
അമ്മയായതിനുശേഷം കടന്നുപോയ പ്രതിസന്ധികളെ കുറിച്ചും ടെന്നീസില്‍നിന്ന് വിരമിക്കാനുള്ള കാരണത്തെ കുറിച്ചും മനസ് തുറന്ന് സാനിയ മിര്‍സ. കരിയര്‍ തുടരാന്‍ ശരീരം സമ്മതിക്കാതിരുന്നതിനൊപ്പം മകന്‍ ഇഹ്‌സാന്‍ മിര്‍സയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്നത് കൂടി തന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലുണ്ടെന്ന് സാനിയ പറയുന്നു. ഗര്‍ഭകാലത്തേക്കാള്‍ കുഞ്ഞിനെ മുലയൂട്ടുന്ന സമയത്താണ് താന്‍ തളര്‍ന്നുപോയതെന്നും സാനിയ പറയുന്നു. മുലയൂട്ടുന്നതിന്റെ ശാരിരികമായ ബുദ്ധിമുട്ടുകളേക്കാള്‍ വൈകാരികവും മാനസികവുമായ വശങ്ങളാണ് തന്നെ തളര്‍ത്തിയിരുന്നതെന്നും അവര്‍ പറയുന്നു. ഇനിയും മൂന്ന് തവണ ഗര്‍ഭിണിയാകാന്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും പക്ഷേ മുലയൂട്ടുന്ന കാര്യം ആലോചിക്കാന്‍കൂടി കഴിയുന്നില്ലെന്നും സാനിയ വ്യക്തമാകുന്നു. പോഡ്കാസ്റ്റര്‍ മാസൂം മിനവാലയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടെന്നീസ് താരം.
'മകനോടൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കുക എന്നതിനായിരുന്നു ഞാന്‍ മുന്‍ഗണന നല്‍കിയിരുന്നത്്. കാരണം അവന്‍ സ്‌കൂളില്‍ പോകുന്ന ഈ പ്രായത്തില്‍ അവര്‍ക്ക് ഒരു രക്ഷിതാവ് കൂടെയുണ്ടാവുകയും ആ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. എനിക്കത് നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലായിരുന്നു. ഞാന്‍ വേണ്ടത്ര ചെയ്തുവെന്ന് എനിക്ക് തോന്നി. എന്റെ സ്വപ്നങ്ങളെ ഞാന്‍ വേണ്ടത്ര പിന്തുടര്‍ന്നുവെന്ന് എനിക്ക് തോന്നി. മകനോടൊപ്പം സമയം ചെലവഴിക്കുന്നതും എന്റെ സ്വപ്നത്തിന്റെ ഭാഗമായിരുന്നു.'-സാനിയ അഭിമുഖത്തില്‍ പറയുന്നു.
ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആദ്യമായി തന്റെ മകനില്‍നിന്ന് വിട്ടുനിന്നതിനെ കുറിച്ചും സാനിയ സംസാരിച്ചു. 'ഞാന്‍ ആദ്യമായി ഇസ്ഹാനെ വിട്ടുപോകുമ്പോള്‍ അവന് ആറാഴ്ച പ്രായമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വിമാനയാത്ര അതായിരുന്നു. എനിക്കൊരു പരിപാടിക്കായി ഡല്‍ഹിയില്‍ പോകേണ്ടിവന്നു. എനിക്ക് അത് കഴിയില്ലെന്ന് തന്നെയാണ് ഞാന്‍ കരുതിയിരുന്നത്. നമ്മള്‍ വിട്ടുനില്‍ക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അത്ര കുഴപ്പമുണ്ടാകില്ല. എന്നാല്‍ അമ്മമാര്‍ക്കുണ്ടാകുന്ന കുറ്റബോധം കാരണം അവര്‍ സ്വയം ഉരുകുന്നു.
ഞാന്‍ രാവിലെയുള്ള വിമാനത്തിലാണ് പോയത്. ആ സമയത്ത് ഞാന്‍ അവനെ മുലയൂട്ടുന്നുണ്ടായിരുന്നു. അതിനാല്‍ എനിക്ക് വിമാനത്തില്‍ വെച്ച് പാല്‍ പമ്പ് ചെയ്യേണ്ടിവന്നു. അതൊരു ബുദ്ധിമുട്ടായിരുന്നു. അന്ന് ഞാന്‍ ആ യാത്ര ഒഴിവാക്കിയിരുന്നെങ്കില്‍ പിന്നീട് എനിക്ക് അവനെ വിട്ട് ജോലിക്ക് പോകാന്‍ കഴിയുമായിരുന്നുന്നില്ല. ഞാന്‍ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുകയും ചെയ്തു. തിരിച്ചെത്തിയപ്പോള്‍ അവന് ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ ഞാന്‍ യാത്രയ്ക്കിടയില്‍ കരഞ്ഞിരുന്നു.'-സാനിയ പറയുന്നു.
അന്ന് ആ യാത്ര ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചത് അമ്മയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവന് ആറാഴ്ച്ച മാ്ത്രമാണ് പ്രായമെന്നും ഞാനില്ലാത്തത് അവന്‍ അറിയുക പോലുമില്ലെന്നും അമ്മ പറഞ്ഞു. ആ ധൈര്യത്തിലാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും സാനിയ കൂട്ടിച്ചേര്‍ക്കുന്നു.
ഗര്‍ഭകാലം ഒരു സ്വപ്നം പോലെയായിരുന്നുവെങ്കിലും മുലയൂട്ടല്‍ തനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നിയെന്ന് സാനിയ പറയുന്നു. 'ഞാന്‍ 2.5-3 മാസം മുലയൂട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലത്തെ ഏറ്റവും കഠിനമായ ഭാഗം അതായിരുന്നു. ഞാന്‍ ഇനിയും മൂന്ന് തവണ ഗര്‍ഭിണിയാകാം. പക്ഷേ ഈ മുലയൂട്ടുന്ന കാര്യം എനിക്കോര്‍ക്കാനാവുന്നില്ല. എനിക്കതിന് കഴിയുമോ എന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം, അതിന്റെ ശാരീരികമായ വശമല്ല, മറിച്ച് വൈകാരികവും മാനസികവുമായ വശങ്ങളാണ് എന്നെ തളര്‍ത്തിയത്. ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുലയൂട്ടല്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മതിയായ ഉറക്കമില്ലായ്മയ്‌ക്കൊപ്പം നിങ്ങളുടെ എല്ലാ കാര്യങ്ങളും മുലയൂട്ടല്‍ ഷെഡ്യൂളിന് ചുറ്റുമായി കേന്ദ്രീകരിക്കും.
മൂന്ന് മാസത്തിനുശേഷം ഡോക്ടറുടെ അടുത്തുപോയി എനിക്ക് മുലയുട്ടുന്നത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞു. ഒരു മാസം കൂടി ശ്രമിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് ഭ്രാന്ത് പിടിക്കുമെന്നായിരുന്നു എന്റെ മറുപടി. മാനിസകമായി എനിക്കത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം ഞാന്‍ അതിനകംതന്നെ പ്രസവാനന്തരമുള്ള നിരവധി വികാരങ്ങളുമായും ഹോര്‍മോണുകളുമായും പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണ്. ഒരു ചെറിയ മനുഷ്യന്‍ ഭക്ഷണത്തിനായി പൂര്‍ണമായും എന്നെ ആശ്രയിക്കുന്നു എന്ന അറിവ് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഗര്‍ഭധാരണത്തേക്കാള്‍ കഠിനമായിരുന്നു അത്. എന്റെ ഗര്‍ഭകാലം ഒരു സ്വപ്നം പോലെയായിരുന്നു.'സാനിയ വ്യക്തമാക്കുന്നു.
2018 ഒക്ടോബര്‍ 30-ന് പ്രസവിക്കുന്നതിന് തലേദിവസം രാത്രി പോലും ടെന്നീസ് കളിച്ച് ശാരീരികമായി ആരോഗ്യവതിയായിരുന്നുവെന്നും അവര്‍ ഓര്‍ത്തു. പ്രസവശേഷം മൂന്നാഴ്ച കഴിഞ്ഞ് താന്‍ വ്യായാമങ്ങളിലേക്കും പരിശീലനത്തിലേക്കും മടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: sania mirza reflects on motherhood opens up about breastfeeding struggles
Published: 23 Apr 2025, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented