ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് വെളിപ്പെടുത്തി യുട്യൂബറും ബിഗ് ബോസ് ഒടിടി 2 ഷോയിലൂടെ പ്രശസ്തനുമായ അനുരാഗ് ദൊഭാൽ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജീവിക്കാനുള്ള പണത്തിനായി തന്റെ സ്വപ്നതുല്യമായ ബൈക്ക് ശേഖരം വിൽക്കേണ്ടി വന്നുവെന്ന് അനുരാഗ് പറഞ്ഞു. ആഡംബര ജീവിതത്തിന് നടുവിലായിരുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇത്ര വലിയ തകർച്ച ഉണ്ടായതെന്ന ഞെട്ടലിലാണ് ആരാധകർ.

To advertise here,

ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന തന്റെ ബൈക്ക് ശേഖരം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം വിൽക്കേണ്ടി വന്നതായി യുകെ07 റൈഡർ എന്ന പേരിൽ അറിയപ്പെടുന്ന അനുരാഗ് തന്റെ വ്ലോഗിലൂടെ വെളിപ്പെടുത്തി. തന്റെ സാമ്രാജ്യം ഇന്ന് ശൂന്യമാണെന്നും വെറും രണ്ട് ബൈക്കുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാരേജിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലല്ലാത്തതിനാൽ വൈദ്യുതി ബന്ധം പോലും വിച്ഛേദിക്കപ്പെട്ടു. തന്റെ സ്വപ്ന ഗാരേജ് ശൂന്യമായി കിടക്കുന്നത് കണ്ട് താൻ അതീവ ദുഃഖിതനാണെന്നും, ആ സമയങ്ങളിൽ എങ്ങനെയാണ് അതിജീവിച്ചതെന്ന് തനിക്ക് മാത്രമേ അറിയാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തിജീവിതത്തിലെ വലിയ പ്രശ്നങ്ങളും അനുരാഗിനെ തളർത്തിയിരുന്നു. മിശ്രവിവാഹത്തിന്റെ പേരിൽ കുടുംബാംഗങ്ങളിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടതായി അദ്ദേഹം ആരോപിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ഇൻസ്റ്റാഗ്രാം ലൈവിനിടെ അപകടത്തിൽപ്പെട്ട് അനുരാഗിന് പരിക്കേറ്റിരുന്നു. പരിക്കുകളിൽനിന്ന് അനുരാഗ് ഇപ്പോഴും പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ല. തന്റെ ബൈക്കുകളുടെ ഭാരം താങ്ങാൻ തക്കവണ്ണം കാലുകൾക്ക് ഇപ്പോഴും ബലം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

കടുത്ത പ്രതിസന്ധികൾക്കിടയിലും വലിയ ആശ്വാസമായത് ഭാര്യ റിതികയുടെ പിന്തുണയാണെന്ന് അനുരാഗ് പറഞ്ഞു. തന്റെ ഏറ്റവും മോശം അവസ്ഥയിൽ റിതിക കൂടെയുണ്ടായിരുന്നുവെന്നും മാർച്ച് 27-ന് തങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നതായും അനുരാഗ് അറിയിച്ചു. "കുഞ്ഞിന് വേണ്ടിയുള്ള രണ്ടാമത്തെ ജന്മമാണിതെന്ന്" അദ്ദേഹം കുഞ്ഞിനെ കൈകളിൽ ഏന്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

നിലവിൽ ഡെറാഡൂണിൽ പുതിയൊരു താമസസ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അനുരാഗ്. തന്റെ മെർച്ചൻഡൈസ് ബ്രാൻഡ് വീണ്ടും ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും പ്രതിസന്ധികൾ കാരണം അത് നീണ്ടുപോയി. എന്നിരുന്നാലും, നഷ്ടപ്പെട്ടതെല്ലാം വീണ്ടും നേടിയെടുക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.