
പ്രശസ്ത സംവിധായകൻ ടിം ബർട്ടനും നടി മോണിക്ക ബെലൂച്ചിയും വേർപിരിഞ്ഞു. രണ്ടുവർഷത്തെ പ്രണയമാണ് കഴിഞ്ഞദിവസം ഇരുവരും അവസാനിപ്പിച്ചത്. 67-കാരനായ സംവിധായകനും 60-കാരിയായ ഇറ്റാലിയൻ നടിയും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരസ്പരം വളരെയധികം ബഹുമാനത്തോടെയും കരുതലോടും കൂടിയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
2006-ൽ കാൻ ചലച്ചിത്രമേളയിൽ വെച്ചായിരുന്നു ടിം ബർട്ടനും മോണിക്ക ബെലൂച്ചിയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് 16 വർഷങ്ങൾക്കുശേഷം 2002-ൽ ഇരുവരും വീണ്ടും കണ്ടുമുട്ടി. ലിയോണിൽ വെച്ച് ബർട്ടന് ലൂമിയർ അവാർഡ് സമ്മാനിക്കുന്നതിനായി ബെലൂച്ചി വേദിയിലെത്തിയപ്പോഴായിരുന്നു അത്. ഇതിനുശേഷം ഇരുവരും മാഡ്രിഡിൽ കൈകോർത്ത് നടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 2023-ലെ റോം ഫിലിം ഫെസ്റ്റിവലിൽ, ബെലൂച്ചിയുടെ 'മരിയ കല്ലാസ്: ലെറ്ററെ ഇ മെമ്മോറി' എന്ന സിനിമയുടെ പ്രീമിയറിന് ബർട്ടൻ എത്തിയിരുന്നു.
2023 ജൂണിൽ എൽ ഫ്രാൻസ് എന്ന മാധ്യമത്തോടാണ് തങ്ങളുടെ പ്രണയത്തെക്കുറിച്ച് മോണിക്കാ ബെലൂച്ചി തുറന്നുപറഞ്ഞത്. ആ മനുഷ്യനെ കണ്ടുമുട്ടിയതിൽ താൻ സന്തോഷവതിയാണെന്നായിരുന്നു അവരുടെ പ്രതികരണം. "ജീവിതത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കണ്ടുമുട്ടലുകളിൽ ഒന്നാണിത്... എനിക്ക് ആ മനുഷ്യനെ അറിയാം, ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. മറ്റൊരു സാഹസിക യാത്ര ആരംഭിക്കുന്നു," അവർ കൂട്ടിച്ചേർത്തു.
1988-ൽ താൻ സംവിധാനം ചെയ്ത, ക്ലാസിക് എന്ന് വിശേഷണമുള്ള ബീറ്റിൽ ജ്യൂസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ബർട്ടൻ നായികയാക്കിയത് മോണിക്കാ ബെലൂച്ചിയേയായിരുന്നു.
ഹെലീന ബോൺഹാം കാർട്ടറായിരുന്നു ബർട്ടന്റെ ആദ്യ പങ്കാളി. ഇവർ വിവാഹിതരായിരുന്നില്ല. 2001 മുതൽ 2014 വരെ നീണ്ടുനിന്ന ബന്ധത്തിൽ ഇരുവർക്കും രണ്ട് മക്കളുണ്ട്. സ്വീനി ടോഡ്, കോർപ്സ് ബ്രൈഡ്, ആലീസ് ഇൻ വണ്ടർലാൻഡ് തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തമായ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ബെല്ലുച്ചി 1999-ൽ ഫ്രഞ്ച് നടൻ വിൻസെന്റ് കാസലിനെ വിവാഹം കഴിച്ചു. ഇവർക്ക് ദേവ, ലിയോണി എന്നീ മക്കളുണ്ട്. 2013-ൽ ഇരുവരും വിവാഹമോചിതരായി.
Content Highlights: Tim Burton and Monica Bellucci have ended their relationship after dating since 2022
Published: 20 Sept 2025, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented