ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. എന്നാൽ, അത്തരം അവസ്ഥകളിൽ നിന്ന് നാം കണ്ടെത്തുന്ന അവസരങ്ങളായിരിക്കാം ഒരുപക്ഷേ നമ്മെ വലിയ ഉയർച്ചകളിലെത്തിക്കുന്നത്. ജയ്പുർ സ്വദേശിയായ രാഹുൽ തനേജയുടെ കഥയും വ്യത്യസ്തമല്ല. ഒരുകാലത്ത് ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ന്, തന്റെ മകന്റെ ആഡംബര കാറിന്റെ വിഐപി രജിസ്ട്രേഷൻ നമ്പറിനായി രാഹുൽ ചെലവഴിച്ചത് 31 ലക്ഷം രൂപയാണ്.

To advertise here,

ഫാൻസി നമ്പറോട് വലിയ താത്പര്യമുള്ള വ്യക്തിയാണ് രാഹുൽ തനേജ. ഇതിന് മുമ്പും വലിയ തുകയ്ക്ക് നമ്പർ സ്വന്തമാക്കിയതിന് അദ്ദേഹം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ഓഡി RSQ8-ന് വേണ്ടി ജയ്പൂർ റെയിൽവേ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് RJ 60 CM 0001 എന്ന നമ്പറാണ് 31 ലക്ഷം രൂപയ്ക്ക് അദ്ദേഹം സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഇത്രയും വലിയ തുകയ്ക്ക് നമ്പർ വിറ്റുപോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

മധ്യപ്രദേശിലെ കത്ര എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുന്ന തൊഴിലായിരുന്നു അച്ഛന്. അമ്മ പാടത്ത് പണിക്കുപോകാറുണ്ടായിരുന്നു. 11-ാം വയസ്സിൽ ജയ്പുരിലെ ആദർശ് നഗറിലുള്ള ഒരു വഴിയോര ധാബയിൽ അദ്ദേഹം വെയിറ്ററായി ജോലി ചെയ്യാൻ ആരംഭിച്ചു. അതും, വെറും 150 രൂപ മാസശമ്പളത്തിന്.

ഹോട്ടൽ ജോലിക്കുപുറമെ അദ്ദേഹം ദീപാവലിക്ക് പടക്കങ്ങളും, ഹോളിക്ക് നിറങ്ങളും വിറ്റു. വേനൽക്കാലത്ത് കോമിക്സ് വിൽക്കുക, കൊറിയർ, പത്ര വിതരണം, വാടക പരസ്യങ്ങൾ എന്ന് തുടങ്ങി തന്റെ കുടുംബത്തെ പോറ്റുന്നതിന് തന്നാലാകുന്നതെല്ലാം രാഹുൽ ചെയ്തു. 16-ാം വയസ്സിൽ രാത്രി ഒമ്പതിന് ശേഷം ഓട്ടാറിക്ഷ ഓടിക്കാനും തുടങ്ങി.

ഈ ജോലികളെല്ലാം ചെയ്ത് തന്റെ 19-ാം വയസ്സിൽ 'കാർ പാലസ്' എന്ന പേരിൽ ഒരു ചെറിയ കാർ ഡീലർഷിപ്പ് അദ്ദേഹം ആരംഭിച്ചു. ഇതേ കാലഘട്ടത്തിൽ മിസ്റ്റർ ജയ്പുർ, മിസ്റ്റർ രാജസ്ഥാൻ, 1999-ലെ മെയിൽ ഓഫ് ദി ഇയർ എന്നിവയുൾപ്പെടെ നിരവധി കിരീടങ്ങൾ അദ്ദേഹം നേടി. ഇതോടെ, ഫാഷൻ രംഗത്തേക്കും രാഹുലിന് കടക്കാനായി.

2000-ൽ അദ്ദേഹം 'ലൈവ് ക്രിയേഷൻസ്' എന്ന പേരിൽ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിച്ചു. തുടർന്ന്, 2005-ൽ 'ഇന്ത്യൻ ആർട്ടിസ്റ്റ് ഡോട്ട് കോം' എന്ന പേരിൽ ഒരു ആർട്ടിസ്റ്റ് മാനേജ്‌മെന്റ് ഏജൻസിയും തുടങ്ങി. ഒരു ദശാബ്ദത്തിന് ശേഷം, 'രാഹുൽ തനേജ പ്രീമിയം വെഡ്ഡിംഗ്സ്' എന്ന പേരിൽ ആഡംബര വിവാഹ രംഗത്തേക്കും അദ്ദേഹം കടന്നു.

എന്നാൽ, ഫാൻസി നമ്പറുകളോടുള്ള അദ്ദേഹത്തിന്റെ താത്പര്യമാണ് രാഹുൽ തനേജയെ വാർത്തകളിൽ നിറച്ചത്. 2011-ൽ, തന്റെ ബിഎംഡബ്ല്യു 7 സീരീസിനായി RJ 14 CP 0001 എന്ന നമ്പർ 10 ലക്ഷം രൂപയ്ക്ക് അദ്ദേഹം വാങ്ങിയിരുന്നു. 2018-ൽ ജാഗ്വാർ XJL-നായി RJ 45 CG 0001 എന്ന നമ്പറിനായി 16 ലക്ഷം രൂപയും ഇദ്ദേഹം ചെലവഴിച്ചു.