കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി ജമ്മു കശ്മീരിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചത്. മകള്‍ സമിഷയും അമ്മ സുനന്ദ ഷെട്ടിയും സഹോദരിയും നടിയുമായ ശമിത ഷെട്ടിയും ശില്‍പയ്‌ക്കൊപ്പമുണ്ടായിരുന്നു. 

To advertise here,

പ്രൈവറ്റ് ജെറ്റിലെത്തിയ ശില്‍പയും കുടുംബവും പിന്നീട് ഹെലികോപ്റ്ററില്‍ കയറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന കത്രയിലെത്തിയത്. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

കത്രയില്‍ നിന്ന് ത്രികൂട പര്‍വതത്തിന് മുകളിലുള്ള ക്ഷേത്രത്തിലേക്ക് ശില്‍പ ഒരു ചെറിയ കുതിരപ്പുറത്ത് പോകുന്നതാണ് വീഡിയോയിലുള്ളത്. ഇതിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി. യോഗാഭ്യാസിയും ഫിറ്റ്‌നസ് ട്രെയ്‌നറുമായ ശില്‍പയ്ക്ക് 12 കിലോമീറ്റര്‍ ദൂരം പോലും നടക്കാനാകില്ലേ എന്നാണ് ഇവരുടെ ചോദ്യം. ഇത് ആ കുതിരയോട് കാണിക്കുന്ന ക്രൂരതയാണെന്നും അവര്‍ പറയുന്നു.  

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലുള്ളത്. കഴിഞ്ഞാഴ്ച്ച അസമിലെ കാമാഖ്യാദേവി ക്ഷേത്രവും ശില്‍പ സന്ദര്‍ശിച്ചിരുന്നു. ഇവിടെ പൂജ ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

കഴിഞ്ഞ മാസം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ബിറ്റ്‌കോയിന്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനപ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്. മുബൈ ജുഹുവില്‍ ശില്‍പ ഷെട്ടിയുടെ പേരിലുള്ള ഫ്‌ളാറ്റ്, പുണെയിലെ ബംഗ്ലാവ് എന്നിവയടക്കമുള്ള വസ്തുവകകള്‍ ഇതിലുള്‍പ്പെടും.