അമ്മയായിരുന്നു ഞങ്ങളുടെ കുടുംബത്തിലെ കാരണവർ സ്ഥാനം വഹിച്ചിരുന്നത്. അമ്മ പറയുന്നത് എല്ലാവരും അനുസരിച്ചു, അമ്മയെ കേട്ടുവളർന്നു. ഒരു നാട്ടുരാജ്യം സംരക്ഷിക്കുന്ന റാണിയെപ്പോലെ അമ്മ തന്റെ കുടുംബത്തിനുവേണ്ടി ഓരോ ശ്വാസോച്ഛാസംപോലും സമർപ്പിച്ചിരുന്നു. അമ്മയെപ്പോലെ തന്നെ എനിക്കു ചുറ്റും പ്രബലരായ കുറേ സ്ത്രീകൾ മികച്ച മാതൃകയായി മുന്നിൽ നിൽപ്പുണ്ടായിരുന്നു. വിമൻസ് കോളേജിലെ എന്റെ അധ്യാപകർ, എന്റെ അപ്പച്ചി, അയൽപക്കത്തെ അമ്മമാർ… സഹപാഠികളായിരുന്ന പെൺകുട്ടികൾ എത്തിച്ചേർന്ന വലിയ സ്ഥാനമാനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വളരേയധികം അഭിമാനവും തോന്നിയിട്ടുണ്ട്.

To advertise here,

അമ്മ എന്റെയടുക്കൽ ആദ്യമായി വന്നത് ഓർക്കുകയായിരുന്നു. മുണ്ടും നേര്യതും മാത്രം ഉടുത്തു ശീലിച്ച അമ്മ അതേ വേഷത്തോടെയാണ് വിമാനമിറങ്ങിയത്. ഈ നാടൊക്കെ ഒന്നുകാണാം എന്നു തീരുമാനിച്ചപ്പോൾ അമ്മ ആദ്യം ചെയ്തത് സാരി ഉടുക്കാൻ ശ്രമിക്കുക എന്നതായിരുന്നു. ആദ്യമായിട്ടായിരുന്നു അമ്മ ഒരു കളർസാരി ഉടുക്കുന്നത്. മുണ്ടും നേര്യതും മാത്രം ചുറ്റി ശീലിച്ച അമ്മയ്ക്ക് സാരി അത്ര എളുപ്പം വഴങ്ങിയിരുന്നില്ല. ഞാൻ സൂക്ഷിച്ച ഒരു ഫോട്ടോയിൽ അമേരിക്കയിലെ പ്രഥമ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിന്റെ സ്മാരകത്തിനുമുന്നിൽ അമ്മ സാരിയുടുത്ത് നിവർന്നുനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വസതിക്കുമുന്നിൽ നിൽക്കുന്ന ഭാരതിയമ്മ ഉടുത്തതാവട്ടെ മുണ്ടും നേര്യതും! മുണ്ടും നേര്യതുമുടുത്ത് ജോർജ് വാഷിങ്ടണിന്റെ വസതി സന്ദർശിക്കാൻ അതുവരെ ആരെങ്കിലും തുനിഞ്ഞിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ, എന്റെ ഭാരതിയമ്മയ്ക്ക് എന്തും ഏതുനാട്ടിലും സാധിക്കുമായിരുന്നു.

 

എന്നെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ചോർക്കുമ്പോൾ അവർ അക്കാലത്തെ പുരുഷന്മാരോട് കിടപിടിച്ചു നേടിയ നേട്ടങ്ങളിൽ മനസ്സാ ഞാനും അഭിമാനിക്കാറുണ്ട്. അവർ ഒരിക്കലും അക്കാലത്തെ സാമൂഹികസ്ഥിതി ബലമായി ആവശ്യപ്പെട്ട പുരുഷ മേൽക്കോയ്മക്കു മുന്നിൽ തങ്ങളുടെ വ്യക്തിത്വമോ പ്രതിഭയോ അടിയറവുവെച്ചില്ല. അവർ വരുംതലമുറയിലെ പെൺകുട്ടികൾക്ക് മികച്ച മാതൃകയായി നിലനിന്നു. ഈയവസരത്തിൽ അമേരിക്കൻ വൈസ് പ്രസിഡണ്ടും സെനറ്റിന്റെ തലവനുമായിരുന്ന അൽ ഗോറിനെ ഓർക്കുകയാണ്. മീറ്റിങ്ങുകൾ വരുമ്പോൾ അദ്ദേഹത്തെ കാണാനുള്ള സാഹചര്യം ഉണ്ടാവുമായിരുന്നു. ഇന്ത്യയിൽ എവിടെനിന്നാണെന്ന് അദ്ദേഹം അന്വേഷിച്ചു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കേരളത്തിലെ സ്ത്രീകളെ വളരെയധികം പ്രശംസിച്ചു സംസാരിച്ചു. അൽഗോർ എഴുതിയ 'എർത്ത് ഇൻ ദ ബാലൻസ്' എന്ന പുസ്തകത്തിൽ കേരളത്തിലെ സ്ത്രീകളാണ് സംസ്ഥാനത്തിന് ഇത്രയധികം വളർച്ച കൈവരിക്കാൻ സഹായിച്ചത് എന്ന് നിരീക്ഷിക്കുന്നുണ്ട്. സസ്‌റ്റൈനബിൾ പോപ്പുലേഷൻ ഗ്രോത്തിൽ കേരളമാണ് പ്രീമിയർ ഗ്ലോബൽ മോഡൽ എന്നാണ് അൽഗോർ സ്ഥാപിക്കുന്നത്. നമ്മുടെ ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ് ലോകത്തിനുതന്നെ മാതൃകയാണെന്ന് അൽഗോർ എഴുതുന്നുണ്ട്.നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിജയത്തെക്കുറിച്ചും അൽഗോർ വിശദമായ പഠനം നടത്തുന്നുണ്ട് പുസ്തകത്തിൽ.

കേരളത്തിലെ സ്ത്രീകൾ നേടിയ വിജയങ്ങൾ അത്ര എളുപ്പമുള്ളതാവാൻ വഴിയില്ല. കുടുംബാന്തരീക്ഷവും സാമ്പത്തികസ്ഥിതിയും ബന്ധുക്കളുടെ നിരുത്സാഹപ്പെടുത്തലുകളും സമൂഹത്തിന്റെ കണ്ണേറുകളുമെല്ലാം തരണം ചെയ്തിട്ടായിരിക്കാം തങ്ങളുടേതായ ഇരിപ്പിടം അവർ ജീവിതത്തിൽ നിലനിർത്തിയത്. എന്റെ അമ്മയുടെ സമപ്രായത്തിലുള്ള മിക്ക അമ്മമാരും പോകുന്നിടത്തെല്ലാം വീടും ചുമന്ന് നടന്നവരായിരുന്നു. വെളുപ്പിന് എഴുന്നേൽക്കുന്നത് മാത്രം ഓർമയുണ്ടാകും. പിന്നെ ചക്കിനുകെട്ടിയ മൂരി തിരിയുന്നതുപോലെയാണ്. വീട്ടിലെ ജോലി കഴിഞ്ഞാൽ നേരെ പാടത്തേക്ക്, പാടത്തേതു കഴിഞ്ഞാൽ പറമ്പിലേക്ക്, പറമ്പിലേതു കഴിഞ്ഞാൽ പശുത്തൊഴുത്തിലേക്ക്, അവിടുത്തേത് കഴിഞ്ഞാൽ അലക്കുകല്ലിലേക്ക്, പാത്രങ്ങളിലേക്ക്, അരകല്ലിലേക്ക്, ആട്ടുകല്ലിലേക്ക്...

ഉമ്മറത്ത് ഉത്തരം താങ്ങുന്ന പല്ലിയുടെ ഭാരിച്ച മുഖവുമായി വീട്ടിലെ മുതിർന്ന പുരുഷൻ ഇരിക്കുന്നുണ്ടെങ്കിൽ നാഴികയ്ക്ക് നാൽപ്പതുവട്ടം അങ്ങോട്ട്. രാജ്യം ഭരിക്കാൻ ഉത്തരവിടുന്നതും രാജ്യം ഭരിക്കുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. എന്നെപ്പോലുള്ളവർ അതൊക്കെ കണ്ടുവളർന്ന തലമുറയിൽപ്പെട്ടതാണ്. അമ്മയെപ്പോലെയുള്ള ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അവർക്കെല്ലാം അപാര ധൈര്യവും തന്റേടവുമായിരുന്നു. എന്തുവന്നാലും നേരിടും, നേരിട്ടിരിക്കും. അവരുടെ ധൈര്യത്തിനും തന്റേടത്തിനും ധനമോ ജാതിയോ വിദ്യാഭ്യാസമോ ഒന്നുംതന്നെ സഹായകമായിരുന്നില്ല.

പാടത്തു പണിയെടുക്കുന്നവർക്കും ഓഫീസിൽ ജോലി ചെയ്യുന്നവർക്കും ഒരേ ധൈര്യമായിരുന്നു. അവരിൽ പലർക്കും ഭർത്താക്കന്മാർ ചെയ്തുകൊടുത്ത ഉപകാരം സന്താനോത്പത്തി മാത്രമായിരുന്നു. അക്കാലത്ത് സ്ത്രീകളെ ഉപേക്ഷിക്കാൻ സമൂഹത്തിനും പുരുഷന്മാർക്കും എളുപ്പം കഴിയുമായിരുന്നു. വിട്ടുമാറാത്ത രോഗങ്ങൾക്കും പകർച്ചവ്യാധികളോടും എപ്പോൾ വേണമെങ്കിലും കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടുപോകാൻ കെൽപുള്ള മരണത്തോടും പൊരുതിനിന്ന് സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി. കുറേയൊക്കെ കതിരായി, കുറയേറെ പതിരുമായി.

എന്റെ ഓരോ വളർച്ചാഘട്ടത്തിലും എനിക്ക് തുണയായി നിന്നത് പല നാട്ടിലെയും സ്ത്രീകളായിരുന്നു. അമേരിക്കയിൽ വന്നപ്പോൾ സ്ത്രീത്വത്തിന്റെ അടിസ്ഥാനഗുണങ്ങൾ ഏറെയധികം തന്നെ അനുഭവിച്ചയാളാണ് ഞാൻ. ഇവിടെ സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടായിരിക്കും, കാറോടിക്കുന്നുണ്ടാവും, വിമാനം പറത്തുന്നുണ്ടാവും... പക്ഷേ വിശദമായി ചിന്തിക്കുകയാണെങ്കിൽ എല്ലാ സ്ത്രീകളുടെയും അടിസ്ഥാനപരമായ വെല്ലുവിളികൾ ഏതാണ്ടെല്ലാ നാട്ടിലും ഒന്നുതന്നെയാണ്- ജോലി ചെയ്യുക, കുട്ടികളെ വളർത്തുക, സ്‌കൂളിൽ പറഞ്ഞയയ്ക്കുക, കുടുംബം പുലർത്തുക... തുടങ്ങിയ കാര്യങ്ങളെല്ലാം സ്ത്രീകളുടെ അധിക ഉത്തരവാദിത്തങ്ങളാണ്. 

പുറമേനിന്നു കാണുന്നതുപോലെ അത്ര സുഗമമായിരിക്കില്ല നമ്മുടെ നാട്ടിലെ മിക്ക കുടുംബങ്ങളിലെയും അവസ്ഥ. പലരും പലതും മറച്ചുവെച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരോ നിർബന്ധിക്കപ്പെടുന്നവരോ ആണ്. ഇവിടെ പക്ഷേ നിയമം കുറേയേറെ സ്ത്രീകളുടെ പക്ഷത്താണ്. പങ്കാളിയുമായി പിണങ്ങി വിവാഹമോചനം മാത്രമാണ് മുമ്പിലുള്ള ഏകമാർഗം എന്ന ഘട്ടമെത്തുമ്പോൾ നിയമം ഇടപെടുന്നു. നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രാവർത്തികമാക്കിയ കൗൺസിലിങ് ഇവിടെ എത്രയോ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. ചില സ്റ്റേറ്റുകൾ ഒരു വർഷത്തോളം രണ്ടുപേർക്കും ഒന്നിച്ചു ജീവിക്കാൻ സഹായകമാവുന്ന കൗൺസിലിങ്ങുകൾ നൽകുന്നു. അതു ശരിയായില്ലെങ്കിൽ ഡിവോഴ്സിന് ഫയൽ ചെയ്ത് ഒരു വർഷത്തോളം കാത്തിരിക്കണം. ഡിവോഴ്സിന് അതത് സ്റ്റേറ്റുകളിൽ അവരുടേതായ നിയമങ്ങളുണ്ട്. കുട്ടികൾക്ക് ചെലവിന് കൊടുത്തിരിക്കണം. ജോലിയില്ലാത്ത ഭാര്യയാണെങ്കിൽ അവരുടെ ചെലവിനും ഭർത്താവ് നൽകിയിരിക്കണം. ഭർത്താവിന്റെ ശമ്പളത്തിൽനിന്നു കോടതി നിശ്ചയിക്കുന്ന തുക ഭാര്യയ്ക്കും കുട്ടികൾക്കും നൽകാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേധാവിക്ക് അധികാരമുണ്ട്. ദേഹോപദ്രവം ഏൽപിക്കുക എന്നത് സാധ്യമല്ലാത്തവിധം നിയമം കടുത്തതാണ് ഇവിടെ. അഥവാ അങ്ങനെ സംഭവിച്ചാൽ പോലീസ് ഇടപെടുന്ന രീതിയും വ്യത്യസ്തമായിരിക്കും.

ഇവിടുത്തെ സ്ത്രീസൗഹാർദ്ദപരമായ നിയമങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിഞ്ഞപ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട്, നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ നടപ്പാക്കിയിരുന്നെങ്കിൽ സ്ത്രീകളുടെ ജീവിതം എത്രയോ മെച്ചപ്പെട്ടതാവുമായിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തമായൊരു തീരുമാനം എടുക്കാൻ അവരെ നിയമം പ്രാപ്തമാക്കുമായിരുന്നു. നാട്ടിലെ മലയാളി പുരുഷന്മാരും ഇവിടെ സ്ഥിരതാമസമാക്കിയ മലയാളി പുരുഷന്മാരും തമ്മിൽ എത്രയോ അന്തരമുണ്ട്. ഞാനത് നേരിട്ടുകണ്ടറിഞ്ഞതാണ്. നാട്ടിലെ പുരുഷന്മാർക്ക് അടുക്കള ഏതാണെന്ന് അറിയാത്ത കാലത്താണ് ഞാൻ അമേരിക്കയിൽ എത്തിയത്. ആദ്യകാലത്തൊക്കെ ശേഖറിന് ആ വളർത്തുദോഷമുണ്ടായിരുന്നു. പിന്നെ കാലവും വീട്ടിലെ സാഹചര്യവും എന്റെ ജോലിയുടെ സ്വഭാവവും ശേഖറിനെ അടുക്കളയുമായി പരിചയത്തിലാവാൻ നിർബന്ധിച്ചു.

അദ്ദേഹത്തെപ്പോലുള്ള എല്ലാ മലയാളി പുരുഷന്മാരും കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പഠിച്ചു, അരിയും പയറും കണ്ടാൽ തിരിച്ചറിയാനായി. അടുക്കളയിൽ കയറി പച്ചക്കറി അരിഞ്ഞു, പാത്രങ്ങൾ കഴുകി, കുട്ടികളെ കുളിപ്പിച്ചു, ഭക്ഷണം കഴിപ്പിച്ചു, കൃത്യസമയത്ത് സ്‌കൂളിൽ പറഞ്ഞയച്ചു, വീട്ടിലെ ഡ്രൈവർ ജോലിയും ഏറ്റെടുത്തു. ഇവിടുത്തെ തദ്ദേശീയരായ ആണുങ്ങൾ വീട്ടിലെ എല്ലാ ജോലികൾക്കും സ്ത്രീകൾക്കൊപ്പം നിന്ന് സഹായിക്കുന്നത് സാധാരണകാഴ്ചയാണ്. ഒരുപക്ഷേ അതു കണ്ടിട്ടായിരിക്കാം അല്ലെങ്കിൽ പ്രചോദനമുൾക്കൊണ്ടതായിരിക്കാം. വീട്ടിൽ വിരുന്നുകാർ വന്നാൽ ഭക്ഷമുണ്ടാക്കുന്നത് സ്ത്രീകളാണെങ്കിലും അവർ കഴിച്ചുകഴിഞ്ഞാൽ അതിഥികൾക്കൊപ്പം സ്ത്രീകൾ സമയം ചെലവഴിക്കുകയും പുരുഷന്മാർ ബാക്കിയുള്ള ക്ലീനിങ് പരിപാടികളൊക്കെ ഏറ്റെടുക്കുകയും ചെയ്യുന്നു. അവരാണ് ബാക്കി വന്ന ഭക്ഷണം പാത്രങ്ങളിലേക്ക് മാറ്റി അടച്ചുവെക്കുന്നതും പാത്രങ്ങൾ കഴുകുന്നതുമെല്ലാം. സ്ത്രീകൾക്ക് അപ്പോൾ റിലാക്സ് ചെയ്യാനുള്ള സമയമാണ്. നാട്ടിലാണെങ്കിൽ മുറ്റത്തെ ഒരു ചെടിക്കമ്പ് കൂടി ഒടിച്ച് കവറിലാക്കി അതിഥി യാത്രയാവുന്നതുവരെ ജോലി സ്ത്രീകളുടേത് മാത്രമാണ്.

വ്യക്തിജീവിതത്തിൽ സാംസ്‌കാരികത എത്രമാത്രം ഇഴകിച്ചേർന്നുനിൽക്കുന്നു എന്നുള്ളത് ഞാൻ കണ്ടറിഞ്ഞത് ഇവിടുത്തെ കൗമാരപ്രായക്കാരായ കുട്ടികളിലൂടെയാണ്. എന്റെ രണ്ട് പെൺകുട്ടികളും ഈ പ്രായത്തിലെത്തിയപ്പോൾ എനിക്കത് കൂടുതൽ അടുത്തറിയാനും കഴിഞ്ഞു. നമ്മുടെ നാട്ടിൽ വ്യക്തിബന്ധങ്ങളിൽ ഏറെ പുരോഗതി ഉണ്ടായെങ്കിലും കുട്ടികൾ അവർ തിരഞ്ഞെടുക്കുന്ന പങ്കാളികളെ അംഗീകരിക്കാൻ മാതാപിതാക്കൾ വളരെയേറെ പുരോഗമനം കൈവരിക്കേണ്ടി വരും. ഇന്ന് സാഹചര്യങ്ങൾ കുറേയൊക്കെ കുട്ടികൾക്ക് അനുകൂലമാണ്. ഇവിടെ വന്നകാലത്തൊക്കെ എനിക്ക് വളരെയേറെ കൗതുകമുളവാക്കിയ ഒരുകാര്യമായിരുന്നു അച്ഛനമ്മമാർ തങ്ങളുടെ മക്കളുടെ പ്രണയത്തിൽ അഭിപ്രായം പറയുന്ന രീതി. മക്കൾക്ക് പത്തുപതിനഞ്ചു വയസ്സാവുമ്പോഴേക്ക് അച്ഛനമ്മമാർ അവരോട് തങ്ങൾക്കിണങ്ങിയ ഒരു സുഹൃത്തിനെ കണ്ടുപിടിച്ച് ഡേറ്റ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. ഒന്നിച്ച് സിനിമകാണാൻ പോകുന്നതും ഭക്ഷണം കഴിക്കാൻ പോകുന്നതും മാതാപിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയാണ്. ഒരാളെ മാത്രം പ്രണയിച്ച് അയാളെത്തന്നെ ജീവിതത്തിൽ ഒപ്പം കൂട്ടാൻ മാതാപിതാക്കൾ ഒരിക്കലും നിർബന്ധിക്കാറില്ല.

ബന്ധങ്ങളുടെ അസ്ഥിരതയും ദൃഢതയും ഒരുപോലെ തങ്ങളുടെ മക്കൾ തിരിച്ചറിയുന്നതുവരെ അവർക്ക് സുഹൃത്തുക്കളെ നിലനിർത്താം, ഉപേക്ഷിക്കാം, അടുത്തത് തിരഞ്ഞെടുക്കാം. കൗമാരകാലം മുതൽക്കേ കുട്ടികൾ തങ്ങളുടെ പ്രണയവും രതിയും സൗഹൃദവും വിരസതയും രക്ഷിതാക്കളുമായി പങ്കുവെക്കാനുള്ള ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. ഇത് അവരവരുടെ തികച്ചും സ്വകാര്യമായ കുടുംബകാര്യവുമല്ല. അവരത് നമ്മളോടൊക്കെ പങ്കുവെക്കുകയും ചെയ്യുന്നത് പതിവാണ്.

മാലിനി കോളേജിലെത്തിയപ്പോൾ എന്നോട് സഹപ്രവർത്തകർ ചോദിച്ചത് കേട്ട് ഞാൻ ആദ്യം ഒന്ന് അമ്പരന്നിരുന്നു. 'മകൾക്ക് ബോയ്ഫ്രണ്ട് ഒക്കെയായോ, ഡേറ്റിങ്ങിനുപോകാറുണ്ടോ?' പിന്നെയെനിക്ക് മനസ്സിലായി മോൾക്ക് കല്യാണാലോചനയൊക്കെ വരുന്നുണ്ടോ എന്നു ചോദിക്കുന്നതു പോലെയാണ് അവർ ബോയ്ഫ്രണ്ട് ആയോ എന്നുചോദിക്കുന്നത്. അതൊരു അപരാധമല്ല.

ഈ സംസ്‌കാരം അത്രയൊന്നും ഉൾക്കൊള്ളാൻ പാങ്ങില്ലാത്ത കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് അവരുടെ മക്കളുടെ കാര്യത്തിൽ തെല്ലൊന്നുമല്ല ആശങ്കയുണ്ടായിരുന്നത്. ഞാനുൾപ്പെടെയുള്ള മലയാളി അമ്മമാർ പെൺകുട്ടികളെ ഡേറ്റിങ്ങിന് വിടാനോ ആൺസുഹൃത്തുക്കൾക്കൊപ്പം കഴിയാനോ സമ്മതം കൊടുത്തിരുന്നില്ല. മദാമ്മമാർ അവരുടെ മക്കളോട് പറയുന്ന രീതി ഞങ്ങൾക്കൊട്ടു വശവുമില്ലായിരുന്നു. നാട് അമേരിക്കയാണെങ്കിലും വളർത്തുന്നത് മലയാളി രക്ഷിതാക്കളായതിനാൽ കുട്ടികൾക്കും തദ്ദേശീയരായ സഹപാഠികളുടെ രീതികളോട് അപരിചിതത്വമായിരുന്നു.

ഇവിടുത്തെ കുട്ടികൾ ഒന്നിച്ച് പുറത്തുപോകുമ്പോഴും രാത്രിയാത്രകൾ നടത്തുമ്പോഴും ബിയർപാർലറുകൾ സന്ദർശിക്കുമ്പോഴും അക്കാലത്തെ മലയാളി പെൺകുട്ടികൾ വീടുകളിൽ ഒതുങ്ങി. കുട്ടികൾ അവരുടെ ഇഷ്ടങ്ങളോ താൽപര്യങ്ങളോ ഞങ്ങൾ അമ്മമാരുമായി പങ്കുവെച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ ഈ കുട്ടികളെച്ചൊല്ലി ആന്തരികമായ ഒരു സംഘർഷം എപ്പോഴും ഞങ്ങൾ അമ്മമാർ കൊണ്ടുനടന്നിരുന്നു. ഇവർ ആരെയാണ് പ്രണയിക്കുന്നത്, എങ്ങനെ മികച്ച ഒരു വരനെ കണ്ടെത്തും അത് ഇന്ത്യക്കാരൻ തന്നെയായിരിക്കുമോ തുടങ്ങിയ ആകുലതകൾ ഞങ്ങൾ അമ്മമാർ കാണുന്ന മാത്രയിലൊക്കെ പരസ്പരം പങ്കുവെച്ചു.

പെൺകുട്ടികളിൽ പലരും വിവാഹം കഴിച്ചില്ല. ആൺകുട്ടികൾ കുറച്ചുപേർ മദാമ്മപ്പെൺകുട്ടികളെ തിരഞ്ഞെടുത്തു. സായ്പ്പുമാരുടെ സൗന്ദര്യസങ്ക്ലപത്തെക്കുറിച്ച് നമ്മുടെ പെൺകുട്ടികൾക്ക് ഒരു ഇൻഫീരിയോറിറ്റി കോംപ്ലക്സ് ഉടലെടുത്തിരുന്നു. അവരുടെ കൂടെ ഡേറ്റിങ്ങിനു പോകുക എന്നത് ഈ പെൺകുട്ടികൾക്കും ഒരു ചലഞ്ചായിരുന്നു. അക്കാലത്ത് മലയാളികൾ പലപ്പോഴും ചെയ്തിരുന്നത് വിവാഹപ്രായമാകുമ്പോൾ നാട്ടിൽപ്പോയി പറ്റിയ ആലോചനകൾ കണ്ടുപിടിച്ച് വിവാഹം ചെയ്ത് പങ്കാളിയെയും കൊണ്ട് തിരികെ വരിക എന്നതായിരുന്നു. അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികൾക്ക് നാട്ടിലെ വിവാഹാലോചനകളിൽ പ്രത്യേകസ്ഥാനവും ലഭിച്ചിരുന്നു.

എന്നാൽ, എനിക്കറിയാവുന്ന അത്തരം വിവാഹങ്ങളിൽ പലതും വലിയ പരാജയമായിരുന്നു. ചിലർ പങ്കാളിയുടെ വിസയിൽ ഇവിടെയെത്തിയശേഷം ജീവിതത്തിൽനിന്നും കാലുമാറി. പക്ഷേ, ഇപ്പോൾ അന്തരീക്ഷം ഇന്ത്യൻ യുവാക്കൾക്ക് അനുകൂലമായി. കോളേജുകളിൽ ധാരാളം ഇന്ത്യക്കാരെ കാണാം, ഗ്ലോബൽ ജീവിതരീതികളുമായി നമ്മൾ താദാത്മ്യം പ്രാപിച്ചു. അതുകൊണ്ടുതന്നെ ആരെ വിവാഹം ചെയ്താലും വരുംവരായ്കകൾ നേരിടാൻ കുട്ടികൾ പ്രാപ്തരായി. എന്നിരുന്നാലും മലയാളി രക്ഷിതാക്കൾ മക്കളുടെ മേൽ പുലർത്തിയ അമിത താൽപര്യങ്ങൾ പലപ്പോഴും വിനയായിട്ടുമുണ്ട്.

ഇവിടെ എല്ലാ പ്രണയത്തെയും തദ്ദേശീയരായ അച്ഛനമ്മമാർ അംഗീകരിച്ചു കൊടുക്കുകയൊന്നുമില്ല. അവരുടെ സാമൂഹികപദവിക്കും സാമ്പത്തികസ്ഥിതിക്കും സ്വഭാവശുദ്ധിക്കുമൊന്നും സമാനരല്ലാത്ത ഒരാളെയാണ് കുട്ടി കണ്ടുപിടിക്കുന്നതെങ്കിൽ അവർ പരമാവധി നിരുത്സാഹപ്പെടുത്തി കൊണ്ടേയിരിക്കും. കുട്ടികളുടെ ചോയ്സ് മാറി എന്നുകണ്ടാൽ അവരുടെ സമാധാനം നമ്മോട് ഒരുമടിയുമില്ലാതെ പങ്കുവെക്കുകയും ചെയ്യുന്നതും സാധാരണമാണ്. സ്‌കൂൾ കാലവും കഴിഞ്ഞ് കോളേജിലെത്തിയിട്ടും തങ്ങളുടെ കുട്ടികൾ ഒരു പ്രണയം തിരഞ്ഞെടുത്തില്ല എങ്കിൽ മാതാപിതാക്കൾക്ക് ആശങ്കയാണ്. ജീവിതത്തിൽ പ്രണയത്തിന് അത്രയേറെ പ്രാധാന്യം അവർ നൽകുന്നുണ്ട്.

മാലിനി വെല്ലസ്ലി വിമൻസ് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു സംഭവമുണ്ടായി. ഒരു മീറ്റിങ്ങിൽവെച്ച് എന്റെ സഹപ്രവർത്തക എന്നോട് ചോദിച്ചു, മാലിനിക്ക് ബോയ്ഫ്രണ്ട് ഒക്കെയായോ എന്ന്. ഞാൻ വളരെ തമാശയോടെ പറഞ്ഞു, 'ഇതുവരെ ആയിട്ടില്ല. ഇപ്പോഴത്തെ കാലമല്ലേ, എവിടെവെച്ച് ആരെയാണ് കണ്ടുമുട്ടാൻ പോകുന്നത്. ചെറുക്കനാണോ പെണ്ണാണോ എന്ന് ആർക്കറിയാം.' അക്കാലത്ത് LGBTQ പ്രസ്ഥാനങ്ങൾ പതുക്കെ സജീവമായി ക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവർ എന്നോട് ചോദിച്ചു; മാലിനി സായ്പ്പിനെയാണ് ഇഷ്ടപ്പെടുന്നത് എന്നു പറഞ്ഞാൽ നിങ്ങൾക്ക് വിഷമമാകുമോ? ഞാൻ തമാശരൂപത്തിൽ പറഞ്ഞു: വെളുപ്പനായിരുന്നാലും കറുപ്പനായിരുന്നാലും ആണായിരുന്നാൽ മതി. പെട്ടെന്നാണ് ഞങ്ങളുടെ കൂട്ടത്തിൽ നിശബ്ദത പരന്നത്. ഞങ്ങൾ കുറച്ചുപേർ ഒരു ഗ്യാങ്ങായി ഇരുന്ന് സംസാരിക്കുകയായിരുന്നു. ആ മീറ്റിങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ കൂട്ടത്തിൽ കുറച്ചധികം സ്വാതന്ത്ര്യമുള്ള ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു: 'വാൽ, അത്തരത്തിൽ പറയേണ്ടതില്ലായിരുന്നു. ആ കൂട്ടത്തിൽ സ്വവർഗാനുരാഗികളായ, ഒന്നിച്ചു താമസിക്കുന്ന ആളുകളും ഉണ്ടായിരുന്നു.' അങ്ങനെ പറഞ്ഞുപോയല്ലോ എന്നായി എന്റെ അവസ്ഥ.

പക്ഷേ, മാലിനിയുടെയും സോണിയയുടെയും തിരഞ്ഞെടുപ്പുകൾ എങ്ങനെയുള്ളതായിരിക്കുമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഉത്കണ്ഠയുണ്ടായിരുന്നു. മക്കൾ രണ്ടുപേരും യുവതികളായി എന്നതും അവർ ജീവിക്കുന്ന സാഹചര്യം ഞങ്ങൾ വളർന്നുവന്ന സാഹചര്യവുമായി തീർത്തും വിപരീതമാണെന്നതും അമേരിക്കയിൽ ജീവിതപശ്ചാത്തലത്തിൽ അവർ എങ്ങനെയായിരിക്കും പങ്കാളികളെ കണ്ടെത്തുക എന്നതും ഒരു ഘട്ടത്തിൽ വളരെ സ്വകാര്യമായിട്ടാണെങ്കിലും ഞങ്ങളെ ആശങ്കപ്പെടുത്തി.

(തുടരും)