
ഏത് മഹാനായ കവിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാനാണോ ഞാന്‍ ഇവിടെ വന്നിട്ടുള്ളത്, അദ്ദേഹത്തെക്കുറിച്ച് ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. പറയാം. പറയാന്‍ ധാരാളമുണ്ടുതാനും. പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷവും ഏറെ അഭിമാനവുമുള്ള കാര്യമാണ്. ആദ്യം പുരസ്‌കാരച്ചടങ്ങ് നടക്കുന്ന സെനറ്റ് ഹാളില്‍നിന്ന് തുടങ്ങാം. ഏതാനും കൊല്ലങ്ങള്‍ക്കുമുന്‍പ് ഈ സെനറ്റ് ഹാളില്‍വെച്ച് കേരളനിയമസഭ രണ്ട് സാഹിത്യസമ്മേളനങ്ങള്‍ നടത്തി. തികച്ചും അഭൂതപൂര്‍വമായ ഒരു സംഭവമായിരുന്നു അത്. ഇങ്ങനെയൊന്നുവേണം എന്ന തീരുമാനമെടുത്തത് അന്നത്തെ സ്പീക്കറായിരുന്ന ബഹുമാനപ്പെട്ട എം. വിജയകുമാറായിരുന്നു. ആദ്യത്തെ സമ്മേളനത്തിന്റെ വിഷയം 'കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ മലയാള കവിത.' വിഷയമവതരിപ്പിച്ച് സംസാരിച്ചത് ഒ.എന്‍.വി. കുറുപ്പ്. വേറെ പ്രാസംഗികന്മാരാരും ഉണ്ടായിരുന്നില്ല. ഒരു മണിക്കൂര്‍ നീണ്ടുനിന്ന കുറുപ്പിന്റെ വാഗ്ധോരണിയില്‍ അന്നത്തെ ധന്യസദസ്സ് ലയിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ സമ്മേളനം നടന്നത്. വിഷയം 'കഴിഞ്ഞ നൂറ്റാണ്ടിലെ മലയാള ചെറുകഥ.' ഈ വിഷയം അവതരിപ്പിച്ച് സംസാരിക്കാന്‍ ഭാഗ്യമുണ്ടായത് എനിക്കായിരുന്നു. ഈ പരിപാടികളുടെ വിജയം പൂര്‍ണമായും എം. വിജയകുമാറിന് അവകാശപ്പെട്ടതായിരുന്നു. എം.എല്‍.എ. എന്ന നിലയിലും മന്ത്രി എന്ന നിലയിലും സ്പീക്കര്‍ എന്ന നിലയിലും കെ.ടി.ഡി.സി. ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചപ്പോഴൊക്കെ തന്റെ സഹജമായ സഹൃദയത്വം അല്പംപോലും നഷ്ടപ്പെടുത്താത്ത വിജയകുമാറിന് എന്റെ സ്‌നേഹം നിറഞ്ഞ കൂപ്പുകൈ.
എന്റെ കഥയെഴുത്തിന്റെ 50-ാം വാര്‍ഷികം മലയാളമനോരമ ആഘോഷിച്ചത് ഒരു അഭിമുഖത്തോടെയായിരുന്നു. അഭിമുഖം ചെയ്യാന്‍ മനോരമ തിരഞ്ഞെടുത്തത് ഒ.എന്‍.വി.യെയായിരുന്നു. മനോരമയുടെ എറണാകുളം ഗസ്റ്റ്ഹൗസില്‍വെച്ച് നടന്ന ഈ സംഭാഷണത്തില്‍ മോഡറേറ്ററായത് പ്രഭാവര്‍മയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത്യന്തം മധുരമായ ഒരു അനുഭവമായിരുന്നു അത്. കൊണ്ടും കൊടുത്തും മുന്നേറിയ ഒരപൂര്‍വ സാഹിത്യ ജുഗല്‍ബന്ധി! മഹാനായ കവി, നിത്യഭാസുരങ്ങളായ ഒട്ടേറെ നാടകസിനിമാഗാനങ്ങളുടെ കര്‍ത്താവ് എന്നതിനപ്പുറം ഒ.എന്‍.വി. മികച്ച ഒരു ഗദ്യകാരനുമായിരുന്നു. ദേശാഭിമാനി പ്രസിദ്ധീകരിച്ചുവരുന്ന കുട്ടികളുടെ മാസികയായ തത്തമ്മയുടെ പത്രാധിപരുമായിരുന്നു, തത്തമ്മയുടെ സുവര്‍ണകാലമായിരുന്നു അത്.

ഇനി, എന്നെമാത്രം സംബന്ധിക്കുന്ന, മറ്റാരും അറിയാത്ത ഒരു രഹസ്യംകൂടിയുണ്ട്. എന്റെ തീവ്രമായ പ്രണയാനുഭവകാലങ്ങളില്‍ ഞാന്‍ മൂളിനടന്നിരുന്നത് എന്റെ സുഹൃത്ത് എഴുതിയ പ്രശസ്ത പ്രണയഗാനങ്ങളായിരുന്നു! ഒരു മൂന്നുകൊല്ലത്തിനുമുന്‍പ് സ്‌നേഹം മാത്രം എന്ന പേരില്‍ ഞാന്‍ ഒരു കഥ എഴുതുകയുണ്ടായി. പത്മനാഭന്റെ പ്രണയകഥകള്‍ എന്ന പുസ്തകത്തില്‍ ഇതുണ്ട്. എന്റെ യൗവനാരംഭത്തിലെ ഒരു ഭഗ്നപ്രണയമാണ് ഇതിലെ വിഷയം. നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ... എന്ന് തുടങ്ങുന്ന ഒ.എന്‍.വി.യുടെ പ്രണയാതുരമായ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഞാന്‍ കഥ അവസാനിപ്പിക്കുന്നത്.
ഞാന്‍ നിര്‍ത്തട്ടെ.
ശരദിന്ദു മലര്‍ദീപനാളം
നീട്ടി
സുരഭില യാമങ്ങള്‍
ശ്രുതി മീട്ടി
ഇതുവരെ കാണാത്ത
കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍
കടവിലേക്കോ
മധുരമായ് പാടി
വിളിക്കുന്നു
ഒ.എന്‍.വി സാഹിത്യപുരസ്‌കാര പ്രഭാഷണത്തിന്റെ ലിഖിതരൂപത്തില്‍ നിന്നും. പുതിലയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.
Content Highlights: t padmanabhan onv mathrubhumi weekly
Published: 01 Jun 2022, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented