ടെങ്കിലും അതുകാര്യമായി ഗ്രഹിക്കാനുള്ള വളര്‍ച്ച അന്നെനിക്കില്ലായിരുന്നു. എന്നാല്‍ 'സ്വപ്നാടന'ത്തിനു ലഭിച്ച പുരസ്‌കാരങ്ങളും ചര്‍ച്ചകളുമൊക്കെ എന്നെ പിടിച്ചിരുത്തി.
എഴുപതുകളിലെ നവതരംഗ സിനിമകളില്‍ എടുത്തുപറയാവുന്ന ഒരു ചിത്രമാണ് 'സ്വപ്നാടനം'. സംവിധായകന്‍ എന്ന് കെ.ജി. ജോര്‍ജ് കൈമുദ്ര പതിപ്പിച്ച സിനിമ. ഈ ആവേശങ്ങളില്‍ നിന്നൊക്കെയാണ് പുനയില്‍ പോയി സിനിമ പഠിക്കണം എന്ന ആഗ്രഹം മനസ്സിലുണ്ടാകുന്നത്. എന്നാലത് ഉള്ളിലങ്ങനെ കിടന്നതേയുള്ളൂ. പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ നാടകപ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായിരുന്നു. നല്ല നടനും കൊമേഡിയനുമൊക്കെയുള്ള പുരസ്‌കാരങ്ങള്‍ കിട്ടിയിരുന്നു. കലയും സാഹിത്യവും കാമ്പസുകളില്‍ സജീവമായിരുന്ന കാലമായിരുന്നു അത്. നവീന ഭാവുകത്വത്തിന്റെ അലയൊലികള്‍ ഉയര്‍ന്നത് കാമ്പസ്സുകളിലായിരുന്നു. ഇതിന്റെ ഭാഗമായി വളര്‍ന്നുവന്ന കേരളത്തിലെ ഫിലിംസൊസൈറ്റി പ്രസ്ഥാനം തിരുവല്ലയിലും സജീവമായി. അങ്ങനെയാണ് തിരുവല്ലയിലെ സുദൃശ്യഫിലിം സൊസൈറ്റിയുമായി ബന്ധപ്പെടുന്നത്.
ഇത്രയും കാലം കണ്ടതൊന്നുമല്ല സിനിമ എന്ന തിരിച്ചറിവ് നല്‍കിയത് ഫിലിം സൊസൈറ്റികളിലൂടെ കണ്ട ലോക ക്ലാസിക് സിനിമകളാണ്. 'മയിലാടുംകുന്നും' 'ബാബുമോനു'മൊക്കെ സിനിമയെന്ന കലയില്‍നിന്ന് എത്രയോ അകലെയാണ് നില്‍ക്കുന്നതെന്ന് അന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. സുദൃശ്യയടക്കമുള്ള ഫിലിം സൊസൈറ്റികള്‍ സിനിമയ്ക്കപ്പുറത്ത് വലിയ ഒരു സാംസ്‌കാരിക ഇടമായി അന്നു മാറിക്കഴിഞ്ഞിരുന്നു. അതിന്റെ പ്രകടമായ രാഷ്ട്രീയത്തിലേക്കൊന്നും ഞാന്‍ പോയില്ലെങ്കിലും ചലച്ചിത്രത്തിന്റെ സൗന്ദര്യശാസ്ത്രവും അതു മുന്നോട്ടുവെക്കുന്ന കലര്‍പ്പില്ലാത്ത രാഷ്ട്രീയവുമൊക്കെ വലിയ ചര്‍ച്ചാവിഷയങ്ങളായിരുന്നു. തിരുവല്ലയേക്കാള്‍ മുന്നേ ചെങ്ങന്നൂരില്‍ 'ഛായ' ഫിലിം സൊസൈറ്റി രൂപീകരിച്ചിരുന്നു. ഇതെല്ലാം തമ്മില്‍ ഒരു ശൃംഖലപോലെയുള്ള ബന്ധമുണ്ടായിരുന്നു. തകഴിയിലും വളരെ സജീവമായ ഒരു സൊസൈറ്റിയുണ്ടായിരുന്നു. അവിടുത്തെ സൊസൈറ്റി നടത്തിയിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളിലൊക്കെ ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് തിരുവല്ലയില്‍നിന്ന് തകഴിയിലെത്താന്‍ കടത്തുവള്ളമേയുണ്ടായിരുന്നുള്ളൂ. രാത്രിയായിക്കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. അവിടെ തങ്ങുകയേ നിവൃത്തിയുള്ളൂ. സിനിമയും ചര്‍ച്ചയുമായൊക്കെ കഴിഞ്ഞ് അവിടെത്തന്നെ കിടന്നുറങ്ങും. ബര്‍ഗ്മാന്റെയും ഐസന്‍സ്റ്റീനിന്റെയും കുറസോവയുടെയുമൊക്കെ ചലച്ചിത്രങ്ങള്‍ സമയത്തേയും സ്ഥലത്തെയും മനസ്സില്‍നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. മനസ്സില്‍ നിറഞ്ഞത് സിനിമ മാത്രമായിരുന്നു. പിന്നെ പിറ്റേന്നത്തെ കടത്തുവള്ളത്തിലാണ് ഇക്കരെ കേറുന്നത്.
ഒരു ഘട്ടത്തില്‍ ഞാന്‍ സുദൃശ്യയുടെ സെക്രട്ടറിയുമായി. ആ അവസരത്തില്‍ ഫിലിം ഫെസ്റ്റുകളും സംഘടിപ്പിച്ചു. തിരുവല്ലയുടെ സാംസ്‌കാരിക ജീവിതത്തിന് ഇതെല്ലാം പുതിയ അനുഭവമായി. സമൂഹത്തെയും സംസ്‌കാരത്തെയുമൊക്കെ മാറ്റിമറിക്കുന്നതില്‍ സിനിമയുടെ പങ്ക് എത്രമാത്രമാണെന്ന് ആസ്വാദകരായ അന്നത്തെ ചെറുപ്പക്കാര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞിഞ്ഞിരുന്നു. സ്വാഭാവികമായും ഒരു സംഘാടകന്‍ എന്നുള്ള നിലക്ക് എന്റെ പ്രവര്‍ത്തനങ്ങളൊക്കെ പ്രതിജ്ഞാബദ്ധമായിരുന്നു. എറണാകുളത്തുനിന്ന് കോലങ്ങള്‍ എന്ന സിനിമയുടെ പെട്ടിയുമായി തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ വന്നിറങ്ങിയതും ആ രാത്രിയില്‍തന്നെ അത് തലയില്‍ ചുമന്ന് വീട്ടിലെത്തിച്ചതുമൊക്കെ ഇപ്പോഴും മനസ്സിലുണ്ട്.
ഇതെല്ലാം സൃഷ്ടിച്ച ആവേശം ചെറുതായിരുന്നില്ല. പല ശ്രമങ്ങളും നടത്തിയെങ്കിലും പൂനയിലേക്കോ അഡയാറിലേക്കോ എത്താന്‍ എനിക്ക് കഴിഞ്ഞില്ല. അഡയാറില്‍ പോയപ്പോഴാണ് കെ.ജി. ജോര്‍ജ്ജിനെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെയൊപ്പം ജോലി ചെയ്യാനുള്ള ആഗ്രഹവുമായി പലപ്രാവശ്യം മദിരാശിയിലേക്ക് പോവുകയുണ്ടായി. എന്നാല്‍ കാര്യങ്ങളൊന്നും നടന്നില്ല. പിന്നീട് ജോര്‍ജ്ജ് സാര്‍ തിരുവനന്തപുരത്തുള്ള മണക്കാട്ടേക്ക് താമസം മാറ്റിയപ്പോഴും ആ ബന്ധം തുടര്‍ന്നു. എന്നാല്‍ അപ്പോഴും അദ്ദേഹത്തിന്റെ സിനിമക്കൊപ്പം നില്‍ക്കാനുള്ള അവസരം കൈവന്നില്ല. എഴുപതുകള്‍ക്ക് ശേഷം അദ്ദേഹം സിനിമയില്‍ അത്ര സജീവമായിരുന്നില്ല എന്നുള്ളതും ദൗര്‍ഭാഗ്യകരമായി. എങ്കിലും കെ.ജി. ജോര്‍ജ് എനിക്ക് മനസ്സുകൊണ്ട് ഗുരുസ്ഥാനീയനാണ്.
അങ്ങനെയിരിക്കെയാണ് തിരുവല്ല രാഗം മൂവീസ് നിര്‍മ്മിച്ച നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്യാന്‍ അവസരമുണ്ടാകുന്നത്. പ്രിയപ്പെട്ട എഴുത്തുകാരന്‍ പത്മരാജന്റെ സിനിമയാണ്. എന്നാല്‍ കഥയെപ്പറ്റിയും അതിന്റെ ട്രീറ്റ്‌മെന്റിനെപ്പറ്റിയും അറിഞ്ഞപ്പോള്‍ ഒരു പത്മരാജന്‍ ആരാധകനായ ചെറുപ്പക്കാരന്‍ എന്ന നിലയ്ക്ക് എനിക്കത് ഉള്‍ക്കൊള്ളാനായില്ല. കാരണം, 'പെരുവഴിയമ്പല'വും 'ഒരിടത്തൊരു ഫയല്‍വാനു'മൊക്കെ സൃഷ്ടിച്ച പത്മരാജനെയല്ല 'മുന്തിരിത്തോപ്പു'കളുടെ ഒരുക്കങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ആ ചിത്രങ്ങള്‍ അത്രമാത്രം എന്നെ ആകര്‍ഷിച്ചിരുന്നു. ഒരു സംവിധായകന്‍ എന്നി നിലയ്ക്ക് അദ്ദേഹത്തിന്റെ കൈയൊപ്പ് ആ ചിത്രങ്ങളില്‍ വീണുകിടക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നു മാത്രമല്ല, എന്റെ ചലച്ചിത്ര ഭാവുകത്വത്തെ രൂപപ്പെടുത്തിവരുന്നതില്‍ ഈ ചിത്രങ്ങള്‍ക്ക് നിര്‍ണ്ണായ പങ്കുണ്ടായിരുന്നു.
പത്മരാജനെ ആദ്യമായി കാണുമ്പോള്‍ ഞാനൊരു കോളേജ് വിദ്യാര്‍ത്ഥിയാണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ അവിടെവെച്ച് കാണുന്നു. ചങ്ങനാശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്ത് ഒരു ചുമരില്‍ ചാരിനില്‍ക്കുകയാണ് അദ്ദേഹം. ഒരു എഴുത്തുകാരനെന്നുള്ള നിലയ്ക്കും എനിക്കദ്ദേഹത്തോട് വീരാരാധനയായിരുന്നു. സാധാരണക്കാരായ മനുഷ്യരുടെ ജീവിതബന്ധങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തിട്ടുള്ള അദ്ദേഹം, ഓണാട്ടുകര എന്ന പ്രദേശത്തിന്റെ അടയാളം സാഹിത്യത്തിലും സിനിമയിലുമെത്തിച്ചയാളാണ്. ആ പത്മരാജനാണ് ഒരു സാധാരണക്കാരനെപ്പോലെ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...! പത്മരാജന്റെ സര്‍ഗ്ഗാത്മകതയുടെ മൗലികത തിരിച്ചറിയുകയും സ്വന്തം ചലച്ചിത്ര ഭാവുകത്വത്തെ വളര്‍ത്തുന്നതില്‍ അത് ആഴത്തിലുള്ള പ്രേരണയായിത്തീരുകയും ചെയ്യുന്നതിന്റെ സ്വാതന്ത്ര്യം എനിക്കു തന്ന ധൈര്യം ചെറുതായിരുന്നില്ല. കൂടെവിടെ പോലുള്ള ഒത്തുതീര്‍പ്പ് സിനിമകളിലേക്ക് അദ്ദേഹം ചുവടുമാറ്റുന്നതിനെക്കുറിച്ച് വിമര്‍ശകബുദ്ധിയോടെ അദ്ദേഹത്തോട് പറയാനും അന്നുകഴിഞ്ഞു. അതിനൊക്കെ സൗമ്യമായി മറുപടി പറഞ്ഞ അദ്ദേഹത്തിന്റെ മുന്നില്‍ ഞങ്ങളുടെ ബുദ്ധിജീവി ജാടകളൊക്കെ അഴിഞ്ഞുവീഴുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മുന്തിരിത്തോപ്പുകളില്‍ ശിഷ്യനായി ജോലിചെയ്യുമ്പോള്‍ ഇക്കാര്യം ഞാനദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. അപ്പോഴും തികഞ്ഞ സൗമ്യതയോടെയാണ് അദ്ദേഹം അതോര്‍ത്ത് പ്രതികരിച്ചത്.
വാഴ്ത്തലിന്റെ മുന്നിലും ഇകഴ്ത്തലിന്റെ മുന്നിലും ഒരേ ഭാവത്തോടെ നിന്നിരുന്ന അദ്ദേഹത്തിന്റെ മഹത്ത്വം മറ്റൊരാളിലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.
'മുന്തിരിത്തോപ്പുകളു'ടെ ഷൂട്ടിങ് തുടങ്ങുന്ന അവസരത്തില്‍, മൂടല്‍മഞ്ഞുള്ള ഒരു പ്രഭാതത്തിന്റെ തണുപ്പ് കഠിനമായപ്പോള്‍ കൈകള്‍ ചുരുട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്ന എന്നോട് പത്മരാജന്‍, ബ്ലെസ്സിയെന്താ കാറ്റുകൊള്ളാന്‍ വന്നതാണോ? എന്നുചോദിച്ചു. പിന്നെ സംവിധാന സഹായികളായ മറ്റുള്ളവരെപ്പോലെ ചെടിച്ചട്ടികള്‍ എടുത്തുവെക്കാനും മറ്റുമുള്ള ജോലികളില്‍ വ്യാപൃതനായി. ഇങ്ങനെയൊക്കെ എന്നെ പാകപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. തുടര്‍ന്ന് അഞ്ച് വര്‍ഷക്കാലം ഏഴ് പത്മരാജന്‍ ചിത്രങ്ങളില്‍ ഞാന്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചു.
ജീവിതത്തിലെ സങ്കടങ്ങളുടെ സന്ദര്‍ഭങ്ങളില്‍ സഹോദരതുല്യമായ കരുതല്‍ പത്മരാജന്‍സാര്‍ എന്നോട് പ്രകടിപ്പിച്ചിട്ടുണ്ട്. മദ്രാസിലെ എ.വി.എം. ഗാര്‍ഡന്‍സ് സ്റ്റുഡിയോയില്‍ 'തൂവാനത്തുമ്പികളു'ടെ ഡബ്ബിങ് നടക്കുമ്പോഴാണ് എന്റെ ഉപ്പാപ്പന്‍ മരിക്കുന്നത്. അദ്ദേഹം എനിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു. പിതൃതുല്യനായിരുന്നു. ആ മരണവാര്‍ത്തയറിഞ്ഞ് വിതുമ്പിക്കരയുമ്പോള്‍ തന്റെ മടിയിലേക്ക് ചേര്‍ത്തുവെച്ച് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. മരണത്തെക്കുറിച്ചും ആകസ്മികമായി തന്റെ ജീവിതത്തില്‍നിന്ന് പൊലിഞ്ഞുപോയവരെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് അന്നത്തെ ഡബ്ബിങ് ജോലികള്‍തന്നെ മാറ്റിവെച്ചു.
'നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'ക്ക് മുന്‍പ്, പത്മരാജന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത 'കൈകേയി'യില്‍ സംവിധാനസഹായിയായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. പത്മരാജനുമായി അടുപ്പമുണ്ടാകുന്നത് 'കൈകേയി'യുടെ രചനാവേളയിലാണ്. അങ്ങനെ കിട്ടിയ അടുപ്പവും സ്വാതന്ത്ര്യവുമാണ് 'മുന്തിരിത്തോപ്പുകളി'ലേക്ക് വഴിതെളിച്ചത്. വാസ്തവത്തില്‍ സിനിമയെക്കുറിച്ച് കുറെയധികം ധാരണകളുണ്ടായിരുന്നെങ്കിലും അതിനുള്ളിലേക്ക് കടന്നപ്പോഴാണ് പ്രായോഗികമായ തിരിച്ചറിവുകളുണ്ടായത്. കടലാസും പേനയും ഉപയോഗിച്ച് കഥയെഴുതുന്നതിന്നപ്പുറത്ത് തിരക്കഥ എന്ന സിനിമയുടെ സ്ട്രക്ചര്‍ സൃഷ്ടിക്കുന്നതും അതില്‍ നിന്നുകൊണ്ട് സിനിമയുടെ വ്യാകരണവും ലാവണ്യവും സാക്ഷാത്കരിക്കുന്നതിന്റെ പ്രായോഗികമായ തിരിച്ചറിവുകള്‍ പത്മരാജനില്‍നിന്നാണ് എനിക്ക് കിട്ടിയിട്ടുള്ളത്. അപ്പോഴാണ് ഒരു കലാകാരന്റെ സാദ്ധ്യതയും പരിമിതിയും തിരിച്ചറിയുന്നത്. വായനയുടെയും കാഴ്ചയുടെയും പാഠവ്യത്യാസങ്ങള്‍ മനസ്സിലാക്കിയതും മുന്തിരിത്തോപ്പുകളുടെ വര്‍ക്കിലാണ്.
