
നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത മരണം തീര്‍ത്ത ഞെട്ടലിലാണ് സിനിമാലോകം. മുംബൈയില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. താരം വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുശാന്തിന്റെ മരണത്തിനു പിന്നാലെ സംഘടിപ്പിച്ച ഒരു ചാനല്‍ ചര്‍ച്ച ഇപ്പോൾ വലിയ വാർത്തയായിരിക്കുകയാണ്.
വിഷാദരോഗമായിരുന്നു നടി സഞ്ജന ഗല്‍റാണി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത തത്സമയ ചർച്ചയുടെ വിഷയം. എന്നാല്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സഞ്ജന മേക്കപ്പ് ചെയ്തത് വലിയ വിവാദമായി. സഞ്ജനയ്‌ക്കെതിരേ വിമർശവുമായി നിരവധി പേർ രംഗത്തുവന്നു. ഒടുവില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്തെന്നു വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് സഞ്ജന.
ഇത്രത്തോളം ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അതു ഗൗനിക്കാതെ മേക്കപ്പിനെക്കുറിച്ച് ആശങ്കപ്പെട്ട സഞ്ജനയുടേത് ഇരട്ടത്താപ്പാണെന്നും ബോളിവുഡിൽ ഇടംനേടാന്‍ ശ്രമിക്കുകയാവുമെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ചർച്ച ലൈവാണെന്ന് അറിയാതെയാണ് താന്‍ മേക്കപ്പ് ചെയ്തതെന്നാണ് സഞ്ജന ഇതിനോടു പ്രതികരിച്ചത്.
ഞാൻ പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു, ലൈവ് പോകുന്ന കാര്യം അറിയില്ലായിരുന്നു. അവതാരക പേരു വിളിച്ചിട്ടുമില്ലെന്ന് വീഡിയോ കണ്ടാല്‍ അറിയാം. ഇത്തരം സാഹചര്യത്തില്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. അത് ആശയവിനിമയത്തിൽ വന്നൊരു പ്രശ്‌നം മാത്രമാണ്-സഞ്ജന പറഞ്ഞു.
മുംബൈയിലെ പാനലില്‍ അല്ലായിരുന്നു താന്‍, സ്‌കൈപ്പിലൂടെ ബെംഗളൂരുവിലെ വീട്ടിലിരുന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 'സഞ്ജനാ നിങ്ങള്‍ ഓണ്‍ എയറാണ്, റെഡിയാവൂ' എന്നാരും പറഞ്ഞതുമില്ല. ക്യാമറ ഓണ്‍ ചെയ്തപ്പോൾ ഞാന്‍ തയ്യാറാവുകയായിരുന്നു. രണ്ടു സെക്കന്‍ഡ് ടച്ചപ്പ് മാത്രമാണ് ചെയ്തത്. ഇതിനോടുള്ള അസഹിഷ്ണുത കാണുമ്പോള്‍ വിഷമം തോന്നുന്നു.
ചാനല്‍ പ്രവര്‍ത്തകനുമായി താന്‍ ആശയവിനിമയം നടത്തിയ ചാറ്റിന്റെ ചിത്രവും സഞ്ജന പങ്കുവച്ചു. ഓഡിയോയ്ക്ക് പ്രശ്‌നമുള്ളതുകൊണ്ടാണ് സഞ്ജനയുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും മെസേജില്‍ കാണാം. ലൈവില്‍ പോയതും അത് അവസാനിച്ചതും എപ്പോഴാണെന്നു പോലും അറിഞ്ഞില്ലെന്നും സഞ്ജന പറയുന്നു. തെറ്റു ചെയ്യാതെ തന്നെ അധിക്ഷേപിക്കുന്നവരും ഒരു സ്ത്രീക്കു പിറന്നതാണെന്നു മറക്കരുതെന്നും സഞ്ജന പറഞ്ഞു.
Content Highlights: Sanjjanaa Galrani Caught Doing Makeup During Live Debate On Sushant Singh Rajput’s Death
Published: 15 Jun 2020, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented