
കഴിഞ്ഞ ജൂണ്‍ 23-നായിരുന്നു ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേയും നടന്‍ സഹീര്‍ ഇഖ്ബാലിന്റേയും വിവാഹം. മുംബൈയില്‍ സൊനാക്ഷിയുടെ വീട്ടില്‍ നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അതിനുശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഇരുവരും റിസപ്ഷനും ഒരുക്കിയിരുന്നു.
എന്നാല്‍ സൊനാക്ഷിയുമായി ഒളിച്ചോടിപ്പോയി വിവാഹം ചെയ്യാനായിരുന്നു സഹീര്‍ ആഗ്രഹിച്ചിരുന്നത്. വിദേശത്തെവിടെയെങ്കിലും പോയി വിവാഹം ചെയ്ത ശേഷം തിരിച്ചുവരാനായിരുന്നു പദ്ധതി. എന്നാല്‍ ആ വിവാഹത്തിന് ഇന്ത്യയില്‍ അംഗീകാരം ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ പിന്മാറുകയായിരുന്നുവെന്നും സഹീര്‍ പറയുന്നു. ഗലാറ്റ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഹീര്‍.
'എനിക്ക് ഒളിച്ചോടിപ്പോകണമായിരുന്നു. രാജ്യം വിട്ട് വേറെ എവിടെയെങ്കിലുംപോയി വിവാഹം കഴിക്കണം. അതിനുശേഷം ഇങ്ങോട്ട് തിരിച്ചുവരണം. പക്ഷേ ആ വിവാഹത്തിന് ഇന്ത്യയില്‍ അംഗീകാരമില്ലെന്ന് ഞാന്‍ മനസിലാക്കി. അതായത് ലാസ് വെഗാസില്‍ പോയി നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയാത്തതുപോലെ, അത് അനുവദനീയമല്ല'-സഹീര്‍ പറയുന്നു.
എന്നാല്‍ അടുത്ത ആളുകള്‍ മാത്രം പങ്കെടുക്കുന്ന തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങായിരുന്നു സൊനാക്ഷി ആഗ്രഹിച്ചിരുന്നത്. അതിന് സഹീറും സമ്മതിച്ചതോടെ ആ രീതിയില്‍ വിവാഹിതരായെന്നും സൊനാക്ഷി പറയുന്നു. സഹീറിനെ വിവാഹം ചെയ്തതില്‍ താന്‍ ഭാഗ്യവതിയാണെന്നും വിവാഹത്തിനുശേഷം ജീവിതരീതിയില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അടുത്ത സുഹൃത്ത് പങ്കാളിയായി മാറി എന്നത് മാത്രമാണ് മാറ്റമെന്നും സൊനാക്ഷി കൂട്ടിച്ചേര്‍ത്തു.
സൊനാക്ഷിയുടെ അച്ഛനും നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയോട് തങ്ങളുടെ പ്രണയം ആദ്യമായി തുറന്നു പറഞ്ഞതിനെ കുറിച്ചും ഇരുവരും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
'ഞാന്‍ സൊനാക്ഷിയുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിക്കാന്‍ അവരുടെ വീട്ടില്‍ പോയപ്പോള്‍ ആകെ ഭയപ്പെട്ടിരുന്നു. വിറച്ചുകൊണ്ടാണ് അങ്ങോട്ട് കയറിച്ചെന്നത്. അതുവരെ അവളുടെ അച്ഛനോട് ഞാന്‍ നേരിട്ട് സംസാരിച്ചിരുന്നില്ല. പക്ഷേ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ആകാശത്തിന് കീഴിലുള്ള പല കാര്യങ്ങളേയും കുറിച്ച് സംസാരിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയായി. എനിക്ക് സൊനാക്ഷിയെ പ്രൊപ്പോസ് ചെയ്യണമെന്നും അദ്ദേഹത്തോട് പറഞ്ഞു. എല്ലാവരും പേടിക്കുന്ന പോലെയുള്ള ഒരു പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളതെന്ന് എനിക്കറിയാം. പക്ഷേ അദ്ദേഹം വളരെ ശാന്തസ്വഭാവക്കാരനാമ്. ഞാന്‍ വളരെക്കാലത്തിനുശേഷം കണ്ടുമുട്ടിയ പ്രിയപ്പെട്ടൊരു മനുഷ്യന്‍'-സഹീര്‍ പറയുന്നു.
സഹീറുമായുള്ള ബന്ധം അച്ഛനോട് തുറന്നു പറഞ്ഞതിനെ കുറിച്ച് സൊനാക്ഷിയും അഭിമുഖത്തില്‍ പറയുന്നുണ്ട്. 'അക്കാര്യം പറയുമ്പോള്‍ ഞാനും സഹീറിനെപ്പോലെ വിറച്ചു. അച്ഛന്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നതിനെ കുറിച്ച് എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. എനിക്ക് പേടിയൊന്നുമില്ലാത്ത രീതിയില്‍ ഞാന്‍ അഭിനയിച്ചു. 'എന്റെ വിവാഹത്തെ കുറിച്ച് അച്ഛന് ആകുലതകളൊന്നുമില്ലേ, എന്താണ് എന്നോട് അതിനെ കുറിച്ച് ഒന്നും ചോദിക്കാത്തത്' എന്ന് ഞാന്‍ ആദ്യം ചോദിച്ചു. അക്കാര്യം അമ്മയോട് സംസാരിച്ചിട്ടുണ്ടെന്നും നിന്നോട് അതിനെ കുറിച്ച് ചോദിക്കാന്‍ നിന്റെ അമ്മയോട് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മറുപടി. സഹീര്‍ എന്ന് പറയുന്ന ഒരു വ്യക്തിയെ ഞാന്‍ പ്രണയക്കിന്നുണ്ടെന്ന് പറഞ്ഞു. അതിനെ കുറിച്ച് താനും വായിച്ചിട്ടുണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി. വരനും വധുവും തയ്യാറാണെങ്കില്‍ പിന്നീട് അതില്‍ അച്ഛനെന്ത് കാര്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം അവതരിപ്പിക്കല്‍ ഇത്രയും എളുപ്പമായിരുന്നോ എന്നായിരുന്നു ആ സമയത്ത് എന്റെ മനസിലുണ്ടായിരുന്നത്. ഞങ്ങളുടെ ബന്ധത്തിന് അച്ഛന്‍ എല്ലാ പിന്തുണയും തന്ന് കൂടെ നിന്നു.'-സൊനാക്ഷി വിശദീകരിക്കുന്നു.
Content Highlights: zaheer iqbal reveals he wanted to elope with sonakshi sinha
Published: 23 Jul 2024, 11:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented