
കഴിഞ്ഞ ദിവസമാണ് തെലുങ്ക് നടൻ രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഈ സന്തോഷവാർത്ത നടനും രാം ചരണിന്റെ അച്ഛനുമായ ചിരഞ്ജീവി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. അപ്പോളോ ആശുപത്രിയിലായിരുന്നു പ്രസവമെന്നും അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും ചിരഞ്ജീവി കുറിച്ചിരുന്നു. ഇപ്പോഴിതാ അപ്പോളോ ആശുപത്രിയിൽ നിന്നുള്ള രാം ചരണിന്റേയും മൂത്ത മകൾ ക്ലിൻ കാര കൊനിഡേലയുടേയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഉപാസനയേയും കുഞ്ഞുങ്ങളേയും കാണാൻ മൂത്ത മകൾക്കൊപ്പമെത്തിയ രാം ചരണിനെ ആരാധകർ വളയുകയായിരുന്നു. കനത്ത സുരക്ഷ ഉണ്ടായിട്ടും ആൾക്കൂട്ടം രാം ചരണിന് അടുത്തേക്കെത്തി. രണ്ട് വയസ്സുള്ള മകളെ കൈയിലെടുത്ത് ആശുപത്രിയിലേക്ക് കയറാൻ രാം ചരൺ ബുദ്ധിമുട്ടുന്നതും വീഡിയോയിൽ കാണാം. മകളുടെ മുഖം ചുവപ്പ് തുണി കൊണ്ട് മറക്കുകയും ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. കുടുംബത്തിന്റെ വൈകാരികമായ ഒരു നിമിഷത്തെ ആരാധകർ സംഘർഷഭരിതമാക്കിയെന്നും ആ കുഞ്ഞിനെ ഓർത്തെങ്കിലും ഇത്രയും തിരക്കുണ്ടാക്കാൻ പാടില്ലായിരുന്നുവെന്നും ചിലർ കുറിച്ചു.
നേരത്തെ രാം ചരണും ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ഉപാസനയ്ക്ക് രണ്ട് വളർത്തു നായകൾക്കുമൊപ്പമുള്ള ചിത്രത്തോട് കൂടിയായിരുന്നു രാം ചരണിന്റെ കുറിപ്പ്. 'ഞങ്ങൾക്ക് ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ജനിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞുമായി. ഞങ്ങളുടെ ജീവിതത്തിലെ സ്ത്രീകളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. എപ്പോഴും കൂടെ നിന്നതിനും പിന്തുണച്ചതിനും എല്ലാ ആരാധകരോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു.'-രാം ചരൺ കുറിച്ചു.
2012-ൽ ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. 2023-ൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ക്ലിൻ കാര ജനിച്ചു. കഴിഞ്ഞ ജൂണിൽ ഇരുവരും ക്ലിൻ കാരയുടെ രണ്ടാം ജന്മദിനം ആഘോഷിച്ചിരുന്നു.
Content Highlights: ram charan mobbed by fans outside hospital while visiting upasana and twins with daughter klin kaara
Published: 02 Feb 2026, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented