സീരിയലില്‍ ഭാര്യയായി അഭിനയിക്കുന്ന നടി മാറി പുതിയ നടി എത്തുന്നത് അറിയിച്ചുള്ള വീഡിയോ വിവാദമായതോടെ മാപ്പ് പറഞ്ഞ് നടന്‍ മനോജ് കുമാര്‍. 'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി, പക്ഷേ ഞാന്‍ തോല്‍ക്കില്ല' എന്നാണ് യൂട്യൂബ് വീഡിയോക്ക് മനോജ് തലക്കെട്ട് നല്‍കിയത്. ഭാര്യ ബീന ആന്റണിയുമായി വേര്‍പിരിഞ്ഞു എന്നു തോന്നലുണ്ടാക്കി വീഡിയോക്ക് കാഴ്ച്ചക്കാരെ കൂട്ടാനാണ് മനോജിന്റെ ശ്രമം എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ വന്നത്. ഇതോടെ മനോജ് മാപ്പ് പറഞ്ഞ് പുതിയ വീഡിയോയുമായി എത്തുകയായിരുന്നു.

To advertise here,

പണമുണ്ടാക്കാനും കാഴ്ച്ചക്കാരെ കൂട്ടാനും എന്ത് വൃത്തികേടും ചെയ്യുന്ന ആളെന്ന രീതിയിലാണ് പലരും എന്നെ വിമര്‍ശിച്ചത്. സീരിയലിലെ എന്റെ ഭാര്യ കഥാപാത്രം മാറുന്ന കാര്യം അറിയിക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്. നടി മാറുന്നതിനാല്‍ സീരിയലിന്റെ സംവിധായകന്‍ ടെന്‍ഷനിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പരമാവധി ആളുകളെ അറിയിക്കാമോ എന്നു ചോദിച്ചു. ഒരു പൊട്ടബുദ്ധിക്ക് എനിക്ക് അങ്ങനെ ഒരു തലക്കെട്ട് നല്‍കാനാണ് തോന്നിയത്. ആളുകളെ പറ്റിച്ച് പണമുണ്ടാക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല-മനോജ് വീഡിയോയില്‍ പറയുന്നു.

തന്റെ പ്രവൃത്തി ഭാര്യയും നടിയുമായ ബീന ആന്റണിയേയും വേദനിപ്പിച്ചുവെന്നും മനോജ് പറഞ്ഞു. 'മനു എന്തിനാണ് അത്തരം ടൈറ്റില്‍ ഇട്ടതെന്ന്' ബീന എന്നോട് ചോദിച്ചു. പ്രേക്ഷകര്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസിലാക്കിയ സന്ദര്‍ഭമാണിതെന്നും എല്ലാവര്‍ക്കും നല്ലതുമാത്രം വരട്ടെയെന്നും മനോജ് പറഞ്ഞു.