നിമിഷങ്ങൾക്കായി സദാ തുറന്നു കിടക്കുന്ന മനസ്സ്. നിമിഷങ്ങൾ നഗ്നം. നിർവ്വചനം പോലും ഊരിയെറിഞ്ഞ് 'പ്ളേസ്ഹോൾഡർ' അഥവാ സ്ഥലവാഹി എന്ന സങ്കല്പം (02) കാലത്തിൽ മലർന്നു കിടക്കുന്നു. 

To advertise here,

ഇന്ത്യയുടെ കിടപ്പ് +5:30 സമയമേഖലയിൽ. എല്ലാ ഘടികാരങ്ങളിലും ഈ മേഖലയിലെ ഏതു നിമിഷവും ഓരോ വ്യക്തിക്കും സ്വയം നിറയാൻ തുറന്നു കിടക്കുന്നു —ഒരു സംഭവത്തിൻ്റെയോ,  മനസ്സിലെ ഒരു അനുഭൂതിയുടെയോ വിചാരത്തിൻ്റെയോ അംശം നിറയാൻ കാലത്തിൽ മുൻകൂട്ടി തയ്യാറാക്കപ്പെട്ടൊരു സ്ഥലം സജ്ജീകരണം. പക്ഷേ, എൻ്റെ നിമിഷങ്ങളിൽ നിറയാൻ എനിക്ക് കഴിയുന്നില്ല. 

എൻ്റെ അയൽപക്കത്തിലെ പൂവൻ കോഴിയുടെ കൂവൽ (13) സൂര്യൻ്റെ നാളം കൊളുത്തിയില്ലെങ്കിൽ (കൊളുത്തില്ല), നിമിഷങ്ങളിൽ മറ്റൊരു നാളം തെളിയും. ഒരു സിഗരറ്റ് കൊളുത്താൻ ഞാൻ  ഇരുട്ടിൽ ഒരു തീപ്പെട്ടിക്കോൽ കത്തിക്കും. നിമിഷങ്ങൾ ചിത, ചുടലച്ചാമ്പൽ. ഇതാണോ എൻ്റെ നിറയൽ? ഞാൻ നിറയുന്നത് ആഷ്‌ട്രേയിൽ മാത്രം.

ഡാലിയ ഉറങ്ങിയിട്ടുണ്ടാവില്ല. റോബർട് ഫ്രോസ്‌റ്റിൻ്റെ ഒരു കവിതയാണ് പതിന്നാലാമത്തെ കീമോയ്ക്ക് ശേഷം ഡാലിയയുടെ യാമങ്ങൾ.

മിനുറ്റുകളോളം, ഉടലിൽ ഐസ് ക്യൂബുകൾ നിറയുന്നതു പോലെ, പിന്നെ മിനുറ്റുകളോളം, ചുറ്റും ഒരു ഉഷ്‌ണതരംഗം വലയമിടുന്നതു പോലെ. കുളിരുന്നു, വിയർക്കുന്നു, കുളിരുന്നു, വിയർക്കുന്നു… ഈ താപമാറ്റങ്ങളിൽ തിടുക്കപ്പെട്ട് പുതപ്പെടുക്കൽ, ചിലപ്പോൾ കൂടുതലായി ഒരു മേൽവസ്ത്രം ധരിക്കൽ (ഫാൻ നിശ്ചലമാവണം); പിന്നെ, കൂടുതൽ തിടുക്കപ്പെട്ട് അധിക ആവരണങ്ങളെല്ലാം എടുത്തുമാറ്റൽ (ഫാൻ കറങ്ങണം). 

ലോകാവസാനം അഗ്നിയിലാവുമെന്ന് ചിലർ; ഹിമത്തിലാവുമെന്ന് ചിലർ. ഫ്രോസ്‌റ്റിൻ്റെ കവിത (Fire and Ice) ഈ അവസാനങ്ങൾ രണ്ടും പരിഗണിക്കുമ്പോൾ,  രണ്ടും മാറി മാറി പരീക്ഷിച്ചു നോക്കുകയാണ് ഡാലിയയുടെ ശരീരം — ഓരോ രാത്രിയിലും, ഉറക്കത്തിന് ഒരു  'പ്ളേസ്ഹോൾഡർ' ഇല്ലാതെ. / പക്ഷേ നിമിഷങ്ങൾ നിറയാതിരിക്കുന്നില്ല. നിങ്ങളുടേതായ എന്തിനും നിമിഷങ്ങളിൽ നിറയാം —എന്തിൻ്റെയും അഭാവത്തിനു പോലും.  

(ഫ്രോസ്‌റ്റിൻ്റെ ആദ്യത്തെ വരികൾ ഭൂമിയുടെ വർത്തമാന അവസ്ഥയിലേക്ക് വ്യാപിപ്പിച്ച് ഞാൻ എഴുതിയ ലേഖനത്തിൻ്റെ തലക്കെട്ട് 'അഗ്നിക്കും ഹിമത്തിനും ഇടയിലെ വേളകൾ' എന്നായിരുന്നു.)

പെൺകുട്ടി: രോഗധാര | 2024 ഫെബ്രുവരി 2,3  

01:30 പിഎം | പതിന്നാലാമത്തെ കീമോ, രണ്ടാമത്തെ ചുവന്ന കീമോ. ഡ്രിപ് തുടങ്ങിയപ്പോൾ ഡാലിയയുടെ കൈപ്പടത്തിന് മുകളിൽ ഒരു മുഴപ്പ്. ചിലർക്കിത് സംഭവിക്കാം. സംഭവിച്ചാൽ ഡോക്റ്ററെ അറിയിക്കണം. ഒരു നഴ്‌സ് അറിയിച്ചു.

ഡോ: റോമ ഒരു ലേപനം നിർദേശിച്ചു. പ്രശ്‌നം തീർന്നു, ഡാലിയയുടെ ശരീരത്തിൽ ഒന്നാം റെഡ് കീമോയുടെ അനന്തരഫലം ദുസ്സഹമായിരുന്നതിനാൽ, ഡോ: റോമ ഔഷധത്തിൻ്റെ അളവ് ചുരുക്കിയിരുന്നു. / ഡാലിയ ഒരു മണിക്ക് മുൻപ് ഫ്ളാറ്റിൽ തിരിച്ചെത്തിയപ്പോൾ അച്‌ഛൻ ആശ്ചര്യപ്പെട്ടിരുന്നു. ഇതിനു മുൻപൊരിക്കലും ഒരു കീമോ സെഷൻ ഇത്രയും വേഗം പൂർത്തിയായിട്ടില്ല.   

03:15 പിഎം | ആഹാരത്തിനുശേഷം ഡാലിയ മുറിയിൽ വാതിലടച്ച് കിടന്നു. അവളുടെ ഡാഡി വീണ്ടും ലാപ്റ്റോപ്പിനരികിൽ. പ്രവർത്തിക്കാൻ കഴിയുന്നില്ല. ചില തുടർച്ചകളിലെ മാറ്റങ്ങൾ അദ്ദേഹത്തെ അലട്ടുന്നു — സമയപ്പട്ടികയിലെ മാറ്റങ്ങൾ, അളവുകളിലെ മാറ്റങ്ങൾ. ഒരു ചായ ഉണ്ടാക്കുന്നതിൽപ്പോലും ഡാഡി ചെലുത്തുന്ന സൂക്ഷ്‌മത കുട്ടിക്കാലം തൊട്ട് ഡാലിയക്കറിയാം. ചിലപ്പോൾ അവൾ ഇടപെടും, "മതി, മതി, മിസ്‌റ്റർ  മറ്റിക്യൂലസ്!" 

05:30 പിഎം | അച്‌ഛൻ ലാപ്റ്റോപ്പിലെ പ്രവർത്തനം നിർത്തുന്നു. ചായയുടെ സമയം. കാലയളവ് അര മണിക്കൂർ. ഡാലിയക്ക് ഇഷ്‌ടം ഡാഡി ഉണ്ടാക്കുന്ന ചായ.  ഡാഡിക്ക് ഇഷ്‌ടം ഡാലിയ ഉണ്ടാക്കുന്ന കാപ്പി. / ഡാലിയ ഇനിയും വാതിൽ തുറന്നിട്ടില്ല. കീമോ ദിനങ്ങളിലെ സ്വാഭാവികമായ തളർച്ച ഒരു കാരണമാവാം. പിന്നെയും കാരണങ്ങളുണ്ട്. ചിലപ്പോൾ പുറത്തിറങ്ങാനുള്ള മനഃസ്ഥിതി ആകെ തകർന്നിരിക്കും. അല്ലെങ്കിൽ, ഒരു കീമോ ദിനത്തെത്തുടർന്ന് ദിവസങ്ങളോളം, നാവിനെ പൊതിയുന്ന ലോഹച്ചുവയിൽ ചായ അരോചകമാവും. ആറു മണിക്ക് ശേഷം, അടുക്കളയിൽ നിരത്തിയ രണ്ട് കോപ്പകളൊന്നിൽ ചായ നിറയുന്നു. 

07:10  പിഎം | ഏഴു മണിക്ക് ശേഷമാണ് ഡാലിയ ചില അസ്വാഭാവിക ശബ്‌ദങ്ങളോടെ മുറിയുടെ വാതിൽ തുറന്ന് പുറത്തെത്തുന്നത്. അന്ധാളിച്ച് നിൽക്കുന്ന ഡാഡിയെ അവൾ അറിയിക്കുന്നു: "ഇതിനകം ഞാൻ നാല് പ്രാവശ്യം ഛർദ്ദിച്ചു. ആദ്യത്തെ പ്രാവശ്യം പുറത്തു തള്ളാൻ കുറച്ച് ഉള്ളടക്കമുണ്ടായിരുന്നു. പിന്നത്തെ മൂന്നു പ്രാവശ്യം?!... ദാ, ദാ, ഇപ്പോൾ വീണ്ടും തോന്നുന്നു." / ഡാലിയ അടുത്തുള്ള സിങ്കിന് നേർക്ക് പായുന്നു. / ഡാഡി തൻ്റെ മുറിയിലേക്ക് ചെന്ന് ഹോസ്‌പിറ്റലുമായി ബന്ധപ്പെട്ടു. രോഗിയെ വേഗം അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നതാവും ഉചിതമെന്ന് ഒരു സ്ത്രീസ്വരം പറഞ്ഞു. 

placeholder
ചിത്രീകരണം : കെ. ഷെരീഫ്‌

07:15  പിഎം | എങ്ങനെ? ഡാലിയയുടെ ഡാഡി എന്നത്തേക്കാളുമേറെ അവശത അനുഭവിച്ച നിമിഷങ്ങൾ. ഇന്നലെ രാത്രി ശരിക്കും ഉറങ്ങിയിട്ടില്ല; ഡാലിയയുടെ  ബൈസ്‌റ്റാൻഡറാകാനുള്ള ശക്തി ക്ഷയിച്ചതിനു ശേഷം ഒരൊറ്റ കീമോ നാളിൻ്റെ തലേന്നും ശരിക്കും ഉറങ്ങിയിട്ടില്ല. വൈകുന്നേരമായാൽ എന്നും 'വർറ്റിഗോ'യുടെ ആക്രമണം. / യൂജിൻ മറെ ആൾക്കുരങ്ങുകളിൽ പോലും കണ്ടെത്തിയ "സായാഹ്ന വിഷാദം" കൂടെയില്ലേ? സന്ധ്യയായാൽ ആളുകളെ ബാറുകളിലേക്ക് നയിക്കുന്നത് ഈ വിഷാദമാണെന്ന് ഞാൻ തമാശയായി പറയാറുണ്ട്.  പക്ഷേ ഈ സന്ധ്യ തമാശയല്ല. ഡാലിയയെ ആർ ഹോസ്‌പിറ്റലിൽ എത്തിക്കും!

07:20  പിഎം | ഹാ, താത്രി! അല്ലാതാര്? ഡാഡി വളരെ സങ്കോചത്തോടെ തൻ്റെ യുവസുഹൃത്തായ താത്രിയെ വിളിക്കുന്നത് ഡാലിയ കേട്ടു. തിരക്കുണ്ടെങ്കിലും അങ്ങനെയൊന്നും ഇല്ലെന്ന മട്ടിൽ താത്രി സന്ദർഭത്തിൽ എത്തിയിരിക്കും. / എത്തി. / കീമോ ഇൻഫ്യൂഷൻ ഉണ്ടാക്കാവുന്ന ശല്യങ്ങൾ ശമിപ്പിക്കാൻ ഡാലിയക്ക് ചില ഗുളികകൾ കിട്ടിയിരുന്നു. ഉപയോഗിച്ചിട്ടില്ല. ഉപേക്ഷയാവാം, മറവിയാകാം. ഡാഡി ഇതറിയുന്നത് ഇപ്പോൾ മാത്രം. സ്ട്രിപ്പുകൾ താത്രിയെ ഏൽപ്പിച്ച് ഡാഡി പറഞ്ഞു, "താത്രി, ഇതിൽ ഓരോ ഗുളികയും എന്തിനെന്ന് ഡോക്റ്ററോട് ചോദിച്ച് മനസ്സിലാക്കണം."

07:25 പിഎം | ലിഫ്റ്റ് ചുവട്ടിലെത്തി നിലച്ചപ്പോൾ ഡാലിയ പുറത്തിറങ്ങിയോ? വ്യക്തമല്ല. ലിഫ്റ്റ് വീണ്ടും ഉയരുമ്പോൾ ഉള്ളിൽ ഡാലിയയും താത്രിയുമുണ്ട്. ഡാലിയ അത്താഴമുറിയിലെ സിങ്കിനടുത്തേക്ക് പായുന്നു. / അവൾ മുഖം കഴുകി തിരിച്ചുവന്ന് വീണ്ടും പുറത്തേക്കിറങ്ങുമ്പോൾ, പ്രത്യേകിച്ചൊരു കാരണമില്ലാതെ താൻ ഒരിടത്ത് ശുചിയായി സൂക്ഷിച്ചൊരു പ്ളാസ്റ്റിക്ക് ബാഗ് അവളുടെ കൈയിൽ കൊടുത്ത് ഡാഡി പറയുന്നു, "ഇത് വഴിയിൽ ഉപയോഗിക്കാൻ." / താത്രിയുടെ കാറ് സ്ഥലം വിട്ടപ്പോൾ ഡാഡി ഒരിടത്ത് ഇരിക്കുന്നു. 

07.30 പിഎം | പഴയ വീട്ടിൽ, ഒരു സന്ധ്യയിൽ, ചുവടുകൾ തെറ്റി ഡാലിയ കോണിപ്പടവുകളിൽ വീണപ്പോൾ, എല്ലുകളിൽ പ്രശ്‌നമില്ലെന്ന് ഉറപ്പാക്കാൻ അവളെ ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോയത് താത്രിയായിരുന്നു. രണ്ട് കീമോ ദിവസങ്ങളിൽ ഡാലിയയുടെ ബൈസ്‌റ്റാൻഡർ താത്രിയായിരുന്നു. ഇപ്പോൾ ഈ രാത്രിയിൽ, ആംബുലൻസ് പോലും ഇല്ലാത്തൊരു ഹോസ്‌പിറ്റലിലേക്ക് പോകാൻ ഡാലിയക്ക് താത്രിയുടെ വാഹനം! / ഡാലിയ താത്രിയോട് ചുരുക്കിപ്പറഞ്ഞൊരു അനുബന്ധ പ്രവർത്തനം ഡാഡിയുടെ ഏകാഗ്രതയിൽ മുഴുവൻ മാനങ്ങളിലേക്കും പടരാൻ തുടങ്ങുകയാണ് — ഉടലിൻ്റെ താപനിലയിൽ പെട്ടെന്നു പെട്ടെന്നുള്ള മാറ്റം (കുളിരുന്നു, വിയർക്കുന്നു). 

11:30 പിഎം | ഏകദേശം മൂന്നു മണിക്കൂർ മുൻപ് ഡാലിയയുടെ ഡാഡി വിളിച്ചപ്പോൾ താത്രി പറഞ്ഞു: "ഡാലിയക്ക് നഴ്‌സ്‌ ഒരു ഡ്രിപ് കൊടുത്തിരിക്കുന്നു. പ്രശ്‌നമൊന്നുമില്ല. ഏട്ടൻ പേടിക്കേണ്ടതില്ല." / ഏകദേശം ഒരു മണിക്കൂർ മുൻപ് വിളിച്ചപ്പോൾ കിട്ടിയ വാർത്ത വ്യത്യസ്‌തമായിരുന്നു. ഡ്രിപ് നിർത്താൻ ഡോക്റ്റർ നഴ്‌സിനോട് പറഞ്ഞു. തെറ്റായ ഡ്രിപ്പാണത്. തുടർന്നുകൊണ്ടിരിക്കേ ഡാലിയക്ക് പ്രശ്‌നമുണ്ടായി. ഊഹിക്കാം: താപനിലയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ (കുളിരുന്നു, വിയർക്കുന്നു). ഡോക്റ്റർ മറ്റൊരു ഡ്രിപ് നിർദ്ദേശിച്ചു; അത് തുടരുന്നു. ഇപ്പോൾ ഡാലിയ ശാന്തമായൊരു മയക്കത്തിലാണ്.

01.30 എഎം | ഒരു മണിക്ക് ശേഷമാണ് താത്രിയും ഡാലിയയും തിരിച്ചെത്തിയത്. 

10.00 എഎം | അച്ഛൻ രാവിലെ ഉണർന്ന് പതിവു പോലെ തൻ്റെ മുറിയുടെ വാതിൽക്കൽ വന്ന് നിന്നപ്പോൾ ഡാലിയ പറഞ്ഞു: "ഡാഡി, ഞാൻ കീമോതെറപി നിർത്താൻ പോവുകയാണ്." 

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍ ഇവിടെ വായിക്കാം.