മാർച്ച് അഞ്ചിനായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെണ്ടുൽക്കറുടെയും സാനിയ ചന്ദോലയുടെയും വിവാഹം. വിവാഹച്ചടങ്ങുകൾക്കുശേഷം മുംബൈയിലെ ദി സെന്റ് റെജിസ് മുംബൈയിൽവെച്ച് അതിഥികൾക്കായി സച്ചിനും ഭാര്യ അഞ്ജലിയും വലിയൊരു സത്കാരവും നടത്തി. താരനിബിഡമായ ചടങ്ങിൽ സിനിമ, കായിക, വ്യവസായ മേഖലകളിൽനിന്നുള്ള നിരവധിയാളുകളാണ് പങ്കെടുത്തത്.

To advertise here,

വധുവും വരനും ചുവപ്പുവസ്ത്രങ്ങളിലെത്തിയപ്പോൾ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലും സുനിത ശെഖാവത്തിന്റെ കളക്ഷനിൽനിന്നുള്ള മീനാകാരി മാലയിലും സാറാ തെണ്ടുൽക്കർ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഈ ആഭരണത്തിന്റെ കൃത്യമായ വില എത്രയാണെന്നു വ്യക്തമല്ലെങ്കിലും ലക്ഷങ്ങൾ വിലമതിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്.

സാറാ തെണ്ടുൽക്കറുടെ മീനാകാരി മാല

സാറ, ജയ്പുരിലെ സുനിത ശെഖാവത്ത് രൂപവത്കരണം ചെയ്ത 'കാർനേഷൻ റിവേഴ്സിബിൾ മാല'യാണ് ധരിച്ചിരുന്നത്. ഇതിന്റെ മുൻവശം പരമ്പരാഗത കുന്ദൻ പോൾക്കി ഡിസൈനുകളും പൂക്കളുടെ രൂപങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എന്നാൽ പിൻഭാഗത്തെ മീനാകാരി കരവിരുത് അതിമനോഹരമാണ്. ഏകദേശം 360 മണിക്കൂറിലധികം നീളുന്ന അധ്വാനത്തിലൂടെയാണ് ഇത് നിർമിക്കുന്നത്.

ഈ മാലയ്ക്ക് ഏകദേശം 40 മുതൽ 60 ലക്ഷം രൂപ വരെ വിലവരുമെന്നാണ് സ്വർണവ്യാപാരികൾ പറയുന്നത്. കൊളംബിയൻ മരതകവും സൗത്ത് സീ പേൾസും പതിപ്പിച്ച ആഭരണം ആധുനികതയും പൈതൃകവും ഒത്തുചേരുന്ന നിർമിതിയാണ്. ജയ്പുരിലെ മികച്ച കലാകാരന്മാർ കൈകൊണ്ട് നിർമിച്ചതാണ് ഈ മാലയെന്ന് സുനിത ശെഖാവത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ വ്യക്തമാക്കുന്നു.

 

മാല മാത്രമല്ല, സാരിയും സാറയെ അതിമനോഹരിയാക്കി. അതിസങ്കീർണമായ തുന്നൽപ്പണികളുള്ള പിങ്ക് സാരിക്കൊപ്പം അടിഭാഗത്ത് മുത്തുകൾ (drops) തുന്നിച്ചേർത്ത റോസ്-പിങ്ക് ബ്ലൗസാണ് സാറ അണിഞ്ഞിരുന്നത്.

സാരിക്കും മാലയ്ക്കും ഇണങ്ങുംവിധം തിളക്കമുള്ള മേക്കപ്പാണ് സാറ തിരഞ്ഞെടുത്തത്. ഗ്ലോസി ലിപ്സ്റ്റിക്, കൃത്യമായി വരച്ചെടുത്ത പുരികങ്ങളും വിങ്ഡ് ഐലൈനറും സാരിയുടെയും ആഭരണങ്ങളുടെയും മാറ്റുകുറയ്ക്കാതെ അവയോട് ഇണങ്ങുംവിധം ഒരുക്കി. ഒപ്പം മെഹന്തി അണിഞ്ഞ കൈകളും വളകളും നടുവിൽ മനോഹരമായി ഒരുക്കിയ മുടിയും അവരെ അതീവ സുന്ദരിയാക്കി മാറ്റുകയും ചെയ്തു.