സാമൂഹികമാധ്യമ താരം രേണു സുധി ഗുരുതരമായ രോഗത്തോട് പൊരുതുകയാണെന്ന് വെളിപ്പെടുത്തി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ്. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേദനയും ഭയവും മനസിൽ ഒതുക്കി രേണു സുധി മുന്നോട്ടുപോവുകയാണെന്നും ഫിറോസ് സാമൂഹികമാധ്യമ പോസ്റ്റിൽ അറിയിച്ചു. നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണത്തിന് പിന്നാലെ കുടുംബത്തിന് വീടുവെച്ച് നൽകിയത് ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു.

To advertise here,

'രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ. ഇന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിൽ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്', ഫിറോസ് കുറിച്ചു.

'ഈ സാഹചര്യത്തിൽ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യർഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ. അവരുടെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സിൽ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്', ഫിറോസ് കുറിച്ചു.

'അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കിൽ അവരുടെ വീഡിയോകൾ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കിൽ അവർക്ക് വേണ്ടി പ്രാർഥന നടത്തൂ. ചിലപ്പോൾ ഒരു നല്ല വാക്കും ഒരു പ്രാർഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തിൽ അവർ വിജയിക്കട്ടെ', കുറിപ്പിൽ കൂട്ടിച്ചേർത്തു.

രേണുവിന്റെ അസുഖം എന്താണെന്ന് അന്വേഷിച്ച് ഒട്ടേറെ കമന്റുകൾ ഫിറോസിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. കാൻസർ എന്നാണ് ഫിറോസ് ഇതിന് മറുപടി നൽകിയത്.

രേണു ഇതുവരെ ആരോഗ്യവിവരത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. കഴിഞ്ഞദിവസം സഹോദരിക്കും മറ്റ് ബന്ധുക്കൾക്കുമൊപ്പം ആശുപത്രിയിൽ പോയതിന്റെ വീഡിയോ രേണു പങ്കുവെച്ചിരുന്നു. പാവം ചേച്ചി, ചേട്ടാപ്പി... ഹോസ്പിറ്റലിൽ എനിക്ക് വേണ്ടി ക്യൂ നിൽക്കുന്നു, ഡോക്ടറെ കാണാൻ', എന്നായിരുന്നു രേണു വീഡിയോക്ക് അടിക്കുറിപ്പ് നൽകിയത്.