തെരുവുനായകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനുള്ള ഡല്‍ഹി ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയ സുപ്രീം കോടതി ഉത്തരവിനെതിരെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തെരുവുനായകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും നിങ്ങള്‍ക്ക് അവര്‍ ശല്ല്യമാണെങ്കില്‍ അവര്‍ തങ്ങളുടെ ഹൃദയമിടിപ്പാണെന്നും ജാന്‍വി കപൂര്‍, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. നടി സദ ഇക്കാര്യം സംസാരിക്കുന്നതിനിടയില്‍ കരയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ പങ്കുവെച്ചത്. കോടതിയുടെ തീരുമാനത്തില്‍ അസ്വസ്ഥരായ നായ സ്‌നേഹികളെ അഭിസംബോധന ചെയ്ത പത്ത് നിര്‍ദേശങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഒരു പ്രത്യേക വിഭാഗം പൗരന്‍മാര്‍ക്ക് അവരുടെ ആഡംബര ഭവനങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിച്ചു കഴിയാമെന്നും എന്നാല്‍ തെരുവുനായകളുടെ ആക്രമണത്തിന് ഇരയായവരോടും അവരുടെ പ്രിയപ്പെട്ടവരോടും അനുകമ്പയെ കുറിച്ച് സംസാരിക്കുന്നത് വിവേകശൂന്യമായിട്ടാണ് അവര്‍ കാണുന്നതെന്നും അദ്ദേഹം കുറിച്ചു.
'നിങ്ങള്‍ നായകള്‍ക്ക് വേണ്ടി കരയുന്നു, എന്നാല്‍ മരിച്ച മനുഷ്യര്‍ക്ക് വേണ്ടി കരയുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു. 'നായകള്‍ക്ക് മാത്രമല്ല, എല്ലാ മൃഗങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ അതിന് മനുഷ്യജീവന്റെ വില നല്‍കണോ?' എന്ന് അദ്ദേഹം ചോദിച്ചു. 'നായകളെ കൊല്ലരുത്' എന്ന് പറയുന്ന നായ പ്രേമികള്‍ക്ക് അവയെ ദത്തെടുത്തുകൂടേയെന്നും അവ താഴ്ന്ന ഇനത്തില്‍പ്പെട്ടതും, വൃത്തികെട്ടതും, രോഗബാധിതവുമായതിനാലാണോ നിങ്ങള്‍ ദത്തെടുക്കാന്‍ മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'ഇറക്കുമതി ചെയ്ത ലാബ്രഡോറുകളെയും പെഡിഗ്രി ഹസ്‌കികളെയും ബ്രീഡര്‍മാരില്‍ നിന്ന് വാങ്ങിയ ഹൈബ്രീഡ് വളര്‍ത്തുമൃഗങ്ങളേയും സ്‌നേഹിക്കൂ, അവരെ നോക്കാന്‍ സ്റ്റാഫിനെ നിയമിക്കൂ. പക്ഷേ സത്യം ഇതാണ്, നായ ഭീഷണി നിങ്ങളുടെ ആംഡബര വില്ലകളില്‍ ഇല്ല. അത് തെരുവിലും ചേരികളിലും ഉണ്ട്. അത് ചെരിപ്പില്ലാതെ കളിക്കുന്ന കുട്ടികളുള്ള വഴികളില്‍ അലഞ്ഞു തിരിയുന്നു. അവരെ സംരക്ഷിക്കാന്‍ അവിടെ വേലികളും ഗേറ്റുകളും ഇല്ല.'-രാംഗോപാല്‍ വര്‍മ കുറിച്ചു. പെഡിഗ്രി വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ള നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകളേക്കാള്‍ കുറവാണോ മനുഷ്യരുടെ ജീവന്റെ വിലയെന്നും അദ്ദേഹം ചോദിച്ചു.
ഈ കുറിപ്പുകള്‍ക്ക് താഴെ അദ്ദേഹത്തെ പിന്തുണച്ച് ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ കൃത്യമാണെന്നും നായപ്രേമികള്‍ ഇതെല്ലാം കണ്ണ് തുറന്ന് കാണണമെന്നും ആളുകള്‍ കുറിച്ചു. നായകള്‍ മനുഷ്യരെ ആക്രമിക്കുന്ന വീഡിയോകള്‍ കൈയിലുണ്ടെങ്കില്‍ തനിക്ക് അയച്ചുതരാന്‍ രാം ഗോപാല്‍ വര്‍മ എക്‌സിലെ തന്റെ ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: ram gopal varma targets animal lovers amid supreme courts order on stray dogs
Published: 18 Aug 2025, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented