ഞങ്ങള് താമസിക്കുന്ന കെട്ടിടത്തിന്റെ ശാബ്ദിക അയല്പക്കത്തില്, വിശേഷപ്പെട്ടൊരു കോഴിയുണ്ട്. ഫ്ളാറ്റില്, എന്റെ മുറിയില്, തെക്കു ഭാഗത്തുള്ള ജനാലയിലൂടെ നോക്കിയാല് കാണാവുന്നൊരു വീടിന്റെ റ്റെറസിലാണ് ഞാന് ഒരിക്കല് ഈ പൂവനെ കണ്ടത്. പക്ഷേ കേള്വിയിലൂടെയാണ് സാമീപ്യം ആദ്യം അറിഞ്ഞത്. ഫ്ളാറ്റിലെ ആദ്യത്തെ രാത്രിയിലെ ഉറക്കത്തിനിടയില്ത്തന്നെ ഞാന് തിരിച്ചറിഞ്ഞു, ഇതൊരു വ്യത്യസ്ത പൂവന്.
'താക്കോല് കൊടുക്കാതരുണോദയത്തില്
താനേ മുഴങ്ങും വലിയോരലാറം.'
എലമെന്ട്രി സ്കൂളില് കേട്ടൊരു കവിതയിലെ വരികള് മനസ്സിലൂടെ കടന്നുപോകുന്നു. ഞങ്ങളുടെ അയല്പക്കത്തിലെ കോഴി ഒരു സ്കൂളിലും പോയിട്ടില്ല (ഹാ! ഭാഗ്യവശാല്, ജന്തുക്കള്ക്ക് സ്കൂളില് പോകേണ്ടതില്ല). സമയത്തിനെതിരേ അരാജകത്വം പ്രഖ്യാപിച്ച ഈ കോഴിക്ക് അരുണോദയം പ്രശ്നമല്ല, അരുണാചലവും പ്രശ്നമല്ല.
കുട്ടിക്കാലം. എവിടെയും വേനലിലെ ഒഴിവുകാലം. ദ്രോണാചലം വിട്ട് നാട്ടില് പഠിക്കാന് എത്തിയപ്പോള്, മുത്തച്ഛന്റെ ഒരു പരിചയക്കാരന് എന്ന നിലയിലാണ് അരുണാചലത്തെ ഞാന് ആദ്യമായി അറിഞ്ഞത്.
എന്റെ നിവാസസ്ഥലമാകാന് പോകുന്ന വീടും മുറ്റങ്ങളും അപ്പുറത്തെ തൊടികളും വേലികളോളം മനസ്സിലെ ഭൂപടത്തിലേക്ക് പകര്ത്തുമ്പോള്, രണ്ട് കാര്യങ്ങള് ഞാന് ശ്രദ്ധിച്ചു. സന്ധ്യയായാല് കോഴികള് വിശ്രമിക്കുന്നത് വീടിന്റെ അടുത്തുള്ളൊരു പുരയിലാണ്. വലിപ്പത്തില് എന്നെ ഭ്രമിപ്പിച്ച ഈ വീടില് ഒരൊറ്റ ചുവരിലും ക്ളോക്കില്ല. ഉണ്ടായിരുന്നെങ്കിലെന്ത്? കോഴിയെ ഘടികാരവുമായി ബന്ധിപ്പിക്കാന് എനിക്ക് കഴിയുമായിരുന്നോ?
കോഴികളും പുലരിയും തമ്മിലുള്ള ബന്ധവും എനിക്കന്ന് അറിയില്ലായിരുന്നു. ദ്രോണാചലത്തില് എനിക്ക് പരിചിതമായിരുന്ന ലോകത്തിന് പുറത്തായിരുന്നു കോഴികള്. ചുറ്റുമുള്ള വീടുകളിലൊന്നും കോഴി ഇല്ല.
നാട്ടിലെ സ്കൂള് തുറന്നു— എന്റെ പുതിയ സ്കൂള്! ദ്രോണാചലത്തില് ഒന്നാം ക്ളാസ് പൂര്ത്തിയാക്കിയതിനുശേഷം ഞാന് മറ്റൊരിടത്തെ സ്കൂളില് രണ്ടാമതും ഒന്നാം ക്ളാസില് പഠിക്കുന്നതില് വലിയൊരു തമാശയുണ്ട്. സ്കൂള് എന്നെയൊരു കവിതയിലേക്ക് തുറന്നു — മുകളില് ചേര്ത്ത കവിതയിലേക്ക്. മനസ്സില് എന്തെല്ലാമോ അന്യോന്യം പരിചയപ്പെടുന്നത് ചെവികളില് ഞാന് അറിഞ്ഞു. പുലരി, അരുണോദയം, കോഴി, അലാറം, ഘടികാരം.
ഒരു ദിവസം സ്കൂള് വിട്ട് ഞാന് വീട്ടില് എത്തിയപ്പോള് ഉമ്മറത്ത് മുത്തച്ഛനോടോപ്പം അരുണാചലം! അദ്ദേഹം മുത്തച്ഛന്റെ റ്റൈമ്പീസിന്റെ പിന്വശം തുറന്ന് പ്രവര്ത്തിക്കുന്നു! പുലരി, അരുണോദയം, കോഴി, അലാറം, ഘടികാരം, അരുണാചലം! ദ്രോണാചലത്തിലെ കുട്ടിയുടെ സാങ്കേതിക ഭൂതം (02) ഇനിയെന്നും അരുണാചലത്തിന്റെ വരവില് ഉണരും.
ദ്രോണാചലത്തിലെ തീയറ്ററിലെ പ്രക്ഷേപകനെ നഷ്ടപ്പെട്ടതിനുശേഷം അരുണാചലത്തിലാണ് ആചാര്യപദവി നല്കാവുന്നൊരാളെ ആദ്യമായി ഞാന് നാട്ടില് കണ്ടെത്തിയത്. കണ്ണിലെ ഭൂതക്കണ്ണാടിക്കു ചുവട്ടില് അദ്ദേഹത്തിന്റെ വിരലുകള് ഘടികാര ശരീരത്തില് പെരുമാറുന്നത് ഞാന് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നു— ഉപകരണങ്ങള്, ആന്തരിക പ്രവര്ത്തനങ്ങള്...
അരുണാചലത്തെ ഓര്മിപ്പിച്ച കോഴിക്ക് നന്ദി! ഓര്ക്കാപ്പുറത്ത് അദ്ദേഹം ഇങ്ങനെ എന്റെ ഓര്മകളില് എത്തിയതിനു പിന്നില് ഒരു ഉദ്ദേശ്യമുണ്ടെന്ന് അനുമാനിക്കുകയാണെങ്കില്, ഒരുപക്ഷേ എനിക്കും ഈ കോഴിക്കും ഇടയില് എന്തെന്ന് അന്വേഷിക്കേണ്ടതാണ്. വയ്യ, ശ്രമിക്കാം. പക്ഷേ അതിനു മുന്പ് ചെറിയൊരു വ്യതിചലനം.
ഡൈഗ്രെഷൻ: സൂചികൾ ഒരു ദ്വാരത്തിലേക്ക്
ചെന്നൈ, അണ്ണാ നഗർ വെസ്റ്റ് (1998?). ഒരിക്കൽ സാക്ഷാൽ മമ്മൂട്ടിയെ ലാൻഡ്ഫോണിൽ വിളിച്ചപ്പോൾ ഞാൻ കൂടുതലും സംസാരിച്ചത് അദ്ദേഹം അഭിനയിച്ച 'ഭൂതക്കണ്ണാടി' എന്ന ചിത്രത്തെക്കുറിച്ചായിരുന്നു. സ്മൃതികളുടെ ഈ 'ഇൻലൈൻ' ഇടവേളയിൽ എന്നെ എത്തിച്ചത് അരുണാചലമാണെങ്കിലും ഘടികാര സൂചികൾ വേറൊരു കാലത്തിലേക്കല്ല, അവസ്ഥയിലേക്ക് ചൂണ്ടും വിധം മമ്മൂട്ടി സ്വയം ഒരു കാമിയോ സാന്നിദ്ധ്യമാവുന്നു.
അരുണാചലവും, ആ ചിത്രത്തിലെ മമ്മൂട്ടിയും ഘടികാരപ്പണിക്കാർ, ഒരു കണ്ണിൽ ഭൂതക്കണ്ണാടി പിടിപ്പിച്ചവർ. ആകയാൽ, പണിയെടുക്കുമ്പോൾ മറ്റേ കണ്ണ് അടയ്ക്കുന്നവർ — ഹാ, കർമ്മണാ ഒറ്റക്കണ്ണന്മാർ!
വ്യക്തിപരമായ ചില പ്രവചനങ്ങളിൽ ഇപ്പോൾ മനസ്സിനെ പൂർവ്വാധികം താറുമാറാക്കുന്നൊരു രംഗത്തിൽ, ഒരു തടവുപുള്ളിയായ വിദ്യാധരൻ (മമ്മൂട്ടി) കാരാഗൃഹ വളപ്പിൻ്റെ മതിലിലുള്ളൊരു ദ്വാരത്തിലൂടെ ആരുമറിയാതെ പുറംലോകത്തേക്ക് നോക്കാൻ തുടങ്ങുമ്പോൾ, തികച്ചും ഒരു തിരക്കഥയാണ് കാഴ്ചയിൽ ചുരുളഴിയുന്നത്.
കഥാന്ത്യത്തിൽ ഛായാഗ്രാഹി ആ ദ്വാരത്തെ നമ്മുടെ ദൃഷ്ടിയോട് അടുപ്പിക്കുമ്പോൾ അവിടെയെങ്ങും അങ്ങനെയൊരു ദ്വാരം ഇല്ല; ഉള്ളത് ഒരു കുഴി മാത്രം. അറ്റത്തൊരു തുറപ്പില്ല. മുഖ്യ കഥാപാത്രത്തിൻ്റെ ആന്ധ്യം പോലും പ്രവചിക്കാവുന്നൊരു മതിവിഭ്രമം മാത്രമോ ആ ദ്വാരം!
പെണ്കുട്ടി: മൂന്നു പൂട്ടുകള്, താക്കോല്ദ്വാരങ്ങള്
പോയവര്ഷം ക്രിസ്മസ് ഈവ് കോക്റ്റേല് ഉണ്ടായില്ല. തുല്യനിലയില്, ഈ വര്ഷം ന്യൂ ഈയ(ര്) കോക്റ്റേലും ഉണ്ടായില്ല. പക്ഷേ, ഒരു തരം വാഗ്ദാനവും ഇല്ലാതെയാണെങ്കിലും, നവത്സരം ഉണ്ടായി.
ചെറുപ്പത്തില് ഓറഞ്ചും വോഡ്കയുമായി ആദ്യത്തെ 'സ്ക്രൂഡ്രൈവര്' കഴിക്കുമ്പോള് കോക്റ്റേല് എന്ന വാക്ക് ഒരു പൂവന്കോഴിയുടെ തിളങ്ങുന്ന വാല്ത്തൂവലുകളുമായാണ് എന്റെ മനസ്സില് പ്രത്യക്ഷപ്പെട്ടത്. അബദ്ധം. പത്ത് ഉത്പത്തികഥകളെങ്കിലും ഈ വാക്കിന് പിന്നിലുണ്ടെങ്കിലും, ഇവയില് ഒന്നു പോലും ഒരു കോഴിയുടെ കഥ പറയുന്നില്ല. എന്നിട്ടും എല്ലാ കോക്റ്റേലുകളും ഞാന് അയലത്തെ കോഴിയുടെ കാലഭേദിയായ കൂവലിന് വിട്ടുകൊടുത്തു. പക്ഷേ, നവത്സരം ഉണ്ടായി.
റീസര്ച്ഗേറ്റില് എനിക്ക് നവവത്സരാശംസകളുമായി സന്ദേശങ്ങള്. അയച്ചവരില് ഒരാള് ഷാസിയ ത്വാഹിറ. ആശംസകള്ക്കൊപ്പം ഒരു ചോദ്യം: 'ഇപ്പോള് എന്താണെഴുതിക്കൊണ്ടിരിക്കുന്നത്?'/ 'പതോഗ്രഫികള്, രണ്ടെണ്ണം, പക്ഷേ ഒരേ ആഖ്യാനം— ഒരു പെണ്കുട്ടിയും ഒറ്റക്കണ്ണനും.' / ഈ വ്യക്തികളെ ഞാന് വാസ്തവിക സാഹചര്യങ്ങളില് പരിചയപ്പെടുത്തിയപ്പോള് ഷാസിയ ഞെട്ടിപ്പോയി.
ആത്മസുഹൃത്തല്ല ഷാസിയ, പക്ഷേ ആയുഷ്ക്കാല സുഹൃത്താവാം. പല ഘട്ടങ്ങളില് സഹകരണമായി എന്നോടൊപ്പം ഉണ്ടായിരുന്നു.
കോവിഡ് പത്തൊമ്പതിന്റെ വരവ്. ഇന്ത്യയില് ലോക്ക്ഔട്ട് പ്രഖ്യാപനം ഉണ്ടാകും മുന്പ് ഞാന് നിര്മിച്ച വെബ്സൈറ്റ്. പകര്ച്ചവ്യാധി വ്യാപകമാകാന് തുടങ്ങുമ്പോള്, മാതൃഭൂമി ഡോട്കോമിന് വേണ്ടി ആന്റ്റന് (കെ.എ, ജോണി) എന്നെ ഇന്റര്വ്യൂ ചെയ്യുമ്പോള്, വെബ്സൈറ്റിലെ അംഗങ്ങള് റീസര്ച്ഗേറ്റിലെ അംഗങ്ങളായ പ്രഫസര്മാരും, പിഎച്ച്ഡി ഗവേഷകരും മാത്രം. കൂട്ടത്തില് സ്വന്തം പേര് രേഖപ്പെടുത്തി വെബ്സൈറ്റില് ആദ്യമായി 'ലോഗിന്' ചെയ്ത അംഗം ഷാസിയയായിരുന്നു.
പരിചയപ്പെട്ട വര്ഷത്തില് (2020ല്) കറാച്ചി സര്വകലാശാലയിലായിരുന്നു. ഷാസിയ. ഇപ്പോള് ഇസ്ലാമാബാദിലെ ബാറിയ സര്വകലാശാലയില്. അധിക വിനിമയം ഇല്ല. റീസര്ച്ഗേറ്റില് സൗഹൃദം തുടരുന്നു, ഇപ്പോള് വ്യക്തിപരമായ നിമഗ്നതയിലേക്ക് വ്യാപിക്കുന്നു.
മൂന്നു പൂട്ടുകള് (padlocks), അഥവാ താക്കോല്ദ്വാരങ്ങള്, ഉണ്ടാകാവുന്നൊരു വാതിലിന്റെ രൂപകം എനിക്ക് പരിചിതം. ചികിത്സകര്ക്ക് ഒരു ദ്വാരമെങ്കിലും കാണാം. താക്കോല് അവരുടെ കൈവശം ഉണ്ടാവും; താക്കോല് ഇല്ലെങ്കിലും എങ്ങനെയെങ്കിലും ഈ വാതില് തുറക്കാം. പക്ഷേ ഒരൊറ്റ താക്കോല്ദ്വാരവും ഇല്ലാത്തൊരു വാതിലാണ് ട്രിപല് നെഗറ്റിവ് സ്തനാര്ബുദം. മഴു ഉപയോഗിച്ച് വെട്ടിപ്പൊളിക്കാന് കഴിയില്ല. വാതില് ഉടലാണ്.
ഡാലിയയുടെ അവസ്ഥ ഈ വാതിലാണെന്ന് ഞാന് ഷാസിയയെ അറിയിക്കുന്നു. അര്ബുദത്തെ നാഡീവ്യൂഹശാസ്ത്രവുമായി ബന്ധിപ്പിക്കുന്ന ലേഖനങ്ങള് എഴുതിയിട്ടുള്ള ഷാസിയ എന്നെ ആശ്വസിപ്പിക്കുന്നു: 'തുടക്കത്തിലേ ചികിത്സ ലഭിക്കുകയാണെങ്കില് ട്രിപല് നെഗറ്റിവ് ബ്രെസ്റ്റ് കാന്സര് ബാധിച്ചവരില് 92 ശതമാനത്തിലധികം പേര്ക്കും രോഗത്തെ അതിജീവിക്കാന് കഴിയും.'
ഡാലിയക്ക് ചികിത്സ കിട്ടാന് വൈകിയെന്ന വസ്തുത ഞാന് ഷാസിയയെ അറിയിച്ചില്ല. (മമ്മൂട്ടിയുടെ 'ഭൂതക്കണ്ണാടി' ഓര്മ്മയില് എത്തിയിരുന്നില്ല. പക്ഷേ കാന്സറുമായി ബന്ധപ്പെട്ട ദ്വാര സങ്കല്പം ഡാലിയയുടെ അച്ഛന് വായിച്ചറിഞ്ഞിരുന്നു. മൂന്നു ദ്വാരങ്ങള്, പൂട്ടുകള്: ഈസ്ട്രജന്, പ്രജസ്റ്ററോണ്, ഹെര്2. ഇവയില് ഒന്നെങ്കിലും ദൃശ്യമാകുമെന്ന പ്രതീക്ഷ. ഇല്ല, ദ്വാരം ഇല്ലാത്തൊരു മതിലേ മുന്നിലുള്ളൂ.)
പന്ത്രണ്ട് ദിവസങ്ങള്ക്ക് ശേഷം ഇന്ന് (ജനുവരി 24) രാവിലെയാണ് ഷാസിയയുടെ രണ്ട് പുതിയ സന്ദേശങ്ങള് എന്റെ ശ്രദ്ധയില്പ്പെട്ടത്. ഒന്നാം സന്ദേശം: 'ഇപ്പോള് ഡാലിയക്ക് ഭേദമുണ്ടോ?'
പിന്നെ, എന്റെ മറുപടി കിട്ടാത്തതിനാല്, ഒരു മണിക്കൂര് കഴിഞ്ഞ് വ്യഗ്രതയോടെ രണ്ടാമത്തെ സന്ദേശം: 'പറയൂ, നിങ്ങള്ക്കും ഡാലിയക്കും സുഖമാണോ?' / എനിക്കിത്രയേ പറയാന് കഴിഞ്ഞുള്ളൂ: 'കീമോ സെഷനുകള് തുടരുന്നു.' (ഒരു ഒറ്റക്കണ്ണന്റെ 'സങ്കുചിതമായ' കാഴ്ചപ്പാടില് പറഞ്ഞാല്, 'എനിക്ക് ഇത്ര ഹ്രസ്വമായൊരു മറുപടിയേ റ്റൈപ്പ് ചെയ്യാന് കഴിയൂ'.)
പെണ്കുട്ടി: പുതിയ സമയപ്പട്ടിക, തുടര്ച്ച
പാക്കിസ്താനിലെ ഒരു ഗവേഷകക്ക് തന്റെ അവസ്ഥയില് ഉത്കണ്ഠ! അസാധാരണമായൊരു ശാന്തിയിലാണ് ഈ അറിവ് ഡാലിയയെ എത്തിച്ചത്. ഡാലിയയുടെ നന്ദിയും സന്തോഷവും ഞാന് അറിയിച്ചപ്പോള്, അവളെ അറിയിക്കാന് ഷാസിയ എനിക്കെഴുതി: 'രോഗം വേഗം ഭേദമാകട്ടെ, നിങ്ങള് സുഖവാസ്ഥ പ്രാപിക്കട്ടെ. ഞാന് നിങ്ങള്ക്ക് എല്ലാ നന്മകളും സന്തോഷവും നേരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.'
ഡാലിയയുടെ പിതാവേ, നിങ്ങള് ഉദ്ദേശിച്ച 'പരിവാരം' ഡാലിയയെ ഇപ്പോളും ഉപേക്ഷിച്ചിട്ടില്ല. ഡാലിയക്കായി ദൈവത്തിനുള്ള നിവേദനങ്ങള് പലേടങ്ങളില് തുടരുന്നു. അപരിചിതരുടെ ധ്യാനങ്ങള് തുടരുന്നു. അറിയാം, ഇവയുടെയെല്ലാം പ്രാഭവം ഏതു പരിധിയോളം ഡാലിയ ഇവയെ ആന്തരീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ, പരിധി എത്രത്തോളമായാലും, ഡാലിയ മനസ്സില് പിന്തുടരുന്ന രോഗധാര ഒരു വിശ്വാസ ലോകത്തിന്റെ തടത്തിലാണ്.
ഞാന് ഡാലിയയുടെ അച്ഛനോട് മനസ്സില് ഇങ്ങനെ സംസാരിച്ചതിന് വലിയൊരു കാരണമുണ്ട്. നിങ്ങള് ഇതിനിടയില് പരിചയപ്പെട്ട നസീം ബീഗം ഇന്നലെ ചോദിച്ചൊരു ചോദ്യത്തിന്റെ പൊരുള് പെട്ടെന്ന് മനസ്സിലായില്ല. 'പംക്തി നിര്ത്താന് പോകുകയാണോ?' / 'ഇങ്ങനെ ചോദിക്കാന് കാരണം?' / 'പുതിയ ലേഖനത്തിന്റെ തലക്കെട്ട്.' /ഹാ, ഡാലിയയുടെ അച്ഛന്റെ ചില വാക്കുകളുടെ സംക്ഷേപമാണത് — 'ഇവിടമൊരു അന്ത്യം' (12)
അത്യുക്തിയാണെങ്കിലും ഇതിലെ ആശങ്ക അസ്ഥാനത്തായിരുന്നില്ല.
പതിനാറ് സെഷനുകളുള്ള കീമോ പരമ്പര ഡാലിയയുടെ നീണ്ട ജലദോഷം കാരണം മുടങ്ങിയില്ല. പക്ഷേ ജനുവരി 25ന് ഡാലിയ ഉപദേശം തേടിയപ്പോള് ഡോ: റോമ തൃപ്തയായിരുന്നില്ല.
ഭാഗ്യവശാല്, വേറെ രണ്ടു ഡോക്റ്റര്മാര് അകമ്പടിയായി കാബിനില് ഉണ്ടായിരുന്നു. ശരീര പരിശോധന. എക്സ്റേ ആവശ്യമില്ല. സ്റ്റെതസ്കോപ് മതിയാവും. പിന്നെ ചര്ച്ച.
ഡോ: റോമ പറഞ്ഞു, 'ജലദോഷം മുഴുവനായും മാറിയിട്ടില്ല. ശ്വാസകോശം ഇനിയും ശുദ്ധമാകണം. ആദ്യത്തെ പന്ത്രണ്ട് കീമോകളില് ഇതൊരു പ്രശ്നം ആവുമായിരുന്നില്ല. പക്ഷേ ഇനിയുള്ള കീമോകളില് ഇതിനെ അവഗണിക്കാന് കഴിയില്ല.' / ഡാലിയക്ക് സമയപ്പട്ടിക കിട്ടി. അടുത്ത ബ്ളഡ് റ്റെസ്റ്റ് ഫെബ്രുവരി 1ന്; അടുത്ത കീമോ (പതിനാലാമത്തെ കീമോ) ഫെബ്രുവരി 2ന്. / ഇതൊരു 'അന്ത്യം' അല്ല.
അടിക്കുറിപ്പ്: ഇതൊരു സാംസങ് കോഴിയോ?
കോഴിയുടെ പ്രശ്നം ശരീര ഘടികാരത്തിലെ തകരാറായിരിക്കണം. സാങ്കേതികമായി പറഞ്ഞാല്, ഇതൊരു സാംസങ് കോഴിയാണ്. ഉള്ളില് നിറയെ ആപ്പുകള് — 'സൂര്യമത്സ്യത്തെ വിവരിക്കല്' എന്ന നോവലെറ്റിലെ ഒരു കഥാപാത്രത്തിന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്, 'ആപ്പ ഊപ്പ ആപ്പുകള്'. ഈ ആപ്പുകള് കൂവലിന് താക്കോല് കൊടുക്കുന്നു. അലാറം മുഴങ്ങുന്നു. കൂവല് സമയം: 24/7.

പുതിയ ഫ്ളാറ്റില് എന്റെ ആദ്യരാത്രിയിലെ ഉറക്കം ഗാഢമായിരുന്നു. അരുണോദയത്തിലല്ല എന്നെ ഉണര്ത്തിയ കൂവലുണ്ടായത്. സെല്ഫോണ് 'ഓണ്' ചെയ്തു നോക്കിയപ്പോള് സമയം കൃത്യം 2.42 എഎം!
കട്ടിലിനടുത്തുള്ള ജനാലയിലൂടെ എനിക്ക് ആകാശത്തെ വായിക്കാന് കഴിയും; രാത്രിയെ വായിക്കാന് കഴിയും, തെരുവിനെ വായിക്കാന് കഴിയും. രാത്രി അവസാനിച്ചെന്ന് പറഞ്ഞ് എന്നെ കബളിപ്പിക്കാന് ഒരു കോഴിക്ക് കഴിയില്ല. ഗൗതമ മുനിയെപ്പോലെ ഒരു മൂഢനല്ല ഞാന് (അലൂഷന്: അഹല്യയുടെ കഥ).
ആദ്യ ദിവസങ്ങളില് ഞാന് സംശയിച്ചു, ഈ കോഴിക്ക് എന്തെങ്കിലും രോഗമുണ്ടോ? ഈ കോഴി പതുക്കെ മരിച്ചുകൊണ്ടിരിക്കയാണോ? മനസ്സില് ഭൂതകാരുണ്യം നിറഞ്ഞു. കോഴിയുടെ കൂവല് കേള്ക്കാത്ത ദിവസങ്ങളില് സംഭ്രമം. മാസങ്ങള് കടന്നുപോകുന്നു..
കോഴി മരിച്ചില്ല, ഞാനും മരിച്ചിട്ടില്ല. എന്റെ സ്ഥിരം ബൈസ്റ്റാന്ഡര് മരണമാണെന്ന വിഭ്രാമക ചിന്തയോടെ ഞാന് ദിനചര്യകള് തുടരുന്നു. കോഴി രാപ്പകലുകളിലൂടെ തന്റെ കാലഭേദിയായ കൂവല് തുടരുന്നു.
എനിക്കും ഈ കോഴിക്കും ഇടയില് കൃത്യമായും എന്തെന്ന് ഇപ്പോളും എനിക്കറിയില്ല. പക്ഷേ, എല്ലാം എല്ലാം (ഡാലിയയും, ഡാലിയയുടെ രോഗവും, ഡാലിയയുടെ അച്ഛനും, അവര് നേരിടുന്ന പരീക്ഷണങ്ങളും, അവരുടെ ഉറപ്പുകളും സംശയങ്ങളും ദുഖഃങ്ങളും കാത്തിരിപ്പുകളും പരിഭ്രാന്തമായ അലച്ചിലുകളും) എല്ലാം എല്ലാം എല്ലാം എനിക്കും ഈ കോഴിക്കും ഇടയിലാണ് സംഭവിക്കുന്നത്. ഞങ്ങള്ക്കിടയില് ഒരു ലോകം ഒതുങ്ങുന്നു.
സ്ഥലപരമായി ഇത് നിവാസസ്ഥലത്തെ (ഹാബറ്റാറ്റിനെ) ചുരുക്കുന്നു, സാമൂഹികവലയത്തെ ചുരുക്കുന്നു; ഒഴിവാക്കലില്, അകല്ച്ചയില്, എല്ലാം അകന്നു പോകുന്നു, എല്ലാവരും അകന്നു പോകുന്നു. എന്റെ കേവല/ആത്യന്തിക ഏകാകിതയില് എന്നോടൊപ്പമുള്ള ഒരേയൊരു ജൈവ സാന്നിദ്ധ്യം കപട പരിഹാസത്തോടെ ഞാന് സാംസങ് കോഴിയെന്നു വിളിക്കുന്ന പക്ഷി മാത്രം.
ഞാന് ഈ കോഴിയെ സ്നേഹിക്കുന്നില്ല, വെറുക്കുന്നില്ല. പക്ഷേ ഈ കോഴിയുടെ കൂവല് എന്റെ ഉറക്കം കെടുത്തിയ രാത്രികളുടെ അരാജകത്വം ഇല്ലായിരുന്നെങ്കില്, 'ആത്മകഥ ആവാതെ ഞാന്' ഉണ്ടാകുമായിരുന്നില്ല.
'ആത്മകഥ ആവാതെ ഞാന്' ഇതുവരെയുള്ള അധ്യായങ്ങള് ഇവിടെ വായിക്കാം
Content Highlights: Maythil, Athmakadha Avathe Njan, Mathrubhumi Column
Published: 02 Feb 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented