അഞ്ച് പതിറ്റാണ്ടുകാലം ബ്രിട്ടീഷ് രാജകുടുംബത്തെ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് അന്‍വര്‍ ഹുസൈന്‍. പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രഫി എന്ന സങ്കല്‍പത്തില്‍ നിന്ന് ബ്രിട്ടീഷ് രാജകുടുംബത്തെ കാഷ്വല്‍ ഫോട്ടോഗ്രഫിയിലേക്ക് മാറ്റിയ വ്യക്തി കൂടിയാണ് അന്‍വര്‍. ബ്രിട്ടീഷ് രാജകുടുംബത്തേയും എലിസബത്ത് രാജ്ഞിയേയും ഏറ്റവും കൂടുതല്‍ കാലം ക്യാമറയില്‍ പകര്‍ത്തിയ അന്‍വര്‍ 19-ാം വയസ് മുതലുള്ള ഡയാന രാജകുമാരിയുടേയും ചിത്രങ്ങളെടുത്തിട്ടുണ്ട്.
അന്‍വറിന്റെ പാതയില്‍ തന്നെയാണ് മക്കളായ സമീറും സാക്കും സഞ്ചപിച്ചത്. അച്ഛനെപ്പോലെ രാജകുടുംബത്തിന്റെ യുവതലമുറയുടെ ചിത്രങ്ങളാണ് 44-കാരനായ സമീറും 43-കാരനായ സാക്കും പകര്‍ത്തുന്നത്. ഇപ്പോഴിതാ മക്കളോടൊപ്പം ചേര്‍ന്ന് ഡയാന രാജകുമാരിയുടെ അത്യപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം ലണ്ടനില്‍ നടത്തുകയാണ് അന്‍വര്‍. ഇതുവരെ ആരും കാണാത്ത, ഡയാന രാജകുമാരിയുടെ മനോഹര ചിത്രങ്ങള്‍ ലണ്ടനിലെ ഡോക്‌സൈഡ് വോള്‍ട്ടില്‍ നടക്കുന്ന എക്‌സിബിഷനില്‍ സെപ്റ്റംബര്‍ രണ്ടു വരെ കാണാം. മെയ് 25-നാണ് പ്രദര്‍ശനം തുടങ്ങിയത്.
ഇതില്‍ ഡയാന രാജകുമാരിയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രവുമുണ്ടെന്ന് അന്‍വര്‍ പറയുന്നു. 1996-ല്‍ പാകിസ്താനിലെ ലാഹോറിലെ ആശുപത്രി സന്ദര്‍ശനത്തിനിടെ കാന്‍സര്‍ രോഗിയായ ഒരു കുഞ്ഞിനെ മടിയില്‍വെച്ചിരിക്കുന്ന ഡയാനയുടെ ചിത്രമാണത്. ഡയാനയുടെ സന്ദര്‍ശനത്തിന് പിന്നാലെ ആ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. അത് രാജകുമാരിയെ ഒരുപാട് വേദനിപ്പിച്ചു.

'തലയിലും ശരീരത്തിലുമുള്ള ശസ്ത്രക്രിയയുടെ മുറിവുകളും വ്രണങ്ങളും കാരണം ആ കുഞ്ഞിന് വേദനയുണ്ടായിരുന്നുവെങ്കിലും അവന്‍ ഡയാനയെ സ്‌നേഹത്തോടെ നോക്കുന്നത് നിങ്ങള്‍ക്ക് ആ ചിത്രത്തില്‍ കാണാം. സ്വന്തം കുഞ്ഞിനെപ്പോലെ ഡയാന രാജകുമാരി അവനെ ചേര്‍ത്തുപിടിച്ചു. ആ സമയത്ത് രാജകുമാരിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.' അന്‍വര്‍ പറയുന്നു.
ഈ ചിത്രത്തോടൊപ്പം രാജകുമാരിയുടെ താജ്മഹല്‍ സന്ദര്‍ശനം, 1981-ല്‍ നടന്ന ചാള്‍സ് രാജകുമാരനുമായുള്ള വിവാഹം, രാജകീയ പ്രോട്ടോകോളുകള്‍ ലംഘിച്ച 'പ്രതികാര വസ്ത്രം' ധരിച്ച ഡയാന വാനിറ്റി ഫെയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ചിത്രം എന്നിവയെല്ലാം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1992-ല്‍ ചാള്‍സും ഡയാനയും ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് താജ്മഹലിന് മുന്നില്‍ നിന്നുള്ള ചിത്രം പകര്‍ത്തിയത്. എന്നാല്‍ ചാള്‍സിന് മറ്റു തിരക്കുകളുള്ളതിനാല്‍ ഡയാന മാത്രമാണ് താജ്മഹല്‍ കാണാനെത്തിയത്. ആ ചിത്രം പകര്‍ത്തിയപ്പോള്‍ ഡയാന ഇരുന്ന ബെഞ്ച് ഇപ്പോള്‍ അറിയപ്പെടുന്നത് 'ഡയാന ബെഞ്ച്' എന്നാണ്.

Content Highlights: princess dianas favourite photograph revealed as part of new exhibition
Published: 08 Jun 2024, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented