ഓര്‍മയില്ലേ സീമ ഹൈദറിനെ? പബ്ജി ഗെയിം കളിയിലൂടെയുള്ള പ്രണയത്തിനൊടുവില്‍ കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ യുവതിയാണ് സീമ ഹൈദര്‍. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് കാമുകനൊപ്പം താമസം ആരംഭിച്ച സീമ ഹൈദര്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഇവരുടെ പബ്ജി പ്രണയവും പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നാടകീയയാത്രയുമെല്ലാം പുറംലോകമറിഞ്ഞത്. രണ്ടുവര്‍ഷം മുന്‍പ് ദേശീയമാധ്യമങ്ങളിലടക്കം സീമ ഹൈദര്‍ നിരന്തരം വാര്‍ത്തയാവുകയുംചെയ്തിരുന്നു. 

To advertise here,

കാമുകനായ നോയിഡ സ്വദേശി സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായാണ് വിവാഹിതയായ സീമ ഹൈദര്‍ നാലുകുട്ടികളുമായി രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയത്. നേപ്പാള്‍ അതിര്‍ത്തി വഴിയായിരുന്നു യുവതി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം താമസിച്ചുവരുന്നതിനിടെ നിയമപരമായി കാമുകനെ വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാക് സ്വദേശിയാണെന്നവിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുംചെയ്തു. തുടര്‍ന്ന് സച്ചിനെ വിവാഹം കഴിച്ച് ഒരുമിച്ച് താമസം തുടരുകയായിരുന്നു. 

അതിര്‍ത്തികള്‍ ഭേദിച്ചുള്ള പബ്ജി പ്രണയത്തിലൂടെ വാര്‍ത്തകളിലിടം നേടിയ സീമ ഹൈദര്‍ ഇപ്പോള്‍ ഒരു സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്ററാണ്. സീമയ്‌ക്കൊപ്പം സച്ചിനും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കുടുംബത്തിന്റെ നിലവിലെ പ്രധാനവരുമാനമാര്‍ഗവും സോഷ്യല്‍മീഡിയയില്‍നിന്നുള്ള പ്രതിഫലമാണ്. 

Also Read: സച്ചിനാണ് തന്റെ ഭര്‍ത്താവ്, നാലുകുട്ടികളും പിതാവായി അദ്ദേഹത്തെ സ്വീകരിച്ചു- പാകിസ്താനി യുവതി

സീമ ഹൈദറിനും ഭര്‍ത്താവ് സച്ചിനും നിലവില്‍ ആറ് യൂട്യൂബ് ചാനലുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദമ്പതിമാരുടെ പ്രധാനചാനലിന് മാത്രം ഒരുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഫാമിലി വ്‌ളോഗ്, ഡെയ്‌ലി ലൈഫ് വീഡിയോകള്‍ തുടങ്ങിയവയാണ് ഇരുവരും തങ്ങളുടെ ചാനലുകളില്‍ പ്രധാനമായും അപ് ലോഡ് ചെയ്യുന്നത്. അടുത്തിടെ സീമ ഗര്‍ഭിണിയായതോടെ ഗര്‍ഭകാലത്തെ വിശേഷങ്ങളും ദമ്പതിമാര്‍ തങ്ങളുടെ ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. 

Also Read: 'സീമ ബീഡിവലിക്കുന്നത് സച്ചിന് ഇഷ്ടമല്ല, മർദിച്ചിരുന്നു'; ഇന്ത്യയിലെ കൂടുതൽപേരുമായി പബ്ജി വഴി ബന്ധം

45,000 രൂപയാണ് യൂട്യൂബില്‍നിന്ന് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലമെന്ന് സീമ ഹൈദര്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ വീഡിയോ വ്യൂസ്, ബ്രാന്‍ഡ് പ്രൊമോഷന്‍ എന്നിവയെല്ലാം ഉള്‍പ്പെടെ 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ പ്രതിമാസം ലഭിക്കുന്നുണ്ട്. നിലവില്‍ കുടുംബത്തിന്റെ പ്രധാന വരുമാനവും ഇതുതന്നെയാണ്. സോഷ്യല്‍മീഡിയയില്‍നിന്നുള്ള വരുമാനം വര്‍ധിച്ചതോടെ ഭര്‍ത്താവിനോട് ജോലി വിടാനും കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സീമ ഹൈദര്‍ ഉപദേശിക്കുകയുംചെയ്തിരുന്നു.