
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നടൻ പ്രേംകുമാറിനെ നീക്കിയ സാംസ്കാരിക വകുപ്പിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ വിനയൻ . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. വമ്പന്മാർ ചെയ്തതിനേക്കാൾ ഭംഗിയായി അക്കാദമി ഭരിക്കുകയും വിവാദങ്ങളില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനോട് ഒരു വാക്കുപോലും പറയാതെ ഒഴിവാക്കിയത് 'ശുദ്ധ നെറികേട്' ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘തൂമ്പാപ്പണിക്ക് വരുന്ന കൂലിപ്പണിക്കാരനോട് പോലും നാളെ മുതൽ നീ വരണ്ട എന്ന് പറയുന്ന മര്യാദ നമ്മൾ കാണിക്കാറുണ്ട്. എന്നാൽ കൂടെ ജോലി ചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ, കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെയാണ് പ്രേംകുമാറിനെ ഒഴിവാക്കിയത്. പുതിയ ഒരാളെ നിയമിച്ച വാർത്ത മാധ്യമങ്ങളിലൂടെ നൽകുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്’. താനൊരു സാധാരണ കലാകാരനായതുകൊണ്ടാണോ ഈ അവഗണന എന്ന് പ്രേംകുമാർ സങ്കടത്തോടെ തന്നോട് ചോദിച്ചിരുന്നുവെന്നും അപമാനിക്കാൻ മാത്രം തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന പ്രേംകുമാറിന്റെ വാക്കുകളിൽ എല്ലാമുണ്ടെന്നും വിനയൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ഇതിഹാസങ്ങളെയും പൗരപ്രമുഖരെയും മാത്രമല്ല, കഴിവുള്ള സാധാരണ കലാകാരന്മാരെയും അർഹിക്കുന്ന വിലകൊടുത്ത് മാനിക്കുന്നതാണ് ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനെ സ്വജനപക്ഷപാതം എന്നാണ് വിളിക്കേണ്ടത്. ഇത്രയും വലിയ അനീതി നടന്നിട്ടും മലയാള സിനിമയിലെ സംഘടനകൾ പ്രേംകുമാറിനെ പിന്തുണച്ച് ഒരു വാക്കുപോലും പറഞ്ഞില്ല എന്ന കാര്യവും വിനയൻ പങ്കുവെച്ചു.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പാവപ്പെട്ട ആശാ വർക്കർമാരുടെ പ്രശ്നം പരിഹരിക്കണമെന്ന് പാർട്ടി മീറ്റിങ്ങിൽ ആവശ്യപ്പെട്ടതാണ് തന്റെ പുറത്താക്കലിന് കാരണമെന്ന് പ്രേംകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
Content Highlights: Director Vinayan fiercely criticizes the government`s decision to remove actor Premkumar from the Film Academy chairmanship, calling it unjust and disrespectful.
Published: 15 Feb 2026, 08:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented