തെലുങ്ക് സൂപ്പർതാരം രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലക്കും ഇരട്ടക്കുട്ടികൾ. ഇരുവരും ഒരാൺകുഞ്ഞിന്റേയും പെൺകുഞ്ഞിന്റേയും മാതാപിതാക്കളായ സന്തോഷവാർത്ത രാം ചരണിന്റെ അച്ഛനും നടനുമായ ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു പ്രസവമെന്നും അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും ചിരഞ്ജീവി വ്യക്തമാക്കി.

To advertise here,

'കുഞ്ഞതിഥികളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. മുത്തച്ഛനും മുത്തശ്ശിയും എന്ന നിലയിൽ ഞാനും സുരേഖയും അതിയായ സന്തോഷത്തിലാണ്. നിങ്ങളുടെ പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി'-ചിരഞ്ജീവി എക്‌സിൽ കുറിച്ചു.

2012 ജൂണിലായിരുന്നു രാം ചരണിന്റേയും ഉപാസനയുടേയും വിവാഹം. 11 വർഷത്തിനുശേഷം 2023 ജൂണിലാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ക്ലിൻ കാര കൊനിഡേല എന്നാണ് മൂത്ത മകളുടെ പേര്. കഴിഞ്ഞ ജൂണിൽ ക്ലിൻ കാരയുടെ രണ്ടാം ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.