ബാങ്കോക്ക്: ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനയ ബംഗാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകളാണ് അനയ. തായ്‌ലൻഡിൽവെച്ചായിരുന്നു ശസ്ത്രക്രിയ. അനയതന്നെയാണ് താൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരം വെളിപ്പെടുത്തിയത്. ഈ വൈകാരികമായ യാത്രയിൽ തനിക്ക് നിരുപാധികമായ പിന്തുണ നൽകിയ പിതാവിനും കുടുംബത്തിനും നന്ദി പറയുന്നതായും അനയ പറഞ്ഞു.

To advertise here,

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ പിതാവ് കൂടെയുണ്ടായിരുന്നത് വലിയ കാര്യമാണെന്ന് അനയ പറഞ്ഞു. കുടുംബത്തിന് ഈ മാറ്റം ഉൾക്കൊള്ളാൻ സമയമെടുത്തുവെന്നും എന്നാൽ പിതാവിന്റെ പിന്തുണ യഥാർഥവും ശക്തവുമാണെന്ന് അവൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം പിതാവിനൊപ്പമുള്ള ചിത്രവും അനയ പങ്കുവെച്ചിട്ടുണ്ട്.

അഞ്ച് വർഷത്തോളമായി ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള ഹോർമോൺ ചികിത്സയിലായിരുന്നു അനയ. 2023-ൽ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിയും ആരംഭിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും വിശ്രമം ആവശ്യമായി വരും. ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും അച്ഛനാണ് വഹിക്കുന്നതെന്നും അനയ നേരത്തേ പറഞ്ഞിരുന്നു.