ളിമ്പിക്‌സില്‍ മത്സരിക്കുന്ന താരങ്ങള്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കാന്‍ പല തരത്തിലുള്ള സ്ട്രാറ്റജിയും ഒരുക്കാറുണ്ട്. പലര്‍ക്കും അവരുടേതായ ശൈലിയും ശീലങ്ങളും വിശ്വാസങ്ങളുമുണ്ടാകാറുണ്ട്. എന്നാല്‍ യുക്രെയ്‌നില്‍ നിന്നെത്തി പാരിസ് ഒളിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണം നേടിയ യാരോസ്ലാവ മാഹുച്ചിയുടെ ശീലം അല്‍പം വ്യത്യസ്തമാണ്. അത് സ്റ്റേഡിയിത്തില്‍ നിന്ന് മത്സരം കണ്ടവരേയും ടിവിക്ക് മുന്നിലിരുന്ന് ലൈവായി കണ്ടവരേയും അമ്പരപ്പിച്ച ഒന്നായിരുന്നു.

To advertise here,

ഓരോ ചാട്ടങ്ങള്‍ക്കിടയിലും തന്റെ സ്ലീപ്പിങ് ബാഗിന് മുകളില്‍ കിടന്ന് യാരോസ്ലോവ വിശ്രമിച്ചു. ഈ ചെറുമയക്കത്തെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. യുദ്ധത്തിന്റെ അശാന്തി നിറഞ്ഞ രാജ്യത്ത് നിന്നെത്തുന്നതിനാല്‍ സമാധാനവും സ്വസ്ഥതയുമാണ് യാരോസ്ലോവ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അങ്ങനെ കിടക്കുമ്പോള്‍ ഒരുപാട് ആശ്വാസം തോന്നാറുണ്ടെന്ന് യാരോസ്ലോവ പറയുന്നു. 'കിടന്നുകൊണ്ട് വിശ്രമിക്കുമ്പോള്‍ മേഘങ്ങളെ കാണാനാകും. ചിലപ്പോള്‍ അക്കങ്ങള്‍ എണ്ണി ശ്വാസം എടുക്കുകയും പുറന്തള്ളുകയും ചെയ്യും. സ്റ്റേഡിയത്തിലാണെന്ന തോന്നല്‍ ഒഴിവാകും. ഒരുപാട് ആശ്വാസം തോന്നും'-യാരോസ്ലോവ പറയുന്നു.

യുക്രെയ്ന്‍ താരത്തിന്റെ പരിശീലകന്‍ സെര്‍ഹി സ്റ്റെപ്പനോവ് ഈ കിടത്തത്തിന്റെ സാങ്കേതിക വശത്തെ കുറിച്ചാണ് സംസാരിച്ചത്. 'ചാട്ടങ്ങള്‍ക്കിടയില്‍ ഒരുപാട് സമയം ഇരിക്കുന്നത് താരങ്ങളുടെ കാലില്‍ രക്തം തളം കെട്ടുന്നതിന് കാരണമായേക്കാം. അതിനാലാണ് സ്ലീപ്പിങ് ബാഗ് എന്ന ആശയത്തിലേക്കെത്തിയത്.' പരിശീലകന്‍ വ്യക്തമാക്കുന്നു. മറ്റ് താരങ്ങള്‍ ഇതുപയോഗിക്കണമെന്നും സെര്‍ഹി കൂട്ടിച്ചേര്‍ക്കുന്നു. 2018 യൂത്ത് ഒളിമ്പിക്‌സ് മുതലാണ് യുക്രെയ്ന്‍ താരം ഈ ശീലം തുടങ്ങിയത്. അന്നും ഹൈജമ്പില്‍ സ്വര്‍ണം അവര്‍ക്കു തന്നെയായിരുന്നു.