കഴിഞ്ഞ ദിവസം അന്തരിച്ച അസം കവി ബിപുല്‍ റെയ്ഗണുമായി സൗഹൃദമുണ്ടായിരുന്ന കവി പി.എന്‍. ഗോപീകൃഷ്ണന്‍ അദ്ദേഹത്തെക്കുറിച്ചെഴുതുന്നു. മലയാളത്തെ സ്‌നേഹിച്ച ബിപുല്‍ റെയ്ഗണുമായുള്ള സൗഹൃദത്തിന്റെ മാനങ്ങളെ രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ കുറിപ്പ്.
ഒരു ഉച്ചയ്ക്കാണ് ഞാന്‍ ബിപുല്‍ 05 റെയ്ഗണും കൂട്ടരുമായി ആദ്യമായി സംസാരിച്ചത്. അന്ന്, കെ.എസ്.എഫ്.ഇ.യുടെ കോര്‍പ്പറേറ്റ് ഓഫീസിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. കേരള സാഹിത്യ അക്കാദമിക്കടുത്താണ് ആ ആസ്ഥാന മന്ദിരം. അന്ന് കേരള സാഹിത്യ അക്കാദമിയില്‍ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്ത് സലിംരാജാണ് അവരെ എന്റെ അടുത്തേക്ക് പറഞ്ഞുവിട്ടത്. അവര്‍ നാലുപേരുണ്ടായിരുന്നു. അസമില്‍നിന്നും വന്ന സാഹിത്യ സുഹൃത്തുക്കള്‍. എന്റെ ഓഫീസിന് കീഴെയുള്ള ചാത്തുണ്ണിയേട്ടന്റെ കാന്റീനില്‍ ഒരു മരഡസ്‌കിന് അപ്പുറവുമിപ്പുറവുമിരുന്ന് കട്ടന്‍ ചായ കുടിച്ച് ഞങ്ങള്‍ സംഭാഷണമാരംഭിച്ചു. മലയാളത്തിലെ കവിത മറികടക്കേണ്ട അനേകം സാംസ്‌കാരിക പ്രതിസന്ധികളെക്കുറിച്ചാണ് ഞാന്‍ ഏറെയും സംസാരിച്ചത്.
കേരളത്തിന്റെ ഹതാശമായ രാഷ്ട്രീയ കാലാവസ്ഥയില്‍ കവിത എങ്ങനെ 'മറുശബ്ദ'മായി മാറേണ്ടതുണ്ടെന്ന് ഞാന്‍ അവരോട് വിശദീകരിക്കാന്‍ ശ്രമിച്ചു. അവര്‍ പ്രായേണ നിശ്ശബ്ദരായിരുന്നു. അതില്‍ ബിപുല്‍ റെയ്ഗണ്‍ കവിയും പത്രാധിപരുമായിരുന്നു. പര്‍വേസ് ഹുസൈന്‍ നോവലിസ്റ്റും നിരൂപകനും. മറ്റു രണ്ടുപേര്‍ സാഹിത്യരംഗത്ത് പ്രവേശിക്കാന്‍ ഔത്സുക്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍. ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന അസം കവിതകളും എന്‍.ബി.ടി. ഇറക്കിയ അസം കവിതകളുടെ ഇംഗ്ലീഷ് സമാഹാരവും വായിച്ചതിന്റെ ബലത്തില്‍ ഞാന്‍ അവരോട് ആ കവികളെക്കുറിച്ച് ചോദിച്ചു. അവര്‍ക്കാകട്ടെ, മലയാളിക്കവികളെ വളരെയൊന്നും അറിഞ്ഞുകൂടായിരുന്നു.
'ഞങ്ങള്‍ മലയാളികള്‍ അങ്ങനെയാണ്' പഴയ ഒരു ഹിമാലയന്‍ യാത്ര ആലോചിച്ച് ഞാന്‍ പറഞ്ഞു. 'ഞങ്ങള്‍ ഒട്ടുംതന്നെ മൗലികവാദികളല്ല. ഭാഷയില്‍പ്പോലും. മലയാളം യഥാര്‍ഥത്തില്‍ ഒരു സംവാദഭാഷയാണ്. അത് തമിഴുമായും സംസ്‌കൃതവുമായും ഇംഗ്ലീഷുമായും പറങ്കിഭാഷയുമായും അറബി-ഉര്‍ദു ഭാഷകളുമായും നീണ്ട സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ മരസാമാനങ്ങളുടെ പേരുകള്‍ മേശ, കസേര, അലമാര ഇതെല്ലാം പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നെടുത്തതാണ്. കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട പല പദങ്ങളും- ഹര്‍ജി, വക്കീല്‍ - ഉര്‍ദു പദങ്ങളാണ്. എന്തിന് ഞങ്ങള്‍ രാഷ്ട്രീയമായി അലറുന്നതു പോലും അറബിയിലോ ഉര്‍ദുവിലോ ആണ്. ''ഇങ്ക്വിലാബ് സിന്ദാ ബാദ്'. പക്ഷേ, ഇതെല്ലാം ഇപ്പോള്‍ മലയാളം തന്നെയാണ്.
മലയാള പദങ്ങളെപ്പോലെത്തന്നെ അത്ര പച്ച. മലയാളത്തിന്റെ ഈ സംവാദസ്വഭാവത്തെ വിസ്മരിച്ചുകൊണ്ടാണ് മലയാളം പശഭാഷയാണ് എന്ന് ജയമോഹനെപ്പോലെയുള്ള എഴുത്തുകാര്‍ അഭിപ്രായപ്പെടുന്നത്. 'പാര്‍ലമെന്റില്‍ ബില്‍ പാസ്സായി' എന്ന പത്രവാചകത്തില്‍ പാര്‍ലമെന്റും ബില്ലും പാസ്സും ഇംഗ്ലീഷ്. 'ഇല്‍' 'ആയി' തുടങ്ങിയവ മലയാളം. ഇംഗ്ലീഷ് പദങ്ങളെ ഒട്ടിക്കാനുള്ള പശമാത്ര മാണോ മലയാളം? എന്ന് ജയമോഹന്റെ ചോദ്യം. അതില്‍ ഒരു ആന്ധ്യമുണ്ട്. തമിഴ്ഭാഷയുടെ മാനദ ണ്ഡമുപയോഗിച്ചാല്‍ ഒരിക്കലും മലയാളഭാഷയെയും സംസ്‌കാരത്തെയും സ്വഭാവത്തെയും മനസ്സിലാകില്ല. ഒരു ഭാഷയ്ക്കും ഒരേ മാനദണ്ഡം പാകമാകില്ല.'
പിന്നീട് ഞാന്‍ അവരോട് ആ സമീപമുള്ള കടയിലിരുന്ന് ചുടുസൂപ്പ് കുടിക്കുമ്പോള്‍ ഒരു ബംഗാളി സംഘമെത്തി. അതില്‍ വിരമിച്ച ഒരു ഇംഗ്ലീഷ് പ്രൊഫസറുണ്ടായിരുന്നു. ഇന്ദിര. പരിചയപ്പെട്ടപ്പോള്‍ അവര്‍ സത്യജിത് റായിയുടെ അടുത്ത ബന്ധുവാണ്. ഉടന്‍ ഞാന്‍ വീണ്ടും വാചാലനായി. റായിയെപ്പറ്റി, ടാഗോറിനെപ്പറ്റി, ജീബനാനന്ദ ദാസിനെപ്പറ്റി, താരാശങ്കര്‍ ബാനര്‍ജിയെപ്പറ്റി, ഋത്വിക് ഘട്ടക്കിനെപ്പറ്റി, മഹാശ്വേതാദേവിയെപ്പറ്റി, ഋതുപര്‍ണോ-ഗൗതം ഘോഷ് ദ്വയത്തെപ്പറ്റി, ശങ്കറിനെപ്പറ്റി, പരമഹംസനെപ്പറ്റി, ശക്തി ചതോപാധ്യായയെപ്പറ്റി, സുനില്‍ ഗംഗോപാധ്യായയെപ്പറ്റി, ചാരുമജുംദാരെപ്പറ്റി, കനു സന്യാലിനെപ്പറ്റി,.... ഒന്നു ശ്വാസം പിടിച്ച് ഞാന്‍ പറഞ്ഞു: ''പ്രബോധ് കുമാര്‍ സന്യാലിന്റെ 'യാത്രിക്' വായിച്ചതിന്റെ അനന്തരഫലമാണ് ഈ ഹിമാലയന്‍ പര്യടനം പോലും.'
അവര്‍ സന്തോഷംകൊണ്ട് വിടര്‍ന്ന കണ്ണുകളോടെ ഞങ്ങളെ നോക്കിപ്പറഞ്ഞു: 'ഞങ്ങള്‍ ബംഗാളികളേക്കാള്‍ ബംഗാളികളാണ് നിങ്ങള്‍.' സൂപ്പ് കുടിച്ചവസാനിപ്പിച്ച് എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു 'മാഡം, മലയാളത്തിലെ ഏതെങ്കിലും കൃതിയുടെ തര്‍ജമ നിങ്ങള്‍ വായിച്ചിട്ടുണ്ടോ?' 'ഉണ്ട്' അവര്‍ ഉടന്‍ പറഞ്ഞു ''യു.ആര്‍. അനന്തമൂര്‍ത്തിയുടെ സംസ്‌ക്കാര.'
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. കന്നഡവും മലയാളവും വേറെ വേറെ ഭാഷയാണെന്ന് വിശദീകരിക്കാനും നിന്നില്ല. പരസ്പരം ഒന്നും മിണ്ടാതെ കുറച്ചുദൂരം ഞാനും ഷാജുവും നടന്നു. അപ്പോള്‍ ഷാജു പറഞ്ഞു, ''മലയാളി എന്നനിലയില്‍ ഞാന്‍ ലജ്ജിക്കുന്നു.' ഞാന്‍ തിരിച്ചടിച്ചു. 'മലയാളി എന്നനിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.'
'ഇതാണ് ഞങ്ങള്‍ മലയാളികളുടെ ലോകബോധം.' ഞാന്‍ പറഞ്ഞുനിര്‍ത്തി.

ബിപുല്‍ റെയ്ഗണിന്റെ മുഖം കുറേക്കൂടി കുട്ടിത്തം തുളുമ്പുന്നതായി. അയാള്‍ അറച്ചറച്ച് പറയാനാരംഭിച്ചു. തെക്കേ ഇന്ത്യയെപ്പറ്റി വടക്കര്‍ക്കുള്ള അജ്ഞതയേക്കാള്‍ പതിന്മടങ്ങാണ് അവര്‍ക്ക് കിഴക്കേ ഇന്ത്യയെക്കുറിച്ചുള്ളത്. ഞങ്ങള്‍ 'ഏഴു സഹോദരീ സംസ്ഥാനങ്ങളുടെ' മാതൃഭാഷ പോലും ഒന്നാണെന്നാണ് ബംഗാളിനു പുറത്തുള്ള ഇന്ത്യക്കാരുടെ വിചാരം. ഔദ്യോഗിക ഭാഷകളും ഭാഷാന്തരങ്ങളും ഗോത്ര ഭാഷകളും നിറഞ്ഞ ഭാഷയുടെ ഒരു നൂലാമാലക്കെട്ടിലാണ് ഞങ്ങളുടെ വാസം. ആ കലക്കത്തെക്കുറിച്ച് ഞങ്ങള്‍ക്ക് പുറത്തുള്ള ഒരാള്‍ക്കും പെട്ടെന്ന് മനസ്സിലാക്കാനാവില്ല. ഞാനപ്പോള്‍ കിഴക്കേ ഇന്ത്യയുടെ ഭൂപടം ഓര്‍ത്തെടുക്കുകയായിരുന്നു. അസം, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, സിക്കിം, മണിപ്പൂര്‍...
എണ്ണം തികയുന്നില്ല. ഒന്ന് എവിടെപ്പോയി? കുറേ ആലോചിച്ചപ്പോള്‍ മിസ്സോറം ഓര്‍മവന്നു. 'മലയാളി എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്ന് കുറച്ചുമുന്‍പേ പറഞ്ഞ വാചകത്തില്‍ തിളങ്ങിനിന്ന ലോകബോധം അല്‍പം ഒന്നുമങ്ങി.
''അതാണ് ഇന്ത്യയുടെ കുഴപ്പം. നമുക്ക് പെരക്കിനെ അറിയാം. ഉമ്പര്‍ട്ടോ എക്കോയെയും. എന്നാല്‍ തൊട്ടടുത്ത ഭാഷയില്‍ എന്ത് നടക്കുന്നു എന്ന് അറിഞ്ഞുകൂടാ.' ആരുടെയോ ഒരു വാചകത്തെ സാമാന്യവത്കരിച്ച് ഞാന്‍ പറഞ്ഞു. ഹിമാലയന്‍ പാതകളില്‍ ഹിന്ദിപോലുമറിയാതെ ഗഡ്വാളികളോട് ഇടപെടേണ്ടിവന്ന വൈഷമ്യത്തെക്കുറിച്ച് ഞാനോര്‍ത്തു. മുറിഹിന്ദി അറിയാവുന്ന ഷാജുവാണ് പല വൈതരണികളില്‍നിന്നും എന്നെ രക്ഷപ്പെടുത്തിയത്. ദേവനാഗരിയുടെ തിരശ്ചീന രേഖകളില്‍നിന്നും മഴപോലെ പെയ്യാനായുന്ന എല്ലാ പദങ്ങളും എനിക്ക് ഹിന്ദിയാണ്. പിന്നെയല്ലേ കിഴക്കന്‍ പ്രദേശത്തെ ലിപികള്‍? 'ഒരു ഭാഷ പഠിക്കുമ്പോള്‍ ഒരു ചരിത്രത്തെ, ഒരു സംസ്‌കാരത്തെക്കുറിച്ചാണ് നാം പഠിക്കുന്നത്.' വീണ്ടും സാമാന്യവത്കരണത്തിന്റെ എളുപ്പങ്ങളിലേക്ക് ഞാന്‍ നീങ്ങി. 'ഇപ്പോള്‍ത്തന്നെ നോക്കൂ, ഞാന്‍ ഒരു മലയാളി. നിങ്ങള്‍ അസംകാര്‍. നമുക്കിടയിലെ പൊതുഭാഷ ഈ മുറി ഇംഗ്ലീഷ്.' സാഹിത്യം മാഞ്ഞുപോയി. മാംസം അളിയുമ്പോള്‍ മാത്രം പുറത്തുകാണുന്ന എല്ലുപോലെ ഭാഷ പുറത്തുവന്നു.
അവര്‍ തലയാട്ടി. ഞങ്ങളുടെ ഹ്രസ്വമായ കൂടിക്കാഴ്ച അവസാനിക്കുകയായിരുന്നു. ഇനിയും കാണാം, കാണണം എന്നു പറഞ്ഞ് പരസ്പരം ഫോണ്‍ നമ്പറുകള്‍ ഞങ്ങള്‍ കൈമാറി. അസമില്‍ കവിത പ്രചരിപ്പിക്കാന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചൊക്കെ അവര്‍ അതിനിടയില്‍ പറഞ്ഞു. തീപ്പെട്ടിക്കൂടു കവിതാപ്രസ്ഥാനം അവര്‍ കൊണ്ടുനടക്കുന്ന കാലമായിരുന്നു അത്. കവിതകള്‍ തീപ്പെട്ടിക്കൂട്ടിലാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നതായിരുന്നു ആ കവിതാ പ്രവര്‍ത്തനത്തിന്റെ സാരം. കവിതയിലെ 'ജനകീയത'യെ എക്കാലവും സംശയത്തോടെ വീക്ഷിച്ചിരുന്ന ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല.
ആസ്സാമീസ് ഭാഷയെപ്പോലെത്തന്നെ എനിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഓരോരോ വിചിത്രമായ ഏര്‍പ്പാടുകള്‍. എന്റെ മനോഗതം മനസ്സിലാക്കിയപോലെ പര്‍വേസ് ഹുസൈന്‍ പറഞ്ഞു. 'അമ്പതിനായിരവും അറുപതിനായിരവും പ്രതികള്‍ വില്‍ക്കുന്ന വാരികകള്‍ ഉള്ള ഒരു ഭാഷയില്‍നിന്ന് വരുന്നയാള്‍ക്ക് ഇതൊക്കെ വിചിത്രമായി തോന്നാം.' എന്റെ മനോഗതം ഇയാള്‍ എങ്ങനെ മനസ്സിലാക്കി എന്നോര്‍ത്ത് ഞാന്‍ അദ്ഭുതംകൂറി. പക്ഷേ, ഞെട്ടാന്‍ ഞാന്‍ കാത്തുനില്‍ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
എന്റെ ഓഫീസ് മുറിയിലേക്ക് വഴി തിരിയുന്ന പടിക്കെട്ടിനുകീഴെ, ഞങ്ങള്‍ വീണ്ടും ഹസ്തദാനം ചെയ്തു. അപ്പോള്‍, അപ്പോള്‍ മാത്രം ബിപുല്‍ റെയ്ഗണ്‍ തന്റെ കീശയില്‍നിന്നും നാലായി മടക്കിയ ഒരു കടലാസ് പുറത്തെടുത്തു. 'എന്റെ കവിതയാണ്, വായിക്കുമല്ലോ' എന്നുപറഞ്ഞ് കൈയില്‍ തന്നു. ഔദ്യോഗിക കസേരയില്‍ മടങ്ങിയൊടിഞ്ഞിരുന്ന്, ഞാന്‍ ആ കടലാസ് നിവര്‍ത്തി. നല്ല വടിവൊത്ത മലയാളത്തില്‍ ഒരു കവിത. ചിലയിടത്ത് ചെറിയ അക്ഷരത്തെറ്റുകളുണ്ട്. ഞാന്‍ ഉടനെത്തന്നെ ബിപുല്‍ റെയ്ഗണ്‍ ഫോണില്‍ വിളിച്ചു. ''ആരാണ് നിന്റെ കവിത മലയാളത്തില്‍ ആക്കിത്തന്നത്?' 'ഞാന്‍ മലയാളത്തില്‍ത്തന്നെ എഴുതിയതാണ് ഗോപിജീ, ആ കവിത.' സ്പഷ്ടമായ മലയാളത്തില്‍ അവന്‍ പറഞ്ഞു.

മാതൃഭൂമി ആഴ്ചപ്പതിപ്പ്
അവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച എന്റെ സിദ്ധാന്തങ്ങളെല്ലാം പെട്ടെന്ന് വിയര്‍ത്തൊലിച്ചു. ഇതാ കേട്ടുകേള്‍വി മാത്രമുള്ള ഒരു പ്രദേശത്തുനിന്നും വന്ന, പ്രായത്തില്‍ ഇളപ്പക്കാരനായ ഒരു ചെറുപ്പക്കാരന്‍ എന്റെ ആലോചനകള്‍ക്കിടയിലെ വിടവുകളെ വ്യക്തമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇംഗ്ലീഷിലൂടെ മാത്രം ഇന്ത്യയിലെ ഇതര ഭാഷകളിലെ സാഹിത്യരൂപങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും എന്നാല്‍ ചിന്തയില്‍ ഇംഗ്ലീഷിന്റെ പാലം പൊളിക്കാന്‍ അദമ്യമായി ആഗ്രഹിക്കുകയും ചെയ്തിരുന്ന ഒരാളുടെ വൈരുധ്യത്തിന്റെ ആഴം. ആ വൈരുധ്യമാണ് ഈ ചെറുപ്പക്കാരന്‍ എളുപ്പത്തില്‍ ചാടിക്കടന്നിരിക്കുന്നത്. പിന്നീട് ബിപുല്‍ എനിക്കെഴുതി. കേരളത്തില്‍ വരും മുമ്പേ, മൈസൂരിലെ സെന്‍ട്രല്‍ അക്കാദമിയില്‍ ചേര്‍ന്ന് മലയാളം പഠിച്ചതിനെപ്പറ്റി. ജോലിക്കോ കൂലിക്കോ വേണ്ടിയല്ലായിരുന്നു അത്. സാഹിത്യ താത്പര്യംകൊണ്ടുമാത്രം.
എം.കെ. രാമാനുജന്റെ 'മുന്നൂറു രാമായണങ്ങള്‍' ഞാന്‍ തര്‍ജമ ചെയ്തുകൊണ്ടിരുന്ന കാലമാണത്. അക്കാലത്ത് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പാഠപുസ്തകങ്ങളില്‍നിന്ന് വര്‍ഗീയവാദികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 'മുന്നൂറു രാമായണങ്ങള്‍' പിന്‍വലിച്ചിരുന്നു. അതിനെതിരെ എളിയനിലയില്‍ ഒരു പ്രതിഷേധം ഉയര്‍ത്താന്‍ ആഗ്രഹിച്ചുള്ളതായിരുന്നു ആ തര്‍ജമ. ആഴത്തിലുള്ള വായനയാണ് തര്‍ജമ എന്ന് വീണ്ടും വീണ്ടും പഠിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ അത് തരികയുണ്ടായി.
എങ്ങനെ ഭാഷയില്‍നിന്ന് ഭാഷയിലേക്ക്, സംസ്‌കാരത്തില്‍നിന്ന് സംസ്‌ക്കാരത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ രാമകഥയുടെ ഊന്നല്‍ മാറുന്നു എന്ന് രാമാനുജന്‍ സൂക്ഷ്മമായി വിവരിക്കുന്നുണ്ട്. സജീവമായ ഒരു സത്തയായി ഭാഷയെക്കാണുന്ന ഒരു വലിയ മനസ്സ് ആ നീണ്ട ലേഖനത്തില്‍ ഉടനീളം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'സാര്‍വ ജനീനനായ മനുഷ്യന്‍' എന്നത് സാ മ്രാജ്യത്വബോധത്തിന്റതായ ഒരു സാമാന്യവത്കരണമാണ് എന്ന് അത് വീണ്ടും വീണ്ടും പറഞ്ഞുതരുന്നുണ്ടായിരുന്നു. നാനാത്വത്തിലെ ഏകത്വം എന്നതില്‍ ഏകത്വത്തിന് ഊന്നല്‍കൊടുക്കുക വഴി ആ സാമ്രാജ്യത്തനോട്ടത്തെ ഒളിച്ചുകടത്തുകയായിരുന്നു നമ്മുടെ ദേശീയബോധം.
സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച് നാം ഊട്ടിവളര്‍ത്തിയ ഈ ദേശീയബോധം ഭാഷകളെയും ജനതകളെയും ഏകത്വത്തിന്റെ പരിഹരിക്കപ്പടേണ്ട മുറിവുകളായാണ് എണ്ണിയത്. വ്യത്യസ്തമായ ഭാഷകളില്‍, വ്യത്യസ്തരായ ജനതകളില്‍, വ്യത്യസ്തമായ ആശയങ്ങളില്‍ പടുത്തുയര്‍ത്തിയ ഭാരതം എന്ന സംജ്ഞ രാഷ്ട്രസ്വരൂപമായപ്പോള്‍ വ്യത്യസ്തതകളെ മാരകമായിക്കണ്ടു. ഏകത്വത്തിലെ നാനാത്വം എന്ന് വികൃതമായി ഉച്ചരിക്കാനെങ്കിലും നമുക്ക് കഴിയുമായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയെ ദേശീയതാപ്രാപ്തി എന്നതിനേക്കാള്‍ ജനാധിപത്യപ്രാപ്തിയായി നാം എണ്ണിയിരുന്നെങ്കില്‍?
സ്വതന്ത്രമായ രാഷ്ട്രം എന്നതിനേക്കാള്‍ സ്വതന്ത്രമായ ജനതയെയാണ് സ്വാതന്ത്ര്യപ്രാപ്തി ലഭ്യമാക്കിയത് എന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നെങ്കില്‍. ദേശീയപ താകയിലെ മൂന്നു നിറങ്ങള്‍പോലെ മൂന്നു ഭാഷകളില്‍ ഊന്നിക്കൊണ്ടുള്ള നമ്മുടെ പഠനസമ്പ്രദായം വഴി വ്യത്യസ്തതകള്‍ പതുക്കെപ്പതുക്കെ അസ്തമിക്കുമെന്നും അവ ഏകമാകുമെന്നും ഭരണാധികാരികള്‍ കരുതി. ആഭ്യന്തരമായ ഒരു ആഗോളവത്കരണം.
ഏതൊരു പാവനമായ ദേശീയബോധവും വീര്യം കുറഞ്ഞ ഒരു ഫാസിസത്തെ ഉള്ളില്‍പ്പേറുന്നു. അതിനാല്‍ അത്, അതിന് മനസ്സിലാക്കാന്‍ കഴിയാത്ത ചില ദേശങ്ങളെ, ചില ഭാഷകളെ, ചില ജനതകളെ മറച്ചുപിടിച്ചു. വടക്കേ ഇന്ത്യക്ക് കേരളീയര്‍ അങ്ങനെ മദ്രാസികളായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തെക്കും വടക്കുമുള്ളവര്‍ക്ക് പ്രായേണ അന്യമായി. ബംഗാളിനപ്പുറം അദൃശ്യമായ ഒരു ഹിമാലയം രൂപംകൊണ്ടു.
ആ ഹിമാലയം മുറിച്ചുകടന്നാണ് ബിപുല്‍ റെയ്ഗണ്‍ എന്റെ മുന്നിലെത്തിയത്. ഫാഹിയാനും ഹ്യൂയാന്‍ സാങ്ങും സാക്ഷാല്‍ ഹിമാലയം താണ്ടി ഇന്ത്യയില്‍ എത്തിയപോലെ. അയാള്‍ മലയാളത്തില്‍ എഴുതിയ കത്തും കവിതയും സാധാരണമാ യിരുന്നു. ആ കവിത ഒരു പ്രേമകവിതയായിരുന്നു. ലോകത്തിലെ ഏതൊരു ചെറുപ്പക്കാരനും ആ പ്രായത്തില്‍ എഴുതിയേക്കാവുന്ന ഒന്ന്. എന്നാല്‍ ആ മലയാളത്തിന് ഒരു പുതുസുഗന്ധം ഉണ്ടായിരുന്നു. അത് വ്യത്യസ്തതകളുടെ സുഗന്ധമായിരുന്നു.
ആ വ്യത്യസ്തതയുടെ സുഗന്ധമാണ് നമ്മെ നാമാക്കുന്നതും അസമിനെ അസമാക്കുന്നതും. എന്തിന് ആ സംസ്ഥാനത്തെ അവര്‍ പറയുംപോലെ 'അസം' എന്നുപോലുമല്ല നാം പറയുന്നത്. 'ആസ്സാം' എന്നാണ്. വൈലോപ്പിള്ളിയുടെ പ്രസിദ്ധ കവിതയെ 'അസം പണിക്കാര്‍' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഉച്ചാരണത്തിന്റെ മാനകഭാഷയെക്കുറിച്ചുള്ള ഏറ്റവും മാരകമായ ബോധംപോലും നമ്മെ അനുവദിക്കുകയില്ല.
ആലപ്പി എന്നും ട്രിവാന്‍ഡ്രം എന്നും മറ്റും ഇംഗ്ലീഷിന്റെ ആഢ്യത്വത്തിന് അടിയറവെക്കുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും വാമൊഴികൊണ്ട് നാമതിനെ മലയാളീകരിച്ചു. ''നാളെ ആല്പ്പിവരെ പോണംട്ടാ' എന്ന് നിഷ്‌ക്കളങ്കമായി ഉച്ചരിക്കുമ്പോള്‍ ആ തൃശ്ശൂര്‍ക്കാരന്റെ 'ആല്പ്പി' ഇംഗ്ലീഷുകാരന്‍ ആലപ്പി'യല്ല.
ഞങ്ങളുടെ നാട്ടില്‍ ക്രിസ്ത്യാനികള്‍ വളരെക്കുറവായിരുന്നു. ക്രൈസ്തവരഹിത നാട്ടില്‍നിന്നും പ്രീഡിഗ്രിക്ക് പഠിക്കാനിറങ്ങിത്തിരിച്ച ഞാന്‍ എത്തിപ്പെട്ടത് പ്രസിദ്ധമായ ഒരു ക്രൈസ്തവ കലാലയത്തിലാണ്. അന്ന് എന്റെ കൂട്ടുകാരനായിരുന്ന രാജു പോള്‍ എന്നെ ഞെട്ടിച്ചത് ഓര്‍മയുണ്ട്. അയാള്‍ വളരെ സാധാരണമായി പറയുകയാണ്.
''നാളെ എന്റെ അച്ഛന്റെ കല്യാണമാണ്.' അയാള്‍ പറഞ്ഞത് അച്ഛന്‍ എന്നല്ലെന്നും അച്ചന്‍ എന്നാണെന്നും തൃശ്ശൂര്‍ ക്രിസ്ത്യാനികള്‍ക്ക് അച്ചന്‍ എന്നാല്‍ ഹിന്ദുക്കളുടെ അമ്മാവനാണെന്നും പിന്നീടാണ് മനസ്സിലായത്. ഒരുപക്ഷേ, തൊട്ടടുത്തു കിടക്കുന്ന ഈ അറിവില്ലായ്മയെ സൗന്ദര്യാത്മകതയുടെയും വ്യത്യസ്തതകളുടെയും കുറേക്കൂടി വിശാലമായ ചരിത്രമാക്കിയാല്‍, അതാണ് ഓരോ ഇതരഭാഷയും. വെവ്വേറെ മരങ്ങള്‍ പൂവിടുന്ന കാടുകള്‍. ആ വ്യത്യസ്തതയെ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് നമ്മുടെ കാലത്തെ ഏറ്റവും വലിയ സാഹിത്യദൗത്യം. മാനുഷിക ദൗത്യവും.
മനുഷ്യനെ പുതുക്കിപ്പണിയുന്ന ദൗത്യം ആയതുകൊണ്ടാണ് ഇത് മാനുഷിക ദൗത്യമാകുന്നത്. യുദ്ധവെറിയില്‍നിന്ന്, 'വിശുദ്ധത'കളില്‍നിന്ന്, പരമ്പരാഗതവും ആധുനാതനവുമായ അധികാരശ്രേണികളില്‍ നിന്ന്, ലിംഗാധികാരങ്ങളില്‍നിന്ന്, വര്‍ഗീയതകളില്‍നിന്ന്, അത് നമ്മെ താഴെയിറക്കും. ലോകത്തിനപ്പാടെ ഒരു ചരിത്രവും സംസ്‌കാരവും എന്ന അങ്ങേയറ്റം ന്യൂനീകരിക്കപ്പെട്ട ബോധ്യങ്ങളില്‍നിന്ന് നാം മുക്തരാകും. പുരോഗമനത്തെയും വികസനത്തെയും പറ്റിയുള്ള നമ്മുടെ ധാരണകള്‍ ഒക്കെത്തന്നെ ഇത്തരം ഒരു ന്യൂനീകൃത മനുഷ്യത്വത്തിലാണ് പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന് നാം ഞെട്ടും.
ബിപുല്‍ റെയ്ഗണ്‍ ഏതെങ്കിലും കൃതി അസമില്‍നിന്ന് മലയാളത്തിലേക്കോ മലയാളത്തില്‍നിന്ന് അസമിലേക്കോ വിവര്‍ത്തനം ചെയ്തതായി അറിയില്ല. അതെല്ലാം ഒരുപക്ഷേ, അയാളുടെ പദ്ധതികളില്‍ ഉണ്ടായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം അത്തരം സന്തോഷങ്ങളൊക്കെ രണ്ടാമത്തെ കാര്യം മാത്രമാണ്. ഒന്നാമത്തെ കാര്യം അയാള്‍ അയാളെത്തന്നെ മലയാളത്തിലേക്ക് 'തര്‍ജമചെയ്തു എന്ന വസ്തുതയാണ്. തുടര്‍ന്ന് അയാള്‍ അനേകം മലയാളികളെ ആസ്സാമിയിലേക്കും അസമികളെ (ഒട്ടും മോശപ്പെട്ട അര്‍ഥത്തിലല്ല പ്രയോഗം) മലയാളത്തിലേക്കും തര്‍ജമ ചെയ്യാന്‍ ശ്രമിച്ചു.
അയാളുടെ ആതിഥ്യത്തില്‍, ഒരു സംഘം മലയാളികള്‍, കോഴിക്കോട്ടെ അധ്യാപകനും എഴുത്തുകാരനുമായ വി. അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ ഈയിടെ അസമില്‍ ഒരു സാംസ്‌കാരിക പര്യടനം നടത്തുകയുണ്ടായി. കള്‍ച്ചറല്‍ കൊളീഗ്‌സ് എന്ന സാംസ്‌കാരിക കൂട്ടായ്മയിലെ അംഗങ്ങളാണ് അവര്‍. ആ യാത്രാനുഭവങ്ങളെക്കുറിച്ച് അബ്ദുള്‍ ലത്തീഫ് എഡിറ്റ് ചെയ്ത സിദ്ധീകരിക്കുന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങും. ബിപുലിന്‍ നേതൃത്വത്തില്‍ ഒരുകൂട്ടം അസം എഴുത്തുകാര്‍ ഈ ഡിസംബറില്‍ കേരളത്തിലേക്കും വരുന്നുണ്ട്.
തീര്‍ച്ചയായും മലയാളം പഠിച്ച അസംകാര്‍ ഇനിയും ഒരുപാട് ഉണ്ടായിരിക്കും. ആസ്സാമിയ പഠിച്ച മലയാളികളും. ലോകമെമ്പാടും ചിതറിത്തെറിച്ച മലയാളികള്‍ക്ക് ഒരുപക്ഷേ, ലോകത്തിലെ മുഴുവന്‍ ഭാഷകളും അറിയാമായിരിക്കും. പക്ഷേ, അതെല്ലാം ഭാഷകളുടെ പ്രയോജനപരത മുന്‍നിര്‍ത്തിയുള്ള മനസ്സിലാക്കലുകള്‍ മാത്രം. എന്നാല്‍ ഭാഷയുടെ സാംസ്‌കാരിക-സാഹിത്യ സധ്യതകള്‍ മുന്‍നിര്‍ത്തി അത്തരം ഒരു കാര്യം ചെയ്യുക എന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
എനിക്കു മനസ്സിലായിടത്തോളം ഒരു സാഹിത്യപ്രസ്ഥാനത്തിന്റെയും ഇടനിലയോ കാര്‍മികത്വമോ കൂടാതെ സ്വന്തം ഇച്ഛാശക്തിമൂലം നടന്ന കാര്യങ്ങളാണവ. വ്യത്യസ്തതകളെ സമാനമായി കാണാനും മനസ്സിലാക്കാനും കഴിയും എന്ന ഭാരതീയ മനസ്സിന്റെ സഹജതയെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു ചെറുപ്പക്കാരന്റെ സാഹസിക ഭാഷാപര്യടനങ്ങള്‍.

ഇതെഴുതുമ്പോള്‍ മറ്റൊരു ദുഃഖം മനസ്സിലുയരുന്നു. ഞാനപ്പോള്‍ താമസിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിക്കടുത്തുള്ള തൃത്തല്ലൂരിലെ യശഃശരീരനായ കവി ധീരപാലന്‍ ചാളിപ്പാട്ട് ഒരിക്കല്‍ എന്നോട് അനുസ്മരിച്ചതാണ്. അദ്ദേഹം സ്‌കൂളി പഠിക്കുന്ന കാലത്ത്, 1950-കളില്‍ ആണത്. മറിയാത്തു* എന വിദ്യാര്‍ഥി പാവറട്ടി സംസ്‌കൃത കോളേജിന് കീഴിലുള്ള സ്‌കൂളില്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിച്ചിരുന്നു. കവിതയെഴുത്തില്‍ അസാമാന്യമായ പ്രതിഭാശക്തി അക്കാലത്തേ ആ വിദ്യാര്‍ഥിനി പ്രകടിപ്പിച്ചിരുന്നു. കവിതയ്ക്ക് കുറച്ചുകൂടി 'നിലയും വില'യുമുണ്ടായിരുന്ന അക്കാലത്ത് സ്‌കൂളിലും സമീപപ്രദേശനളിലും അവര്‍ ഒരു താരമായിരുന്നു. അക്കാലത്ത് കത്തിപ്പടര്‍ന്നിരുന്ന ചങ്ങമ്പുഴ ശൈലിയിലാണെങ്കില്‍പ്പോലും അവരുടെ സ്വതസ്സിദ്ധമായ വര്‍ണങ്ങളും സ്വരഘടനയും ആ കവിതകളെ വ്യതിരിക്തമാക്കിയിരുന്നു. ആ ദേശത്തിന്റെ ഭാവന ഏറ്റവും ഉയര്‍ന്നു പറന്നത് അവരിലായിരുന്നു എന്ന മട്ടില്‍ ധാരാളം പേര്‍ ആ വരികള്‍ ഹൃദിസ്ഥമാക്കിയിരുന്നു.
1955-ലോ 1956-ലോ, പതിമൂന്നാം വയസ്സില്‍ അവരുടെ ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.
''ഭാവനേ, ചിരിതൂകീടായ്ക്ക/മജ്ജീവിതം വിഷാദാത്മകം
ഭാവിയാം മരുഭൂവിലേക്കിനി/ക്കാവതില്ല ഗമിക്കുവാന്‍.
എന്നെ നോക്കി ചിരിക്കുകില്ലിനി/വെള്ളലുക്കിട്ട താരകള്‍
എന്നെ മാടി വിളിക്കുകില്ലിനി/വിണ്ണിലെ കൊച്ചു വെണ്‍മുകില്‍
.............."
പതിമൂന്നു വയസ്സുകാരിയായ ഈ കവിയെപ്പറ്റി അക്കാലത്തെ 'ഇന്ത്യന്‍ എക്‌സ്പ്രസ്സി'ല്‍ ഒരു ലേഖനം വരികയുണ്ടായതോടെ അവര്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ത്തന്നെ പ്രസിദ്ധയായി. എന്നാല്‍ ആ കവിത പുഷ്‌കലമാകുംമുമ്പ് മറിയാത്തുവിന്റൈ കുടുംബം കുറ്റിപറിച്ച് പാക്കിസ്താനിലേക്ക് പോയി. ദരിദ്രമായിരുന്ന ആ കുടുംബത്തിലെ ഒരംഗം, മറിയാത്തുവിന്റെ ജ്യേഷ്ഠന്‍, കറാച്ചിയിലെത്തി കച്ചവടം ചെയ്ത് തരക്കേടില്ലാത്ത സാമ്പത്തികസ്ഥിതി കൈവരിക്കുകയുണ്ടായി. അതേത്തുടര്‍ന്നാണ് ആ കുടുംബം അങ്ങോട്ടു പോയത്. പോയശേഷം അവര്‍ക്കടുപ്പമുണ്ടായ സ തീര്‍ഥ്യര്‍ക്ക് അവരുടെ എഴുത്തുവന്നു. 'ഒരുപക്ഷേ, ഞാന്‍ അവസാനമായി എഴുതുന്ന മലയാള ലിപികള്‍ ആയിരിക്കും ഇത്' എന്ന് തുടങ്ങുന്ന കത്ത്. ആ കത്തു വായിച്ച സഹപാഠികള്‍ ഒരുപാട് മലയാളം പുസ്തകങ്ങള്‍ ശേഖരിച്ച് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന അബുള്‍ കലാം ആസാദിന്റെ സഹായത്തോടെ കറാച്ചിയില്‍ എത്തിച്ചുകൊടുക്കുകയുണ്ടായി.
ഒരുപക്ഷേ, ആ കവിയുമ്മൂമ്മ ഇപ്പോള്‍ പാകിസ്താനിലുണ്ടാകും. വ്യത്യസ്തതകള്‍ക്കിടയിലെ ആഴക്കടലുകള്‍ താണ്ടി നമ്മുടെ രാഷ്ട്രതന്ത്രം മലയാളത്തില്‍നിന്ന് നാടുകടത്തിയ ആ ഉമ്മൂമ്മ.
(ധീരപാലന്‍ ചാളിപ്പാടിനോട് വര്‍ഷങ്ങള്‍ക്കുമുമ്പ് സംസാരിച്ച ഓര്‍മയില്‍നിന്നെഴുതുന്നത്. വിശദാംശങ്ങളില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കാം. മറിയാത്തുവിന്റെ കവിതാവരികളും മറ്റ് അത്യാവശ്യ വിവരങ്ങളും പറഞ്ഞുതന്നത് കാസിം വാടാനപ്പള്ളി).
(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Write up on Bipul Regan Assamese poet who writes in Malayalam
Published: 07 Jul 2024, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented