ബുധനാഴ്ച മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാറിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. അന്ന് ഈ ചാർട്ടേർഡ് വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാളായിരുന്ന ക്യാപ്റ്റൻ സുമിത് കപൂറിനും ജീവൻ നഷ്ടപ്പെട്ടു. ഇപ്പോഴിതാ സുമിതിനെ അനുസ്മരിച്ച് മകൾ സന്യ കപൂർ ഇൻസ്റ്റഗ്രാമിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

To advertise here,

'എന്തുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ ദാദ ഇത് വായിക്കണമെന്നാണ് ഇപ്പോൾ എന്റെ പ്രാർഥന. എല്ലാം ഒരു ദുഃസ്വപ്‌നം പോലെ തോന്നുന്നു. ഇതിൽ നിന്ന് ഉണരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ എന്നെ വിളിച്ച് 'എന്റെ ഝാൻസി റാണി എവിടെയാണ്?' എന്ന് ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു. ഞാൻ എപ്പോഴും 'പപ്പയുടെ പ്രിയപ്പെട്ട മകൾ' ആയിരിക്കും. ഈ ദുഃസ്വപ്‌നം അവസാനിക്കാനും നിങ്ങളുമായി സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ആകാശത്തിലൂടെ പാറിപ്പറക്കാൻ ആഗ്രഹിച്ച നിങ്ങൾ ഏറെ ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിനിടയിൽതന്നെ അനസാന ശ്വാസമെടുത്തു. ഏറ്റവും നല്ല പിതാവ്, ഏറ്റവും മികച്ച വൈമാനികൻ, ഏറ്റവും സ്‌നേഹമുള്ള മനുഷ്യൻ...ക്യാപ്റ്റൻ സുമിത് കപൂർ, നിങ്ങൾ വളരെ നേരത്തെ വിട പറഞ്ഞു. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്ന ദാദ. ഞാൻ എപ്പോഴും നിങ്ങളുടെ വികൃതിക്കാരിയായ ഝാൻസി റാണി ആയിരിക്കും.' സന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സുമിതായിരുന്നില്ല ആ വിമാനം പറത്തേണ്ടിയിരുന്നത്. വിമാനത്തിന് നിശ്ചയിച്ചിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയതിനെ തുടർന്ന് പകരക്കാരനായാണ് സുമിത് വിമാനത്തിൽ കയറിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹോങ്കോങ്ങിൽ നിന്ന് തിരിച്ചെത്തിയ സുമിത് അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് അജിത് പവാറിനെ ബാരാമതിയിലെത്തിക്കാനുള്ള നിർദേശം സ്വീകരിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.. അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, ഫസ്റ്റ് ഓഫീസർ ക്യാപ്റ്റൻ ശംഭവി പഥക്, ഫ്‌ളൈറ്റ് അറ്റന്റന്റ് പിങ്കി മാലി എന്നിവർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.