വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്ന ലഗേജിലെ ടാ​ഗിൽ നിന്നും വ്യക്തിവിവരങ്ങൾ അപരിചിതരിലേക്കെത്തുമോ? അത്തരമൊരു ദുരനുഭവം ടിക് ടോക്കിൽ പങ്കുവച്ചിരിക്കുകയാണ് അമേരിക്കൻ യുവതിയായ കിർസ്റ്റൺ. ലഗേജ് ടാഗിലുണ്ടായിരുന്ന യുവതിയുടെ ഫോൺ നമ്പറിലേക്ക് ഒരു അപരിചിതൻ സന്ദേശം അയക്കുകയായിരുന്നു. ലേഓവറിൽ ഇരിക്കുമ്പോൾ തനിക്ക് ഒരു അപരിചിതനിൽ നിന്നും ടെക്സ്റ്റ് മെസേജ് ലഭിച്ചതായും അയാൾക്ക് തന്റെ ഫോൺ നമ്പർ ലഗേജ് ടാഗിൽ നിന്നാണ് ലഭിച്ചതെന്നും യുവതി വെളിപ്പെടുത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

To advertise here,

തനിക്ക് ലഭിച്ച മെസേജിന്റെ സ്ക്രീൻഷോട്ടും യുവതി പങ്കുവച്ചു. "ഹായ് ക്രിസ്റ്റൻ, എൻ്റെ പേര് നേറ്റ്. ഞാൻ നിന്നെ കണ്ടു, നീ വളരെ സുന്ദരിയാണ്. എനിക്ക് നിന്നോട് സംസാരിക്കാൻ ഒരു വഴി കണ്ടെത്തേണ്ടി വന്നു. ലഗേജ് ടാഗിൽ നിന്നും ഫോൺ നമ്പർ ലഭിച്ചു, തുടർന്ന് മെസേജയക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു അവസരം നൽകൂ" മെസേജിൽ പറയുന്നു.

എൻ്റെ പേര് അയാൾ തെറ്റായാണ് എഴുതിയിരിക്കുന്നത്. അയാൾക്ക് എന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിൽ, എന്തുകൊണ്ടാണ്  സാധാരണരീതിയിൽ  സമീപിക്കാതിരുന്നത്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി തോന്നുന്നുവെന്നും ആരാണയാളെന്ന് തനിക്കറിയില്ലെന്നും യുവതി പറയുന്നു.

ലഗേജ് ടാഗിൽ എന്റെ വിലാസമുണ്ട്. അതിനാൽ ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന് അയാൾക്ക് മനസിലായിട്ടുണ്ടാവും. തൻ്റെ കൂടുതൽ സ്വകാര്യ വിവരങ്ങൾ അപരിചിതന് ലഭിക്കാനുള്ള സാധ്യതയിൽ യുവതി ആശങ്ക പ്രകടിപ്പിച്ചു. സ്വകാര്യ വിവരങ്ങൾ അന്യർക്ക് ലഭിക്കാതിരിക്കുന്നതിന് ലഗേജ് ടാഗ് ഉള്ളിലേക്കാക്കുന്നത് ഉചിതമായിരിക്കുമെന്നും കിർസ്റ്റൺ കാഴ്ചക്കാരോട് പറഞ്ഞു.