നുവരി നാലിന് ഗുയാങ്ങിലെ ഡോങ്‌ഫെങ് കൗണ്ടി ഹൃദയസ്പര്‍ശിയായ പുനഃസംഗമത്തിന് സാക്ഷ്യംവഹിച്ചു. വിധിയുടെ അസാധാരണമായ വഴിത്തിരിവില്‍, ഒരു ടാക്സി ഡ്രൈവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ തന്റെ ഇരട്ട സഹോദരനെയും മാതാപിതാക്കളെയും വീണ്ടും കണ്ടുമുട്ടി. ചൈനീസ് പത്രമായ സൗത്ത് ചൈന മോണിങാണ് സംഭവബഹുലമായ ഈ കൂടിച്ചേരലിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

2016-ലാണ് ഈ ട്വിസ്റ്റിന്റെ തുടക്കം. പെങ് ഡിങ്കി എന്ന ടാക്സി ഡ്രൈവര്‍ പതിവുപോലെ ഗുയാങ്ങില്‍ ടാക്സി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു യാത്രക്കാരനെത്തി. തന്റെ സുഹൃത്താണെന്ന് അയാള്‍ പെങ് ഡിങ്കിയെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ ആദ്യം കുറച്ച് ആശയക്കുഴപ്പത്തിലായ പെങ് ഡിങ്കി രൂപസാദൃശ്യവും പെരുമാറ്റ രീതികളിലൂടെയും പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ തന്റെ ഇരട്ട സഹോദരനെ തിരിച്ചറിഞ്ഞു.

ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള പെങ് ഡിങ്കിയുടെ പ്രതികരണം ഇങ്ങനെ, 'എനിക്ക് അവനെ കണ്ടപ്പോള്‍ കണ്ണാടിയില്‍ നോക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഡിഎന്‍എ ടെസ്റ്റിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. 90 ശതമാനവും ഞങ്ങള്‍ രൂപത്തില്‍ സാദൃശ്യമുള്ളവരായിരുന്നു'. ശാരീരിക സമാനതകള്‍ക്കപ്പുറം, വിചിത്രമായ ശീലങ്ങളെക്കുറിച്ചും പരസ്പരം പങ്കുവെച്ചതോടെ തങ്ങള്‍ കാര്യങ്ങളുറപ്പിച്ചെന്നും പെങ് ഡിങി കൂട്ടിച്ചേര്‍ത്തു. 

വേര്‍പിരിഞ്ഞ് ജീവിക്കുന്നവരായിട്ട് പോലും സമാനമായ ദിവസങ്ങളില്‍ അസുഖം വന്നതുപോലും തങ്ങള്‍ സംസാരത്തിനിടയില്‍ ഓര്‍ത്തെടുത്തതായും അദ്ദേഹം വ്യക്തമാക്കി. അന്യോന്യം സഹോദരങ്ങളാണെന്ന് ഉറപ്പിച്ചതോടെ പിന്നീട് ഇരുവരുടെയും ലക്ഷ്യം യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തുക എന്നതായിരുന്നു. മാതാപിതാക്കള്‍ക്കായുള്ള അന്വേഷണം തുടക്കത്തില്‍ വിജയിച്ചില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജനിച്ച ഉടന്‍ ഇവരെ ആശുപത്രിയില്‍നിന്ന് രണ്ട് കുടുംബങ്ങള്‍ ദത്തെടുത്തതാണ്. 

മക്കള്‍ മരിച്ചെന്നാണ് ആശുപത്രി ജീവനക്കാര്‍ ഇവരുടെ അമ്മയെ ധരിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെങ് ഡിങ്കിയെ ആദ്യം ഒരു ഡോക്ടറാണ് ഏറ്റെടുത്തിരുന്നത്. കുട്ടിയുടെ കരച്ചില്‍ കാരണം പിന്നീട് വളര്‍ത്തുമാതാപിതാക്കളെ ഏല്‍പ്പിച്ചു. ഇവരുടെ ഏകമകനായി വളര്‍ച്ച പെങ് തന്റെ 18-ാം വയസ്സില്‍ ഒരു ബന്ധുവഴിയാണ് ദത്തെടുത്ത വിവരം അറിഞ്ഞത്. തുടര്‍ന്ന് തന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ പെങ് പല ശ്രമങ്ങളും നടത്തിയിരുന്നു. കാണാതയവര്‍ക്കായുള്ള പ്രത്യേക വെബ്സൈറ്റില്‍ സ്ഥിരമായി തിരച്ചിലും നടത്തിയിരുന്നു.

തന്റെ ഇരട്ടസഹോദരനെ കണ്ടെത്തിയ ശേഷം 2022-ല്‍ പെങ്, കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള 'ബേബി കം ഹോം' പ്ലാറ്റ്‌ഫോമില്‍ തന്റെ വിശദാംശങ്ങള്‍ വീണ്ടും സമര്‍പ്പിച്ചു. ഇതിലൂടെയാണ് ഇരുവര്‍ക്കും യഥാര്‍ത്ഥ മാതാപിതാക്കളെയും രണ്ട് മൂത്ത സഹോദരിമാരെയും കണ്ടെത്താനായത്. എന്നാല്‍ പെങ് തന്റെ മാതാപിതാക്കളെയും സഹോദരിമാരെയും കാണാന്‍ തയ്യാറായിരുന്നെങ്കിലും ഇരട്ട സഹോദരന്‍ വൈകാരികമായ ചില പ്രശ്നങ്ങള്‍ കാരണം അതിന് ആദ്യം തയ്യാറായില്ല. ഒടുവില്‍ ജനുവരി നാലിനാണ് വലിയ ആഘോഷ പരിപാടികളോടെ പെങ് തന്റെ കുടുംബവുമായി ഒത്തുചേര്‍ന്നത്.