വെൻഡിങ് മെഷീൻ ബിസിനസ് കൊണ്ട് എത്ര പണം സമ്പാദിക്കാനാകും. ഒറ്റനോട്ടത്തിൽ വരുമാനം അധികമൊന്നും ഉണ്ടാകില്ല എന്നാണ് തോന്നുക എങ്കിലും വെൻഡിങ് മെഷീനൊരു ചെറിയ മീനല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഷബാസ് ഖാൻ എന്ന യുവാവ്. ബിസിനസ് ആരംഭിച്ച് ഒരു വർഷം തികയുമ്പോഴേക്ക് 55 ലക്ഷം രൂപയോളമാണ് 31-കാരനായ ഷബാസ് പ്രതീക്ഷിക്കുന്ന വരുമാനം. സ്‌കോട്ട്‌ലൻഡിലെ കിൽമർനോക്കിൽ നിന്നുള്ള ഈ വെൻഡിങ് മെഷീൻ വിജയഗാഥ പീപ്പിൾ മാഗസിനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

To advertise here,

ദൈനംദിന ചെലവുകൾക്ക് പണം തികയാതെ ബുദ്ധിമുട്ടുമ്പോഴാണ് ഷബാസ് മറ്റൊരു വരുമാനമാർഗം കൂടെ വേണമെന്ന് ചിന്തിക്കുന്നത്. തുടർന്ന് എന്ത് ചെയ്യണമെന്ന ആലോചനയിലാണ് വെൻഡിങ് മെഷീൻ എന്ന ആശയത്തിലെത്തിയത്. നേരത്തേ വെൻഡിങ് മെഷീൻ ബിസിനസ് ചെയ്യുന്ന ഒരു സുഹൃത്താണ് ഈ ആശയം ഷബാസിന് നൽകിയത്. ഇതോടെ വെൻഡിങ് മെഷീനായി പണമിറക്കാൻ അദ്ദേഹം തീരുമാനിച്ചു.

4800 ഡോളർ (ഏകദേശം 4.6 ലക്ഷം രൂപ) മുടക്കി ഷബാസ് ഒരു സെക്കൻഡ് ഹാൻഡ് വെൻഡിങ് മെഷീൻ വാങ്ങി. കഴിഞ്ഞവർഷം ഏപ്രിലിലായിരുന്നു ഇത്. ചിപ്പ്‌സ് പോലുള്ള സ്‌നാക്കുകളും സോഫ്റ്റ് ഡ്രിങ്കുകളുമായിരുന്നു വെൻഡിങ് മെഷീനിലുണ്ടായിരുന്നത്. കച്ചവടം തുടങ്ങി ഒരു മാസത്തിനകം തന്നെ ഷബാസിന്റെ സംരംഭം വിജയത്തിലേക്കുള്ള കുതിപ്പ് തുടങ്ങി. ഒരുമാസം കൊണ്ട് അദ്ദേഹം മറ്റൊരിടത്ത് മറ്റൊരു മെഷീൻ കൂടി സ്ഥാപിച്ചു.

ഷബാസിന്റെ ബിസിനസ് നല്ല രീതിയിൽ വരുമാനം നേടാൻ തുടങ്ങിയതോടെ ആറ് വെൻഡിങ് മെഷീനുകളാണ് പലയിടങ്ങളിലായി അദ്ദേഹം സ്ഥാപിച്ചത്. ആളുകൾ കൂടുതലായി എത്തുന്ന ഇടങ്ങൾ തിരഞ്ഞുപിടിച്ചാണ് ഷബാസ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചത്. വെൻഡിങ് മെഷീനിൽ നിന്നുള്ള സ്‌നാക്കുകൾക്കും സോഫ്റ്റ് ഡ്രിങ്കുകൾക്കും സ്ഥിരമായി ആവശ്യക്കാരുള്ളതാണ് ഷബാസിന്റെ വിജയരഹസ്യം.

ആരംഭിച്ച് പത്ത് മാസത്തിനകം മുടക്കിയ പണം ഷബാസ് ഖാന് തിരികെ ലഭിച്ചു. ഈ വർഷം ജൂണാകുമ്പോഴേക്ക് 58000 ഡോളർ (55 ലക്ഷം രൂപ) വരുമാനം വെൻഡിങ് മെഷീൻ ബിസിനസിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷബാസ് പറയുന്നു. ഇതിൽ 27000 ഡോളർ (26 ലക്ഷം രൂപ) ലാഭമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് ഭക്ഷ്യസംരഭങ്ങളിൽ നിന്ന് വ്യത്യസ്തമായി ആഴ്ചയിൽ അഞ്ച് മണിക്കൂർ മാത്രമേ താൻ ജോലി ചെയ്യാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വെൻഡിങ് മെഷീനുകളിൽ സ്‌നാക്ക് പാക്കറ്റുകളും സോഫ്റ്റ് ഡ്രിങ്കുകളും തീരാറാകുമ്പോൾ അത് നിറയ്ക്കുക മാത്രമാണ് പ്രധാന ജോലി. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളകളിലും വൈകുന്നേരങ്ങളിലുമാണ് ഇത്. ഒരു മെഷീനിൽ സാധനങ്ങൾ നിറയ്ക്കാൻ പത്ത് മിനിറ്റേ ആവശ്യമുള്ളൂവെന്നും ഷബാസ് പറഞ്ഞു.