
കുട്ടിക്കാലത്തെ ജീവിതസാഹചര്യവും തന്റെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ അമ്മ ശര്‍മിള ടാഗോര്‍ നല്‍കിയ പ്രചോദനത്തെ കുറിച്ചും തുറന്നുപറഞ്ഞ് നടി സോഹ അലി ഖാന്‍. താന്‍ ജനിക്കുമ്പോള്‍ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നുവെന്നും അന്ന് വീട്ടുച്ചെലവുകളെല്ലാം നടന്നിരുന്നത് അമ്മയുടെ പണം കൊണ്ടായിരുന്നുവെന്നും സോഹ പറയുന്നു. ചോരി-2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'നമ്മളുമായി അടുപ്പമുള്ളവര്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എന്റെ ജീവിതത്തിലെ മാതൃക എന്റെ അച്ഛനായിരുന്നു. ഞാന്‍ ജനിക്കുന്നതിന് മുമ്പ് അദ്ദേഹം ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. അന്ന് അച്ഛന്റെ കൈയില്‍ ക്രിക്കറ്റില്‍ നിന്നുള്ള വരുമാനമൊന്നും ഉണ്ടായിരുന്നില്ല. 1960-കളില്‍ ക്രിക്കറ്റിന്റെ അവസ്ഥ അങ്ങനെയായിരുന്നു. ഇന്നത്തപ്പോലെ ഐപിഎല്ലോ പരസ്യങ്ങളോ ഒന്നും അന്നില്ലായിരുന്നു.
കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം അമ്മയുടെ സിനിമാ അഭിനയമായിരുന്നു. എന്നാല്‍ അമ്മയുടെ കരിയറിന് അച്ഛന്‍ ഒരിക്കലും തടസം നിന്നിരുന്നില്ല. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നത് എന്താണോ അത് ചെയ്യണമെന്ന് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ എന്റെ അമ്മ അഭിനയിച്ചു. തന്റെ ഹൃദയം എന്താണോ പറയുന്നത് അത് അമ്മ ചെയ്തു.
24-ാം വയസില്‍തന്നെ അമ്മ വിവാഹം ചെയ്തു. അത്രയും ചെറിയ പ്രായത്തില്‍ ഒരു നടിയും വിവാഹം തിരഞ്ഞെടുക്കില്ല. വിവാഹം ചെയ്താല്‍ അഭിനയം പോലൊരു കരിയറിന് തിരിച്ചടിയാകുമെന്ന് അറിയാമായിരുന്നിട്ടും അമ്മ വിവാഹജീവിതം തുടങ്ങി. രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ കുഞ്ഞുമുണ്ടായി. എന്നിട്ടും അമ്മ കരിയര്‍ മുന്നോട്ടുകൊണ്ടുപോയി. അമ്മയായ ശേഷവും കരിയറിലെ ഏറ്റവും വലിയ വിജയങ്ങള്‍ നേടി.'സോഹ അഭിമുഖത്തില്‍ പറയുന്നു.
1968-ലാണ് ശര്‍മിളാ ടാഗോറും ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും വിവാഹിതരാകുന്നത്. 1970-ലാണ് സെയ്ഫ് അലി ഖാന്‍ ജനിച്ചത്. ആറ് വര്‍ഷങ്ങള്‍ക്കുശേഷം സബ അലി ഖാനും ഇരുവരുടേയും ജീവിതത്തിലേക്ക് വന്നു. 1978-ലാണ് ശര്‍മിള, സോഹ അലി ഖാന് ജന്മം നല്‍കുന്നത്.
Content Highlights: soha ali khan says mom sharmila tagore was familys breadwinner
Published: 10 Apr 2025, 09:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented