
ഒരു ചിത്രകലാ അധ്യാപകനായി ഒതുങ്ങിപ്പോവുമായിരുന്ന ആർട്ടിസ്റ്റ് മദനനെ മാതൃഭൂമിയിലെ കേളികേട്ട ചിത്രകലാകാരന്മാരോടൊപ്പം പ്രതിഷ്ഠിച്ചത് മുതിർന്ന ചിത്രകാരൻ എ.എസ്സാണ്. നിറം മങ്ങിയ ജീവിതം നയിച്ചുകൊണ്ട് നിറങ്ങളോടൊപ്പം സഞ്ചരിച്ച മനുഷ്യൻ- അത്തിപ്പറ്റ ശിവരാമൻ എന്ന എ.എസ്. എ.എസ്സിന്റെ നിർദ്ദേശത്താൽ വര തന്നെ ജീവിതമാക്കിയ മദനൻ, എ.എസ്സിന്റെ അകാലവിയോഗത്തെക്കുറിച്ചും വ്യക്തിബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാം ചരമവാർഷികത്തിൽ സംസാരിക്കുന്നു.
എ.എസ് എന്ന ചിത്രകാരനെ ഓർക്കാനുള്ള ദിവസമാണ് എന്നെ സംബന്ധിച്ചിടത്തോളം ജൂൺ മുപ്പത്. കുട്ടിക്കാലം മുതലേ ചിത്രങ്ങളോട് എനിക്ക് വലിയ താല്പര്യമായിരുന്നു. ഞാൻ കണ്ടു വളർന്നതാവട്ടെ, എ.എസ്, ആർട്ടിസ്റ്റ് നമ്പൂതിരി, ജനയുഗത്തിലെ ഗോപാലൻ, മലയാള മനോരമ വാരികയിലെ ബോബനും മോളിയും തുടങ്ങിയവരുടെ ചിത്രങ്ങളെയാണ്. അക്കാലത്തും എക്കാലത്തും എന്നെ അത്ഭുതപ്പെടുത്തിയത് എ.എസ്സിന്റെയും നമ്പൂതിരിയുടെയും ചിത്രങ്ങളായിരുന്നു. എ.എസ്സിന്റെ ഗ്രാമഭംഗി, ശക്തി... അങ്ങനെ ഒരുപാട് വരകൾ കോറിയിട്ട് അതിന്മേൽ ചിത്രങ്ങളുണ്ടാക്കുന്ന ശൈലി എനിയ്ക്കത്ഭുതമായിരുന്നു. പഴയകാല ചിത്രീകരണ രീതി നോക്കുമ്പോൾ എ.എസ്സും നമ്പൂതിരിയും ഒരേ ശൈലിയിലാണ് തുടക്കത്തിൽ വരച്ച് കൊണ്ടിരുന്നത്.
കാലങ്ങൾക്കുശേഷം നമ്പൂതിരി നേരിയവരകളിൽ കോറിയിട്ടുകൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്ന ശൈലിയുണ്ടാക്കിയെടുത്തു. അത് അദ്ദേഹത്തിന്റ സ്വന്തം ശൈലിയായി മാറി. അതേസമയം ഒരുപാട് വരകളാൽ തന്റെ ജീവിതം നേരിട്ട അഗ്നിപരീക്ഷണങ്ങൾക്ക് വരയിലൂടെ സൗന്ദര്യം നല്കുകയായിരുന്നു എ.എസ്. ജീവിതത്തിന്റെ എല്ലാ സങ്കീർണകളെയും ഈ കോറിയിടലുകളിലൂടെ എ.എസ് പ്രതിഫലിപ്പിച്ചു. ദാരിദ്ര്യം, പാലക്കാടൻ ഉൾനാടുകളിലെ ജീവിതങ്ങൾ, പ്രതിസന്ധികൾ തുടങ്ങി ഓരോ ചിത്രവും എ.എസ്സിനെ വ്യക്തിപരമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു. നിരാശയും മുന്നോട്ടുള്ള ജീവിതയാത്രയിലേക്കുള്ള ധൈര്യശേഖരണവുമൊക്കെ എ.എസ്സിന്റെ ചിത്രങ്ങളിൽ കാണാമായിരുന്നു.
പാലക്കാട് കാറൽമണ്ണയിലാണ് എ.എസ് ജനിച്ചത്. അത്തിപ്പറ്റ ശിവരാമൻ എന്ന ഗ്രാമീണന്റെ ഭാവുകത്വപരിണാമമാണ് എ.എസ് എന്ന ചുരുക്കപ്പേര്. 1936-ലാണ് അദ്ദേഹം ജനിച്ചത്. 1988 ജൂൺ മുപ്പതിന് അദ്ദേഹം മരിക്കുന്നതുവരെ വിട്ടൊഴിയാതെ കൂടെയുണ്ടായത് ദാരിദ്ര്യമായിരുന്നു.
എ.എസ്സിനെ മദ്രാസിലേക്ക് ചിത്രകല അഭ്യസിക്കാൻ പറഞ്ഞയച്ചത് എ.എസ്സിന്റെ വീടിന്റെ തൊട്ടടുത്തുള്ള മനയിലെ നമ്പൂതിരിയായിരുന്നു. മദ്രാസ് ഫൈൻ ആർട് കോളേജിലാണ് പഠിച്ചത്. അക്കാലത്ത് ആർട്ടിസ്റ്റ് നമ്പൂതിരിയും അവിടെ പഠിക്കുന്നുണ്ടായിരുന്നു. കെ.സി.എസ് പണിക്കരായിരുന്നു ഗുരു. അതീവശക്തമായ രേഖകളായിരുന്നു എ.എസ്സിന്റെ മുഖമുദ്ര. 1961 ലാണ് മാതൃഭൂമിയിൽ എ.എസ് ജോലിയ്ക്കായി എത്തുന്നത്.
1984-ലാണ് ഞാൻ ആദ്യമായി എ.എസ്സിനെ കാണുന്നത്. അക്കാലത്ത് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചിത്രകലാ അധ്യാപകനായിരുന്നു ഞാൻ. ദേശാഭിമാനിയിൽ വാരികയിൽ പാർട്ട് ടൈമായിട്ട് ഞാൻ വരയ്ക്കുന്നുണ്ട്. തായാട്ട് ശങ്കരനായിരുന്നു അന്ന് ദേശാഭിമാനി വാരികയുടെ പത്രാധിപർ. പോൾ കല്ലാനോട് അന്ന് കോഴിക്കോട് സെന്റ്.ജോസഫ് ബോയ്സ് ഹൈസ്കൂൾ അധ്യാപകനാണ്. പോൾ മാഷിന് എ.എസ്സിനെ നേരത്തേ അറിയാം. പോൾ മാഷാണ് എന്നോട് പറയുന്നത് മദനൻ ആരാണ് എവിടുന്നാണ് എന്നെല്ലാം എ.എസ് അന്വേഷിച്ചു, പറ്റുമെങ്കിൽ അദ്ദേഹത്തെ ഒന്ന് തിരുവനന്തപുരത്ത് പോയി കാണണം എന്ന്. അങ്ങനെയിരിക്കേ 1984-ലെ സംസ്ഥാന ശാസ്ത്രമേളയുടെ എസ്കോർട്ടിങ് ടീച്ചറായി തിരുവനന്തപുരത്ത് പോകാൻ നിയോഗിക്കപ്പെട്ട ഞാൻ സമയം കണ്ടെത്തി എ.എസ്സിനെ പെരുന്താന്നിയിലെ മാതൃഭൂമിയിൽ പോയി കണ്ടു.
ജെ.ആർ പ്രസാദാണ് എ.എസ് താമസിക്കുന്ന വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ''മദനന്റെ ചിത്രങ്ങൾ ഞാൻ കാണാറുണ്ട്. മാതൃഭൂമിയിലേക്ക് വരാൻ താല്പര്യമുണ്ടെങ്കിൽ സ്കൂൾ ജോലി രാജിവെച്ചിട്ട് വരാം. ഒരു വർഷം ട്രെയിനിങ് ഉണ്ടാകും. അതു കഴിഞ്ഞാൽ സ്ഥിരമാകും''-എ.എസ് മുഖവുരകളൊന്നുമില്ലാതെ പറഞ്ഞു. ഞാനപ്പോൾ സന്തോഷിക്കുകയായിരുന്നു. എ.എസ്സിനെപ്പോലുള്ള മഹാനായ ചിത്രകാരനാണ് എന്നെ മാതൃഭൂമിയിലേക്ക് ക്ഷണിക്കുന്നത്. ഞാൻ ചോദിച്ചു: ''സർ ഞാൻ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, ആർക്കാണ് അപേക്ഷിക്കേണ്ടത്? '' അപ്പോൾത്തന്നെ എ.എസ് അപേക്ഷയുടെ ഒരു മാതൃക സ്വന്തം കൈപ്പടയിൽ എഴുതിത്തന്നു. ആ കൈപ്പട ഞാനിന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു.

സാൽവദോർ ദാലിയുടെ നോട്ടമാണ് എനിക്ക് പലപ്പോഴും എ.എസ്സിനെ കാണുമ്പോൾ ഓർമ വരിക. കർക്കശമായ മുഖഭാവത്തോടെ, തലയെടുപ്പോടെ നടന്നു നീങ്ങുന്ന എ.എസ്. വൃത്തിയുള്ള മുണ്ടും ഷർട്ടും ഹവായ് ചെരുപ്പും- അതായിരുന്നു എ.എസ്സിന്റെ ആർഭാടം. ചിത്രങ്ങൾ വരച്ച് എ.എസ്സിനെ കാണിക്കാൻ പോകുമ്പോൾ എന്റെ നെഞ്ചിടിക്കുന്നത് ഞാനറിയുമായിരുന്നു. എ.എസ് ഇരിക്കാൻ പറയുമ്പോൾ ഇരിത്തം വരില്ല. ലോകപ്രശസ്തരായവർക്കുവേണ്ടി എത്രയോ ചിത്രങ്ങൾ വരച്ച് അവരേക്കാൾ പ്രശസ്തിയാർജിച്ച കലാകാരനാണ്.
ഒറ്റ നോട്ടത്തിൽ ആരും അടുക്കാൻ ഒന്നു മടിക്കുന്ന വ്യക്തിത്വം. എന്നാൽ അടുത്തുപരിചയപ്പെട്ടാൽ ഇത്രയും സ്നേഹമുള്ള മനുഷ്യൻ വേറെയില്ലതാനും. പുറവും അകവും ഒരുപോലെ സൗമ്യമായ സ്വഭാവം. ഒരിക്കലും പിന്നിൽ നിന്നും കുത്തിയിട്ടില്ല. കലാകാരന്മാർക്കു പറഞ്ഞ അസൂയയും കുശുമ്പും കുന്നായ്മയുമൊന്നുമില്ല. ആ സ്നേഹത്തിൽ ജീവിതം നമുക്കനുഭവിക്കാമായിരുന്നു.
1978-ൽ ആഴ്ചപ്പതിപ്പിലെ 'യയാതി' എന്ന നോവൽ വിവർത്തനത്തിനു വേണ്ടിയുള്ള വരകളാണ് എ.എസ്സിനെ പ്രശസ്തിയുടെ ഉച്ചകോടിയിലെത്തിച്ചത്. പിന്നെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിനു വേണ്ടി വരച്ച ചിത്രങ്ങൾ. എ.എസ്സിന്റെ വരകളിലൂടെ രവിയ്ക്കും മൈമൂനയ്ക്കും അള്ളാപ്പിച്ചാ മൊല്ലാക്കയ്ക്കുമൊക്കെ ജീവൻ വക്കുകയായിരുന്നു. എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലാണ് പിന്നീട് എ.എസ് വിസ്മയം തീർത്തത്.
ഒ. വി വിജന്റെ ഗുരുസാഗരം പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ആഴ്ചപ്പതിപ്പ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എം പ്രസ്സിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു. ഗുരുസാഗരത്തിന് അദ്ദേഹം വരയ്ക്കുന്നത് നോക്കിനിൽക്കാനെനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പെൻ ആൻഡ് ഇങ്ക് ഡ്രോയിങ് ലോകപ്രശസ്തമായ ചിത്രകലയിലേക്കുള്ള വാഷിങ്ങായിരുന്നു നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ കാർട്ടൂണുകൾ മലയാളികൾ ഒരുകാലത്തും മറക്കില്ല. യയാതിയ്ക്കു വേണ്ടി അദ്ദേഹം വരച്ച കുറേ ചിത്രങ്ങൾഎ.എസ്സിന്റെ മകൾ സുധ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
എ.എസ് ഊണ് കഴിക്കുന്നത് കാണാൻ നല്ല രസമായിരുന്നു. മാതൃഭൂമി കാന്റീനിലെ പ്ളേറ്റിൽ നിന്നും പപ്പടമെടുത്ത് ആദ്യം ഇടതുകയ്യിൽ പിടിക്കും. പിന്നെ ചോറ് കഴിക്കുന്നതോടൊപ്പം ഇടയ്ക്കിടെ പപ്പടം കടിച്ചുകൂട്ടും. വിശ്രമവേളകളിൽ എ.എസ്സിനെ കാണാൻ കോഴിക്കോട്ടുള്ള മിക്ക നാടകപ്രവർത്തകരും വരും. ഇബ്രാഹിം വേങ്ങര, വിക്രമൻ നായർ, വിൽസൺ സാമുവൽ തുടങ്ങിയവരെല്ലാം നാടകാവശ്യത്തിനുവേണ്ടിയുള്ള ചിത്രങ്ങൾ എ.എസ്സിനെക്കൊണ്ട് വരപ്പിക്കുമായിരുന്നു.
ചിത്രകല ഞാൻ പഠിച്ചത് അച്ഛനിൽ നിന്നാണെങ്കിലും എന്റെ ഗുരുസ്ഥാനീയനായി ഞാൻ കാണാനാഗ്രഹിക്കുന്നത് എ.എസ്സിനെയാണ്. എ.എസ്സിന്റെ പ്രകൃതിയും സ്ത്രീകളും മറ്റുകലാകാരരിൽ നിന്നും എക്കാലത്തും വേറിട്ടുനിന്നു. എനിക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാൻ കഴിയാത്തതായിരുന്നു എ.എസ്സിനെപ്പോലുള്ള ചിത്രകലയിലെ അതികായകരുടെ കൂടെ ജോലിചെയ്യാൻ സാധിക്കും എന്നത്. ആ കലാകാരന്മാർക്കിടയിലേക്ക് എന്നെയും കൂടി ക്ഷണിച്ചതാണ് എനിക്ക് മാതൃഭൂമിയോടുളള കടപ്പാട്.
പെട്ടെന്നാണ് എ.എസ് മരണപ്പെടുന്നത്. ഞാനും പ്രസാദും അദ്ദേഹത്തിന്റെ മുറിയിലിരിക്കുമ്പോളാണ് താഴെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് ഓട്ടോറിക്ഷയിൽ എ.എസ് വന്നിറങ്ങുന്നതും കുഴഞ്ഞുവീഴുന്നതും.
അന്നത്തെ ചീഫ് എഡിറ്ററായിരുന്ന എൻ.വി കൃഷ്ണവാരിയരുടെ വളരെയടുത്ത സുഹൃത്തുകൂടിയായിരുന്നു എ.എസ്. അദ്ദേഹത്തിന്റെ ഭൗതികശരീരം അത്തിപ്പറ്റയിൽ എത്തിച്ച് സംസ്കാരച്ചടങ്ങുകൾക്കെല്ലാം അദ്ദേഹം നേതൃത്വം കൊടുത്തു. വാനിൽ ഭൗതികശരീരം കയറ്റിയപ്പോൾ ഞാനും പ്രസാദും കൂടെ കയറി ഇരുന്നു. അമ്പത്തൊന്നു വയസ്സായിരുന്നു അദ്ദേഹത്തിന്. 1988 ജൂൺ മുപ്പത് ഒരിക്കലും മറക്കാനാവില്ല. ഇനിയുമേറെ മുന്നോട്ടുപോകേണ്ടിയിരുന്ന ആ വരകൾ മാഞ്ഞുപോയത് അന്നായിരുന്നല്ലോ.
മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Content Highlights: Artist Madanan Remembers Artist A S on his death Anniversary
Published: 30 Jun 2020, 04:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented