ബോളിവുഡ് ടെലിവിഷന്‍ രംഗത്തെ തിളങ്ങുന്ന താരമാണ് ശ്വേതാ തിവാരി. മകള്‍ പാലക് തിവാരിയെ ഒറ്റയ്ക്ക് വളര്‍ത്തിയ അമ്മ എന്ന നിലയിലും ശ്വേത പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. താനും മകളും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണെന്ന് ഇപ്പോള്‍ തുറന്നുപറയുകയാണ് ശ്വേത. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

To advertise here,

'ഞാന്‍ കര്‍ക്കശക്കാരിയായ അമ്മയായിരുന്നില്ല. എങ്കിലും വീട്ടില്‍ ചില ചിട്ടകളുണ്ടായിരുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ പുറത്തുപോയി പുലര്‍ച്ചെ ഒരു മണിക്ക് തിരികെ വീട്ടിലെത്താമെന്ന് പറഞ്ഞാല്‍ കൃത്യം ഒരുമണിക്ക് നിങ്ങള്‍ വാതില്‍ക്കലുണ്ടാകണം. ഒരുമണിയാകുമ്പോള്‍ 'ഞാന്‍ പോകുകയാണ്' എന്ന് പറയാന്‍ പാടില്ല. ഒരുമണിയെന്നത് വീട്ടിലെത്താനുള്ള സമയമാണ്, പാര്‍ട്ടിക്ക് പോകാനുള്ള സമയമല്ല.' -ശ്വേതാ തിവാരി പറഞ്ഞു. 

മകളുടെ ഒപ്പം പോകുന്ന എല്ലാ സുഹൃത്തുക്കളുടേയും അവരുടെ അമ്മമാരുടേയും ഫോണ്‍ നമ്പറുകള്‍ തന്റെ കൈവശമുണ്ടാകുമെന്നും ശ്വേത പറയുന്നു. 'ഞാന്‍ അവരുടെ അമ്മമാരെ വിളിക്കില്ല. എന്നാല്‍ അവളുടെ ഫോണ്‍ ഓഫാണെങ്കില്‍ ഒപ്പമുള്ളവരെ ഞാന്‍ വിളിക്കും. അവരെ കിട്ടിയില്ലെങ്കില്‍ മാത്രം ഞാന്‍ അവരുടെ അമ്മമാരെ വിളിക്കും. കാരണം, അവരുടെ കൈവശം ഡ്രൈവറുടെ നമ്പറുണ്ടാകും. അമ്മ പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്നയാളാണെന്ന് പാലകിന് അറിയാം.' -ശ്വേത തുടര്‍ന്നു. 

'പാലക് പെണ്‍കുട്ടിയാണെന്നതും നമ്മുടേത് വല്ലാത്തൊരു സമൂഹമാണെന്നുതും എന്നെ ഭയപ്പെടുത്തുന്ന കാര്യമായിരുന്നു. അവള്‍ മദ്യപിക്കാറില്ല. പക്ഷേ അവള്‍ക്കൊപ്പമുള്ളവര്‍ മദ്യപിക്കും. 16 വയസ് വരെ അവളെ ഞാന്‍ ഒരുതരത്തിലുള്ള മേക്കപ്പും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ല. അതുപോലെ സ്‌കൂള്‍കാലം കഴിയുന്നതുവരെ ഫോണും നല്‍കിയിട്ടില്ല. അവളുടെ ഫോണ്‍ ഞാന്‍ പരിശോധിക്കാറുമുണ്ടായിരുന്നു.'

'മാസം 25,000 രൂപ വരെ ചെലവഴിക്കാന്‍ ഞാന്‍ അവളെ അനുവദിച്ചിരുന്നു. അത് 25,000-ത്തില്‍ നിന്ന് 30,000-ത്തിലേക്ക് ഉയര്‍ന്നാല്‍ അധികം വരുന്ന തുകയ്ക്ക് പകരമായി വീട്ടുജോലികള്‍ ചെയ്യേണ്ടിവരുമന്നെ് അവള്‍ക്കറിയാമായിരുന്നു. ഓരോ ജോലിക്കും എത്ര രൂപ കിട്ടുമെന്ന് ലിസ്റ്റ് ഉണ്ട്. ശുചിമുറി വൃത്തിയാക്കിയാല്‍ അവള്‍ക്ക് 1,000 രൂപ കിട്ടും. കിടക്കുന്ന കട്ടില്‍ വൃത്തിയാക്കിയാല്‍ 500, പാത്രം കഴുകിയാല്‍ 1,000 എന്നിങ്ങനെയാണ് നിരക്കുകള്‍. അപ്പോള്‍ അവള്‍ ഈ ജോലികളെല്ലാം ചെയ്യും. ചെലവ് അധികമാകുന്ന മാസങ്ങളില്‍ അവള്‍ കൂടുതലായി വീട്ടുജോലികള്‍ ചെയ്യും.' -ശ്വേതാ തിവാരി പറഞ്ഞു.