കോവിഡ് കാലത്തെ പ്രതിസന്ധിയാണ് സൗഭാഗ്യലക്ഷ്മിയേയും ജ്യോതിയേയും വേർപിരിച്ചത്

കോട്ടയം: പ്രായമായ അനാഥർ താമസിക്കുന്ന കുറിച്ചി ബഥനി ആശ്രമത്തിലെ 79 വയസ്സുള്ള ജി. സൗഭാഗ്യലക്ഷ്മിക്ക് ഇപ്പോൾ ഒറ്റ മോഹമേ ഉള്ളൂ. 33 വർഷം തന്റെ നെഞ്ചോടുചേർത്ത് വളർത്തിയ ദത്തുമകൾ ജ്യോതിയുടെ ഒപ്പം താമസിക്കണം. ‘‘അവൾക്ക് ഞാനും എനിക്ക് അവളുമേയുള്ളൂ, ഞങ്ങൾക്ക് ഒന്നിച്ച് താമസിക്കണം. എനിക്കവളെ കണ്ട് ജീവിക്കണം, മരിക്കണം.’’
സ്നേഹത്തിന്റെ ദത്തെടുക്കൽ
ഡൽഹിയിലെ സ്പാസ്റ്റിക് സൊസൈറ്റിയിൽ ജോലി ചെയ്യുമ്പോഴാണ് സൗഭാഗ്യലക്ഷ്മി ജ്യോതിയെ കാണുന്നത്. ഏഴുവയസ്സുള്ള ജ്യോതി വളരെ അവശയായിരുന്നു. ഏഴുകിലോ മാത്രം തൂക്കം. ചലനശേഷിയില്ലാത്ത കാലുകൾ. സംസാരിക്കില്ല. ഇഴഞ്ഞ് നടക്കാൻപോലും പറ്റില്ല. എന്നിട്ടും ആ ഭിന്നശേഷിക്കാരിയെ മകളായി വളർത്താൻ സൗഭാഗ്യലക്ഷ്മി തീരുമാനിച്ചു. ജ്യോതിയുടെ അമ്മയുടെ സമ്മതപത്രം വാങ്ങി നിയമപരമായി അവളെ ദത്തെടുത്തു. 1993 ഒക്ടോബർ 27-ന് ജ്യോതി ആ ജീവിതത്തിന്റെ ഭാഗമായി. മകളുടെ വളഞ്ഞ കാലുകൾ ശസ്ത്രക്രിയകളിലൂടെ നിവർത്തി. എന്നാലും, ജീവിതകാലം മുഴുവൻ ജ്യോതി വീൽച്ചെയറിലായിരിക്കുമെന്നും ആ അമ്മ തിരിച്ചറിഞ്ഞു.
മകൾക്കായി സമർപ്പിച്ച ജീവിതം
മകളുടെ പരിചരണത്തിനായി സൗഭാഗ്യലക്ഷ്മി തന്റെ ജീവിതം മാറ്റിവെച്ചു. താമസസൗകര്യംകൂടിയുള്ള ഡൽഹി ചെഷയർ ഹോമിൽ ജോലിക്ക് ചേർന്നു. പിന്നീട് തിരുവനന്തപുരത്തെ ചെഷയർ ഹോമിൽ. തുടർന്ന് ആ ജോലി രാജിവെച്ച് ഹിന്ദു മഹിളാമന്ദിരത്തിൽ സൂപ്രണ്ടായി. ജ്യോതിയെ സാധാരണകുട്ടിയാക്കുക എന്നതായിരുന്നു ഓരോ തീരുമാനത്തിന്റെയും ലക്ഷ്യം. 2003-ൽ കോട്ടയം സ്നേഹഭവനിലേക്ക് താമസം മാറ്റി. മകളെ ജ്യോതിസ് സ്കൂളിലുമാക്കി. മകൾ കോട്ടയത്തെ പല സാംസ്കാരിക പരിപാടികളിലും വിജയിയായി. മകളുടെ നിർബന്ധപ്രകാരം ‘ദശപുഷ്പങ്ങളുടെ കൂട്ടുകാരി’ എന്ന പുസ്തകവും സൗഭാഗ്യലക്ഷ്മി എഴുതി. മറ്റുള്ളവർക്ക് മനസ്സിലാകാത്ത ദൈവികഭാഷയിൽ അവർ സംസാരിച്ചു.
വിധി വരുത്തിയ വേർപിരിയൽ
കോവിഡ് കാലം വലിയ പ്രതിസന്ധിയായി. മകൾക്ക് താങ്ങാകാൻ മറ്റാർക്കും എളുപ്പമല്ലാത്തതിനാൽ ഒരുമിച്ചുതാമസിക്കാൻ പല കേന്ദ്രങ്ങളിലും അന്വേഷിച്ചു. താൻ ജോലിചെയ്യാൻ തയ്യാറാണെന്നും പകരം മകളെ കൂടെ താമസിപ്പിക്കണമെന്നും അപേക്ഷിച്ചു. എന്നാൽ, വഴി കണ്ടുകിട്ടിയില്ല. പിന്നീട് മകളെ പത്തനംതിട്ട കുന്നന്താനത്തെ ഒരു കേന്ദ്രത്തിലേക്ക് മാറ്റേണ്ടിവന്നു. അതോടെയാണ് ഇവരുടെ ലോകം രണ്ടായത്. മകളെ കാണാത്ത സങ്കടംകൊണ്ട് ഉറക്കമില്ല, ഈ അമ്മയ്ക്ക്. ചിലപ്പോൾ മരുന്നുകളുടെ സഹായവും വേണ്ടിവരുന്നു. ‘‘എനിക്ക് അവൾക്കൊപ്പം ജീവിക്കണം. അതിന് സൗകര്യം ചെയ്തുതരാമോ’’ -ആരുടേയും നെഞ്ചുലയ്ക്കുന്നതാണ് കണ്ണീരോടെയുള്ള അവരുടെ ചോദ്യം.
Content Highlights: At Kurichi Bethany Ashram, 79-year-old G. Soubhagyalakshmi desperately wishes to reunite with her 33-year-old adopted disabled daughter, Jyothi. After decades of dedicated care spanning Delhi and Kerala, the duo was separated during the COVID-19 crisis.
Published: 19 Jun 2026, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented