
തൃശ്ശൂര്‍: പൈനാപ്പിൾ പറിച്ചശേഷം ആര്‍ക്കും വേണ്ടാതെ കന്നുകാലികള്‍ക്ക് ആഹാരമായും കത്തിച്ചും കളയുന്ന കൈത ഇലകൊണ്ട് വസ്ത്രങ്ങള്‍. അതും ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ. കൈതയുടെ ഇലയില്‍നിന്നുണ്ടാക്കുന്ന നൂലിന്റെ പുതിയ സാധ്യതകള്‍ തേടുകയാണ് തൃശ്ശൂര്‍ അമല സ്വദേശി ഡോ. സീക്കോ ജോസ് എന്ന ഗവേഷകന്‍.
എം.ജി. സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ (ബി.ഐ.ഐ.സി.) സഹായത്തോടെയാണ് മുന്നേറ്റം. പുതിയ സാങ്കേതികവിദ്യയ്ക്ക് ബി.ഐ.ഐ.സി. സാമ്പത്തിക സഹായവും ലഭ്യമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ സെന്‍ട്രല്‍ ഷീപ്പ് ആന്‍ഡ് വൂള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുതിര്‍ന്ന ഗവേഷകനാണ് ഡോ. സീക്കോ ജോസ്.
കൈത ഇലയില്‍നിന്നുള്ള നൂലിനൊപ്പം നാലുതരം നൂലുകള്‍ കൂട്ടിച്ചേര്‍ത്താണ് നിര്‍മാണം. പട്ട്, പരുത്തി, ലിനന്‍, കമ്പിളി എന്നിവയാണ് പരീക്ഷിച്ചത്. കൈതച്ചക്ക ഇലകള്‍ വന്‍തോതില്‍ നാരുകളാക്കി മാറ്റാനുള്ള യന്ത്രങ്ങള്‍ ലഭ്യമായാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. പല കമ്പനികളും സാങ്കേതിക വിദ്യയ്ക്കായി സമീപിച്ചു കഴിഞ്ഞു.

ഉത്തരേന്ത്യയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് കൈതച്ചക്ക ഇലകളില്‍നിന്ന് നാരുകള്‍ വേര്‍തിരിച്ചെടുക്കാമെന്നും ഇതുപയോഗിച്ച് വസ്ത്രങ്ങള്‍ നെയ്യാമെന്നുമുള്ള ആശയത്തിലേക്ക് ഡോ. സീക്കോ ജോസ് എത്തുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് സാങ്കേതിക വിദ്യ പരിഷ്‌കരിച്ചെടുത്തു.

ഉത്തരേന്ത്യയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൈതച്ചക്ക കൃഷി ഉള്ളതിനാല്‍ ഇലകള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സുതാര്യവും വളരെ കനം കുറഞ്ഞതുമായ തുണിത്തരങ്ങള്‍, തൂവാലകള്‍, ബെല്‍റ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം നിര്‍മിക്കാന്‍ ഈ നാര് ഉപയോഗിക്കാം.
കൈതച്ചക്ക ഇലയില്‍ നിന്നുത്പാദിപ്പിക്കുന്ന നാരുകള്‍ വസ്ത്രവ്യാപാര രംഗത്ത് തരംഗമായാല്‍ കൈതച്ചക്ക കര്‍ഷകരുടെ പ്രതിസന്ധിക്കും പരിഹാരമാകും. ഫിലിപ്പീന്‍സില്‍ കൈതച്ചക്ക ഇലയില്‍നിന്ന് ചെരിപ്പുകളും മറ്റ് ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനികളുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ കൈതച്ചക്ക നാരുപയോഗിച്ച് നിര്‍മിച്ച വസ്ത്രങ്ങളുടെ ആരാധകനാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: Cloth making using pineapple leaf
Published: 27 Feb 2025, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented