ഞാനൊരു ശബ്‌ദരേഖ കേൾക്കുകയായിരുന്നു. ഡാലിയയും കൂട്ടുകാരും പ്രവർത്തിക്കുന്ന വെബ്സൈറ്റിൽ ചിലരുടെ ഓൺലൈൻ സമ്മേളനം ഇന്നലെ അനൗപചാരികമായിരുന്നു. പക്ഷേ, ഇന്ത്യയിലെ എഡിറ്റർമാരുടെ വിഭാഗത്തിന് നേതൃത്വം നൽകുന്ന മാധവി ജലാഗേരി കൂട്ടത്തിലുണ്ടായിരുന്നു. ശബ്‌ദരേഖ ചിലർ തയ്യാറാക്കിയതിനു കാരണം പോലും അതായിരുന്നു. ഏറെ ശുഷ്‌കമാണ് ഇവയെല്ലാമെന്ന് തോന്നാം. പക്ഷേ ഞണ്ടുകളെ നിരീക്ഷിച്ചാൽ കിട്ടാവുന്നൊരു പാഠം (06) ഇവിടെയും പ്രസക്തമാകാം. 

To advertise here,

ഔദ്യോഗികം, വൈയക്തികം എന്നിങ്ങനെ വ്യത്യസ്‌ത മാധ്യമങ്ങളായി കാണാവുന്ന ദ്വന്ദ്വങ്ങൾക്കിടയിൽ ലൗകിക മനസ്സുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിമാറി ചരിക്കുന്നതിൽ കൗതുകം ഇല്ലേ?

വിപരീതങ്ങൾ ഉഭയത്വം സൃഷ്‌ടിക്കാം.

ഉഭയത്വം സമതുലിതത്വത്തിൽ കലാശിക്കാം.  

ഒരു വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ മാധവി ജലാഗേരി ശബ്‌ദരേഖയിൽ ഇങ്ങനെ തുടങ്ങുന്നു: “ഞാൻ അറിഞ്ഞു, ഈ ദിവസങ്ങളിൽ നമ്മുടെ പ്രിയപ്പെട്ട ഡാലിയ സ്‌തനാർബുദത്തിനുള്ള ചികിത്സയിലാണ്. പക്ഷേ അവൾ ആശ്ചര്യങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കയാണ്.” / ആശ്ചര്യങ്ങൾ? 

ഡാലിയ ഒരു ദിവസം ഹോസ്‌പിറ്റലിൽ ജീസസിനെ കണ്ടെന്ന് സൂസൻ വിൽസൻ പരിചിതരെയെല്ലാം അറിയിച്ചിരുന്നു. സൂസൻ്റെ മതാത്മകമായ അനുഭൂതികൾ ആത്മീയതലത്തിൽ പോലും ഉൾക്കൊള്ളാൻ ജലാഗേരിക്ക് കഴിയില്ല. പക്ഷേ, അവയുടെ തുടർച്ചയിൽ സൂസൻ കൂടുതലായി അറിയിച്ച കാര്യങ്ങൾ (സംഭവങ്ങൾ) ജലാഗേരിയെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഇത്രയും തുറന്നു പറഞ്ഞുകൊണ്ട് ജലാഗേരി കൂട്ടിച്ചേർക്കുന്നു: “ഇപ്പോൾ എനിക്കുമുണ്ട് നിങ്ങളെ അറിയിക്കാനൊരു ആശ്ചര്യം. ഇത് പക്ഷേ മറ്റൊരു ഇനം.”

ആശ്ചര്യം: മാധവി ജലാഗേരി അറിയിച്ചത് 

കടലാസുകൾ മറിയുന്ന ഒച്ച. ജലാഗേരി തുടരുന്നു: “സെപ്‌റ്റംബറിൻ്റെ   തുടക്കത്തിൽ ഡാലിയ ഒരിക്കൽ എന്നെ വിളിച്ചിരുന്നു. കീമോതെറപി തുടങ്ങിയിരിക്കുന്നു. ചിലപ്പോൾ നല്ല ക്ഷീണം, ചിലപ്പോൾ എന്നത്തേക്കാളും  ഉഷാർ. അടുക്കളയിൽ പുതിയ പുതിയ പാചകവിധികൾ പരീക്ഷിക്കുന്നതിൽ പൂർവ്വാധികം ഉത്സാഹം. പക്ഷേ, ജോലിയിൽ ആവശ്യമായ ഏകാഗ്രത വല്ലാതെ നഷ്‌ടപ്പെട്ടിരിക്കുന്നു. രണ്ടോ മൂന്നോ മാസങ്ങളോളം പാചകവും വിശ്രമവും സ്‌ക്രീൻ വിനോദവും മാത്രമായി കഴിയേണ്ടി വരുമെന്ന് ഡാലിയക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഞാൻ എന്താണ് പറയുക!”

സ്ഥാപനത്തിൽ പുതുതായി എത്തുന്ന ഓരോ എഡിറ്ററെയും ജലാഗേരി അറിയിക്കും: “ഓരോ മാസവും നിങ്ങൾക്ക് ‘മിനിമം’ ജോലിഭാരം എന്നൊന്നുണ്ട്, ‘മാക്‌സിമം’ എത്രയുമാകാം. എത്രത്തോളം ഗവേഷണ ലേഖനങ്ങൾ ഉചിതമായ രീതിയിൽ നിങ്ങൾ എഡിറ്റ് ചെയ്യുന്നുവോ അത്രത്തോളം നിങ്ങളുടെ വരുമാനം. പക്ഷേ, ഓർക്കുക, ഔപചാരികമായ അവധി എന്നൊന്നില്ല.” 

ജലാഗേരി തുടരുന്നു: “നിങ്ങളെല്ലാവരോടും പറഞ്ഞ ഇതേ വാക്കുകൾ ഡാലിയയോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. ദീർഘമായൊരു  ഇടവേളയിലേക്ക് പിൻവാങ്ങിയാൽ, ഡാലിയ എങ്ങനെയാവും ഹോസ്‌പിറ്റലിലെ ചെലവുകളെ നേരിടുകയെന്നോർത്ത് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ഗതാഗതം, പല പല ടെസ്‌റ്റുകൾ, ഔഷധക്കൂട്ടങ്ങൾ, കൻസൽറ്റേഷൻ ഫീസ്… പിന്നെ നാമെല്ലാവരും ഏറെ ഉത്‌ക്കണ്‌ഠയോടെ കാത്തിരിക്കുന്ന ശസ്ത്രക്രിയ!” 

മൂകത… / ജലാഗേരി തുടരുന്നു: “സെപ്‌റ്റംബറിൽ ഞാൻ ഡാലിയയോട് ഈ ചോദ്യം നേരിട്ട് ചോദിച്ചിരുന്നു. ഏപ്രിൽ-മേയ്-ജൂൺ മാസങ്ങളിൽ താൻ ചെയ്‌തു കൂട്ടിയ പണിയുടെ കൂമ്പാരം കാണിച്ച് ഡാലിയ എന്നെ അന്ധാളിപ്പിച്ചു. നമ്മുടെ സ്ഥിതിവിവരത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ശരാശരിയുടെ മുനമ്പാണ്  ഞാൻ അതിൽ കണ്ടത്! ജൂലൈയിൻ്റെ നടുവിലാണ് ഡാലിയ ആദ്യമായൊരു ഹോസ്‌പിറ്റൽ പോയത്. സ്ഥിരീകരിക്കപ്പെടാൻ പോകുന്നൊരു ഭയാനക രോഗം മുൻകൂട്ടി കണ്ടിട്ടെന്നതു പോലെ തിടുക്കപ്പെട്ട് പ്രവർത്തിക്കാൻ ഈ മിടുക്കിയെ തുരത്തിയ ശക്തിയെന്ത്? എനിക്കറിയില്ല. പക്ഷേ, പ്രായോഗികമായി ഡാലിയ നമുക്ക് നൽകിയ ഏറ്റവും വലിയ ആശ്ചര്യം ഇതല്ലേ!” 

placeholder
മേതില്‍ | ഫോട്ടോ: മധുരാജ്‌\മാതൃഭൂമി

ബോർഡ് പറഞ്ഞത്: ‘ജീസസ് ലവ്‌സ് യൂ!’

മാധവി ജലാഗേരിയുടെ ആശ്ചര്യ അറിയിപ്പോടെ എല്ലാവരുടെയും ജിജ്ഞാസ സൂസൻ വിൽസനു നേർക്കു തിരിഞ്ഞിരുന്നു. 

രണ്ടാം കീമോ നാളിലാണ് ഡാലിയ ജീസസിനെ കണ്ടത്. ഈ കാഴ്‌ചക്കു  ശേഷമാണ് അതേക്കുറിച്ച് ഒന്നും അറിയാത്തൊരു പാസ്‌റ്റർ ഡാലിയയെ സമീപിച്ചത്. ഡാലിയക്കായി അദ്ദേഹം ഒരു കീർത്തനം ചൊല്ലി; യേശുവെ ധ്യാനിച്ചു (03). ഇത്രയും എല്ലാവർക്കുമറിയാം. പക്ഷേ, “സൂസൻ കൂടുതലായി അറിയിച്ച കാര്യങ്ങൾ”? / സൂസൻ സഹപ്രവർത്തകരുടെ സഹാനുഭൂതി നിറഞ്ഞ ചോദ്യങ്ങളെ നേരിടുന്നു. /  ഞാൻ കേട്ട ശബ്‌ദരേഖയുടെ ഉള്ളടക്കം സൂസൻ്റെ കുറിപ്പുകളാണ്.

ഒക്റ്റോബർ 24. എട്ടാം കീമോ സെഷന് തലേന്നുള്ള രക്തപരിശോധനയുടെ ദിവസം. ഒറ്റക്കാണ് ഡാലിയ ഹോസ്‌പിറ്റലിലേക്ക്  സഞ്ചരിക്കുന്നത്. ഡാഡിയെ വിളിച്ചുണർത്താൻ അവൾ ആഗ്രഹിക്കുന്നില്ല. അഞ്ചര മണിക്ക് പുലർച്ചയുടെ വരവറിഞ്ഞ് കിടക്കയിൽ കയറിയ ഡാഡി ഉറങ്ങുന്നത് കണ്ടുകൊണ്ടാണ് തൻ്റെ പിന്നിൽ അവൾ ഫ്‌ളാറ്റിൻ്റെ വാതിൽ അടച്ചത്. രാമൂങ്ങകൾ അഥവാ ‘നൈറ്റ് ഔൽസ്’ എന്നറിയപ്പെടുന്ന കൂട്ടത്തിൽ പെട്ടവരാണ് അച്‌ഛനും  മകളും.  

ഭംഗിയായി വാഹനം കൈകാര്യം ചെയ്യുന്ന ആളാണ് ഡ്രൈവർ. നല്ലൊരു ബൈസ്‌റ്റാൻഡറാവാൻ ആവശ്യമായ കഴിവുകളുണ്ട്, അച്‌ഛനോട് ആദരവുണ്ട്, മമതയുണ്ട്. യാത്രയിൽ ഡാലിയ സന്തുഷ്‌ട, സുരക്ഷിത. പക്ഷേ ക്വീവുകളും കൂപ്പണുകളും, കൗണ്ടറുകളും നൂറു പേർക്കിടയിലെ കാത്തിരിപ്പും… സ്വന്തം പ്രശ്‌നമല്ല, എല്ലാവരുടെയും പ്രശ്‌നം. എല്ലാം തത്സമയത്തിലെന്നതു പോലെ മനസ്സിൽ  കാണുമ്പോൾ, ഫ്‌ളാറ്റിലേക്ക് തിരിച്ചുപോകാൻ പ്രലോഭനമുണ്ടാകും. ആകയാൽ വാഹനം വേഗമെടുത്ത് ഓടാൻ തുടങ്ങിയപ്പോൾ ഡാലിയ കണ്ണുകൾ അടച്ച് ധ്യാനിക്കുന്നു: 

“ദൈവമേ, ഹോസ്‌പിറ്റലിൽ എൻ്റെ മനസ്സ് അക്ഷോഭ്യമായിരിക്കട്ടെ!… ഈ ദിവസം ശാന്തമായിരിക്കട്ടെ!”... 

വാഹനം മറ്റൊരു വലിയ പാതയിലേക്കൊരു വളവെടുത്ത് തിരിഞ്ഞപ്പോൾ, ചെറിയൊരു കുലുക്കത്തിൽ ഡാലിയ കണ്ണുകൾ തുറന്നു. ആദ്യമായി കണ്ടത് ഒരു ബോർഡ് — എവിടെയും തൂക്കപ്പെടാതെ, നിരത്തിൻ്റെ വക്കത്തൊരു മതിലിനോട് ചേർന്നു നിൽക്കുന്നു (ചായം ഉണങ്ങാൻ?). ബോർഡിലെ എഴുത്ത് ഡാലിയ വായിച്ചു: യേശു നിന്നെ സ്നേഹിക്കുന്നു.” 

JESUS LOVES YOU.

ഒക്റ്റോബർ 25. എട്ടാം കീമോ നാൾ. ഹോസ്‌പിറ്റലിൽ എത്തിയാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങളിൽ ഡാലിയയെ സഹായിക്കാൻ അച്‌ഛൻ ഒരു ആരോഗ്യ പ്രവർത്തകയെ ഏർപ്പാട് ചെയ്‌തിരുന്നു. പ്രവേശന ഭാഗത്തിൽ അവളെ കാത്തുനിൽക്കുമ്പോൾ, തൊട്ടടുത്ത് നിൽക്കുന്ന സ്ത്രീയുടെ മുഖം ഡാലിയ ശ്രദ്ധിച്ചു. അപരിചിത, പക്ഷേ ചുണ്ടുകളിൽ പുഞ്ചിരി, ദേഹഭാഷയിൽ അടുപ്പം. 

അവർ ചോദിച്ചു, “പേരെന്താണ്?” / “ഡാലിയ.” / “ഡാലിയ! എത്ര മനോഹരമായ പേര്! ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല.” / അർബുദം ബാധിച്ച ചേട്ടനും ചേടത്തിയമ്മയും വരുന്നത് കാത്തു നിൽക്കുകയായിരുന്നു ആ സ്ത്രീ. ചെറിയ തോതിലൊരു സംഭാഷണം. പിന്നെ പിരിയുമ്പോൾ, ഡാലിയയുടെ കൈകൾ തൻ്റെ കൈകളിലെടുത്ത് അവർ പറഞ്ഞു, “എന്നും ഞാൻ ഓർക്കും, ഡാലിയയെ രക്ഷിക്കാൻ ഞാൻ ദിവസവും ജീസസിനോട് അപേക്ഷിക്കും.”

എല്ലാ രേഖകളും മാറ്റിവെച്ച് ഞാൻ എൻ്റെ കുറിപ്പുകളിലേക്ക് കടക്കുന്നു. ഇവിടെയൊരു അപ്ഡേറ്റ് കാണുന്നു: ഒക്റ്റോബർ ഇരുപത്താറ്, 2023. സൂസൻ വിൽസൻ രേഖപ്പെടുത്തിയ രണ്ടു ദിവസങ്ങളിലെ ആശ്ചര്യങ്ങൾ ഡാലിയ അച്‌ഛൻ്റെ അറിവിൽപ്പെടുത്തുന്നു; പിന്നെ ഏറ്റുപറയുന്നു: “ഡാഡി, രണ്ടാം കീമോ സെഷനിലെ കാഴ്‌ചക്കു ശേഷം ഞാൻ ദിവസവും ജീസസിനെ ധ്യാനിക്കാറുണ്ട്… I feel connected to him.” 

placeholder
ചിത്രീകരണം: കെ. ഷെരീഫ്‌

ക്രിസ്‌മസ്‌: പുതിയൊരു കോക്റ്റേൽ ആർക്ക്?  

ഞാൻ റോഡ്‌റിഗോയെ ഓർക്കുന്നു. ക്രിസ്‌മസിനേക്കാൾ റോഡ്‌റിഗോക്ക് ആഹ്ളാദം നൽകുന്നത് ഈസ്‌റ്ററാണ് (04). എന്നെക്കുറിച്ചും ഇങ്ങനെ പറയാം. പക്ഷേ, അടുത്ത  ഈസ്‌റ്റർ (2024 മാർച്ച് 31) അപ്രാപ്യമാം വിധം ദൂരെയാണെന്ന തോന്നൽ ഒരു ഭയം പോലെ എന്നെ ശല്യപ്പെടുത്തുന്നു. ഈസ്‌റ്റർ മുഴുവനായും റോഡ്‌റിഗോക്ക് വിട്ടുകൊടുക്കുക. ആഘോഷത്തിൻ്റെ അന്തരീക്ഷത്തിൽ, എത്രയും നേരത്തേ, ഹൃദ്യമായൊരു കോക്റ്റേൽ പാനം എനിക്ക്  വേണം. ഇതിന്നിടയിലാണ് മറ്റൊരു കോക്റ്റേൽ ചിന്ത കടന്നു വരുന്നത്. 

ഡാലിയയുടെ പന്ത്രണ്ടാമത്തെ കീമോ സെഷൻ ഡിസംബർ ഒമ്പതാം തീയതി പൂർത്തിയായി. 12+4 എന്ന പ്രയോഗ ഗണനയിൽ, നാലെണ്ണം ബാക്കിയുണ്ട്.. ഇനി  മുതൽ പത്ത് ദിവസം കൂടുമ്പോൾ ഒരിക്കലെന്നതിനു പകരം രക്ത പരിശോധന പതിന്നാല്  ദിവസം കൂടുമ്പോൾ ഒരിക്കലാവും. കീമോ പിറ്റേന്ന്. ഇതേ വരെ ഉപയോഗിക്കപ്പെട്ടിരുന്ന കെമിക ദ്രവ്യങ്ങൾ മാറും. പുതിയ കാര്യക്രമത്തിൽ, പുതിയ ഔഷധങ്ങളോടെ, ഡാലിയയുടെ പതിമൂന്നാം കീമോ സെഷൻ ഡിസംബർ 24-ന്! എന്ത്!

ഡാലിയയുടെ ചികിത്സയിൽ കാലവിളംബം ജീസസ്‌ ആഗ്രഹിക്കില്ല (യേശു ക്രിസ്തു ജീവിച്ചിരുന്ന കാലത്ത് ആരും ക്രിസ്‌തുമസ്‌ ആഘോഷിച്ചിട്ടില്ല). പക്ഷേ, ഹോസ്‌പിറ്റലിലെ പ്രവർത്തകർ അർഹിക്കുന്ന ക്രിസ്‌മസ്‌ ഒഴിവുദിവസങ്ങൾ അനിവാര്യം. എന്നല്ല, ഇടയിൽ ഡാലിയക്കൊരു ഹൃദയപരിശോധന തരണം ചെയ്യേണ്ടതുണ്ട്. ആകയാൽ, അടുത്ത കീമോ സെഷൻ ഡിസംബർ 28-ന്! 

ഡോക്റ്റർ റോമ കടലാസിൽ തീയതി കുറിച്ചിടുന്നു.

അർബുദത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണങ്ങൾ ദിവസവും ശ്രദ്ധിക്കാറുണ്ട് ഞാൻ. രക്താർബുദ ചികിത്സയിൽ വളരെ സാധാരണമായൊരു ദ്രവ്യവും, അതേപോലെ സ്‌തനാർബുദ ചികിത്സയിൽ സാധാരണമായൊരു ദ്രവ്യവും ചേർത്താൽ കിട്ടാവുന്ന കോക്റ്റേൽ (മിശ്രം) വളരെ ശക്തമായ രീതിയിൽ സ്‌തനാർബുദകോശങ്ങളുടെ അധിനിവേശം തടയുമെന്ന് ഡോ: സെത്ത് കോറി (ഫൈൻബർഗ് സ്‌കൂൾ ഓവ് മെഡിസിൻ) കണ്ടെത്തി. പക്ഷേ പ്രയോഗത്തിൻ്റെ തലത്തിൽ, ഇന്ത്യയിലെ ഹോസ്‌പിറ്റലുകളിൽ ഇത്തരം കണ്ടെത്തലുകളുടെ ആന്ദോളനം എത്രത്തോളമെന്ന് എനിക്കറിയില്ല. 

ഞാൻ ഇരുട്ടിലാണ്, ആകെ ഇരുട്ടിലാണ്..

പതിമൂന്നാം കീമോ സെഷനിൽ ഡാലിയക്ക് കിട്ടുന്ന ‘കോക്റ്റേൽ’ എന്താവും?

അവളുടെ ഉടൽ അനായാസമായി അതുമായി പൊരുത്തപ്പെടുമോ? അടുത്ത വർഷത്തിലെ പെസഹ പെരുന്നാളിൽ ഡാലിയ നൃത്തം ചെയ്യുമെന്നാണ് ഗുണകാംക്ഷിയായൊരു വായനക്കാരൻ പറഞ്ഞത്. എൻ്റെ മനസ്സ് നിറയെ  ഉത്കണ്ഠയാണ്. ക്രിസ്‌മസ്‌ ഈവിൽ എനിക്കൊരു കോക്റ്റേൽ വേണം. 

ഈസ്‌റ്റർ അകലെയാണ്. 

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍  ഇവിടെ വായിക്കാം.