വിഖ്യാത തമിഴ് നടൻ ശിവാജി ഗണേശനെ അനുസ്മരിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ കുറിപ്പ്…

To advertise here,

ഒരു ദിവസം ചെന്നൈയിൽനിന്ന് സുഹൃത്ത് പ്രതാപ് പോത്തൻ്റെ ഫോൺ :

"എടാ, നീ ശിവാജി സാറിനെക്കുറിച്ച് എന്തോ എഴുതിയില്ലേ. അതു തമിഴിൽ വായിച്ച് വലിയ സന്തോഷത്തിലാ പുള്ളിക്കാരൻ. നിന്നെ കാണണമെന്നു പറയുന്നു. ഇങ്ങോട്ടു വാ."

ശിവാജിഗണേശനെക്കുറിച്ച് ഞാൻ എഴുതിയ കുറിപ്പ് ആയിടെ ഡോ. ശൈലജ എന്ന തമിഴ് എഴുത്തുകാരി തമിഴിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു.

ഞാൻ ചെന്നൈയിലെത്തി. പ്രതാപ് പോത്തൻ എന്നെ ശിവാജിസാറിൻ്റെ വീട്ടിൽ കൊണ്ടാക്കിയിട്ടു പോയി.

രാജകൊട്ടാരങ്ങളിലെ ദർബാർഹാളിനു തുല്യമായ ആ വലിയ മുറിയിൽ, സിംഹാസനം പോലുള്ള ഇരിപ്പിടത്തിൽ അമർന്ന്, ശിവാജിസാർ പതിവുപോലെ ഭൂതകാലത്തെക്കുറിച്ചു വാചാലനായി.

ഇടയ്ക്കു ഞാൻ പറഞ്ഞു:

"തങ്കപ്പതക്കം എന്ന സിനിമയിൽ പോലീസ് ഓഫീസറുടെ കാലിടറുന്ന ആ നിമിഷത്തിൽ എൻ്റെ ഹൃദയം നിലച്ചുപോയി. "

ആ മഹാനടൻ്റെ കണ്ണുകൾ തിളങ്ങി.

'' സിനിമയിൽ ഒന്നുമില്ലെടാ. ആ നാടകം കാണണം. നാടകത്തിൽ ഞാൻ ഇങ്ങനെയാണു ചെയ്തത്. "

ഭാര്യയുടെ മരണവാർത്ത മേലധികാരിയിൽനിന്നു കേട്ടശേഷം തിരിഞ്ഞുനടക്കുമ്പോൾ പോലീസ് ഓഫീസറുടെ കാലിടറുന്ന രംഗം അദ്ദേഹം അഭിനയിച്ചു കാണിച്ചു.

ഞാൻ സ്തബ്ധനായി.

വിറച്ചുകൊണ്ട് ഞാൻ പറഞ്ഞു:

" സർ , ഇതു ലോകം മുഴുവൻ കാണേണ്ട നിമിഷമായിരുന്നു. ഇവിടെ ഞാൻ മാത്രം. "

അട്ടഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു:

" രണ്ടു കണ്ണുകൾ. രണ്ടേ രണ്ടു കണ്ണുകൾക്കുമുന്നിലാണ് അഭിനയം. ഒരാളും ഒരു കോടി ആളും തുല്യം."

ശിവാജിസാറിനെക്കുറിച്ച് ഞാൻ എഴുതിയ കുറിപ്പിൻ്റെ തമിഴ്പരിഭാഷ തമിഴ്‌നാട് സർക്കാർ ഇപ്പോൾ പ്ലസ് വൺ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആ മഹാനടൻ ഇന്നില്ല. രണ്ടു കണ്ണുകൾക്കായി ആ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നു.