ഇന്ത്യയിലെ ജിമ്മുകളിലെ ജീവനക്കാരുടെ എണ്ണം തന്നെ അതിശയപ്പെടുത്തിയെന്ന് സാന്ദ്ര പറയുന്നു

ഇന്ത്യയിലേയും യൂറോപ്പിലേയും ജിമ്മുകളെ താരതമ്യം ചെയ്ത് യുക്രൈനിൽ നിന്നുള്ള ഇൻഫ്‌ളുവൻസറായ യുവതി. യൂറോപ്യൻ ജിമ്മുകളേക്കാൾ തനിക്ക് ഇഷ്ടപ്പെട്ടത് ഇന്ത്യയിലെ ജിമ്മുകളാണെന്നും അതിന്റെ കാരണമെന്താണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ യുവതി വിശദീകരിച്ചു. ജിമ്മിൽ നിന്നുള്ള വീഡിയോയും അവർ ഒപ്പം ചേർത്തിരുന്നു. സാന്ദ്ര എന്ന യുവതിയാണ് ഇന്ത്യൻ ജിമ്മുകളാണ് യൂറോപ്യൻ ജിമ്മുകളേക്കാൾ മികച്ചതെന്ന് അഭിപ്രായപ്പെട്ടത്.
'ഇന്ത്യൻ ജിമ്മുകളും യൂറോപ്യൻ ജിമ്മുകളും തമ്മിലുള്ള വ്യത്യാസം' എന്നാണ് വീഡിയോയ്ക്ക് മുകളിൽ സാന്ദ്ര കുറിച്ചത്. നിങ്ങൾ ഇന്ത്യൻ ജിമ്മിലേക്ക് വരുമ്പോൾ അവിടെയുള്ളവർ സന്തോഷിക്കുന്നുവെന്ന് സാന്ദ്ര പറയുന്നു. എല്ലാവരും ഊഷ്മളമായും സൗഹാർദപരമായും പെരുമാറുന്നു, എപ്പോഴും സഹായിക്കാൻ സന്നദ്ധരാണ്. എന്നാൽ യൂറോപ്യൻ ജിമ്മുകളിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആളുകൾ അവരുടേതായ ലോകത്താണ്. നിങ്ങളുടെ കാര്യത്തിൽ ഇടപെടില്ല. ആരും നിങ്ങളോട് സംസാരിക്കില്ല. അവർ വന്ന് അവരുടെ വർക്ക് ഔട്ട് ചെയ്ത് മടങ്ങും -സാന്ദ്ര പറഞ്ഞു.
ഇന്ത്യൻ ജിമ്മുകളിലെ ജീവനക്കാരുടെ എണ്ണം തന്നെ അതിശയപ്പെടുത്തിയെന്നും സാന്ദ്ര പറയുന്നു. 'ശുചിമുറി വൃത്തിയാക്കാനായി ഒരാൾ അവിടെയുണ്ടാകും. ജിം വൃത്തിയാക്കാൻ മറ്റൊരാളും. കൂടാതെ നിങ്ങളുടെ വർക്ക് ഔട്ട് നിരീക്ഷിക്കുന്ന, നിങ്ങളെ സഹായം വേണ്ട നിമിഷം അതിന് സന്നദ്ധനായിരിക്കുന്ന, സൗജന്യ സേവനം നൽകുന്ന ഒരു ജിം അസിസ്റ്റന്റും.' -സാന്ദ്ര പറഞ്ഞു.
'ട്രെയിനർമാർ നിങ്ങളുടെ അരികിലേക്ക് വരുമെന്നതാണ് ആശ്ചര്യകരമായ കാര്യം. നിങ്ങളുടെ വ്യായാമമുറ തെറ്റാണെങ്കിൽ അവർ സൗജന്യമായി തന്നെ അത് തിരുത്തിത്തരും. നിർദേശങ്ങൾ നൽകും. വ്യായാമത്തെ കുറിച്ച് വിശദീകരിക്കും - വ്യക്തിഗത ട്രെയിനിങ് പാക്കേജ് നിങ്ങൾക്ക് വിൽക്കാൻ ശ്രമിക്കാതെയാണ് അവർ ഇത് ചെയ്യുന്നത്. എന്നാൽ യൂറോപ്പിലോ? ആദ്യം നിങ്ങൾ 10 പേഴ്‌സണൽ ട്രെയിനിങ് സെഷനുകൾക്കുള്ള പണം നൽകണം. പിന്നെ ചിലപ്പോൾ നിങ്ങൾക്ക് സംശയം ചോദിക്കാൻ കഴിഞ്ഞേക്കും.' -സാന്ദ്ര തുടർന്നു.
അതേസമയം ഇന്ത്യൻ ജിമ്മുകളെ കുറിച്ച് ചില വിമർശനങ്ങളും അവർ പങ്കുവെച്ചു. ഭൂരിഭാഗം ഇന്ത്യൻ ജിമ്മുകളിലെയും ലിംഗ അസമത്വമാണ് അതിൽ പ്രധാനപ്പെട്ടത്. യൂറോപ്യൻ ജിമ്മുകളിൽ സ്ത്രീകളുടേയും പുരുഷന്മാരുടേയും എണ്ണം തുല്യമാണെങ്കിൽ ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്. വിദേശരാജ്യത്തുനിന്നുള്ള പെൺകുട്ടി എന്ന നിലയിൽ ആദ്യം ഇത് തന്നെ ഭയപ്പെടുത്തിയെന്ന് സാന്ദ്ര പറയുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നല്ലൊരു ഇന്ത്യൻ ജിം കണ്ടെത്തിക്കഴിഞ്ഞാൽ നിങ്ങൾ ഇതെല്ലാം മറക്കുമെന്നും സാന്ദ്ര കൂട്ടിച്ചേർത്തു. ഇന്ത്യൻ ജിമ്മുകൾ തന്നെ അതിശയിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് സാന്ദ്ര പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Content Highlights: Ukrainian influencer Sandra shared a viral video comparing Indian and European gyms, declaring Indian gyms superior due to their warm environment, supportive staff, and trainers who offer free correction and guidance without forcing personal training packages.
Published: 27 May 2026, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented