
സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം രാമചന്ദ്ര ഡോമുമായുള്ള അഭിമുഖത്തില്‍ നിന്നും
സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി ദളിത് വിഭാഗത്തില്‍നിന്ന് ഒരാള്‍ പോളിറ്റ് ബ്യൂറോയില്‍ പ്രവേശിച്ചിരിക്കുന്നു. ചരിത്രപരമെന്നാണ് ഈ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. എന്താണ് പ്രതികരണം?
ഒരു ദളിത് അംഗം പോളിറ്റ് ബ്യൂറോയില്‍ വരുന്നത് ചരിത്രപരമായ തീരുമാനമാണ്. അതാര്‍ക്കും നിഷേധിക്കാനാകില്ല. എന്നാല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടികളില്‍ ഇതൊരു സ്വാഭാവിക പ്രക്രിയയാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ദുര്‍ബലവിഭാഗങ്ങളില്‍പ്പെട്ടവരെ ഉന്നത നേതൃത്വങ്ങളിലേക്ക് ഉയര്‍ത്തുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സ്വാഭാവികമാണ്. അതിനായി തുടര്‍ച്ചയായ ശ്രമം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. അതാണ് ഇപ്പോള്‍ നടന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പോളിറ്റ് ബ്യൂറോയിലേക്ക് ദളിത്വിഭാഗത്തില്‍നിന്ന് ഒരു നേതാവ് കടന്നുവരാന്‍ ദശകങ്ങളെടുത്തു. ഈ കാലതാമസം സി.പി.എം. പോലെ പുരോഗമന സ്വഭാവം പ്രകടിപ്പിക്കേണ്ട പാര്‍ട്ടികളില്‍ പോലുമുള്ള പരമ്പരാഗത മനോഭാവത്തിന്റെ പ്രതിഫലനമല്ലേ. എന്ത് പറയുന്നു?
ശരിയാണ്, ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് പി.ബി.യില്‍ ഒരു ദളിത് അംഗമുണ്ടായിരുന്നില്ല. എന്നാല്‍ കേന്ദ്രകമ്മിറ്റിയില്‍ നിരവധി ഉന്നതനേതാക്കള്‍ ദളിത്വിഭാഗത്തില്‍ നിന്നുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. എന്നാല്‍ പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിത് അംഗം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനിച്ചു. അത്തരത്തില്‍ അതൊരു ചരിത്രപരമായ തീരുമാനമാണ്. എന്നാല്‍ ഞാന്‍ അതിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് വിലയിരുത്തുന്നത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ദളിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ ഇക്കാലം കാര്യമായ മാറ്റങ്ങളുണ്ടാക്കിയോ? പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍?

നോക്കൂ, ഞങ്ങള്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് നമ്മുടെ സമൂഹത്തെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. ഇന്ത്യന്‍സമൂഹം ജാതി അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതാണ്. കീഴ്ജാതിക്കാരായ ആദിവാസികള്‍, ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെല്ലാം അടിസ്ഥാനപരമായി പിന്നാക്കവിഭാഗങ്ങളാണ്. അവരാണ് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ പ്രധാന ഭാഗം. പാടത്തും ഫാക്ടറികളിലും അസംഘടിത മേഖലകളിലും പണിയെടുക്കുന്നത് അവരാണ്. കോടിക്കണക്കിന് ആളുകള്‍. തൊഴിലാളി വര്‍ഗവും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട, തിരസ്‌കൃതരായ വിഭാഗവും സമൂഹത്തിന്റെ രണ്ട് അടിസ്ഥാന ഘടകങ്ങളാണ്. അടിസ്ഥാനപരമായി സമൂഹത്തില്‍ കാതലായ മാറ്റം ഉണ്ടാകണം. ഞങ്ങള്‍ ഈ രാജ്യത്ത് ആ മാറ്റമുണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ലോകം മുഴുവന്‍ അതാണ് സംഭവിക്കുന്നത്. വിപ്ലവകരമായ മാറ്റമുണ്ടാക്കുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വിപ്ലവകരമായ മാറ്റങ്ങളിലൂടെ സോഷ്യലിസത്തിന് വഴിയൊരുക്കുന്നു. hegemony of the working class is necessary. അത്തരത്തിലുള്ള വിപ്ലവ പ്രക്രിയ അനിവാര്യമാണ്. നമ്മുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, ഇതിനനുസരിച്ചുള്ള സമീപനങ്ങള്‍ രൂപപ്പെടുത്തണം. സാമൂഹികമായ അടിച്ചമര്‍ത്തലിനെതിരേ, ചൂഷണത്തിനെതിരേ പോരാടണം. കോടിക്കണക്കിന് പാര്‍ശ്വവത്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെയും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി വിഭാഗത്തിന്റെയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടണം. ഈ ഘടകങ്ങളെല്ലാം ചേര്‍ത്ത യോജിച്ച ശ്രമമായിരിക്കണം നടക്കേണ്ടത്. ഞങ്ങളുടെ പാര്‍ട്ടിയുടെ ധാരണ ഇതാണ്.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും
Content Highlights: cpim politburo member ramachandra dom interview
Published: 02 Jun 2022, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented