മക്കള്‍ രണ്ട് മതവിശ്വാസത്തിലാണ്‌ വളരുന്നതെന്നും വലുതാകുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാമെന്നും അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സ്. മക്കളായ ഈവന്‍, വിവേക്, മിരാബെല്‍ എന്നിവർ കത്തോലിക്ക സ്‌കൂളിലാണ് പഠിക്കുന്നതെന്നും  കത്തോലിക്കരായി ജീവിക്കണമോ എന്നത് അവരുടെ തിരഞ്ഞെടുപ്പാണെന്നും ഉഷ വ്യക്തമാക്കി. ഉഷ ഹിന്ദു മതവിശ്വാസിയും ഭര്‍ത്താവ് ജെ.ഡി വാന്‍സ് കത്തോലിക്കനുമാണ്. 

To advertise here,

'ഞങ്ങള്‍ മക്കളെ കത്തോലിക്ക സ്‌കൂളില്‍ അയയ്ക്കുന്നു. അവര്‍ ഓരോരുത്തര്‍ക്കും ഞങ്ങള്‍ തിരഞ്ഞെടുപ്പിനുള്ള അവസരം നല്‍കുന്നു. കത്തോലിക്കരായുള്ള സ്‌നാനം സ്വീകരിക്കണമോ എന്ന് അവര്‍ക്ക് തീരുമാനിക്കും. തുടര്‍ന്ന് സ്‌കൂളിലെ ക്ലാസുകളോടൊപ്പമുള്ള ഘട്ടംഘട്ടമായുള്ള എല്ലാ പ്രക്രിയയിലൂടെയും കടന്നുപോകാം.'- മേഗന്‍ മക്കെയ്‌ന്റെ പോഡ്കാസ്റ്റ് ഷോയായ സിറ്റിസണ്‍ മക്കെയ്‌നില്‍ ഉഷ പറയുന്നു. 

'ഞാന്‍ ജെ.ഡിയെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം കത്തോലിക്കനായിരുന്നില്ല. പിന്നീട് അദ്ദേഹം മതപരിവര്‍ത്തനം നടത്തി. ആ സമയത്ത് ഞങ്ങള്‍ അതിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചതിനുശേഷമായിരുന്നു അത്. കത്തോലിക്ക മതത്തിലേക്ക് മാറുമ്പോള്‍ ഒരുപാട് കടമകളുണ്ട്. ഞങ്ങളുടെ കുട്ടിയെ വിശ്വാസത്തില്‍ വളര്‍ത്തുക എന്നതുപോലെയുള്ളവ. ഞാന്‍ കത്തോലിക്ക അല്ലാത്തത് കൊണ്ടും മതപരിവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കാത്തതിനാലും ഈ കടമകളെല്ലാം എങ്ങനെ ചെയ്യും എന്നതിനെ കുറിച്ച് ഞങ്ങള്‍ ഗൗരവമായി സംസാരിച്ചിരുന്നു. 

ഞാന്‍ കത്തോലിക്കയല്ലെന്ന് മക്കള്‍ക്ക് അറിയാം. ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്ന പുസ്തകങ്ങളില്‍നിന്നും കാണിച്ചുകൊടുക്കുന്ന കാഴ്ച്ചകളില്‍നിന്നും അടുത്തിടെ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തില്‍നിന്നും ഹിന്ദു പാരമ്പര്യവുമായി ബന്ധം പുലര്‍ത്താനുള്ള ഒട്ടേറെ അവസരങ്ങള്‍ മക്കള്‍ക്കുണ്ടായിട്ടുണ്ട്. എന്റെ മുത്തശ്ശി ഒരു കടുത്ത ഹിന്ദു മത വിശ്വാസിയാണ്. അവര്‍ പതിവായി ക്ഷേത്രത്തില്‍ പോകും. സ്വന്തമായി പൂജകള്‍ ചെയ്യും.'- ഉഷാ വാന്‍സ് പറയുന്നു. എന്നാല്‍, വീട്ടില്‍ എല്ലായ്‌പ്പോഴും ഹിന്ദു ആഘോഷങ്ങള്‍ നടത്താറില്ലെന്ന് ഉഷ കൂട്ടിച്ചേര്‍ക്കുന്നു. അടുത്ത തവണ ഹോളി ആഘോഷം നടത്താന്‍ പദ്ധതിയുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറയുന്നു. 

അമേരിക്കയുടെ സെക്കന്റ് ലേഡിയാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് ഉഷാ വാന്‍സ്. യേല്‍ സര്‍വകലാശാലയില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പ്രണത്തിലാകുകയും 2014-ല്‍ വിവാഹിതരാകുകയും ചെയ്തു.