പ്രഭാതനടത്തത്തിനിടെ ചിലപ്പോള്‍ നമ്മളെ പട്ടിയോടിച്ചിട്ടുണ്ടാകും, അതല്ലെങ്കില്‍ പാര്‍ക്കിലുള്ള ഏതെങ്കിലും ബെഞ്ചിലിരുന്ന് നമ്മള്‍ ഉറങ്ങിപ്പോയിട്ടുണ്ടാകും. എന്നാല്‍ മോര്‍ണിങ് വാക്കിന് ഇടയില്‍ നിധി കിട്ടിയ സംഭവം കേട്ടിട്ടുണ്ടോ?

To advertise here,

ചെക്ക് റിപ്പബ്ലിക്കിലെ ഒരു വനിതയക്ക് അങ്ങനെയൊരു നിധി കിട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ പുരത്തുവരുന്നത്. കുറ്റ്‌ന ഹോറ നഗരത്തില്‍ താമസിക്കുന്ന ഒരു സ്ത്രീ പതിവുപോലെ പ്രഭാതനടത്തത്തിന് പോയതായിരുന്നു. ഇതിനിടയില്‍ തിളക്കമുള്ള നാണയം കണ്ട് കുഴിച്ചുനോക്കിയപ്പോള്‍ 2150 വെള്ളി നാണയങ്ങളുടെ ഒരു ശേഖരമാണ് ഇവര്‍ക്ക് ലഭിച്ചത്. അതും 900 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍. ഇതെല്ലാം ഒരു മണ്‍കുടത്തിലാണ് സൂക്ഷിച്ചിരുന്നത്. 

മധ്യകാലഘട്ടത്തിലെ ഭരണാധികാരികളുടേതായി കണ്ടെത്തിയിട്ടുള്ള നാണയങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് ഈ നിധി. ഇതില്‍ ഇപ്പോള്‍ പഠനങ്ങള്‍ നടക്കുകയാണ്. ആരുടേതാണെന്നും അവ എവിടെയാണ് നിര്‍മിച്ചതെന്നും കണ്ടെത്താനുള്ള  ശ്രമങ്ങളും നടക്കുകയാണ്. അടുത്ത വര്‍ഷം ഈ നാണയങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ നിധിയുടെ മൂല്യത്തിന്റെ 10 ശതമാനം അത് ലഭിച്ച സ്ത്രീക്ക് സമ്മാനമായി നല്‍കും. 

പ്രാഗിലേക്ക് ഇറക്കുമതി ചെയ്ത വെള്ളി ഉപയോഗിച്ച് പ്രാഗില്‍ തന്നെ നിര്‍മിച്ചതാണ് ഈ നാണയങ്ങള്‍ എന്നാണ് പ്രാഥമിക അനുമാനം. ഇത് സൈനികരുടെ ശമ്പളമോ യുദ്ധക്കൊള്ളയോ ആയിരിക്കാനുള്ള സാധ്യതയാണ് പുരാവസ്തുവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ചരിത്രപരമായ മൂല്യം കൂടി കണക്കാക്കുമ്പോള്‍ ഈ നാണയങ്ങള്‍ക്ക് വലിയ വില ലഭിക്കും.