ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് പുതിയ ഒരിടത്തേക്ക് പറിച്ച് നടുമ്പോൾ വൃത്യസ്ത സംസ്കാരങ്ങളും രീതികളും ആളുകളെ ഞെട്ടിക്കാറുണ്ട്. ഇത്തരത്തിൽ സിങ്കപ്പുരിലേക്ക് താമസം മാറിയപ്പോൾ തനിക്കുണ്ടായ നാല് കൾച്ചറൽ ഷോക്കുകളെ കുറിച്ച് വിവരിക്കുകയാണ് ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ. സിങ്കപ്പുരിലെ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറായ അമൻ ആണ് തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ഈ അനുഭവങ്ങൾ പങ്കുവെച്ചത്. സിങ്കപ്പുരിലേക്കുള്ള മാറ്റം കേവലം ഒരു സ്ഥലമാറ്റമല്ല, മറിച്ച് ചിന്താഗതിയിലെ തന്നെ മാറ്റമാണെന്ന് അദ്ദേഹം പറയുന്നു.

To advertise here,

കോടീശ്വരന്മാരും പൊതുഗതാഗതവും: സിങ്കപ്പുരിൽ കാർ സ്വന്തമാക്കാനുള്ള ഉയർന്ന ചെലവ് (Certificate of Entitlement - COE) കാരണം കോടീശ്വരന്മാർ പോലും സാധാരണക്കാർക്കൊപ്പം മെട്രോയിലും ബസിലും യാത്ര ചെയ്യുന്നു. പൊതുഗതാഗതം അവിടെ എല്ലാവരെയും ഒരുപോലെ കാണുന്ന ഒന്നാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ഭക്ഷണരീതിയിലെ വ്യത്യാസം: ഇന്ത്യയിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒരു ആഡംബരമായി കാണുമ്പോൾ സിങ്കപ്പുരിൽ അത് പ്രായോഗികമായ ആവശ്യമാണ്. വീട്ടിൽ സാധനങ്ങൾ വാങ്ങി പാചകം ചെയ്യുന്നതിനേക്കാൾ ലാഭകരവും എളുപ്പവുമാണ് അവിടുത്തെ 'ഹോക്കർ സെന്ററുകളിൽ' നിന്നുള്ള ഭക്ഷണം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഡിജിറ്റൽ ഭരണനിർവ്വഹണം: സിങ്കപ്പുരിലെ ഡിജിറ്റൽ സംവിധാനങ്ങളെ അമൻ ഏറെ പ്രശംസിക്കുന്നുണ്ട്. 'സിങ്പാസ്' (Singpass) എന്ന ആപ്പ് വഴി ബാങ്കിങ്, ആരോഗ്യം, ടാക്സ് തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാം. അവിടുത്തെ കാര്യക്ഷമമായ ഡിജിറ്റലൈസേഷൻ കാരണം ഒരു സെറോക്സ് മെഷീൻ കണ്ടിട്ട് കാലം കുറെയായെന്ന് അദ്ദേഹം തമാശയായി പറയുന്നു.

സ്വകാര്യത: സിങ്കപ്പുർ നിവാസികൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരാണെന്നാണ് അമൻ്റെ നിരീക്ഷണം. തുടക്കത്തിൽ ഇത് ഏകാന്തതയായി തോന്നിയെങ്കിലും പിന്നീട് അതൊരു വലിയ ആഡംബരമായി തോന്നിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിങ്കപ്പുർ ഒരു ബഗ്ഗുകളില്ലാത്ത ഓപ്പറേറ്റിങ് സിസ്റ്റം പോലെ സുഗമമായി പ്രവർത്തിക്കുന്ന രാജ്യമാണെന്നാണ് അമൻ ഉപമിച്ചത്. അമന്റെ പോസ്റ്റിന് താഴെ നിരവധി പ്രവാസികളും യാത്രക്കാരും അനുകൂലമായ കമന്റുകളുമായി എത്തിയിട്ടുണ്ട്. സിങ്കപ്പുരിലെ അസാമാന്യമായ വൃത്തിയും, രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് തനിച്ച് ഭയമില്ലാതെ നടക്കാൻ കഴിയുന്ന സുരക്ഷിതത്വവും പലരും എടുത്തുപറയുന്നു. കൂടാതെ, ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്ക് അർഹമായ പരിഗണനയും ബഹുമാനവും ലഭിക്കുന്നുണ്ടെന്നും വ്യക്തിത്വം മറച്ചുവെക്കാതെ തന്നെ അവിടെ ജോലി ചെയ്യാമെന്നും മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.