മറ്റേണിറ്റി ഫോട്ടോഷൂട്ട്, വെഡ്ഡിങ് ഫോട്ടോഷൂട്ട്, സേവ് ദ ഡേറ്റ് എന്നിങ്ങനെ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിലെല്ലാം എന്തെങ്കിലും തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാന്‍ ആളുകള്‍ ശ്രമിക്കാറുണ്ട്. 

To advertise here,

ഇപ്പോഴിതാ അമേരിക്കയിലെ കെന്റക്കില്‍ നിന്നുള്ള 23-കാരിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രമേയത്തില്‍ വ്യത്യസ്തത കൊണ്ടുവന്ന് 'ശവസംസ്‌കാര' ഫോട്ടോഷൂട്ടാണ് യുവതി നടത്തിയത്. ചെറിഡണ്‍ ലോഗ്‌സ്ഡണ്‍ എന്നാണ് ഈ യുവതിയുടെ പേര്.

'കുട്ടികളില്ലാതെയുള്ള സ്വതന്ത്ര്യ ജീവിതത്തിന് വിരാമം' എന്നതാണ് ഈ ഫോട്ടോഷൂട്ടിന്റെ പ്രമേയം. കറുത്ത നിറത്തിലുള്ള മിനി ഡ്രസ്സായിരുന്നു യുവതിയുടെ ഔട്ട്ഫിറ്റ്. തലയില്‍ കറുത്ത പൂക്കളും അതേ നിറത്തിലുള്ള ശിരോവസ്ത്രവും ധരിച്ചിട്ടുണ്ട്. ഒരു ഓവര്‍കോട്ടും ഔട്ട്ഫിറ്റിനൊപ്പമുണ്ട്. 

കുട്ടിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കൈയിൽ പിടിച്ച്, കരയുന്നതുപോലെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'കുട്ടികളില്ലാത്ത സ്വതന്ത്ര്യ ജീവിതത്തിന് ആര്‍.ഐ.പി. 23-ാമത്തെ വയസില്‍ ഒരു അമ്മയായി മാറിയിരിക്കുന്നു. തമാശകളെല്ലാം മാറ്റിനിര്‍ത്തിയാല്‍ ജീവിതത്തിലെ ഒരു പുതിയ അധ്യായം തുടങ്ങുന്നതില്‍ ഞാന്‍ ആവേശത്തിലാണ്. ഇപ്പോഴും ഇത് വിശ്വസിക്കാനാകുന്നില്ല.' ചെറിഡണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

15000 പേരാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. 12000 പേര്‍ ഷെയറും ചെയ്തു. ചെറിഡണിന് ആശംസ നേര്‍ന്ന് നിരവധി പേര്‍ കമന്റും ചെയ്തു.