ആഗോളതലത്തില്‍ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഫാഷന്‍ ലോകത്ത് തന്റേതായ സ്‌റ്റൈല്‍ കാരണം അന്താരാഷ്ട്ര റെഡ് കാര്‍പെറ്റുകളിലും താരം ശ്രദ്ധാകേന്ദ്രമാവാറുണ്ട്. ജോലിയുമായി ബന്ധപ്പെട്ടല്ലാതെയും തന്റേതായ ശൈലി നിലനിര്‍ത്തുന്നതില്‍ പ്രിയങ്ക എപ്പോഴും വേറിട്ടു നില്‍ക്കാറുണ്ട്. അടുത്തിടെ നടന്ന അഭിമുഖത്തില്‍ താന്‍ ആദ്യമായി വാങ്ങിയ ആഭരണത്തെക്കുറിച്ച് താരം പങ്കുവെച്ചത്‌.

To advertise here,

പ്രിയങ്കയുടെ ഫാഷനെക്കുറിച്ച് പറയുമ്പോള്‍ താരത്തിന്റെ ആഭരണങ്ങളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. 'ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ'യുമായുള്ള അഭിമുഖത്തിനിടയിലാണ്‌ ആഭരണങ്ങളുമായുള്ള തന്റെ അപൂര്‍മായ ബന്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ താരം പങ്കുവെച്ചത്‌. ആഡംബര ആഭരണ ബ്രാന്‍ഡായ ബുള്‍ഗറിയുടെ ആഗോള ബ്രാന്‍ഡ് അംബാസസഡറും കൂടിയായ പ്രിയങ്ക താന്‍ ആദ്യമായി വാങ്ങിയ ആഭരണത്തെക്കുറിച്ചാണ് മനസ്സുതുറന്നത്.

താന്‍ ആദ്യമായി വാങ്ങിയ വിലപിടിപ്പുള്ള ആഭരണം രണ്ട് കാരറ്റിന്റെ വജ്രമായിരുന്നു. കരിയറിന്റെ തുടക്കത്തിലെ ആദ്യ സിനിമകളില്‍ ഒന്നിന് ലഭിച്ച പ്രതിഫലത്തില്‍ നിന്നായിരുന്നു അത് വാങ്ങിയത്. സ്വന്തമായി അധ്വാനിച്ച് വജ്രം വാങ്ങുന്നത് സ്ത്രീയായി മാറുന്നതിന്റെ തെളിവാണെന്നാണ് അമ്മ മധു ചോപ്ര അഭിപ്രായപ്പെട്ടതെന്ന്‌ പ്രിയങ്ക പറഞ്ഞു.

റെഡ് കാര്‍പെറ്റിനും സിനിമാ പ്രീമിയറുകള്‍ക്കും ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്തമായ സമീപനമാണോ സ്വീകരിക്കാറ് എന്ന ചോദ്യത്തിന്, അത് താന്‍ ധരിക്കാന്‍ ഉദ്ദേശിക്കുന്ന ആഭരണത്തെ ആശ്രയിച്ചിരിക്കും എന്നാണ് താരം മറുപടി പറഞ്ഞത്. ആഭരണത്തിന് അനുസരിച്ചായിരിക്കും വസ്ത്രം, അല്ലെങ്കില്‍ തിരിച്ചും. ഓരോ ചടങ്ങിനും പ്രത്യേകമായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാറില്ല. ആ സാഹചര്യത്തില്‍ എന്ത് പറയാന്‍ ശ്രമിക്കുന്നു എന്നത് ആശ്രയിച്ചിരിക്കും ഫാഷനും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.