'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' പരിപാടിയില്‍ നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് യൂട്യൂബര്‍മാരായ രണ്‍വീര്‍ അല്ലാബാദിയയും അപൂര്‍വ മുഖിജയും ദേശീയ വനിതാ കമ്മീഷനോട് മാപ്പ് പറഞ്ഞു. ഇരുവരും രേഖാമൂലം ക്ഷമാപണം സമര്‍പ്പിച്ചതായി ദേശീയ വനിതാ കമ്മീഷന്‍  അധ്യക്ഷ വിജയ രഹത്കര്‍ അറിയിച്ചു. 

To advertise here,

മോശം ഭാഷ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ രഹത്കര്‍ പറഞ്ഞു. "ഇത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. രണ്‍വീര്‍ അല്ലാബാദിയയും അപൂര്‍വ മുഖിജയും മാപ്പ് പറയുകയും രേഖാമൂലം എഴുതി സമര്‍പ്പിക്കുകയും ചെയ്തു. കുറ്റബോധമുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ആദ്യമായും അവസാനമായും പറ്റിപ്പോയതാണ്, ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് പറഞ്ഞു. പറഞ്ഞത് തിരിച്ചെടുക്കാനാകില്ല, ഇനി ജാഗരൂകരായിരിക്കും എന്ന് വ്യക്തമാക്കി." വിജയ രഹത്കര്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗികരംഗം ദിവസേന നോക്കിനില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. പിന്നാലെ നിരവധി പേര്‍ രണ്‍വീറിനെതിരെ പരാതിയുമായി എത്തി. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയര്‍ബൈസപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. 

പിന്നാലെ അശ്ലീല പരാമര്‍ശത്തില്‍ സമയ് റെയ്ന, രണ്‍വീര്‍ അല്ലാബാദിയ തുടങ്ങിയവര്‍ക്കെതിരേ കേസെടുത്തു. ഇവരെ കൂടാതെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് എന്നിവര്‍ക്കെതിരെയും പ്രതി ചേര്‍ത്തു. ഷോയില്‍ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയത്.