ട്രെയ്‌നിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഇന്ത്യൻ റെയിൽവേ പല സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും സുരക്ഷ നൽകുന്നില്ലെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം. ട്രെയ്‌നിന്റെ അപ്പർ ബർത്തിലിരുന്ന് ലോവർ ബർത്തിലിരിക്കുന്ന രണ്ട് യുവതികളുടെ വീഡിയോ ചിത്രീകരിച്ച് നിതീഷ് ജാദവ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അതും പശ്ചാത്തലത്തിൽ അശ്ലീല ഗാനങ്ങൾ സഹിതമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

To advertise here,

ഇതിനെതിരെ ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു. മനീഷ് കുമാർ സിങ് എന്ന എക്‌സ് അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ച് കുറിച്ചത് ഇങ്ങനെയാണ്. 'നിതീഷ് ജാദവ് എന്ന വ്യക്തി യുവതികളുടെ വീഡിയോ അനുചിതമായ രീതിയിൽ പകർത്തുകയും അശ്ലീല ഗാനത്തിന്റെ പശ്ചാത്തലത്തിൽ അത് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഈ വിഷയം പോലീസ് അന്വേഷിച്ച് കർശനമായ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.'-യുപി പോലീസിനെ ടാഗ് ചെയ്താണ് ഈ എക്‌സ് പോസ്റ്റ്. ഇതിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഇന്ത്യൻ റെയിൽവേയേയും ടാഗ് ചെയ്ത് ഒട്ടേറെപ്പേർ നടപടി ആവശ്യപ്പെട്ടു. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

അപ്പർ ബർത്തിലിരിക്കുന്ന വ്യക്തി തങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ യുവതികൾ പുതപ്പ് കൊണ്ട് ശരീരം മൂടുന്നതും വീഡിയോയിൽ കാണാം. അവർ എത്രമാത്രം അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേക്ക് ഉത്തരവാദിത്തമുണ്ടെന്നും ചിലർ കുറിച്ചു. നിയമസംവിധാനങ്ങളുടെ പ്രവർത്തനം ദയനീയമാണെന്നും അതല്ലെങ്കിൽ ഈ വീഡിയോ ചിത്രീകരിച്ച ആൾക്കെതിരെ കേസെടുക്കേണ്ട സമയം കഴിഞ്ഞുവെന്നും ആളുകൾ കുറിച്ചിട്ടുണ്ട്.