കൂടാതെ തിരക്കഥയെഴുതുന്നതില്‍ പത്മരാജന്റെ ശ്രദ്ധയും ദൃശ്യത്തിലൂടെ അതുപറഞ്ഞുപോകുന്നതിലെ കഴിവും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. സ്വന്തം രചനകള്‍ സിനിമയിലേക്ക് പുനഃസൃഷ്ടിക്കുന്നതിലെ അനുപമമായ കൈവിരുത് അദ്ദേഹത്തിന്റെ സിദ്ധിയായിരുന്നു. കഥാപാത്രങ്ങളുടെ ജീവിതപരിസരങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവയിലെല്ലാം വളരെ സൂക്ഷ്മമായി അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇതിനെപ്പറ്റിയെല്ലാം അദ്ദേഹം വിശദമായി പറഞ്ഞുതരികയും അതെല്ലാം സ്വതന്ത്രമായ ഒരു ചര്‍ച്ചയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ആ കാലത്ത് ഞാന്‍ നന്നായി വായിക്കുമായിരുന്നു. പത്മരാജന്റെ പുസ്തകങ്ങള്‍ ഒന്നിലധികം തവണ വായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എന്നോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. 'ആഴ്ച്ചയറുതി' എന്ന അദ്ദേഹത്തിന്റെ കഥ അക്കാലത്ത് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. വര ആര്‍ട്ടിസ്റ്റ് നമ്പൂതിരിയായിരുന്നു. വരയുടെ തമ്പുരാനായിരുന്നെങ്കിലും എന്തുകൊണ്ടോ, ആ കഥയ്ക്ക് നമ്പൂതിരിയുടെ ചിത്രീകരണത്തില്‍ സംഭവിച്ച ഇടര്‍ച്ചകള്‍ ഞാന്‍ പത്മരാജനെ ചൂണ്ടിക്കാട്ടിയിരുന്നു. അതൊക്കെ എന്റെ സവിശേഷമായ നിരീക്ഷണപാടവമായി അദ്ദേഹം കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും പറഞ്ഞുതന്നിട്ടുള്ള ഒരു കാര്യം, സാങ്കേതികത മനസ്സിലാക്കുകയും അതിലേക്ക് വീണുപോകാതിരിക്കുകയുമാണ് വേണ്ടതെന്നാണ്. അതായത് സാങ്കേതികത ഒരു ഉപകരണം മാത്രമാണ്. അതില്‍ മാത്രം മുഴുകിപ്പോയാല്‍ എല്ലാവരുടെയും സിനിമ ഒരേപോലെയാകും. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ ഉള്ളിലെ സര്‍ഗ്ഗാത്മകതയുമായി ലയിപ്പിച്ച് സാങ്കേതികതയെ ആശ്രയിക്കണം. അപ്പോഴാണ് അതു വ്യത്യസ്തമാകുന്നതും മൗലികതയുടെ അടയാളം അതിലുണ്ടാകുന്നതും. അങ്ങനെ മനസ്സില്‍ കൊണ്ടുനടന്ന സിനിമാ സങ്കല്‍പ്പങ്ങള്‍ പ്രായോഗികമാക്കുന്നതില്‍ അദ്ദേഹം പറഞ്ഞുതന്ന പാഠങ്ങള്‍ ഏറെയാണ്.
പില്‍ക്കാലത്ത് ശ്രദ്ധേയരായിത്തീര്‍ന്ന പല സംവിധായകര്‍ക്കൊപ്പവും വര്‍ക്കുചെയ്യാനുള്ള അവസരം എനിക്കുണ്ടായി. ഐ.വി. ശശി, ലോഹിതദാസ്, ജയരാജ്, സുന്ദര്‍ദാസ്, ജോസ് തോമസ്, രാജീവ് അഞ്ചല്‍, വേണു നാഗവള്ളി തുടങ്ങിവര്‍ക്കൊപ്പമൊക്കെ ജോലിചെയ്യാന്‍ കഴിഞ്ഞത് എന്നെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ജയരാജിന്റെ ആദ്യ ചിത്രമായ വിദ്യാരംഭം മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെയൊപ്പം സഹകരിച്ചിരുന്നു; കഥയുടെ ആലോചനയിലും തിരക്കഥയെഴുത്തിലും മുതല്‍ സിനിമ പൂര്‍ത്തിയാകുന്നതുവരെ. അടുത്ത ഒരു സുഹൃത്തിനെപ്പോലെയാണ് ജയരാജ് എന്നെ കണക്കാക്കിയിട്ടുള്ളത്. എന്റെ ആദ്യ ചലച്ചിത്രശ്രമത്തില്‍ അദ്ദേഹം ഏറെ സഹായിച്ചിട്ടുണ്ട്. കാഴ്ചയുടെ വിജയത്തിനുപിന്നില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും ഉപദേശങ്ങളുമൊക്കെ ഏറെ ഗുണപരമായിത്തീര്‍ന്നു.
സ്വന്തം സിനിമ എന്ന ശ്രമത്തിലേക്ക് വരുമ്പോഴേക്കും കാലമൊരുപാടു പോയിരുന്നു. കാലത്തിന്റെ അഭിരുചികളിലും മാറ്റമുണ്ടായി. സിനിമ എന്നുള്ളത് ഒരു ജീവിതാവശ്യവുമായി. 1986 മുതല്‍ 2003 വരെയുള്ള കാലം വളരെ നിര്‍ണ്ണായകമായി. ധാരണകളെയൊക്കെ വീണ്ടും സ്വയം വിമര്‍ശനത്തിന് വിധേയമാക്കേണ്ടിവന്നു. ഒരര്‍ത്ഥത്തില്‍ പുതിയ സാഹചര്യങ്ങള്‍ എന്നെ ഏറെ ആശയക്കുഴപ്പത്തിലാക്കി എന്നും പറയാം. സിനിമയ്ക്ക് വേണ്ടിവരുന്ന മുതല്‍മുടക്കും മാറിത്തുടങ്ങിയ പ്രേക്ഷകരുടെ അഭിരുചിയുമൊക്കെ വലിയ ആന്തരിക പ്രതിസന്ധിയാണുണ്ടാക്കിയത്.
എഴുപതുകള്‍ സൃഷ്ടിച്ച ചലച്ചിത്ര സ്വപ്നങ്ങള്‍, എണ്‍പതുകളില്‍ പത്മരാജന്‍, ഭരതന്‍, മോഹന്‍ തുടങ്ങിയവരുടെ ചലച്ചിത്രകല ചെലുത്തിയ സ്വാധീനങ്ങള്‍, അവരില്‍നിന്ന് കിട്ടിയ തിരിച്ചറിവുകള്‍ എന്നിവയെല്ലാം ഒരു സ്വത്വപ്രതിസന്ധി പോലുമായി. ഈ മാറിയ കാലത്ത് സ്വന്തം സിനിമ എങ്ങനെയാവണം എന്ന ചോദ്യം എന്നെ വല്ലാതെ വേട്ടയാടി. സ്വരുക്കൂട്ടിയതെല്ലാം ഒരു കടങ്കഥയായിരുന്നതുപോലെയായി. ഞാന്‍ എന്നെ ദാക്ഷണ്യമില്ലാതെ വിലയിരുത്തി. ഒരു കഥയോ തിരക്കഥയോ ഇത്രയും കാലമായിട്ടും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തമായി എഴുതാന്‍ കഴിയുമെന്ന യാതൊരു ഉറപ്പുമില്ലാത്തതുകൊണ്ട് മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യാം എന്ന നിലയിലേക്ക് ഞാന്‍ എത്തപ്പെട്ടു.
മനസ്സുകൊണ്ട് ഗുരുവായി കരുതിയിരുന്ന കെ.ജി.ജോര്‍ജും ഗുരുവായിത്തീര്‍ന്ന പത്മരാജനും ഭരതനും മോഹനുമൊക്കെ എത്ര ഒത്തുതീര്‍പ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും അവരുടെ മൗലികത അടയാളപ്പെടുത്തിയ ചിത്രങ്ങള്‍ ആദ്യകാലത്തുതന്നെ അവര്‍ ചെയ്തുവെച്ചിരുന്നു. പെരുവഴിയമ്പലം, പ്രയാണം, സ്വപ്നാടനം എന്നിവയൊക്കെ മലയാളത്തിലെ എക്കാലത്തേയും മികച്ച രചനകളാണ്. ഇത്രയും കാലമായിട്ടും എനിക്ക് എന്റെ സിനിമയെക്കുറിച്ച് ഒരു വ്യക്തതയുമുണ്ടായില്ല. ലോഹിതദാസിന്റെയടക്കം എത്രയോ തിരക്കഥകള്‍ക്കൊപ്പം ഞാനുണ്ടായിട്ടുണ്ട്. എന്നാല്‍ എന്റെ കഥ..., അത് ഒരു വിധിയായി എവിടെയോ കിടന്നു.
ഞാനുള്ളപ്പോള്‍തന്നെ ലോഹിതദാസിനൊപ്പം ഉണ്ടായിരുന്ന പലരും സ്വന്തം സിനിമകള്‍ ചെയ്തുകഴിഞ്ഞിരുന്നു. അപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ ഒരു തിരക്കഥക്കായി ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ആറോ ഏഴോ സിനിമകളില്‍ ഞാനുണ്ടായിരുന്നു. എന്നാല്‍ ഒരു ദൗര്‍ഭാഗ്യംപോലെ ആ ആഗ്രഹം നടന്നില്ല.
ഈ സമയത്താണ് 'ഓര്‍മ്മ' എന്ന പത്മരാജന്റെ കഥയെപ്പറ്റി ഞാന്‍ ലോഹിതദാസിനോട് പറയുന്നത്. ആ കഥ എന്റെ മനസ്സില്‍ ഏറെ മുറിവുകളുണ്ടാക്കുകയും എന്റെ ചിന്തയെ വിട്ടൊഴിയാതെ അതു ബാധിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ലോഹിതദാസുമായി ചര്‍ച്ചചെയ്തു. 'ഓര്‍മ്മ' ഒന്ന് വികസിപ്പിച്ച് തിരക്കഥാ രൂപത്തിലാക്കുന്ന തലത്തിലേക്ക് ഞാന്‍ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചു. എന്നാല്‍ ആ കഥയില്‍ പ്രധാന കഥാപാത്രത്തിന്റെ സങ്കീര്‍ണമായ രോഗാവസ്ഥ സിനിമയിലൂടെ പ്രേക്ഷകനിലേക്കെത്തിക്കാന്‍ ബുദ്ധിമുട്ടാവും എന്നാണ് ലോഹിതദാസ് പറഞ്ഞത്. ഈ കഥ അദ്ദേഹവും നേരത്തെ വായിച്ചതാണ്. അതു തിരക്കഥയാക്കുന്നതിനെക്കുറിച്ച് പ്രാഥമികമായ ആലോചനകള്‍ നടത്തിയിരുന്നതായും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒടുക്കം ആ കഥ എന്റെതന്നെ ഓര്‍മ്മയുടെ ഏതോ അറയില്‍ അങ്ങനെ കിടന്നു.
അങ്ങനെയിരിക്കെയാണ് ജയരാജിന്റെ ദേശാടനത്തിന്റെ ആലോചനകള്‍ തുടങ്ങുന്നത്. അതിന്റെ ആദ്യഘട്ടം മുതല്‍ ഞാനുണ്ടായിരുന്നു. സംസാരത്തിനിടയില്‍, 'അടുത്ത ന്യൂജനറേഷന്‍ സിനിമ നീയാണ് ചെയ്യേണ്ടതെന്ന്' ജയരാജ് പറഞ്ഞു. അതെനിക്ക് വലിയ ആവേശമായി. അതൊരു അംഗീകാരമായിട്ടാണ് എനിക്കു തോന്നിയത്. എന്നാല്‍ അതിന്റെയൊപ്പം അതുണ്ടാക്കിയ വെല്ലുവിളി എന്നെ ആശങ്കപ്പെടുത്തുകയും ചെയ്തു. ആ ദിവസങ്ങള്‍ എനിക്ക് ഉറക്കമില്ലാത്തതായിരുന്നു. സ്വന്തം കഴിവുകേടുകള്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. ആകെക്കൂടി ഒരു ആത്മവിശ്വാസക്കുറവ്. അതെന്നെ വല്ലാതെ ബാധിച്ചു. അതില്‍ ആ സാദ്ധ്യതയും നീറിയടങ്ങി.
(മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന ബ്ലെസിയുടെ പുസ്തകമായ 'കാഴ്ചയിലെ തന്‍മാത്രകള്‍' എന്ന പുസ്തകത്തില്‍ നിന്നും)
Content Highlights: blessy aadujeevitham film life memoir
Published: 28 Mar 2024, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented