മകന്‍ യദുശാന്ത് പ്ലസ്ടു പരീക്ഷ വിജയിച്ച സന്തോഷം പങ്കുവെച്ച് നടനും നാടകപ്രവര്‍ത്തകനുമായ സന്തോഷ് കീഴാറ്റൂര്‍. അച്ഛന്റെ കൂടെ നാടകപ്പെട്ടിയും ചുമന്ന് നടന്ന് തോറ്റുപോയി എന്ന് പറയിപ്പിച്ചില്ലെന്നും അതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മകനൊപ്പമുള്ള ചിത്രങ്ങളും സന്തോഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,

പരീക്ഷയുടെ തലേന്ന് പോലും നാടകത്തിനായി മകന്റെ ഉറക്കം കളയാന്‍ നിര്‍ബന്ധിച്ചത് നെഞ്ചിലൊരു നീറ്റലോടെയായിരുന്നുവെന്നും മകന്റെ വിജയത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കുറിച്ചു.

സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ചെക്കന്‍  + 2 പാസ്സായി. അച്ഛന്റെ കൂടെ നാടകപ്പെട്ടിയും ചുമന്ന് നടന്ന് തോറ്റുപോയി എന്ന് പറയിപ്പിച്ചില്ല. (സഞ്ചരിച്ച രാജ്യങ്ങള്‍ - ഓസ്‌ട്രേലിയ, ദുബായ്, ബഹറിന്‍, അബുദാബി, ഷാര്‍ജ, കുവൈത്ത്. ഇന്ത്യയില്‍- ബോംബെ, കല്‍ക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ഡല്‍ഹി, ചെന്നെ, കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളും)

ഈ പരിഷ്‌കൃത സമൂഹത്തിലും നാടകം എന്ന് പറയുമ്പോള്‍ അമിതാഭിനയം എന്ന് പറഞ്ഞ് കളിയാക്കി നെറ്റി ചുളിച്ച് പച്ചാളം ഭാസി പോലും കണ്ടു പിടിക്കാത്ത ഭാവാഭിനയമാണ് പലര്‍ക്കും.

പരീക്ഷയുടെ തലേന്ന് പോലും ഞാന്‍ നിന്നെ കൊണ്ട് നാടകത്തിന് വര്‍ക്ക് ചെയ്യിപ്പിച്ചപ്പോള്‍ നെഞ്ചില്‍ വലിയ നീറ്റലുണ്ടായിരുന്നു. എന്റെ അന്നത്തെ അവസ്ഥ മനസ്സിലാക്കി വര്‍ക്ക് ചെയ്തു. ഉറങ്ങാതെ നേരെ പരീക്ഷ ഹാളിലേക്ക്. ഇന്ന് സന്തോഷവും അഭിമാനവും തോന്നുന്നു.  ഞാന്‍ തളര്‍ന്നു പോകുന്ന അവസ്ഥയില്‍ നീ സ്വമേധയാ ഏറ്റെടുത്ത ഉത്തരവാദിത്വമാണ് നാടകത്തിലെ കഠിനമായ ജോലി. ഇനി ഇതിലും വലിയ ഉത്തരവാദിത്വത്തോടെ നല്ല മകനാവുക. വിദ്യാര്‍ഥിയാവുക. പൗരനാവുക.