രാജവാഴ്ചയില്‍നിന്നു ജനാധിപത്യ ഇന്ത്യയിലേക്ക് നമ്മള്‍ താണ്ടിയ അത്രയും നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയ്ക്കും. ഏകാധിപത്യ ഭരണസംവിധാനത്തിലെ കുറ്റവും ശിക്ഷയും എന്തെല്ലാമായിരുന്നു, എന്തായിരുന്നു പുരാതന ഇന്ത്യയിലെ തടവുരീതിയും ശിക്ഷാവിധികളും, മാറ്റങ്ങള്‍ സംഭവിച്ചത് എപ്രകാരമാണ്, തുടങ്ങിയവയാണ് ജയില്‍ ആന്‍ഡ് ജസ്റ്റിസ് ഇത്തവണ വിശദമാക്കുന്നത്.  

To advertise here,

വേദകാലത്ത് ഇന്ത്യയില്‍ ഭരണവും നീതിയും നിയമവും എല്ലാം ഒരാളുടെ പരമാധികാരമായിരുന്നു; രാജാവിന്റെ. കളവായാലും കൊലപാതകമായാലും രാജാവിന്റെ മൂഡനുസരിച്ചിരിക്കും ശിക്ഷയുടെ തീവ്രത. അക്കാലത്ത് നിലനിന്നിരുന്ന (ഇന്നും നിലനില്‍ക്കുന്ന) ചാതുര്‍വര്‍ണ്യം രാജാവിന്റെ നീതിന്യായവിധികളെ കാര്യമായി സ്വാധീനിച്ചിരുന്നു. ബ്രാഹ്‌മണരും ക്ഷത്രിയരും പലപ്പോഴും ശിക്ഷകളില്‍ ഇളവ് നേടിയപ്പോള്‍ ശൂദ്രരെ കാരാഹൃഹത്തിലടയ്ക്കുന്നത് പതിവായിരുന്നു. അവിടെ കുറ്റത്തിന്റെ തീവ്രതയേക്കാള്‍ ജാതിശ്രേണിയിലെ സ്ഥാനത്തിന്റെ തീവ്രതയായിരുന്നു ശിക്ഷ തീരുമാനിച്ചിരുന്നത്.

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇന്ത്യയിലെ ഓരോ പ്രധാനപ്പെട്ട സ്ഥലങ്ങളിലും തടവറകള്‍ സ്ഥാപിച്ചിരുന്നു. വളരെ പരിമിതമായ മുറികളില്‍ വിചാരണയും കാത്തിരിക്കുന്നവരെയായിരുന്നു താമസിപ്പിച്ചിരുന്നത്. അവര്‍ക്കു പുറമേ വിചാരണ കഴിഞ്ഞ് ഗുരുതരമല്ലാത്ത കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന ആളുകളെയും അതേ കെട്ടിടത്തില്‍ തന്നെ താമസിപ്പിച്ചു. ഇന്ന് നമ്മള്‍ ജില്ലാജയില്‍ എന്നുവിളിക്കുന്ന സംവിധാനത്തിന്റെ പ്രാഗാരൂപമായിട്ടാണ് അത്തരം ജയിലുകളെ കാണുന്നത്.

കുട്ടികള്‍ക്കിടയിലെ അക്രമവാസന എക്കാലത്തുമുള്ളതാണ്. കാലം ചെല്ലുംതോറും അക്രമങ്ങളുടെ സ്വഭാവത്തില്‍ മാറ്റം സംഭവിച്ചു എന്നുമാത്രം. കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്ന കുട്ടികളെ പാര്‍പ്പിക്കാന്‍ വേദകാലത്തും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കുകയും തുടര്‍ ജീവിതത്തില്‍ 'നല്ല മനുഷ്യരായി' വളരാനായി അവര്‍ക്ക് ശിക്ഷകള്‍ നല്‍കുകയും ചെയ്തിരുന്നു. ശിക്ഷകളെ കുട്ടികള്‍ എങ്ങനെ സ്വീകരിച്ചു എന്നത് ചിന്തനീയമാണ്. വളരെ ചെറുപ്പത്തിലേ ശിക്ഷകളേറ്റുവാങ്ങുന്ന ഒരു കുട്ടിക്ക് രണ്ട് മാര്‍ഗങ്ങളുണ്ട് മുന്നില്‍; ഒന്ന് ആ ശിക്ഷ ഒരു ഓര്‍മപ്പെടുത്തലായി തിരിച്ചറിഞ്ഞ് ഇനിയുള്ള ജീവിതത്തില്‍ സല്‍സ്വഭാവിയാകാം. രണ്ടാമതായി ചെറുപ്പത്തില്‍ത്തന്നെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ മനസ്സിനും ശരീരത്തിനും മറ്റൊരു തരത്തിലുള്ള ഉറപ്പാണ് വന്നുചേരുന്നത്. തെറ്റുകള്‍ ചെയ്താല്‍ ഇത്രയേ അനുഭവിക്കാനുളളൂ എന്ന നിസ്സാര മനോഭാവം. ആ മനോഭാവം വെച്ചുപുലര്‍ത്തുന്ന കുട്ടി ജയില്‍മോചിതനായാലും കൂടുതല്‍ ഗൗരവമാര്‍ന്ന കേസുകളില്‍ പിടിക്കപ്പെട്ട് തിരികെയെത്താനുള്ള സാധ്യത അന്നും ഇന്നും ഒരുപോലെയാണ്.  

മരണശിക്ഷ വിധിക്കുക എന്നത് ഒരു മനുഷ്യന് മറ്റ് മനുഷ്യരുടെമേല്‍ സര്‍വാധികാരം വന്നുചേര്‍ന്ന കാലം തൊട്ടേ നടപ്പിലുള്ളതാണ്. അപ്പോള്‍പ്പിന്നെ രാജ ഭരണകാലത്തെ ശിക്ഷാവിധിയുടെ നടപ്പുവശങ്ങളെക്കുറിച്ച് പ്രത്യേകിച്ചും പറയേണ്ടതില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കൃത്യം നടപ്പിലാക്കുന്ന ദിവസം വരെ പ്രത്യേകം തടവില്‍ പാര്‍പ്പിക്കുന്ന സമ്പ്രദായം വേദകാലത്തുമുണ്ടായിരുന്നു.

പുരാതന ഇന്ത്യയിലെ മനുഷ്യന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും നിര്‍ണയിച്ചത് മനുസ്മൃതിയായിരുന്നു. സാമൂഹികശ്രേണി നിര്‍ണയിച്ചതും മനുവായിരുന്നു. കൗടില്യന്‍, യാജ്ഞവൽക്യൻ പോലുള്ളവര്‍ മനുസ്മൃതിയെ ആയിരുന്നു ജീവിതതത്വങ്ങളെ നിര്‍വചിക്കാന്‍ ആശ്രയിച്ചിരുന്നത്. അതുകൊണ്ടുതന്ന ആര്, എന്ത് ചെയ്തു എന്നന്വേഷിക്കാതെ നേരെ പിടിച്ച് തുറുങ്കിടലയ്ക്കുക എന്നത് വളരെയളുപ്പത്തില്‍ നടപ്പിലായി. അക്കാലത്തെ ശിക്ഷാനിയമങ്ങളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായിരുന്നു പലപ്പോഴും വിചാരണയും ശിക്ഷയും. 

തെറ്റു ചെയ്തവരെ സമൂഹത്തില്‍നിന്ന്‌  അടര്‍ത്തി മാറ്റി തടവില്‍ പാര്‍പ്പിക്കണം എന്നത് ഹിന്ദുവേദഗ്രന്ഥങ്ങളില്‍ നിര്‍ദേശിച്ചിരുന്നവയാണ്. ആ തെറ്റ് സമൂഹത്തിലേക്ക് പടര്‍ന്നുപിടിക്കരുത് എന്നാണ് ഉദ്ദേശ്യം. 'തുറുങ്ക്‌' എന്നാണ് വിളിച്ചിരുന്നത്. തുറുങ്കില്‍ വെളിച്ചമുണ്ടായിരിക്കില്ല. തണുത്തതും ഈര്‍പ്പം നിലനില്‍ക്കുന്നതുമായ ഒരു വലിയ മാളം പോലുള്ള ഒന്ന്. വെളിച്ചം ഇല്ലാത്തതിനാല്‍ ആവശ്യമായ ചൂട് ലഭിക്കില്ല. വൃത്തിയോ വെടിപ്പോ ഇല്ലാത്ത, മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍ക്ക് യാതൊരു സൗകര്യവും പാടില്ലാത്ത വിധത്തിലായിരുന്നു തുറുങ്കുകള്‍ സ്ഥാപിച്ചിരുന്നത്. 

തുറുങ്കിലടയ്ക്കുക, നാടു കടത്തുക, കയ്യോ കാലോ വെട്ടുക, വധിക്കുക തുടങ്ങിയ ശിക്ഷകളായിരുന്നു വേദകാലത്തെ ഇന്ത്യയില്‍ നടപ്പാക്കിയിരുന്നത്. കരം അടയ്ക്കാന്‍ നിവൃത്തിയില്ലെങ്കില്‍ കരത്തിനുപുറമേ പിഴ കൂടി പാവങ്ങളുടെ മേല്‍ ചുമത്തപ്പെട്ടു. പിഴ ചുമത്തലായിരുന്നു സര്‍വസാധാരണമായ ശിക്ഷകളില്‍ ഒന്ന്. അല്ലെങ്കില്‍ പണിയെടുത്ത് കടം വീട്ടുക. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ തുച്ഛമായ കടത്തിന്റെ പേരില്‍ മരണംവരെ കൂലിയില്ലാതെ അഹോരാത്രം പണിയെടുത്തു കൊണ്ടേയിരിക്കണം. കടക്കാരന്‍ മരിച്ചു കഴിഞ്ഞാല്‍ ആ കടം നിലനില്‍ക്കുകയും അയാളുടെ അടുത്ത തലമുറയിലേക്ക് ബാധ്യത വന്നുചേരുകയും അവരും കൂടി കൂലിയില്ലാതെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

പിഴയൊടുക്കല്‍ ശിക്ഷ വരുത്തുന്ന ബാധ്യത മരണശിക്ഷയേക്കാള്‍ ഭയാനകമായിരുന്നു. ഒരു ബ്രാഹ്‌മണനെ കൊന്നാല്‍ ആയിരം പശുക്കളായിരുന്നു പിഴയായി കെട്ടിവെക്കേണ്ടത്. ക്ഷത്രിയനെ വധിച്ചാല്‍ അഞ്ഞൂറ് പശുക്കളാണ് പിഴ. വൈശ്യരെയും ശൂദ്രരെയും ഏത് ജാതിയില്‍പെട്ട സ്ത്രീകളെയും വധിച്ചാല്‍ നൂറ് പശുക്കളാണ് പിഴയായി കെട്ടിവെക്കേണ്ടിയിരുന്നത്. കൃത്യമായതോ ശാശ്വതമായിട്ടുള്ളതോ ആയ ഒരു ജയില്‍ സംവിധാനമോ ശിക്ഷാസംവിധാനമോ പുരാതന ഇന്ത്യയില്‍ നിലനിന്നിരുന്നില്ല. ഒരേ കുറ്റത്തിന് രാജാവിന് അപ്പോള്‍ തോന്നുന്ന ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. കുറ്റം ചെയ്തയാളുടെ ജാതീയമായ ശ്രേണി ശിക്ഷയുടെ കാര്യത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു.

തടവിലാക്കപ്പെടുന്നതുപോലെത്തന്നെ തടവുചാടലും അക്കാലത്തുണ്ടായിരുന്നു. കഠിനമായ ശിക്ഷകള്‍ സഹിക്കാന്‍ കഴിയാതെയാവുമ്പോള്‍ തടവുചാടാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. പക്ഷേ, അക്കാലത്തെ തുറുങ്കുകളുടെ പ്രത്യേകത കണക്കിലെടുക്കുമ്പോള്‍ തടവ് ചാടണമെങ്കില്‍ തീര്‍ച്ചയായും തുറുങ്ക് സംവിധാനത്തിനകത്തുള്ള ഒരാളുടെ സഹായം അത്യാവശ്യമായിരുന്നു. അങ്ങനെ സഹായിക്കുന്നയാളെ കണ്ടുപിടിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കുകയും അതിലൂടെ മറ്റുള്ളവര്‍ക്ക് താക്കീത് നല്‍കുന്ന രീതിയും നിലവിലുണ്ടായിരുന്നു. രാജ്യത്ത് പുതിയ അവകാശിയുടെ കിരീടധാരണം നടക്കുമ്പോള്‍ തടവുകാരെ മോചിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ചരിത്രകാരന്‍ ഹുയാങ് സാങ് രേഖപ്പെടുത്തിയത് പ്രകാരം തടവുകാരോടുള്ള അധികാരികളുടെ സമീപനം വളരെ ക്രൂരമായിരുന്നു എന്നുകാണാം.

വേദകാലത്തെ ജയില്‍ സൂപ്രണ്ട് അറിയപ്പെട്ടിരുന്നത് 'ബന്ധനഗരാധ്യാസ്‌കന്‍' എന്നായിരുന്നു. അയാള്‍ക്കു താഴെയുള്ള ഉദ്യോഗസ്ഥനെ 'കാര്‍ക്ക' എന്നായിരുന്നു വിളിച്ചിരുന്നത്. ജയില്‍ സംവിധാനത്തെക്കുറിച്ചും ഭരണരീതികളെക്കുറിച്ചും കൗടില്യന്‍ വിശദമായി നിരീക്ഷിക്കുന്നുണ്ട്. ജയില്‍ എവിടെ സ്ഥാപിക്കപ്പെടണമെന്നും ഒരു തടവുകാരനെ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് എപ്പോള്‍ മോചിതനാക്കണമെന്നും കൗടില്യന്‍ നിര്‍ദ്ദേശിക്കുന്നു. ഒരു ജയിലറുടെ ജോലി എന്തൊക്കെയാണെന്ന് നിര്‍വചിച്ചിരിക്കുന്നത് കൗടില്യനാണ്. ജയിലര്‍മാര്‍ എപ്പോഴും തടവുകാരെ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. മാത്രമല്ല, ജയില്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ജയില്‍ ഏതുവിധത്തില്‍ നടത്തിക്കൊണ്ടുപോകണമെന്നും കൗടില്യന്‍ പറയുന്നുണ്ട്.  

മധ്യകാലഘട്ടത്തിലേക്ക് വരുമ്പോള്‍ ഭരണപരമായ മുന്നേറ്റങ്ങള്‍ കാണാമെങ്കിലും ജയില്‍ സംവിധാനത്തിന് അത്രയൊന്നും പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുഗള്‍ കാലഘട്ടത്തില്‍ നിയമങ്ങളുടെ മൂലസ്രോതസ് ഖുര്‍ആന്‍ ആയിരുന്നു. മൂന്നു തരത്തിലായിരുന്നു കുറ്റങ്ങളെ വേര്‍തിരിച്ചിരുന്നത്- ദൈവത്തിനെതിരായ കുറ്റം, രാജ്യത്തിനെതിരായ കുറ്റം, സ്വകാര്യവ്യക്തികള്‍ക്കെതിരെ നടത്തുന്ന അക്രമം. ഈ കുറ്റങ്ങള്‍ക്കായുള്ള ശിക്ഷകളെ വീണ്ടും ഹദ്, തസിര്‍, ക്വയ്‌സാസ് എന്നിങ്ങനെ തരംതിരിച്ചു. കുറ്റം ചെയ്യുന്നത് ശീലമാക്കിയവരെ (Habitual offenders) കഠിനതടവില്‍ പാര്‍പ്പിക്കുന്ന ശീലം മുഗളര്‍ക്കില്ലായിരുന്നു.
 
വിചാരണയും വിധിയും നേരിടുന്ന തടവുകാരെ പാര്‍പ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഗളന്മാര്‍ കോട്ടകള്‍ നിര്‍മിച്ചു. ഗ്വാളിയോര്‍, രത്‌നാംബോര്‍, റോഹ്ത്താസ് എന്നിവിടങ്ങിളായിരുന്നു മുഗളന്മാര്‍ പണി കഴിപ്പിച്ച വലിയ കോട്ടകള്‍ സ്ഥിതി ചെയ്തിരുന്നത്. രാജാവ് സംതൃപ്തനാവുന്ന വിശേഷദിവസങ്ങളില്‍ തടവുകാരെ മോചിതരാക്കാന്‍ ഉത്തരവിടും. 1638-ല്‍ ഷാജഹാന്‍ തന്റെ പ്രിയപുത്രി ജഹനാരയുടെ അസുഖം മാറിയ സന്തോഷം പ്രകടിപ്പിച്ചത് തടവുകാരെ മോചിതരാക്കാന്‍ ഉത്തരവിട്ടു കൊണ്ടായിരുന്നു. മുഗളര്‍ നിര്‍മിച്ച കോട്ടകളില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രത്യേകം പാര്‍പ്പിക്കുന്ന തടവറയുണ്ടായിരുന്നു. ബന്ധിഖാനസ് എന്നായിരുന്നു അവയെ വിളിച്ചിരുന്നത്.

മറാത്ത സാമ്രാജ്യകാലത്ത് തടവിലാക്കുക എന്നത് ശിക്ഷയുടെ പൊതുരീതിയായിരുന്നില്ല. വധശിക്ഷയോ അംഗവിച്ഛേദനം വരുത്തുകയോ ആയിരുന്നു സാധാരണയായി നടപ്പിലാക്കിയിരുന്ന ശിക്ഷകള്‍.

1757-ലാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ അധികാരം പിടിമുറുക്കുന്നത്. 1858 വരെയുള്ള ഒരു നൂറ്റാണ്ട് കാലം നാമമാത്ര രാജാക്കന്മാരും ശക്തരായ ഇംഗ്ലീഷുകാരും തമ്മിലുള്ള പോരുകള്‍ തുടര്‍ന്നു. 1858-ല്‍ ബ്രിട്ടീഷ് രാജ് ഇന്ത്യയില്‍ നടപ്പിലാക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനുമുമ്പുള്ള ഇന്ത്യയിലെ തടവറകളെ സംബന്ധിച്ചിടത്തോളം അവയുടെ നടത്തിപ്പ് രീതികളെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഒന്നുമില്ലായിരുന്നു. ഓരോ അധികാരിയും അയാള്‍ക്കു തോന്നുന്ന പരിഷ്‌കാരങ്ങളും നിയമങ്ങളും നടപ്പിലാക്കി. ജയിലിലെ ആഭ്യന്തരഭരണം എങ്ങനെയായിരിക്കണമെന്ന് എവിടെയും വ്യക്തമാക്കിയിരുന്നില്ല. ജയില്‍ എങ്ങനെ നടത്തിക്കൊണ്ടുപോകണം എന്നും വ്യക്തമായിരുന്നില്ല. ജയിലും വിചാരണ കോടതിയും തമ്മില്‍ അക്കാലത്ത് വേര്‍തിരിവുണ്ടായിരുന്നില്ല. പിടിക്കപ്പെടുന്നവര്‍ക്ക് പ്രതിരോധിക്കാനോ കുറ്റക്കാരനല്ലെന്ന് തെളിയിക്കാനോ ഉള്ള വേദികളില്ലായിരുന്നു.

ഇന്ന് നമ്മള്‍ കാണുന്ന ജയില്‍ സംവിധാനത്തിന് തറക്കല്ലിട്ടത് ബ്രിട്ടീഷുകാരാണ്. തീവ്രവാദികളെയും കുറ്റം ചെയ്യുന്നവരെയും സമൂഹവുമായി ബന്ധിപ്പിക്കാത്ത തരത്തില്‍ മനുഷ്യത്വപരമായ സമീപനങ്ങളോടെ മാറ്റി പാര്‍പ്പിക്കുക എന്ന ആശയം വന്നു. പ്രാകൃതമായ ശിക്ഷാവിധികളും കൈകാല്‍ വെട്ടിക്കളയുമെല്ലാം അവര്‍ നിര്‍ത്തലാക്കി. പകരം നിശ്ചിത കാലയളവിലേക്ക് തടവില്‍ പാര്‍പ്പിക്കുക എന്ന പോളിസി കൊണ്ടുവന്നു. 1784-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയുടെ സര്‍വാധികാരം കൈമാറിയപ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പൊളിച്ചുപണിയാന്‍ തന്നെ കമ്പനി തീരുമാനിച്ചു. 143 സിവില്‍ ജയിലുകളും 75 ക്രിമിനല്‍ ജയിലുകളും 68 മിക്സഡ് ജയിലുകളും സ്ഥാപിതമായി. മുഗള്‍ ഭരണകാലത്തുണ്ടായിരുന്ന കോട്ടകളുടെ പുനര്‍വിന്യാസമായിരുന്നു ജയിലുകളായി മാറിയത്. ജയിലുകള്‍ തീര്‍ത്തും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

കമ്പനിയുടെ വ്യാപാരനീക്കങ്ങള്‍ക്ക് വിഘ്നം വരാതിരിക്കാന്‍ സമാധാനവും സുരക്ഷയും പാലിക്കപ്പെടാനായിരുന്നു ജയിലുകള്‍ മുഖ്യമായും പ്രവര്‍ത്തിച്ചിരുന്നത്. തടസ്സം നില്‍ക്കുന്നവര്‍ തടവിലാകുക എന്ന നയം. കമ്പനിക്ക് പരമാവധി ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന തരത്തിലായിരുന്നു തടവുകാരുടെ ജയില്‍ പരിപാലനവും. പരമാവധി ചെലവു കുറച്ചുള്ള തടവുശിക്ഷ.

1835-ല്‍ മെക്കാളെ പ്രഭു ഇന്ത്യന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഒരു അപേക്ഷ അയച്ചു. ഇന്ത്യന്‍ ജയിലുകളുടെ പരിതാവസ്ഥയെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിക്കണമെന്നായിരുന്നു അപേക്ഷയുടെ ഉള്ളടക്കം. നിജസ്ഥിതികള്‍ മനസ്സിലാക്കിയ ശേഷം മെച്ചപ്പെട്ട സംവിധാനങ്ങള്‍ ജയിലില്‍ സ്ഥാപിക്കണമെന്നും മെക്കാളെ നിര്‍ദ്ദേശിച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിര്‍ദേശം അംഗീകരിക്കുകയും എച്. ഷേക്സ്പിയര്‍ അധ്യക്ഷനായിട്ടുള്ള കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. മെക്കാളെയും കമ്മറ്റിയംഗമായിരുന്നു. 1838-ല്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ പീനല്‍ അഡ്മിനിസ്ട്രേഷന്റെ ചിരിത്രത്തിലെ നാഴികക്കല്ല്.

ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ തുല്യരായി പരിഗണിക്കുക എന്ന ലക്ഷ്യത്തോടെ യൂണിഫോം നടപ്പാക്കുക, തടവുകാരെ വിവിധതരം ജോലികളില്‍ ഏര്‍പ്പെടുത്തുക, വളരെ കുറഞ്ഞ സമയം മാത്രം വിശ്രമം അനുവദിക്കുക തുടങ്ങിയ നയങ്ങളിലൂടെ ജയില്‍ എന്ന സംവിധാനം അത്യന്തം കഷ്ടതയനുഭവിക്കുന്ന ഒന്നാക്കി തീര്‍ക്കാനും അതുമൂലം തടവുകാര്‍ക്ക് തങ്ങള്‍ അതുവരെ കഴിഞ്ഞുവന്ന സാമൂഹിക ജീവിതത്തില്‍നിന്നു തികച്ചും ഏകാന്തത നല്‍കുന്ന ഇടമാക്കി മാറ്റാനും അത്തരമൊരു സാഹചര്യത്തില്‍ ജീവിക്കുന്നതിലൂടെ മാനസിക പരിവര്‍ത്തനം തടവുകാരില്‍ കാലക്രമേണ വന്നുചേരുമെന്നുമായിരുന്നു മെക്കാളെയുടെ ശുപാര്‍ശ.

മെക്കാളെ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1846-ല്‍ ആഗ്രയില്‍ ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രല്‍ ജയില്‍ നിലവില്‍ വന്നു. ശേഷം 1848-ല്‍ ബറേലിയിലും അലഹാബാദിലും അറുപത്തിയേഴില്‍ ലഖ്നൗവിലും ജയിലുകള്‍ സ്ഥാപിതമായി. നിലവിലെ ഇന്ത്യന്‍ ജയില്‍ സംവിധാനം ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമായി നിലനില്‍ക്കുന്നു.

1920-ല്‍ സര്‍ അലക്സാണ്ടര്‍ കാര്‍ഡിയോ ഇന്ത്യന്‍ ജയില്‍ റിഫോംസ് കമ്മറ്റിയുടെ അധ്യക്ഷനായി നിയമിതനായി. ഇന്ത്യന്‍ ജയിലുകളെ പുനഃസംഘടിപ്പിക്കാനായിരുന്നു റിഫോംസ് കമ്മറ്റിയ്ക്ക് ലഭിച്ച നിര്‍ദ്ദേശം. ജയിലുകളില്‍ പാര്‍പ്പിക്കാവുന്ന പരമാവധി അന്തേവാസികളുടെ എണ്ണവും ജയിലിന്റെ ശേഷിയുമായിരുന്നു പ്രധാനപ്പെട്ട വിഷയം. ലോകത്തെ എല്ലാ ജയിലുകളുടെയും അവസ്ഥകളെക്കുറിച്ച് പഠിച്ച ശേഷം കമ്മറ്റി വിലയിരുത്തി; ജയിലുകള്‍ സൈദ്ധാന്തികമായി വികസിപ്പിച്ചു കൊണ്ടിരുന്നാല്‍ മാത്രം പോര, അതിന് കൃത്യവും സ്പഷ്ടവുമായ പുനരധിവാസതന്ത്രവും ഉണ്ടായിരിക്കണം. അന്തേവാസികളെ ശാരീരികമായി ഉപദ്രവിക്കുന്ന സമ്പ്രദായത്തെ കമ്മറ്റി പരിഹസിക്കുകയും കുറ്റവാളികളുടെയടുത്ത് മാനസികപരിവര്‍ത്തനം സാധ്യമാവുന്ന തരത്തില്‍ സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച വിശദമാക്കുകയും ചെയ്തു. തടവുകാരെ വിവിധതരം നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാനും കമ്മറ്റി നിര്‍ദേശിച്ചു. വിടുതല്‍ നല്‍കിയതിനുശേഷം തടവുകാര്‍ സമൂഹത്തില്‍ ജീവിതം തുടരാനുള്ള മാര്‍ഗം കൂടി നിര്‍ദ്ദേശിക്കുന്നതായിരുന്നു അലക്സാണ്ടര്‍ കാര്‍ഡിയോ കമ്മറ്റി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജയില്‍ റിഫോം കമ്മിറ്റികളില്‍ പേരു കേട്ടത് മുല്ല കമ്മിറ്റി (All India Committe on Jail Reforms) റിപ്പോര്‍ട്ടാണ്. ജസ്റ്റിസ് ആനന്ദ് നരെയ്ന്‍ മുല്ലയുടെ അധ്യക്ഷതയില്‍ 1980-83 കാലത്താണ് റിപ്പോര്‍ട്ട് രൂപീകരിക്കുന്നത്. ജയില്‍ നിയമങ്ങളും വ്യവസ്ഥകളും മൂല്യനിര്‍ണയം ചെയ്യുക എന്നതായിരുന്നു മുല്ല കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മിലുള്ള ജയില്‍ മാനേജ്‌മെന്റ് നിയന്ത്രിക്കുന്ന നിയമ ഘടനയിലെ തുല്യതയിലൂടെ സമഗ്രമായ ജയില്‍ മാനേജ്മെന്റ് നിയമം നടപ്പിലാക്കുക എന്നതായിരുന്നു ഓള്‍ ഇന്ത്യ ജയില്‍ കമ്മിറ്റിയുടെ ലക്ഷ്യം. ഇന്ത്യയിലെ ജയിലുകള്‍ പരിഷ്‌കരിക്കുന്നതിനായി ഒരു സ്ഥിരം കൗണ്‍സില്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയായിരുന്നു കമ്മിറ്റി മുന്നോട്ടുവെച്ചത്. കുറ്റവാളികളെ പുനരധിവസിപ്പിക്കുമ്പോള്‍ സമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കമ്മിറ്റി ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് 1987-ല്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മിറ്റിയെ ഇന്ത്യ ഗവണ്‍മെന്റ് ചുമതലപ്പെടുത്തി. ഇന്ത്യന്‍ ജയിലുകളിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചായിരുന്നു കൃഷ്ണയ്യര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. വനിതാ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കാനും ജയിലുകളില്‍ വനിതാ വാര്‍ഡന്മാരുടെ എണ്ണം കൂട്ടാനും കൃഷ്ണയ്യര്‍ കമ്മിറ്റിയാണ് നിര്‍ദ്ദേശിച്ചത്. സ്ത്രീകളെയും കുട്ടികളെയും കസ്റ്റഡിയില്‍ എടുക്കുന്നത് നിര്‍ബന്ധമായും വനിതാ പോലീസ് ആയിരിക്കണെമെന്നും കൃഷ്ണയ്യര്‍ ശുപാര്‍ശ ചെയ്തു. 

ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ നാലാം ഭാഗം പരാമര്‍ശിക്കുന്നത് ഇന്ത്യയിലെ ജയിലുകളുടെ ഭരണനിര്‍ഹണത്തെപ്പറ്റിയാണ്.  1894-ലെ പ്രിസണേഴ്‌സ് ആക്ടിനെ മുന്‍നിര്‍ത്തിക്കൊണ്ട് അതത് സംസ്ഥാനങ്ങള്‍ പ്രിസണ്‍ മാന്വല്‍ പിന്തുടരണമെന്ന് സ്റ്റേറ്റ് നിര്‍ദേശിക്കുന്നുണ്ട്. 1935-ലെ ഗവണ്മെന്റ് ഇന്ത്യാആക്ട് പ്രകാരം ജയിലുകളുടെ ദൈനംദിന ഭരണം, പരിപാലനം, തടവുകാരുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം തുടങ്ങിയവ അതത് സംസ്ഥാന സര്‍ക്കാറുകളില്‍ നിക്ഷിപ്തമാക്കി. ഇന്ത്യന്‍ ജയിലുകളിള്‍ പുതിയ നയപരിഷ്‌കാരങ്ങള്‍ രൂപീകരിക്കുന്നതിനായി 1951-ല്‍ ഇന്ത്യാഗവണ്‍മെന്റെ് ഐക്യരാഷ്ട്ര സഭാംഗമായ ഡോ. ഡബ്ല്യു.സി. റെക്ക്‌ലെസ്സിനെ ക്ഷണിച്ചു. ഇന്ത്യയിലെ ജയില്‍ഭരണം എന്ന പേരില്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തടവറകള്‍ എന്ന സങ്കല്പത്തില്‍ നിന്നും തീര്‍ത്തും മോചനം നല്‍കിക്കൊണ്ട് പുനരധിവാസകേന്ദ്രങ്ങള്‍ എന്ന ആശയത്തിലേക്ക് ജയിലുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം വെച്ചത് ഡോ. ഡബ്ല്യു സി റെക്ക്‌ലെസ് ആയിരുന്നു. കാലഹരണപ്പെട്ട ജയില്‍ നിയമങ്ങളെ പുനഃപരിശോധിക്കാനും അദ്ദേഹം ശുപാര്‍ശ ചെയ്തു. അദ്ദേഹത്തിന്റെ ശുപാര്‍കള്‍ ജയില്‍ ഐ.ജിയമാരുടെ എട്ടാം സമ്മേളനത്തില്‍ പിന്തുണയ്ക്കപ്പെട്ടതോടെ ഇന്ത്യാ ഗവണ്‍മെന്റെ് 1957-ല്‍ മോഡല്‍ പ്രിസണ്‍ മാന്വല്‍ രൂപീകരിക്കാനായി ഓള്‍ ഇന്ത്യാ ജയില്‍ മാന്വല്‍ കമ്മറ്റിയ്ക്ക് രൂപം നല്‍കി. മൂന്നുവര്‍ഷത്തിനുശേഷം 1960-ല്‍ ആ കമ്മറ്റി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മോഡല്‍ പ്രിസണ്‍ മാന്വല്‍ പ്രസിദ്ധപ്പെടുത്തി. ജയില്‍ ഭരണം, പ്രബേഷന്‍, തടവുകാരുടെ സംരക്ഷണം, കുട്ടിത്തടവുകാരുടെയും റിമാന്റ് പ്രതികളുടെയും സംരക്ഷണം, അംഗീകൃത നവീകരണ വിദ്യാലയങ്ങള്‍, ബോര്‍സ്റ്റല്‍ സ്‌കൂളുകള്‍, സുരക്ഷാഭവനങ്ങള്‍, അനാശ്യാസപ്രവര്‍ത്തനങ്ങളുടെ തടയിടല്‍ തുടങ്ങിയവയൊക്കെയായിരുന്നു പ്രഥമ മോഡല്‍ ജയില്‍ മാന്വലില്‍ ചര്‍ച്ച ചെയ്തിരുന്ന പ്രധാനപ്പെട്ട മേഖലകള്‍. പിന്നീട് കാലാനുസൃതമായി ജയില്‍ മാന്വലുകള്‍ പുതുക്കിക്കൊണ്ടേിയിരുന്നു. 

 2016-ലാണ് ഏറ്റവും അവസാനമായി പ്രിസണ്‍ മാന്വല്‍ പുതുക്കിയത്. കോവിഡ്-19 മനുഷ്യജീവിതത്തിലെ വളരെ നിര്‍ണായകമായ ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തിയത്. നമ്മുടെ ജീവിതം കോവിഡിന് മുമ്പ് ശേഷം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. കോവിഡ് കാലം ജയിലുകളെ നടത്തിപ്പിനെ എങ്ങനെയാണ് ബാധിച്ചത്, എന്തെല്ലാം പരിണാമങ്ങളാണ് സംഭവിച്ചത് എന്ന് പഠിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ ഗതി കോവിഡിനു ശേഷം മറ്റൊന്നായിത്തീര്‍ന്നുവെങ്കില്‍ തീര്‍ച്ചയായും അതിന്റെ പ്രതിഫലനം ജയിലിലും സംഭവിച്ചിരിക്കും.  

(Co-authored by Shabitha)