പ്രതിസന്ധികള്‍ തരണം ചെയ്ത് ജീവിതത്തില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയെടുത്ത വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. സമൂഹത്തില്‍ നിന്ന് നേരിട്ട അപമാനവും കുറ്റപ്പെടുത്തലുകളും മാറ്റിനിര്ത്തലുകളുമെല്ലാം മറികടന്നാണ് അവര്‍ വിജയവഴിയിലെത്തിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പൂര്‍ണമായും സ്ത്രീയാകുന്ന ദിവസത്തെ കുറിച്ച് രഞ്ജു രഞ്ജിമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
എത്ര പുരോഗമിച്ചാലും സമൂഹത്തിന് തങ്ങളുടെ മനസ് കാണാന്‍ സാധിക്കില്ലെന്നും സ്ത്രീയാകുന്ന ആ ദിവസം ഇന്നാണെന്നും തന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുകയാണെന്നും രഞ്ജു രഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ ജീവിതം തനിക്കും തന്നെപ്പോലെ അനേകായിരം പേര്‍ക്കും വിലപ്പെട്ടതാണെന്നും ഇനിയും ഇവിടെ ഉത്ഭവിച്ചുകൊണ്ടേയിരിക്കുമെന്നും അവര്‍ കുറിച്ചു. ഒപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
'രണ്ട് കൈകാലുകള്‍ ബന്ധിച്ചു. ഓര്‍മകള്‍ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയില്‍ എന്റെ ഉടലിനെ രണ്ടായി പിളര്‍ത്തി നീണ്ട 14 മണിക്കൂര്‍. ആ ദിവസം ഇന്നാണ്. പെണ്ണാകുക. എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക. ഒരു ദിവസം എങ്കില്‍ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത ദിവസം. നിങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സ് കാണാന്‍ കഴിയില്ല. ലോകം എത്ര പുരോഗമിച്ചാലും ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചുകൊണ്ടേ ഇരിക്കും. നിങ്ങള്‍ക്ക് തടയാന്‍ ആവില്ല. സ്നേഹം, പരിഗണന, ഉള്‍കൊള്ളാന്‍ ഒന്നും ആവശ്യപ്പെട്ടു ഞങ്ങള്‍ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേര്‍ക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ?.'- രഞ്ജു രഞ്ജിമാര്‍ കുറിച്ചു.
ഈ കുറിപ്പിന് താഴെ ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. സ്ത്രീയാകാന്‍ ഇത്രയും വേദനകള്‍ സഹിക്കുന്നുണ്ടെങ്കില്‍ ഹോര്‍മോണുകള്‍ക്ക് അതീതമാണ് അവരുടെ മാനസികാവസ്ഥയെന്ന് ചിലര്‍ കുറിച്ചു. വേഗം എല്ലാം ശരിയായി വരട്ടെ എന്നും എപ്പോഴും കൂടെയുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: renju renjimar shares post about transgender surgery
Published: 18 May 2025, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented